Flash News

പ്രസ് ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ഒരു പുനര്‍ചിന്ത (തോമസ് കൂവള്ളൂര്‍)

August 11, 2017

Thomas Koovalloor-1_InPixio_InPixio2ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും ഇന്‍‌ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും തുടങ്ങി അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി രൂപീകൃതമായിട്ടുള്ള മറ്റു ക്ലബ്ബുകളും മത്സരിച്ച് ദേശീയ സമ്മേളനങ്ങളും, ഇന്റര്‍നാഷണല്‍ സെമിനാറുകളും നടത്താന്‍ വെമ്പല്‍ കൊള്ളുന്നതായുള്ള വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ കൂടെ അറിയാന്‍ കഴിഞ്ഞു. പ്രസ് ക്ലബ്ബുകളെപ്പോലെ തന്നെ വമ്പന്‍ സംഘടനകളായ ഫോമായും ഫൊക്കാനയും ഇക്കാര്യത്തില്‍ ഒരുപടി കൂടി മുമ്പോട്ടാണ്.

ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി കേരളത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരേയും മന്ത്രിമാരേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും സിനിമാ നടീനടന്മാരേയും കൊണ്ടുവന്ന് സല്‍ക്കരിക്കാന്‍ ചിലരെങ്കിലും ഔത്സുക്യം കാണിക്കുന്ന പ്രവണതയും ഏറിവരുന്നതായി കാണാം. ഇത്തരക്കാരെ കൊണ്ടുവന്ന് പൊന്നാടയണിയിച്ച് പൂച്ചെണ്ട് നല്‍കി സ്വീകരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വാസ്തവത്തില്‍ സാമാന്യ ജനങ്ങള്‍ക്ക് ലജ്ജ തോന്നിപ്പോകും.

ഈയ്യിടെ അമേരിക്കന്‍ സാഹിത്യസല്ലാപം എന്നറിയപ്പെടുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലേഖകന് കഴിഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ജോണ്‍ ഇളമതയെക്കുറിച്ചുള്ള സം‌വാദമായിരുന്നു അത്. വടക്കേ അമേരിക്കയിലുള്ള നിരവധി എഴുത്തുകാര്‍ പങ്കെടുത്ത പ്രസ്തുത പരിപാടി നടക്കുന്നതായി മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പക്ഷെ, സല്ലാപം കഴിഞ്ഞ ശേഷം എന്തുണ്ടായി, എന്തു നേട്ടമുണ്ടായി എന്ന് ഒരു എഴുത്തുകാരും എഴുതിക്കണ്ടില്ല. അക്കാരണം കൊണ്ടുതന്നെയാണ് അതേപ്പറ്റി രണ്ടു വാക്ക് എഴുതാനുള്ള പ്രചോദനം എനിക്കുണ്ടായറത്.

ആനുകാലിക മലയാള സാഹിത്യകാരന്മാരില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ് ജോണ്‍ ഇളമത എന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കന്‍ മലയാളി മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ രചനകളും, ഹാസ്യകഥകള്‍, ഓട്ടം തുള്ളല്‍, യാത്രാവിവരണങ്ങള്‍, ചെറുകഥകള്‍, എന്തിനേറെ സോക്രട്ടീസ്, മൈക്കളാഞ്ചലോ തുടങ്ങിയ നോവലുകലും കാണാന്‍ കഴിയും. അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രശസ്തിപത്രമോ ക്യാഷ് അവാര്‍ഡോ നല്‍കി പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അവരുടെ കഴിവുകള്‍ക്ക് അംഗീകാരവും കൂടിയാവുമായിരുന്നില്ലേ…

ലക്ഷക്കണക്കിന് പണം സമാഹരിച്ച് പരിപാടികള്‍ നടത്താന്‍ കഴിയുന്ന അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കള്‍ക്ക് അതിനു ചിലവാകുന്നതിന്റെ 5% ഇവിടെയുള്ള സാഹിത്യകാരന്മാരേയും, മാധ്യമ പ്രവര്‍ത്തകരേയും, സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കാന്‍ മാറ്റിവെച്ചുകൂടെ? അതുവഴി നമ്മുടെ സമൂഹത്തിന് കാതലായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു നല്ല എഴുത്തുകാരന്‍ എത്രമാത്രം സമയം ചിലവഴിച്ചാണ് തങ്ങളുടെ കൃതികള്‍ രചിക്കുന്നത് എന്ന് എത്ര പേര്‍ക്കറിയാം?

യഥാര്‍ത്ഥത്തില്‍ നമുക്കിടയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട്? ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം നമുക്കിടയില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. അത്തരക്കാരെ കണ്ടുപിടിച്ച് അവരെ വളര്‍ത്തിയെടുക്കാന്‍, അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ പ്രസ് ക്ലബ്ബുകള്‍ക്ക് കഴിയും. അതിനായി ഇനിയെങ്കിലും പരിശ്രമിച്ചുകൂടെ?

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ജേര്‍ണലിസ്റ്റുകളായ ഇ മലയാളിയുടെ ജോര്‍ജ്ജ് ജോസഫ്, ഡാളസില്‍ നിന്നുള്ള പി.പി. ചെറിയാന്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള മൊയ്തീന്‍ പുത്തന്‍‌ചിറ തുടങ്ങിയവരെപ്പോലെയുള്ളവര്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡുകളും മറ്റും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇവരില്‍ പലരും തങ്ങളുടെ മുഴുവന്‍ സമയവും സമൂഹത്തിനുവേണ്ടി വിനിയോഗിക്കുന്നവരാണ്. അവരൊക്കെ ഇങ്ങനെയുള്ള പ്രോത്സാഹനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരാണ്.

പ്രസ് ക്ലബ്ബുകളും, അമേരിക്കന്‍ മലയാളി സംഘടനകളും ഇനിയെങ്കിലും ഇവിടെയുള്ള എഴുത്തുകാരേയും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും, മാധ്യമ പ്രവര്‍ത്തകരേയും, രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണമെന്ന് താല്പര്യപ്പെടുന്നതോടൊപ്പം, ഇക്കാര്യത്തെപ്പറ്റി ഒരു പുനര്‍വിചിന്തനമെങ്കിലും നടത്തുക.

തോമസ് കൂവള്ളൂര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “പ്രസ് ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ഒരു പുനര്‍ചിന്ത (തോമസ് കൂവള്ളൂര്‍)”

 1. Joseph Padannamakkel says:

  തോമസ് കൂവള്ളൂര്‍ നല്ലയൊരു വീക്ഷണത്തോടെയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഈമലയാളീ’ എഡിറ്റര്‍ ജോര്‍ജ് ജോസഫ്, ശ്രീ മൊയ്തീന്‍ പുത്തന്‍ചിറ, ശ്രീ ജോയിച്ചന്‍ പുതുക്കുളം എന്നിവരെ എത്രമാത്രം പുകഴ്ത്തിയാലും മതിയാവില്ല. അവരുടെ നിസ്തുലമായ സേവനങ്ങളെ അര്‍ഹമായ രീതിയില്‍ ആരും പരിഗണിക്കുന്നില്ലെന്നാണ് സത്യം.

  എഴുപതുകളുടെ തുടക്കത്തിലാണ് ഇവിടെ മലയാളികള്‍ കൂട്ടത്തോടെ കുടിയേറ്റമാരംഭിച്ചത്. പലരും മണ്മറഞ്ഞും മെച്ചമായ പുതിയ ഒരു തലമുറയെ വാര്‍ത്തെടുത്തും വാര്‍ദ്ധക്യത്തിന്റെ പടിവാതിക്കല്‍ എത്തിയും ചരിത്രമായി മാറിയും മാറിക്കൊണ്ടുമിരിക്കുന്നു. മേല്‍പ്പറഞ്ഞ പത്രപ്രവര്‍ത്തകർ ഇവിടെ അധിവസിക്കുന്ന കുടിയേറ്റക്കാരുടെ ചരിത്രത്തിന്റെ അടിസ്ഥാനമിടുന്നവരാണ്. ഇവര്‍ ശേഖരിക്കുന്ന വാര്‍ത്തകളൊക്കെ ഇന്ന് അപ്രസക്തങ്ങളായി തോന്നാം. കാലം ഈ വാര്‍ത്തകളുടെ ഉറവിടം തേടിയും ഇവിടുത്തെ കുടിയേറ്റക്കാരുടെ ജീവിതചര്യകള്‍ അന്വേഷിച്ചും കൂടുതല്‍ കൂടുതല്‍ ഗവേഷണ കുതുകികളെ സൃഷ്ടിച്ചു കൊണ്ടിരിക്കും. അങ്ങനെ ചരിത്രത്തിന്റെ ദ്വാരപാലകരായ അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകരെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്.

  കേരളത്തിലെ മൂന്നാം കിട കലാകാരന്മാരെക്കൊണ്ട് ഇവിടെ പേക്കൂത്ത് കളിപ്പിച്ചതുകൊണ്ടോ അവിടെയുള്ള പത്രപ്രവര്‍ത്തകരെ അമേരിക്കന്‍ മലയാളികള്‍ ആദരിച്ചതുകൊണ്ടോ ഇവിടെ വളരുന്ന കുഞ്ഞുങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോവുന്നില്ല.

  കേരളത്തില്‍നിന്ന് ഇവിടെ വന്നു ഓസില്‍ ശാപ്പാട് അടിച്ചിട്ട് പോവുന്ന പല എഴുത്തുകാരും ഇവിടെയുള്ള മലയാളികളെ പരിഹസിച്ചെഴുതാനാണ് താല്‍പര്യപ്പെടുന്നത്. ഭര്‍ത്താക്കന്മാര്‍ ജോലിയില്ലാതെ ഭാര്യമാരെ ഡബിള്‍ ഡ്യുട്ടി ചെയ്യിപ്പിച്ച് അസോസിയേഷനും പള്ളി പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവെന്ന പരിഹാസ കഥകള്‍ മാത്രമേ അവരുടെ തൂലികയില്‍ നിന്ന് രചിക്കുകയുള്ളൂ. ഇവിടെയുള്ള കുടിയേറ്റക്കാരുടെ ഒരു സാംസ്ക്കാരിക പാരമ്പര്യത്തെപ്പറ്റി അത്തരം എഴുത്തുകാര്‍ക്ക് കാര്യമായ വിവരവുമുണ്ടായിരിക്കില്ല.

  ആദ്യതലമുറയിലെ കുടിയേറ്റക്കാരുടെ മക്കള്‍ ഭൂരിഭാഗവും സമൂഹത്തില്‍ ഉന്നത നിലകളിലുള്ള പ്രൊഫഷണല്‍ തലങ്ങളിലെന്ന വസ്തുതയും അവര്‍ മനസിലാക്കുകയില്ല. പുതിയ ഒരു രാജ്യത്ത് നൂറായിരം കഷ്ടപ്പാടുകളുടെ നടുവില്‍ക്കൂടിയാണ് ആദ്യം വന്നവര്‍ അവരെക്കാളും മെച്ചമായ ഒരു തലമുറയെ വാര്‍ത്തെടുത്തത്. ഇന്ന് ഹാര്‍വാര്‍ഡും യേലും യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇവരെല്ലാം ഒരിക്കല്‍ ഗവേഷണത്തിനായി ഇന്ന് പ്രസിദ്ധീകരിക്കുന്ന മലയാള മാദ്ധ്യമങ്ങള്‍ തേടി നടക്കുമെന്ന് തീര്‍ച്ചയാണ്. ഒരു തലമുറയുടെ സംസ്ക്കാര പാരമ്പര്യത്തിന്റെ കൈചൂണ്ടി ഫലകമാണ്‌ അമേരിക്കന്‍ മാധ്യമങ്ങള്‍.

  അമേരിക്കയിലെ കറുത്തവരുടെയും ആദ്യകുടിയേറ്റക്കാരുടെയും ചരിത്രം തേടി മില്യണ്‍ കണക്കിന് ഡോളറാണ് ഗവേഷണത്തിനായി മുടക്കുന്നത്. ഫ്രാന്‍സീസ് സേവിയര്‍ എഴുതി കൊല്ലത്ത് തമിഴില്‍ അച്ചടിച്ച മലയാളത്തിലെ 24 പേജുള്ള ആദ്യത്തെ ലഘുലേഖ പുസ്തകം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി സൂക്ഷിക്കുന്നു. അതിന്റെ വിലയിട്ടിരിക്കുന്നത് മൂന്നു മില്യണ്‍ ഡോളറാണ്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പി കാണണമെങ്കില്‍ ആസ്ട്രേലിയന്‍ ലൈബ്രറിയില്‍ പോവണം. ഒരു നല്ല കാഴ്ചപ്പാടോടെ ഒരു ലേഖനം പ്രസിദ്ധീകരിച്ച ശ്രീ കൂവള്ളൂരിനെ അഭിനന്ദിക്കുന്നു.

 2. ജോണ്‍ says:

  അവാര്‍ഡ്. ആദരം, പൊന്നാട എന്ന് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ അഭിമാനത്തിന് ക്ഷതമേല്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ അവാര്‍ഡ് ദാനങ്ങള്‍. പത്ത് ഡോളറില്‍ താഴെ വിലയുള്ള ഒരു പലകക്കഷ്ണം കൊടുത്ത് കൊടുക്കുന്നവന്റേയും വാങ്ങുന്നവന്റേയും വില കളയുകയാണ് അമേരിക്കന്‍ സംഘടനകള്‍. ഒരു സംഘടനയിലുള്ളവര്‍ തന്നെ പരസ്പരം അവാര്‍ഡു കൊടുക്കലും പൊന്നാടയണിയിക്കലും ഒരു പതിവു കാഴ്ച തന്നെ. ഫൊക്കാനയും ഫോമയും വേള്‍ഡ് മലയാളിയും കൂണുകള്‍ മുളച്ചപോലെയുള്ള സംഘടനകളുമെല്ലാം ഇന്ന് അവാര്‍ഡ് സംഘടനകളായി മാറിക്കഴിഞ്ഞു. അവരില്‍ നിന്നൊക്കെ വേറിട്ട പ്രവര്‍ത്തനമായിരുന്നു പ്രസ് ക്ലബ് എന്നാണ് ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ അവിടെയും തൊഴുത്തില്‍ കുത്തും പാരയും ഉണ്ടെന്നുള്ളതിന് തെളിവാണ് മറ്റൊരു പ്രസ് ക്ലബ്ബ് ഈ അടുത്ത കാലത്ത് ആരംഭിച്ചത്. ഈ രണ്ട് ക്ലബ്ബുകളും അറിയാതെ മറ്റൊരു ക്ലബ്ബുണ്ട്…. കേരള പ്രസ് ക്ലബ്.. അതുപക്ഷെ പേപ്പര്‍ ക്ലബ്ബാണ്.

  ഇന്ന് അമേരിക്കന്‍ മലയാള മാധ്യമ രംഗത്ത് നിരവധി എഴുത്തുകാരുണ്ട്. ബഹുഭൂരിഭാഗവും ഫുള്‍ ടൈം ജോലിക്കു ശേഷം മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുന്നു. ഇന്ന് അമേരിക്കയിലും കേരളത്തിലുമുള്ള മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്ന നിരവധി ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍മാരുണ്ട്. അവരാണ് അമേരിക്കയിലെ പത്രങ്ങളുടെ നട്ടെല്ല്. അവര്‍ വാര്‍ത്ത കൊടുത്തില്ലെങ്കില്‍ പത്രങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആരും ചിന്തിക്കുന്നില്ല. ഒരൊറ്റ പത്രക്കാരും ഇക്കൂട്ടര്‍ക്ക് യാതൊരു പ്രതിഫലവും നല്‍കുന്നില്ല എന്നാണറിവ്. എന്നാല്‍, അവരുടെ കൂട്ടായ്മയായ പ്രസ് ക്ലബ് ആകട്ടേ പതിനായിരക്കണക്കിന് ഡോളര്‍ വീതം സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ ഓരോ ബിസിനസുകാരില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്വരൂപിച്ച് നാട്ടില്‍ നിന്ന് കുറെ പേരെ സര്‍‌വ്വ ചിലവും കൊടുത്ത് ഇവിടെ കൊണ്ടുവരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍‌വന്‍ഷനില്‍ ചുരുങ്ങിയത് പത്തു പേരെയെങ്കിലും ഇവിടെ കൊണ്ടുവരുന്നുണ്ട്. പിരിച്ചെടുത്ത പണം മുഴുവന്‍ ആ വഴിക്ക് ചിലവഴിക്കുന്നു. ആര്‍ക്ക് എന്തു ഗുണം? നാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ ഇവിടെ കൊണ്ടുവന്ന് അവരുടെ ‘ജാഡ’ മറ്റുള്ളവരെ കാണിക്കാനോ? അവരെക്കാള്‍ ബഹു മിടുക്കരായ മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടെന്ന് പ്രസ് ക്ലബ് മനസ്സിലാക്കുന്നില്ല. ശ്രീ കൂവള്ളൂര്‍ എഴുതിയപോലെ ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് പ്രസ് ക്ലബ്ബാണ്. പ്രസ് ക്ലബിന്റെ തലപ്പത്തിരിക്കുന്നവരുടെ താല്പര്യത്തിനനുസരിച്ച് ക്ലബിനെ നയിക്കാതെ മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, അവരെക്കൂടി അംഗീകരിക്കുന്ന ഒരു പ്രസ് ക്ലബിനു മാത്രമേ നിലനില്പുള്ളൂ. അതല്ലെങ്കില്‍ ഈ ക്ലബ് വീണ്ടും പിളരും.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top