Flash News

വിപണി കീഴടക്കുക എന്നതാണ് എന്റെ ലക്ഷ്യം; ഇടത് വലത് ബിജെപി ചായ്‌വുകള്‍ ഒരു ഘടകമാകുന്നില്ല: രാജീവ് ചന്ദ്രശേഖരന്‍

August 11, 2017

ASIANETവിപണിയെ ആശ്രയിച്ചാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകളുടെ രാഷ്ട്രീയ നിലപാടെന്ന വാദവുമായി റിപ്പബ്ലിക്, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ ഉടമയും എന്‍ഡിഎ കേരളാ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരന്‍ എംപി. പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രീതിയിലാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ ഒന്നാമനാകുന്നതിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് തന്റെ നയമെന്ന് രാജീവ് ചന്ദ്രശേഖരന്‍ തുറന്ന് പറയുന്നു. വിപണി കീഴടക്കുന്നതിന് ഇടത് ചായ്‌വ് പ്രകടിപ്പിക്കണമെങ്കില്‍ അങ്ങനെ അതല്ല വലതു ചായ്‌വോ, ബിജെപി അനുകൂലമോ വേണമെങ്കില്‍ അങ്ങനെ, വിപണിയാണ് പ്രധാനം. തന്റെ ഉടമസ്ഥതയിലുളള വിവിധ ചാനലുകള്‍ വിവിധ രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. സ്‌ക്രോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ തുറന്നു പറച്ചില്‍.

ഏഷ്യാനെറ്റ് ന്യൂസിന് ഇടതിനെ അനുകൂലിക്കുന്ന സ്വഭാവമാണ് ഉളളത്, റിപ്പബ്ലിക് ടിവിക്കും കന്നഡ ചാനലിനും വിത്യസ്ത നിലപാടാണ് ഉളളത്. റിപ്പബ്ലിക്ക് ടിവി ബിജെപിയുടെ വക്താക്കള്‍ ആണ് എന്ന് ആളുകള്‍ പറയുന്നു, അത് എഡിറ്റര്‍ ആണ് വിശദീകരിക്കേണ്ടത്, ഓഹരി ഉടമകളല്ല. വിപണി കീഴടക്കുന്നതിന് ആവശ്യമായത് ചെയ്യുക എന്നതാണ് എന്റെ നയം. രാജീവ് ചന്ദ്രശേഖരന്‍ പറയുന്നു.

പ്രേക്ഷകരെ ഇത്തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ താങ്കള്‍ എങ്ങനെയാണ് വിശ്വാസ്യത ഉറപ്പുവരുത്തുക എന്ന ചോദ്യത്തിന് വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനമെന്നായിരുന്നു മറുപടി. ‘വിശ്വസനീയത പ്രേക്ഷകരുടെ വലിപ്പത്തില്‍ നിന്നാണ് വരുന്നത്. ഞങ്ങളെ സംബന്ധിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ന്നുവന്നാല്‍ അതിന് വിശ്വസ്യത താനേ ഉണ്ടായിക്കോളും. ഒരു ബ്രാന്‍ഡില്‍ കുറച്ച് അധികം ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ താനേ അതിലേക്ക് എത്തിച്ചേര്‍ന്നോളും’ രാജീവ് ചന്ദ്രശേഖരന്‍ പറയുന്നു.

മാധ്യമ മുതലാളി, എംപി, വ്യവസായി എന്നിങ്ങനെ മൂന്ന് തലക്കെട്ടുകളില്‍ ഉള്‍പ്പെട്ട രാജീവ് ചന്ദ്രശേഖരന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലെ മുഖ്യ നിക്ഷേപകന്‍ എന്ന നിലയിലായിരുന്നു. അതിദേശീയ വാദം ഉന്നയിച്ചും സംഘപരിവാറിനെ പിന്തുണച്ചുള്ള ഏകപക്ഷീയ വാര്‍ത്താ നിലപാടുകളുടെ പേരിലും നിരന്തരം വിവാദത്തിലകപ്പെടുന്ന വാര്‍ത്താ അവതാരകന്‍ കൂടിയാണ് അര്‍ണബ് ഗോസ്വാമി. ജെഎന്‍യു പ്രക്ഷോഭകരെ രാജ്യദ്രോഹികളായി മുദ്രകുത്തിയും, കേരളത്തെ പാക്കിസ്ഥാനായി ഉപമിച്ചും, ശശിതരൂരിനെതിരായി മാധ്യമ വേട്ട നടത്തിയുമുള്ള അര്‍ണബിന്റെ നിലപാടുകള്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടൈംസ് നൗവില്‍ നിന്നും രാജിവെച്ച് സ്വന്തമായി ചാനല്‍ തുടങ്ങിയ അര്‍ണബിനെ പിന്തുണച്ചവരില്‍ പ്രമുഖനായിരുന്നു രാജീവ് ചന്ദ്രശേഖരന്‍.

കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ബംഗളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ്. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും. നേരത്തെ ‘ആര്‍എസ്എസ് ആശയമുള്ളവരെ’ മാത്രം തന്റെ സ്ഥാപനത്തില്‍ നിയമിച്ചാല്‍ മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം വലിയ വിവാദമായിരുന്നു. നിര്‍ദേശത്തോട് എതിര്‍പ്പ് ഉയര്‍ന്നതോടെ ഇത് കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് പരസ്പര വിരുദ്ധമായ വിശദീകരണവും ജുപ്പീറ്റര്‍ കാപ്പിറ്റല്‍ നല്‍കിയതും ഏറെ വിവാദമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top