Flash News

മന്ത്രി കെ.കെ. ശൈലജക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

August 24, 2017

kk-shailajaതിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. മന്ത്രിക്കെതിരായ ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത നിരീക്ഷിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരെയും അന്വേഷണം നടത്തും. രണ്ടാം എതിര്‍കക്ഷിയാണ് സാമൂഹ്യക്ഷേമ സെക്രട്ടറി. 14ന് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ സമര്‍പ്പിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ലോകായുക്ത നടപടി സ്വീകരിച്ചത്.

അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷബഹളമായിരുന്നു. നിയമസഭക്ക് പുറത്തേക്കും പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. എംഎല്‍എമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്. ശൈലജയ്ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി രാജിവെയ്‌ക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്. സഭാ സമ്മേളനം അവസാനിക്കുന്നതിനാല്‍ സഭയ്ക്കുപുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണു തീരുമാനം. ഇക്കാര്യം തീരുമാനിക്കാന്‍ പ്രതിപക്ഷനേതാക്കള്‍ യോഗം ചേരും. വിപുലമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നാണ് പ്രതിപക്ഷനിരയിലെ ധാരണ.

ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഇന്നലെ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമര്‍ശം സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്. കമ്മീഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നും വ്യക്തമാക്കി.

ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കമ്മീഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രില്‍ 29 നു സംസ്ഥാന സര്‍ക്കാര്‍ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതില്‍ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top