Flash News

ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും അഴിമതിയിലും പൊലിയുന്ന ജീവിതങ്ങള്‍ (എഡിറ്റോറിയല്‍)

August 21, 2017

editഅശുഭകരമായ വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നു വരുന്നത്. ഗൊരഖ്പുര്‍ മെഡിക്കല്‍ കോളെജില്‍ കുരുന്നുകളുടെ കൂട്ടക്കൊലയെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്, മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗളിയില്‍ രണ്ടു ഡസനോളം ആളുകളുടെ ജീവനെടുത്ത ട്രെയ്ന്‍ ദുരന്തമാണ് യുപിയെ രാജ്യത്തിന്‍റെ സവിശേഷ ശ്രദ്ധയിലേക്കു കൊണ്ടു വരുന്നത്. ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് 23 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 156 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുണ്ട്. മരണ സംഖ്യ ഉയരുമെന്ന ആശങ്ക തുടരുന്നു. ഒഡിഷയിലെ പുരിയില്‍ നിന്ന് ഉത്തരഖണ്ഡിലെ ഹരിദ്വാറിലേക്കു പോയ ഉത്കല്‍ ഹൈസ്പീഡ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയ്ന്‍ ആണ് അപകടത്തില്‍പ്പെട്ടത്. റെയ്‌ലുകളും സ്ലീപ്പറുകളുമടക്കം ട്രാക്കില്‍ വന്‍ അഴിച്ചുപണി നടക്കുമ്പോള്‍, മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞെത്തിയ ട്രെയ്ന്‍ പൊടുന്നനെ അപകടത്തില്‍പ്പെട്ടു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്നു കുതിച്ചുയര്‍ന്ന കോച്ചുകള്‍ അടുത്തുള്ള വീടുകളിലേക്കും കോളെജ് മന്ദിരത്തിലേക്കും പാഞ്ഞുകയറി. ഖതൗളി ചെറു പട്ടണത്തില്‍ ജനത്തിരക്കുണ്ടായിരുന്നെങ്കിലും അപകടസ്ഥലത്ത് പൊതുനിരത്തോ, മാര്‍ക്കറ്റോ ഇല്ലാതിരുന്നതു തുണയായി. കോളെജ് സമയം കഴിഞ്ഞതിനാല്‍, മതിലും തകര്‍ത്ത് ക്യാംപസിലേക്കു പാഞ്ഞുകയറിയ കോച്ചുകള്‍ അതിനു പുറത്തുള്ളവര്‍ക്ക് അപകടം വരുത്തിയില്ല.

ഖതൗളി ട്രെയ്ന്‍ അപകടം അട്ടിമറിയാണെന്നു സംശയിക്കുന്നവരുണ്ട്. എന്നാല്‍, അതിനു പിന്നില്‍ ഭീകരരടക്കമുള്ള ബാഹ്യ ശക്തികള്‍ക്കു വലിയ പങ്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ഭീകര വിരുദ്ധ സ്ക്വാഡും അന്വേഷണ രംഗത്തുണ്ട്. റെയ്‌ല്‍വേയുടെ തന്നെ പിഴവുകളാണ് അപകടത്തിനു കാരണമെന്നും പറയുന്നുണ്ട്. ഖതൗളി സ്റ്റേഷന്‍ അധികൃതരും റെയ്ല്‍‌വേ എന്‍ജിനീയറിങ് വിഭാഗവും തമ്മില്‍ അതിന്‍റെ പേരിലുള്ള തര്‍ക്കവും രൂക്ഷം. അപകടമുണ്ടായ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം തങ്ങള്‍ ഖതൗളി സ്റ്റേഷന്‍ അധികൃതരെ അറിയിച്ചെന്ന് എന്‍ജിനീയറിങ് വിഭാഗം വിശദീകരിക്കുന്നു. അപകടത്തില്‍പ്പെട്ട ഉത്കല്‍ എക്സ്പ്രസിനു തൊട്ടുമുന്‍പ് ട്രെയ്നുകള്‍ വേഗം കുറച്ചാണു കടന്നുപോയത്. ഖതൗളി സ്റ്റേഷനില്‍ നിന്നു നല്‍കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നത്രേ, ഇത്. എന്നാല്‍, ഈ മുന്നറിയിപ്പ് ഉത്കല്‍ എക്സ്പ്രസ് ട്രെയ്‌നിന്‍റെ ലോക്കോ പൈലറ്റിനു ലഭിച്ചില്ല. പണി നടക്കുന്ന കാര്യം അറിയാതെ, പരമാവധി വേഗത്തില്‍ വന്ന ട്രെയ്ന്‍ പാളം തെറ്റി, കംപാര്‍ട്ട്മെന്‍റുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവത്രേ. ഇടിയുടെ ആഘാതം ഏറെ കനത്തതായതു മൂലമാണ് ഒരു കോച്ച് മറ്റുള്ളവയുടെ മേല്‍ പതിച്ചതും ഒരെണ്ണം ട്രാക്കില്‍ നിന്നു തെറിച്ച് മീറ്ററുകള്‍ അകലെയുള്ള വീടിനു മുകളിലേക്കും കോളെജ് കെട്ടിടത്തിലേക്കും പാഞ്ഞു കയറിയതും.

സുരക്ഷിതത്വത്തില്‍ ഒരുറപ്പും പാലിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല ഇന്ത്യന്‍ റെയ്‌ൽവേയ്ക്ക്. അപകടങ്ങളില്ലാത്ത ഒരൊറ്റ വര്‍ഷം പോലും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഓപ്പറേഷനിലും വരുമാനത്തിലും എന്‍ജിനീയറിങ് വൈഭവത്തിലുമെല്ലാം കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇന്ത്യന്‍ റെയ്‌‌ല്‍വേ, സുരക്ഷയുടെ കാര്യത്തില്‍ ബഹുദൂരം പുറകിലാണ്. അതില്‍ മിക്കതും റെയ്‌ൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലവും. സിഗ്നലിങ് സംവിധാനത്തിലെ തകരാർ മൂലം ഒരേ ട്രാക്കില്‍ മുഖാമുഖം വന്ന ട്രെയ്നുകള്‍ അനവധി. ട്രാക്കു മാറി അപകടത്തില്‍പ്പെട്ടതും ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയ്ന്‍ ഓടിയതും ട്രെയ്നുകള്‍ സിഗ്നല്‍ മറികടന്നു പോകുന്നതുമെല്ലാം ആവര്‍ത്തിക്കപ്പെടുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കു പോയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്‍റെ എന്‍ജിന്‍ ബോഗിയില്‍ നിന്നു വേര്‍പെട്ട് ഓടിയതു വലിയ വാര്‍ത്തയായിരുന്നു. ട്രെയ്‌നിന്‍റെ വേഗം കുറവായതു കൊണ്ടു മാത്രമാണ് അപകടത്തിന്‍റെ ആഴം കുറഞ്ഞത്. ഉത്കല്‍ എക്സ്പ്രസിന്‍റെ വേഗത്തിലായിരുന്നു ചെന്നൈ എക്സ്പ്രസ് എങ്കില്‍, കേരളത്തില്‍ ഇന്നു കണ്ണീര്‍ കടലിരമ്പുമായിരുന്നു.

ഓരോ അപകടം ഉണ്ടാകുമ്പോഴും ശരിയായ കാരണം കണ്ടുപിടിക്കുകയും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍, പതിനായിരങ്ങള്‍ ശമ്പളം പറ്റി, റെയ്‌ല്‍വേ ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന അട്ടിമറിയും അനാസ്ഥയും അവസാനിപ്പിക്കാമായിരുന്നു. ഖതൗളി അപകടത്തിന്‍റെ ശരിയായ കാരണത്തെക്കുറിച്ച് റെയ്‌ല്‍വേ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രഥമദൃഷ്ട്യാ കുറ്റക്കാരായവരെ കണ്ടെത്തണമെന്നു റെയ്‌ല്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശിച്ചിട്ടുണ്ട്. അതുപ്രകാരം അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പണ്ട് പെരുമണ്‍ കായലില്‍ ഐലന്‍റ് എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞതിനെക്കുറിച്ച് അന്വേഷിച്ച റെയ്‌ല്‍വേ സേഫ്റ്റി കമ്മിഷണര്‍ കണ്ടെത്തിയ കാരണം മാത്രം ഉദാഹരണമാക്കിയാല്‍ മതി, എത്ര അപകടങ്ങള്‍ നടന്നാലും ഇന്ത്യന്‍ റെയ്‌ല്‍വേ പാഠം പഠിക്കില്ല എന്നു തിരിച്ചറിയാന്‍. കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും കേട്ടിട്ടില്ലാത്ത ടൊര്‍ണാഡോ ചുഴലിക്കാറ്റാണ് ഐലന്‍റ് എക്സ്പ്രസിനെ പൊക്കിയെടുത്ത് അഷ്ടമുടിക്കായലിലെറിഞ്ഞതെന്നായിരുന്നു അന്നത്തെ കണ്ടുപിടിത്തം. ഇത്തരം വിചിത്രമായ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും തുടര്‍നടപടികളുമാണ് റെയ്‌ൽവേയില്‍ ഉണ്ടാകുന്നതെങ്കില്‍ ദുരന്തങ്ങള്‍ കുറയാന്‍ ഒരു വഴിയുമില്ല. യാത്രക്കാരുടെ ആയുസിനായി മനസറിഞ്ഞു പ്രാര്‍ഥിക്കുക മാത്രമേ വഴിയുള്ളൂ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top