Flash News

ബാബറി മസ്ജിദ് ഭൂമിയുടെ അവകാശം ഞങ്ങളുടേത് തന്നെയെങ്കിലും നിശ്ചിത അകലം പാലിച്ച് പള്ളി പണിയാമെന്ന് വഖഫ് ബോര്‍ഡ്

August 8, 2017

babari-696x413ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയില്‍ നിന്നു നിശ്ചിത അകലത്തില്‍ മുസ്ലീം മേഖലയില്‍ മസ്ജിദ് പണിയാമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

ബാബറി മസ്ജിദ് ഭൂമിയുടെ അവകാശം ഞങ്ങളുടേതാണെന്നും അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും വഖഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അയോധ്യ ഭൂമിയുടെ അവകാശത്തെ ചൊല്ലി നിരവധി പേര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അതിവേഗ കോടതിക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് അംഗീകരിച്ചു കൊണ്ടാണ് ഷിയാ ബോര്‍ഡിന്റെ പരാമര്‍ശങ്ങള്‍. ‘മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പൂജനീയമായ ജന്മസ്ഥലത്തു നിന്ന് നിശ്ചിത അകലം പാലിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ച് പ്രശ്‌ന പരിഹാരം തേടണം’ – സത്യവാങ്മൂലത്തില്‍ പറയുന്നു.

ബാബരി മസ്ജിദിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കാന്‍ സമയം അനുവദിക്കണമെന്ന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ബി.ജെ.പിയുമായി അടുപ്പം സൂക്ഷിക്കുന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ പുതിയ സത്യവാങ്മൂലം, ബാബരി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ ദുര്‍ബലപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന് സൂചനയുണ്ട്.

അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ നിയമിച്ചിരുന്നു. 2010 ല്‍ അലബാഹാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിച്ചു കൊണ്ടാണ് വിധി പറഞ്ഞത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ കക്ഷികള്‍ക്ക് ഈ ഭൂമി തുല്യമായി വീതിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിധി.

പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിയില്‍ നിന്നു പിരിഞ്ഞ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതില്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന അംഗങ്ങളെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന അംഗങ്ങളെയും ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അയോധ്യ തര്‍ക്ക ഭൂമി കേസ് ഓഗസ്റ്റ് പതിനൊന്നിന് കോടതി വീണ്ടും പരിഗണിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top