- Malayalam Daily News - http://www.malayalamdailynews.com -

ന്യൂസ് 18 കേരളയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; ദേശീയ പട്ടിക ജാതി കമ്മീഷന്‍ കേസെടുത്തു; ചാനല്‍ എഡിറ്റര്‍ രാജീവ്, സീനിയര്‍ എഡിറ്റര്‍ ലല്ലു, സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ദിലീപ് കുമാര്‍, അവതാരകന്‍ സനീഷ് എന്നിവര്‍ കുടുങ്ങി

news18-copy (1)തിരുവനന്തപുരം: മാധ്യമ ഭീമന്‍ റിലയന്‍സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ച ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ചാനല്‍ മേധാവിയും ചാനലിന്റെ മുഖമായി നിന്നിരുന്ന സഹപ്രവര്‍ത്തകരും കുടുങ്ങി. മാധ്യമ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാനലിലെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍പിള്ള, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ്കുമാര്‍, സി എന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഐപിസി 34 ഉമാണ് ചുമത്തിയിരിക്കുന്നത്.

വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത ശേഷം കേസ് ഫയല്‍ തുമ്പ പൊലീസിനു കൈമാറിയതായി എസ്‌ഐ അശോക് കുമാര്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ചാനലിന്റെ ആസ്ഥാനത്ത് പ്രോഗ്രാം പ്രെഡ്യൂസറായി ജോലി ചെയ്തിരുന്ന ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ചതിനു ശേഷം രാജി ആവശ്യപ്പെട്ടതോടെ ചാനലിന്റെ ഓഫീസില്‍ വച്ചുതന്നെ ഗുളിക കഴിച്ച് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. പെര്‍ഫോമന്‍സ് മോശമാണെന്നു ചൂണ്ടിക്കാണിച്ചാണ് പുറത്താക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. അതേസമയം, യുവതിയുടെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ച തൊഴില്‍ പീഡനം തുടങ്ങിവെച്ചത് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചാനല്‍ പ്രഖ്യാപനത്തിനു ശേഷം ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ടീമില്‍ അംഗമായിരുന്ന യുവതിക്കെതിരെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒരു പടതന്നെ അണിനിരന്നുവെന്നും അവരുടെ സമ്മര്‍ദ്ദത്താലാണ് കമ്പനി യുവതിയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രതികാര നടപടി കൈക്കൊണ്ടതുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ ദേശിയ പട്ടികജാതി കമ്മിഷന്‍ നേരിട്ട് കേസ് എടുത്തിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സനീഷ് ന്യൂസ് അവറിനിടയ്ക്ക് പ്രതീക്ഷിച്ചിരുന്ന ഗസ്റ്റിനെ കിട്ടാത്തതിന്റെ പേരില്‍ അദ്ദേഹം പെണ്‍കുട്ടിയെ അസഭ്യമായ വാക്കുകളുപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരുന്നു. ഇതില്‍ മനോവിഷമമുണ്ടായ പെണ്‍കുട്ടി ചാനല്‍ എച്ച്ഓഡിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല പെണ്‍കുട്ടിക്കെതിരെ തൊഴില്‍പരമായ പീഡനങ്ങള്‍ തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സനീഷിന്റെ നേതൃത്വത്തില്‍ ലല്ലു, ബി ദിലീപ് കുമാര്‍, സന്തോഷ് നായര്‍ എന്നിവരുടെ സംഘം പെണ്‍കുട്ടിയെ ചാനലിനുള്ളില്‍ നിരന്തരം അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നതായാണ് സൂചന. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒരു നടപടിയും ചാനലിന്റെ ഭാഗത്തു നിന്നുമുണ്ടായതുമില്ല. ഇക്കാര്യത്തില്‍ പെണ്‍കുട്ടി വളരെ ദുഃഖിതയായിരുന്നുവെന്നും ചാനലിനുള്ളിലെ പെണ്‍കുട്ടിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചാനലില്‍ ജോലി ചെയ്തിരുന്ന ചില ജേര്‍ണലിസ്റ്റുകളോട് പെട്ടെന്ന് രാജിവയ്ക്കണമെന്നു ടെലിഫോണിലൂടെ എച്ച്ഒഡി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ ലിസ്റ്റില്‍ പ്രസ്തുത പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും നേരിട്ട് പെണ്‍കുട്ടിയെ വിളിച്ച് രാജിവയ്ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടി.

തുടര്‍ന്നു രണ്ടു ദിവസം ലീവെടുത്ത പെണ്‍കുട്ടി ഇന്ന് ഓഫീസില്‍ ഹാജരാകുകയും ഉച്ചയ്ക്ക് എച്ച്ഒഡിയുടെ മുറിയിലെത്തി കാണുകയുമുണ്ടായെന്നും സൂചനകളുണ്ട്. എച്ച്ഒഡിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ പെണ്‍കുട്ടി ചാനലില്‍ വച്ചുതന്നെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 ചാനലിന്റെ മലയാളം വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലൂടെ പുറത്താക്കുന്നതായി ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]