Flash News

ഒരു വീണ്ടും ജനനം (കഥ)

August 7, 2017 , ജോണ്‍ ഇളമത

oru veendumമൂന്നു പേര്‍, അവര്‍ സഹോദരരായിരുന്നു. മത്തായി, ചാക്കോ, ലൂക്ക! പാറ പോലെ ഉറച്ച മാംസപേശികള്‍ അവര്‍ക്കുണ്ടായിരുന്നു. പാറമടയില്‍ തുരങ്കം ഉണ്ടാക്കി, തോട്ട വച്ച് അവര്‍ വലിയ പാറകളെ പൊട്ടിച്ചു. വിയര്‍പ്പുതുള്ളികള്‍ അവരുടെ ക്ലാവു പിടിച്ച ഓട്ടു നിറമുള്ള മേനിയിലൂടെ ഒഴുകി നടന്നു. മദ്ധ്യാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് അവ രജത ഗോളങ്ങള്‍ പോലെ തിളങ്ങി. അവര്‍, കഠിനമായി ജോലി ചെയ്ത് മറ്റു തൊഴിലാളികളേക്കാളേറെ സമ്പാദിച്ചു.

പണി കഴിഞ്ഞാല്‍ എന്നും അന്തിക്ക് കവലയിലെ ടി.എസ്സ്. നമ്പര്‍ 33 കള്ളുഷാപ്പില്‍, അവര്‍ കൂടുക പതിവായിരുന്നു. വില്‍പ്പനക്കാരന്‍ നാരായണന്‍ അവര്‍ക്ക് പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അവിടെ ഷാപ്പിലെ സ്ഥിരം ബോറന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. അവിടെ ചരല്‍ വിരിച്ച തറയില്‍ എല്ലോ, മുള്ളോ, കിടക്കാതെ നാരായണന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. മറ്റു സെല്ലുളിലേപ്പോലെ കാലിളകിയ ബഞ്ചുകളോ, മെഴുക്കു പുരണ്ട മേശയോ അവിടെ ഇല്ലായിരുന്നു. പകരം ഉറച്ച ബഞ്ചും, സോപ്പിട്ടു കഴുകി തുടച്ച മേശയും ആ സെല്ലിന്റെ പ്രത്യേകതയായിരുന്നു. പമ്പും, പാഴ്തടിയും കൊണ്ടു നിര്‍മ്മിച്ച ആ സെല്ലില്‍ ‘സില്‍ക്കു സ്മിത മുഴുത്ത മാറു കാട്ടി കുനിഞ്ഞു നില്‍ക്കുന്ന ഒരു വലിയ പോസ്റ്ററും തൂക്കിയിരുന്നു.

മറുവശത്ത്, വെള്ളയടിച്ച ഒരു വലിയ പലക ഉറപ്പിച്ചിരുന്നു. അതിന് ചുവന്ന മഷിയില്‍ കള്ളിന്റെ വില വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ഇളംകള്ള്…………കോപ്പ…….രൂപ സ്‌പെഷ്യല്‍ : ആനമയക്കി, അലമ്പുണ്ടാക്കി

ഉച്ചക്കള്ള്………….കോപ്പ…….രൂപ അടിയില്‍ ജീസസ് ക്രൈസ്റ്റ്

അന്തിക്കള്ള്……..കോപ്പ…….രൂപ (മൂന്നാംദിവസം മാത്രമേ ഉയര്‍ത്തെഴുന്നേല്‍ക്കൂ!)

അവര്‍ മൂന്നുപേരും കയറിയാല്‍, വില്‍പ്പനക്കാരന്‍ നാരായണന് പതിവ് കാര്യങ്ങളറിയാം. വെള്ളം തൊടാത്ത അന്തി ചെത്തിയ മൂന്നു വലിയ കോപ്പ. കോപ്പക്കും പ്രത്യേകതയുണ്ട്. സാധാരണ കോപ്പയേക്കാള്‍ വലിയ കുടുവന്‍ കോപ്പ. സുമാര്‍ ഒന്നരകുപ്പി കള്ള് അതില്‍ കൊള്ളും.

അന്നും പതിവുപോലെ നാരായണന്‍, മൂവരുടെ മുമ്പിലും മൂന്നുകോപ്പ അന്തി നിരത്തി, ഭവ്യതയോടെ നിന്നു. അതിന്റെ അര്‍ത്ഥം അവര്‍ക്കറി! അടുത്തപടി കറി വില്‍പ്പനക്കാരന്‍ സുകുമാരനെ വിളിക്കട്ടെയോ എന്ന്!

അപ്പോള്‍ കള്ളിലെ ചത്ത ഒരു ചെറുവണ്ടിനെ തോണ്ടി തെറിപ്പിച്ച് മത്തായി നാരായണന്റെ മുമ്പിലിട്ടു, നര്‍മ്മബോധം വിടാതെ പറഞ്ഞു:

തേണ്ട് നീയിതിനെ ഒന്നു പൊരിച്ചോണ്ടു വാ!

നാരായണന്‍ വണ്ടിനെ തോണ്ടി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി പ്രതിവചിച്ചു.

ഇതു മാട്ടത്തിലൊണ്ടാകുന്നതാ, ചെറുവണ്ടു കുടിച്ചു ചത്ത കള്ളിനു വീര്യം കൂടും! കടുകുമണിയുടെ വലിപ്പമുള്ള വണ്ടത്താനെ, ചൂണ്ടുവിരലും, തള്ളവിരലുമുപയോഗിച്ച് തട്ടി തെറിപ്പിച്ച്, നാരായണന്‍ മറ്റൊരു നര്‍മ്മബോധം തിരിച്ചടിച്ചു.

മൂത്തകുഞ്ഞേ, എത്ര അരിച്ചാലും, ഈവക പോകത്തില്ല. അല്ലേലും ഉള്ളി ചെന്നാ ഇതൊരഔഷധഗുണമാ. കണ്ണിനു കാഴ്ച കൂടും! ഹ, ഇതല്ലാതെ ഇതിനകത്ത് വല്ല കാണ്ടാമൃഗവും ചത്തു കെടക്കാമ്പറ്റ്വോ! മൂവരും പൊട്ടിച്ചിരിച്ചു. കൂട്ടത്തില്‍ നാരായണനും!

മത്തായിയേയും, ചാക്കോയേയും, ലൂക്കോയേയും നാരായണനുള്‍പ്പെടെ ഷാപ്പുജീവനക്കാര്‍ ബഹുമാനസൂചകമായി മൂത്തകുഞ്ഞ്, നടുവത്താന്‍, ഇളമീല്‍ എന്നിങ്ങനെയാണ്, സംബോധന!

അപ്പോള്‍ ഇളമീലായ ലൂക്ക ഒന്നനങ്ങി:

എന്തു പണ്ടാരമെങ്കിലുമാകട്ടെ, താനാ സുകുമാരനെ ഒന്നു വിളി!

നാരായണന്‍ നീട്ടി വിളിച്ചു:

എടോ, സുകുമാരാ!

സുകുമാരന്‍ വന്നു. കുറുകി തടിച്ച്, ഞണ്ടിന്റെ ആകൃതിയില്‍. സുകുമാരന്റെ കഷണ്ടി കണ്ണാടി പോലെ മിന്നി. രണ്ടു കൈകളും കുറുകെ മാറില്‍ ചേര്‍ത്തു പിടിച്ച്, സുകുമാരന്‍ ആജ്ഞ കാത്തു നിന്നു. അവന്റെ തുറിച്ച കണ്ണുകളില്‍ നിന്ന് ഭവ്യത ഒഴുകി. അവന്‍ ചിരിക്കാന്‍ ശ്രമിച്ചു, അത് ഒരു കരച്ചില്‍ പോലെ അതു പുറത്തേക്കൊഴുകി.

നടുവത്താന്‍ ചോദിച്ചു:

തിന്നാന്‍ എന്തോണ്ടടോ?

ഒറ്റശ്വാസത്തില്‍ സുകുമാരന്‍ ഉരുവിട്ടു:

ഞണ്ട്, കക്കാ, ചെമ്മീന്‍, നരിമീന്‍, നെയ്മീന്‍, വരാല്, വാള, കാളാഞ്ചി!

എടാ നസ്രാണിക്ക്, തിന്നൊങ്കൊള്ളുന്ന എറച്ചിവര്‍ഗ്ഗമൊന്നുമില്ലേ?

ഒണ്ടേ! താറാവ്, നെയ്‌കോഴി, കാട, മുണ്ടി

നടുവത്താന്‍ അതൊന്നു തിരുത്തി.

എടാ ദേഹത്ത് എറച്ചി ഒള്ള വര്‍ഗ്ഗങ്ങള്‍!ട

ഒണ്ടേ! ആട്, പോത്ത്, കാള!

തിരുനല്‍വേലീന്ന് നടത്തി അടിച്ചോണ്ടു വരുന്ന ക്ഷയരോഗം പിടിച്ച പാണ്ടിക്കാളയാണോടാ? മൂത്തകുഞ്ഞിന്റെ ചോദ്യം?

അല്ല, നല്ല ഒന്നാം തരം, തടിപ്പിക്കാത്ത മൂരിക്കുട്ടന്റെ എറച്ചി!

തടിപ്പിക്കാത്ത കാളക്കുട്ടിയോ? മൂത്തകുഞ്ഞ് പൊട്ടിച്ചിരിച്ചു. പ്രഹസനം ചൊരിഞ്ഞു:

എടാ, അതു ഞങ്ങടെ ബൈബിളി പറേന്നതാ! മുടിയനായ പുത്രന്റെ കഥേല്! ഷാപ്പില് അത്തരം എറച്ചി കിട്ടണോങ്കി നീ ഒരു ജന്മം കൂടി ജനിക്കണം!

അപ്പോള്‍ ഇളമീല്‍ സംസാരത്തിന് തട ഇട്ടു:

സുകുമാരാ, താനൊരു കാര്യം ചെയ്യ്! ഒരു മൂരി, ഒരാട്, ഒരു താറാവ്, താനിത്രേം ഇപ്പോ കൊണ്ടുവാ!

നടുവത്താന്‍ ചോദിച്ചു?

തൊടാന്‍ എന്തോണ്ടെടോ?

കല്ല്യാണി ഇട്ട ഒന്നാംതരം കണ്ണിമാങ്ങാ അച്ചാറൊണ്ട്.

എന്നാ, അതും കൊണ്ടുവാ, ഇച്ചിരെ!

അല്‍പ്പസമയത്തിനുള്ളില്‍, സുകുമാരന്‍ വന്നു. ആവി പറക്കുന്ന ഒലത്തും, കറികളുമായി,. കൂടെ പുളിയും എരിവുമുള്ള, തൊടാന്‍-കണ്ണിമാങ്ങാ അച്ചാറും, കപ്പപ്പുഴുക്കുമായി!

സുകുമാരന്‍ മുഖവുര ഉണര്‍ത്തിച്ചു:

കുമരകം പാടത്തെ, നെല്ലു തിന്ന് നെയ് മുറ്റിയ താറാവാ!

ആരാടോ, അതു കറിവെച്ചത്? ഇളമീല്‍ ചോദിച്ചു.

കല്ല്യാണി!

ഞാനപ്പഴേ ഓര്‍ത്തു:

അവടെ കറിയായിരിക്കുമെന്ന്!

കല്ല്യാണീടെ കറീടെ രുചി അതൊന്നു വേറെയാ! മൂത്തകുഞ്ഞ് പിന്താങ്ങി.

മൂവരും കുശാലായി കുടിച്ചു. അന്തിക്കള്ളിന്റെ ലഹരി അവരുടെ മസ്തിഷ്ക്കത്തില്‍ വീണ വായിച്ചു. അവര്‍ പാടി, ഉള്ളു തുറന്നു പാടി, പാറ ഉരസ്സുന്ന സ്വരത്തില്‍! പകലദ്ധ്വാനത്തിന്റെ വ്യാകുലതകളെ അവര്‍ കാറ്റില്‍ പറത്തി.

അന്നൊരിക്കല്‍, മത്തായി തനിയെ ഷാപ്പില്‍ എത്തി. നാരായണനും, സുകുമാരനും അന്തിച്ചു നിന്നു. അവര്‍ ചിന്തിച്ചു:

എന്തുപറ്റി നടുവത്താനും, ഇളമീലിനും!

വല്ല അപകടോം പിണഞ്ഞോ!… പാറപൊട്ടീരിനിടെ.

അവര്‍ ചിന്തിച്ചു നില്‍ക്കെ മത്തായി, ഉണര്‍വ്വോടെ ഓഡര്‍ കൊടുത്തു:

മൂന്നുകോപ്പ അന്തി!

നാരായണന്റെ, വെപ്രാളം മുഖത്തു നിന്നു വായിച്ചറിഞ്ഞ മത്തായി, ലാഘവമായി പറഞ്ഞു: ചാക്കോ, മലബാറിലേക്ക് കുടിയേറി, ലൂക്കാ, മൂന്നാറ്റി,അടിമാലിക്കും! പക്ഷേ, ഞങ്ങളു പിരിയുമ്പം, ഒരൊടമ്പടി ഒണ്ടാരുന്നു. ആരെവിടെ പോയാലും, മറ്റു സഹോദരരുടെ, പങ്കൂടെ കുടിക്ക്വാന്ന്!

മത്തായിയുടെ മുമ്പില്‍ പതിവ് മൂന്നു കോപ്പ എത്തി, മൂന്നു കറീം! അയാള്‍ സാവധാനം കുടിച്ചു. മൂന്നു കോപ്പേം തീര്‍ന്നപ്പോള്‍, ഇരുന്ന ബഞ്ചില്‍ തന്നെ കിടന്നുറങ്ങി, വെളുപ്പാന്‍ കാലം വരെ.

പിന്നീട് കുറേ നാളേക്ക് മത്തായിയെ കണ്ടതേയില്ല. രണ്ടാഴ്ച കടന്നുപോയി. എവിടെ പോയി? നാരായണനും, സുകുമാരനും, ഗാഢമായി ചിന്തിച്ചു! എവിടേക്കെങ്കിലും, മൂത്തകുഞ്ഞും കുടിയേറിയോ?

അങ്ങനെ ഇരിക്കെ ഒരു സന്ധ്യയ്ക്ക്, മത്തായി ഉന്മേഷവാനായി വന്നു. നാരായണനും, സുകുമാരനും, ജിജ്ഞാസയായി! എവിടെ പോയിരുന്നു, മൂത്തകുഞ്ഞ് ഇത്രനാളും?

നാരായണന്‍ അതു ചോദിക്കാന്‍, നാക്കു പൊക്കവേ മത്തായി ഓഡറിട്ടു:

രണ്ടു കോപ്പ!

നാരായണനും, സുകുമാരനും അന്തിച്ചു നിന്നു. കുടിയേറി പോയവരിലാരെങ്കിലും, ഇഹലോകവാസം വെടിഞ്ഞോ!

അവരങ്ങനെ ദുഃഖിച്ചിരിക്കവേ, മത്തായി സുസ്‌മേരവദനനായി മൊഴിഞ്ഞു:

ഞാന്‍ രക്ഷിക്കപ്പെട്ടു! വീണ്ടും ജനിച്ചു! ഞാന്‍ കുടി നിര്‍ത്തി, അതു വരുത്തിവെക്കുന്ന വിനകള്‍! ഈ കഴിഞ്ഞ രണ്ടാഴ്ച ഞാനൊരു ധ്യാനത്തിനു പോയി. ധ്യാനപ്രസംഗങ്ങള്‍ എന്റെ മനമിളക്കി. ഞാനന്നു ശപഥം ചെയ്തു. ഇനി മദ്യപാനം, മേലിലില്ല!

അപ്പോപ്പിന്നെ ആര്‍ക്കാ, ഈ രണ്ടുകോപ്പ!

നാരായണന്‍ വിസ്മയപൂര്‍വ്വം ചോദിച്ചു.

മൂത്തകുഞ്ഞ് സ്വരം താഴ്ത്തി സഗൗരവം പറഞ്ഞു:

എടാ മണ്ടാ, ഞാന്‍ കുടി നിര്‍ത്തീന്നു കരുതി, എന്റെ സഹോദരന്മാര്‍ക്കു കൊടുത്ത വാക്ക് തെറ്റിക്കാനാകുമോ! മത്തായിക്ക്, വാക്കുമാറ്റി ശീലമില്ല!

മൂത്തകള്ളില്‍ കുടിച്ചു മരിച്ചു കൊണ്ടിരിക്കുന്ന വണ്ടത്താന്‍മാരേപ്പോലെ, നാരായണനും, സുകുമാരനും ചിരിച്ചു മരിച്ചു!!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top