Flash News

ഒരു സൂഫിവര്യന്റെ ജനനം (കഥ)

August 11, 2017 , കൃഷ്ണ

soophi sizeരാവിലെ മുതല്‍ മൊബൈലില്‍ സുഹൃത്തുക്കളുടെ ദീപാവലി ഗ്രീറ്റിംഗ്സ് വന്നുകൊണ്ടിരുന്നു. അവ വായിച്ചു മറുപടി അയച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് ഹരികുമാറിന്‍റെ സന്ദേശം. ഇംഗ്ലീഷിലാണ് സംഗതി.

ഒരു ഭര്‍ത്താവും ഭാര്യയും ഞങ്ങളോടൊപ്പം കുറെനാള്‍ താമസിയ്ക്കാനായി ഇന്നു വരുമത്രെ.

അവരോടൊപ്പം ദീപാവലി ആഘോഷിക്കാനും എഴുതിയിരിക്കുന്നു.

ഇന്നാണ് ദീപാവലി. അപ്പോള്‍ അവര്‍ ഇന്നു വരും.

ഭര്‍ത്താവിന്‍റെ പേര് മിസ്റ്റര്‍ ജോയി.

ഹരികുമാര്‍ എന്‍റെ സഹോദരനാണ്. അയാളുടെ ചില സ്നേഹിതന്മാരെ ഒന്നു രണ്ടു ദിവസത്തെ താമസത്തിനായി മുന്‍പും ഇങ്ങോട്ടയച്ചിട്ടുണ്ട്.

പക്ഷേ ഇത് അങ്ങിനെയാണെന്നു തോന്നുന്നില്ല. അവര്‍ വരുന്നത് ഞങ്ങളെ തേടിയാണ്. കുറെനാള്‍ ഞങ്ങളുടെ കൂടെ താമസിക്കാനും.

പേരു കേട്ടിട്ട് ആളിനെ ഓര്‍മ്മ വരുന്നില്ല.

ഏതെങ്കിലും പഴയ സ്നേഹിതനായിരിക്കും. അല്ലെങ്കില്‍ കുറേ നാള്‍ താമസിക്കാനായി വരില്ലല്ലോ?

സര്‍വീസില്‍ എത്രയോ അടുത്ത സ്നേഹിതന്മാരുണ്ടായിരുന്നു. പേരുകള്‍ പോലും മറന്നു പോയി.

അതിലൊരാളാകാം ജോയി.

“ഒരു പക്ഷേ അയാള്‍ ട്രാന്‍സ്ഫറായി വരുന്നതാണെങ്കിലൊ?” ഭാര്യ ചോദിച്ചു.

ഞാന്‍ അവളെ സൂക്ഷിച്ചു നോക്കി. “ഊഹം തെറ്റാകണമെന്നില്ല. ഒന്നതിശയിപ്പിക്കാമെന്നു കരുതി നേരിട്ടു മുന്നറിയിപ്പു തരാത്തതാണെങ്കിലോ”

“അങ്ങനെയാണെങ്കില്‍ ഇവിടെ കുറേ നാള്‍ ഉണ്ടാകുമല്ലോ അവര്‍?” ശ്യാമളയുടെ അടുത്ത ചോദ്യം.

ഞാന്‍ ചുറ്റിനും നോക്കി. ഒരു നീണ്ടകാലം മറ്റൊരു കുടുംബത്തിനു കൂടി താമസിയ്ക്കാന്‍ ഈ വീടു പോരാ. ഒരു പക്ഷേ കുട്ടികളും കണ്ടേക്കും.

വാടകവീടു നോക്കേണ്ടി വരും.

ഏതായാലും കുറേ നാള്‍ താമസിയ്ക്കാനായി വരുമെന്നാണല്ലോ അറിഞ്ഞത്. ഒരു വീടു ശരിയാക്കി വയ്ക്കാം. അവരെയും ഒന്ന്‍ അതിശയിപ്പിയ്ക്കാം.

പെട്ടെന്ന്‍ രാഘവനെയാണ് ഓര്‍മ്മ വന്നത്. ഓഫീസിലെ സ്റ്റാഫാണ്. ഏതു കുഴഞ്ഞ പ്രശ്നത്തിനും പരിഹാരം അയാള്‍ക്കുണ്ട്. ചിലര്‍ക്ക് അങ്ങിനെ ഒരു പ്രത്യേക സിദ്ധിയുണ്ടല്ലോ?

വിവരം പറഞ്ഞപ്പോള്‍ തന്നെ രാഘവന്‍റെ മറുപടി: “ഒരു വീടുണ്ട്. ഇവിടെ അടുത്തു തന്നെ.”

പോയി നോക്കി. ഒരുവിധം സൌകര്യങ്ങളൊക്കെയുണ്ട്. വാടക രണ്ടായിരം രൂപ. ഒരു മാസത്തെ വാടക അഡ്വാന്‍സായി കൊടുക്കണം. വീടെടുത്തില്ലെങ്കില്‍ ആ തുക തിരിച്ചു കിട്ടില്ല.

അഡ്വാന്‍സ് കൊടുത്തിട്ട് ഞങ്ങള്‍ മടങ്ങി. പ്രശ്നം തീര്‍ന്നല്ലോ.

ഞാനും ഭാര്യയും അത്യാഹ്ലാദത്തോടെ അതിഥികളെ കാത്തിരുന്നു. ഒരു ചെറിയ സദ്യ തന്നെ ഒരുക്കി.

പക്ഷേ നാലുമണി കഴിഞ്ഞിട്ടും അവരെത്തിയില്ല.

ഇനി അവര്‍ക്ക് വഴിയിലെന്തെങ്കിലും അപകടം….?

വിഘ്നേശ്വരന് വഴിപാടുകള്‍ നേര്‍ന്നു.

മണി അഞ്ചായി.

“ഇനി അവര്‍ ഇന്നു വരില്ല.” ഞാന്‍ പറഞ്ഞു തീര്‍ന്നതും കാളിംഗ് ബെല്ലിന്‍റെ ശബ്ദം.

പക്ഷേ ഞങ്ങള്‍ പുറത്തു വന്നപ്പോള്‍ –

മുന്‍പില്‍ നില്‍ക്കുന്നത് ഹരികുമാറും ഭാര്യ ഉഷയും.

അവരുടെ മുഖങ്ങളില്‍ നിറഞ്ഞ സന്തോഷം. എവിടെയൊക്കെയോ ഷോപ്പിംഗ് കഴിഞ്ഞു വരുന്ന വഴിയാണ്.

സാധാരണ നിലയില്‍ അവരുടെ വരവ് ഞങ്ങള്‍ക്കൊരാഘോഷമാണ്. പക്ഷേ ഇന്ന്‍ –

ഞങ്ങളുടെ ഒരു ദിവസം മുഴുവന്‍ നശിപ്പിച്ചിട്ട് നിന്നു ചിരിയ്ക്കുന്നു!

പക്ഷേ എന്‍റെ സുഹൃത്തു വരാത്തത് ഇവരുടെ കുറ്റമല്ലല്ലോ.

“അവര്‍ ഇതുവരെ വന്നില്ല.” ശ്യാമള പറഞ്ഞു.

“ആര്? ആരു വന്നില്ലെന്നാ?”

അവരുടെ ചോദ്യം ശ്യാമളയെ ആകെ ദ്വേഷ്യം പിടിപ്പിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റ് അകത്തേയ്ക്കു നടന്നു. എവിടെയോ എന്തോ കുഴപ്പം പറ്റിയെന്ന് അപ്പോള്‍ എനിയ്ക്ക് ആദ്യമായി തോന്നി.

മറ്റാര്‍ക്കെങ്കിലും അയയ്ക്കാനുദ്ദേശിച്ച മെസ്സേജായിരുന്നോ?

കുട്ടികള്‍ വല്ല കുസൃതിയും ഒപ്പിച്ചതാണോ? പക്ഷേ അവരുടെ മക്കള്‍ അത്തരം കുസൃതികളല്ലല്ലോ?

“ഒരു ഭാര്യേം ഭര്‍ത്താവും ഇന്നിവിടെ വരുമെന്നും ഞങ്ങളോടൊപ്പം കുറേ നാളുണ്ടാകുമെന്നും രാവിലെ ഹരിയല്ലേ മെസ്സേജയച്ചത്?” ഞാന്‍ ഹരിയോടു ചോദിച്ചു.

ഒന്നും മനസ്സിലാകാത്തതു പോലെ അയാള്‍ ഞങ്ങളെ മാറിമാറി നോക്കി.

പെട്ടെന്ന്‍ അയാളുടെ മുഖത്ത് ചിരിവിടര്‍ന്നു. പിന്നെ അത് പൊട്ടിച്ചിരിയായി.

അങ്ങനെ പൊട്ടിച്ചിരിയ്ക്കാന്‍ ഒരു കാരണവും ഞാന്‍ കണ്ടില്ല.

അപ്പോള്‍ രണ്ടു ‘വിത്തൌട്ട് സ്മൈല്‍ ‘ കോഫിയുമായി ശ്യാമളയും എത്തിച്ചേര്‍ന്നു.

ആരുകണ്ടാലും വളരെ രസകരമായി തോന്നുമായിരുന്ന ഒരു രംഗമായിരുന്നു, അത്. തലതല്ലിച്ചിരിയ്ക്കുന്ന ഒരാള്‍ . ഒന്നും മനസ്സിലാകാതെ എല്ലാ മുഖങ്ങളിലേയ്ക്കും മാറിമാറി നോക്കുന്ന ഒരു സ്ത്രീ. രണ്ടു കപ്പുകളും

കൈയിലേന്തി പൊട്ടിച്ചിരിയ്ക്കുന്ന വ്യക്തിയുടെ നേരെ ദ്വേഷ്യഭാവത്തില്‍ നോക്കുന്ന മറ്റൊരു സ്ത്രീ. ചിന്താക്കുഴപ്പത്തില്‍ പെട്ടിരിക്കുന്ന മറ്റൊരാള്‍.

ചിരി ഒട്ടൊന്നടങ്ങിയപ്പോള്‍ ഹരി മുന്നോട്ടു നീങ്ങി എന്‍റെ മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. എന്നിട്ട് മെസ്സേജ് എടുത്തു നോക്കി. പിന്നീടത് ഉഷയെക്കാണിച്ചിട്ട് ഉറക്കെ വായിച്ചു.

‘ഐ ഗേവ്‌ യുവര്‍ അഡ്രസ് റ്റു ദി കപ്പിള്‍ ഹു ആസ്ക്ഡ് ഫോര്‍ ദി സെയിം. ദെ വില്‍ വിസിറ്റ് യു റ്റുമാറോ ഫോര്‍ എ ലോംഗ് സ്റ്റേ വിത് യു. ഹാവ് ഏ ബ്രൈറ്റര്‍ ദീപാവലി ഇന്‍ ദി കമ്പനി ഓഫ് മി. ജോയ് ആന്‍ഡ്‌ മിസ്സസ് പ്രോസ്പെരിറ്റി. ഹരികുമാര്‍ .’ (ഒരു ഭാര്യയും ഭര്‍ത്താവും കൂടി നിങ്ങളുടെ മേല്‍വിലാസം ചോദിച്ചപ്പോള്‍ ഞാന്‍ അത് അവര്‍ക്കു കൊടുത്തു. കുറേ നാള്‍ നിങ്ങളോടൊപ്പം താമസിക്കാനായി അവര്‍ വരും. മിസ്റ്റര്‍ ജോയിയോടും മിസ്സസ് പ്രോസ്പെരിറ്റിയോടുമൊപ്പം ഗംഭീരമായി ദീപാവലി ആഘോഷിക്കുക. – ഹരികുമാര്‍ .)

അതോടെ രണ്ടുപേരും ചിരിക്കാന്‍ തുടങ്ങി.

അപ്പോഴെനിക്ക് ശരിക്കും ദ്വേഷ്യം തോന്നി. ഇവരെന്താ ഏപ്രില്‍ ഫൂളാക്കിയ മാതിരി ഒരു ചിരി?

“ഇയാളു പൊട്ടനേപ്പോലിരുന്നു ചിരിക്കാതെ കാര്യം വല്ലോമൊണ്ടേല്‍ പറ.” ഞാന്‍ പറഞ്ഞു.

“ആ മെസ്സേജിന്‍റെ അവസാനത്തെ ഭാഗം ഒന്നൂടെ വായിച്ചു നോക്കിക്കേ. എന്താ അതിന്‍റെ അര്‍ത്ഥം?”

മെസ്സേജ് ഒന്നു കൂടി വായിച്ചിട്ടു ഞാന്‍ മറുപടി പറഞ്ഞു: “മിസ്റ്റര്‍ ജോയിയോടും ഭാര്യയോടുമൊപ്പം ദീപാവലി ആഘോഷമാക്കൂ എന്ന്‍. വേറെന്താ?”

“ഭാര്യേടെ പേരൂടെപ്പറ.”

“പ്രോസ്പെരിറ്റി. മിസ്സസ് പ്രോസ്പെരിറ്റി. അതിനെന്താ?”

“ഒരല്‍പം കോമണ്‍സെന്‍സ് കാണിച്ചിരുന്നേല്‍ ഇതു മനസ്സിലായേനേം. ഒരു ഗ്രീറ്റിംഗ് മെസ്സേജ് അല്ലേ ഇത്? ഒരു ദീപാവലി ഗ്രീറ്റിംഗ്. അതില്‍ ഇങ്ങനെയൊന്നു കണ്ടാല്‍ അര്‍ത്ഥം മനസ്സിലാക്കാന്‍ വല്യ ബുദ്ധിയൊന്നും വേണ്ടല്ലോ?”

ഞാന്‍ ഒന്നു കൂടി മെസ്സേജിലേക്കു നോക്കി.

ഇപ്പോള്‍ അര്‍ത്ഥം വ്യക്തമായി.

ആഹ്ലാദവും ഐശ്വര്യവും (ജോയ് ആന്‍ഡ് പ്രോസ്പെരിറ്റി) നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്ന ആശംസ. ആഹ്ലാദം, ഐശ്വര്യം ഇവയെ കലാപരമായി ഭാര്യാഭര്‍ത്താക്കന്മാരായി ചിത്രീകരിച്ചിരിക്കുന്നു!

വെരി നൈസ്.

അപ്പോഴാണ്‌ ഞാന്‍ അക്കാര്യം ഓര്‍ത്തത്. രണ്ടായിരം രൂപ പോയതു തന്നെ.

ഞാന്‍ ആ വിവരം അവരോടു പറഞ്ഞു. വീണ്ടും പൊട്ടിച്ചിരി.

ഹരിയുടെ മുഖത്തേയ്ക്കു നോക്കിയ ഞാനും പൊട്ടിച്ചിരിച്ചു പോയി. എല്ലാം കണ്ട് അന്ധാളിച്ചു നിന്ന ശ്യാമളയെ ഉഷ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.

പെട്ടെന്നു പരിഭ്രമം നടിച്ചുകൊണ്ട്‌ ഹരി പറഞ്ഞു, “ഞാന്‍ ഇതേ മെസ്സേജ് വേറെ ചിലര്‍ക്കും അയച്ചിട്ടുണ്ട്. അവരും ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ ….”

“ടൌണില്‍ പെട്ടെന്നു വീടുകള്‍ക്കു വാടക കൂടും,” ഉഷ.

“അങ്ങനെ വരില്ല. എല്ലാവരും ഇതുപോലെ മണ്ടൂസുകളല്ലല്ലോ?” ശ്യാമള. കണ്ണുകള്‍ എന്‍റെ നേരെ നീളുന്നു.

“നമ്മളെപ്പോലെ.” എന്‍റെ ഭാഗം ഞാനും പറഞ്ഞു.

കുറേ സമയം കൂടി സംസാരിച്ചിരുന്നിട്ട് അവര്‍ പോയി.

“ആ രണ്ടായിരം രൂപ തിരിച്ചു കിട്ടുമോ?” ശ്യാമള ചോദിച്ചു.

“അതു പോയിക്കിട്ടി,” ഞാന്‍ പറഞ്ഞു.

“കഷ്ടമായിപ്പോയി. എങ്കിലും നമുക്കിതു തോന്നിയില്ലല്ലോ.”

“വിനാശകാലേ വിപരീതബുദ്ധി.”

ഞാന്‍ ആ മെസ്സേജ് വീണ്ടും എടുത്തു നോക്കി. നല്ല ഭാവന. ഇത് ആര്‍ക്കെങ്കിലും ഒന്നയച്ചാലോ?

“നമുക്കിത് ആര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്യാം,” ഞാന്‍ പറഞ്ഞു.

“എന്തിന്? ഒരാളേക്കൂടി മണ്ടനാക്കാനോ? അല്ലേത്തന്നെ ദീപാവലി നാളില് രാത്രീലാണോ ദീപാവലി ഗ്രീറ്റിംഗ് അയയ്ക്കുന്നേ?”

ഇത് ആ അര്‍ത്ഥത്തിലല്ല ഞാനയയ്ക്കുന്നത്. അതിലെ സാരസ്യം മനസ്സിലാകുന്ന ഒരാളിനയയ്ക്കുന്നു. അത്രമാത്രം.”

“എന്നാല്‍ നമുക്കിത് ഗായത്രിക്കയയ്ക്കാം.”

അവളുടെ സ്നേഹിതയുടെ മകളാണ് ഗായത്രി. മെഡിസിനു പഠിയ്ക്കുന്ന കുട്ടി.

ഞാന്‍ ഗായത്രിയുടെ മൊബൈലിലേയ്ക്ക് മെസ്സേജ് ഫോര്‍വേഡ് ചെയ്തു.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. വരുന്നു, ഗായത്രിയുടെ ഫോണ്‍ .

“അങ്കിള്‍ , മെസ്സേജ് കിട്ടി. നന്നായിരിയ്ക്കുന്നു. പക്ഷേ അതിന്‍റെ ഒടുവില്‍ ഹരികുമാര്‍ എന്നു കണ്ടല്ലോ. അതെന്താ? അങ്കിളിന് അങ്ങനെയൊരു പേരുണ്ടോ? അതോ ആ ഫോണീന്ന് വേറെ വല്ലോരും അയച്ചതാണോ?”

എനിക്ക് അബദ്ധം മനസ്സിലായി. മെസ്സേജ് ഗായത്രിക്കയച്ചപ്പോള്‍ ഹരികുമാര്‍ എന്ന ഭാഗം മാറ്റാന്‍ വിട്ടുപോയി.

പക്ഷേ ഇത്തവണ ഞാന്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു.

“ഹരികുമാറോ?”

“അതെ, ഹരികുമാര്‍ . ഹ-രി-കു-മാ-ര്‍ .”

“അതിനിടയ്ക്ക് സ്പേസ് ഇല്ലേ?”

“ഇല്ല.”

“എന്നാലതു വിട്ടു പോയതാരിക്കും. യഥാര്‍ത്ഥത്തില്‍ അത് മൂന്നു വാക്കുകളാണ്. ഹാര്‍ – ഇക് – ഉമര്‍ . പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു സൂഫി വര്യന്‍ . അദ്ദേഹം ഇന്‍ഡ്യയിലുള്ളപ്പോള്‍ ഒരു രാജാവിന് അയച്ച മെസ്സേജാണ്

അത്.”

“പതിനാറാം നൂറ്റാണ്ടിലും മൊബൈല്‍ ഫോണുണ്ടായിരുന്നോ?” ഗായത്രിയുടെ സ്വരത്തില്‍ ആശ്ചര്യം.

“എടീ മണ്ടീ, അദ്ദേഹം എഴുതിക്കൊടുത്തയച്ച മെസ്സേജാണിത്.”

“അതു ശരി.”

അതോടെ ആ അദ്ധ്യായം തീര്‍ന്നെന്നു ഞാന്‍ കരുതി. രണ്ടായിരം രൂപ പോയതു മിച്ചം. എന്നാലും നാളെ അയാളോടൊന്നു ചോദിച്ചു നോക്കാം. കിട്ടിയാല്‍ കിട്ടട്ടെ. അവര്‍ വരുന്നില്ലെന്നു പറയാം.

പറ്റിയ മണ്ടത്തരം രാഘവനോടു പോലും പറയാന്‍ പറ്റില്ലല്ലോ.

ഡിസംബര്‍ മുപ്പത്തൊന്നാം തീയതി ഗായത്രിയുടെ ഫോണ്‍ : “അങ്കിളിന്‍റെ ദീപാവലി മെസ്സേജ് എഡിറ്റു ചെയ്ത് ഞാന്‍ ന്യൂഇയര്‍ മെസ്സേജാക്കി.”

“വെരി ഗുഡ്.”

“പക്ഷേ അതിന്‍റെ ഒടുവില്‍ വെറുതേ ഹാര്‍ – ഇക് – ഉമര്‍ എന്നു ചേര്‍ക്കുകയല്ല ചെയ്തത്.”

“പിന്നെ?”

“മഹാനായ ഹാര്‍ – ഇക് – ഉമര്‍ ആശംസിക്കുന്നു എന്നെഴുതി.”

“മിടുക്കി.”

ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ ഞാന്‍ ചിന്തിച്ചു. അവളുടെ മെസ്സേജ് കിട്ടുന്നവര്‍ ഹാര്‍ – ഇക് – ഉമര്‍ ആരെന്നു തിരക്കും. ഞാന്‍ പറഞ്ഞ കള്ളം അവളും ആവര്‍ത്തിക്കും.

ഇതൊന്നും വേണ്ടായിരുന്നു.

പെട്ടെന്നൊരു ചിന്ത മനസ്സിലെത്തി. അതോടെ എനിക്കാകെ പരിഭ്രമമായി.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യനായ ഹാര്‍ – ഇക് – ഉമറിനെപ്പറ്റി റിസര്‍ച്ചു നടത്താനായി ആരെങ്കിലും എന്നെ സമീപിച്ചാല്‍ അവരോടു ഞാന്‍ എന്തു പറയും?

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഒരു സൂഫിവര്യന്റെ ജനനം (കഥ)”

  1. മൊഹമ്മദാലി says:

    അടി പൊളി എന്നോ പറയാമോ
    തല്ലി പൊളി യല്ല എന്നത് സത്യമാ
    കഥയോ കാര്യമോ എന്നത്
    എഴുത്ത് എഴുത്തുകാരെ സൃഷ്ഠിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top