Flash News

ദിലീപിനെതിരെ മാത്രമല്ല അപ്പുണ്ണി, കാവ്യ എന്നിവര്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ്; ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പ്രസ്താവിക്കും

August 26, 2017

Kavya appunniകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ചയുണ്ടാകും. ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ കോടതിയില്‍ നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ അതിവേഗം പൊലീസ് കുറ്റപത്രം നല്‍കും. ദിലീപിന് അനുകൂലമായ ജനവികാരം ഏറിവരുന്നതായാണു പൊലീസിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ഇടപെടല്‍ ശക്തമാക്കുന്നത്.

വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നു ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു വാദം പൂര്‍ത്തിയായത്. ഇതിനിടെ കാവ്യാ മാധവനെതിരേയും ചില പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന്‍ നടത്തി. കോടതിയില്‍ കൊടുത്ത മൂന്ന് കവറില്‍ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നാണ് സൂചന. ഇത് കോടതി എങ്ങനെ കണക്കിലെടുക്കുമെന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. നേരത്തെ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റീസ് സുനില്‍ തോമസ് ചില നിര്‍ണ്ണായക പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലെ ഇടപെടല്‍ ഇപ്പോഴും ഉണ്ടാകുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷ.

അപ്പുണ്ണിയേയും കാവ്യയേയും കേസുമായി ബന്ധപ്പെടുത്താന്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അപ്പുണ്ണിയെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അപ്പുണ്ണി മാപ്പു സാക്ഷിയാകുമോ എന്ന് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. അപ്പുണ്ണിയേയും നാദിര്‍ഷായേയും മാപ്പുസാക്ഷിയാക്കാന്‍ കിട്ടിയാല്‍ കേസിന് ബലം കൂടും. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പൊലീസ് നിലപാട് എടുക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് ശക്തമായ വാദങ്ങള്‍. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ വാദങ്ങള്‍ ഖണ്ഢിച്ചായിരുന്നു പ്രതിഭാഗത്തിന്റെ ഓരോ ദിവസത്തേയും വാദങ്ങള്‍. അതേസമയം ദിലീപിനെതിരെ കൂടുതല്‍ തെളിവുകളും ചോദ്യങ്ങളുമുയര്‍ത്തിയാണ് ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

ഈ മാസം അവസാനത്തോടെ അങ്കമാലി കോടതിയില്‍ പള്‍സര്‍ സുനി രഹസ്യമൊഴി നല്‍കും. ഇത് ഈ കേസില്‍ നിര്‍ണ്ണായമാണ്. വമ്പന്‍ സ്രാവിനെതിരെ നിലവില്‍ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ പള്‍സര്‍ കോടതിയില്‍ മൊഴി നല്‍കിയാല്‍ അന്വേഷണം അതിലേക്കും നീട്ടേണ്ടി വുരം. അങ്ങനെ വന്നാല്‍ കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കാനാവാത്ത സാഹചര്യവും ഉണ്ടാകും. ഇത് വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയും ചെയ്യും. കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ ജനവികാരം ദിലീപിന് അനുകൂലമാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. അതുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്നാണ് സൂചന.

പള്‍സര്‍ സുനി പണം ആവശ്യപ്പെടുന്ന സന്ദേശം വെണ്ണലയില്‍ ലക്ഷ്യയിലെത്തിക്കാന്‍ ശ്രമം നടന്നതിനെക്കുറിച്ചു മൊഴിയുണ്ടെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈ്ക്കോടതിയെ ബോധിപ്പിച്ചിരുന്നു. കാക്കനാട് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മൊഴിയിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയിട്ടുമുണ്ട്. കാവ്യാ മാധവന്റെയും കുടുംബത്തിന്റെയും യാത്രയ്ക്ക് അവരുടെ മുന്‍ ഡ്രൈവറായ മധു എന്നയാള്‍ സുനിയെ വിളിച്ച് ഏര്‍പ്പാടാക്കിയതിന്റെ വിവരവും ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യാ മാധവന്റെ നിലപാട് നിഷേധിക്കുന്നതാണ് ഈ മൊഴിയെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇവയുള്‍പ്പടെ കൂടുതല്‍ തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്.

ദിലീപിന്റെയും പള്‍സര്‍ സുനിയുടേയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരു ടവറിന്റെ പരിധിയില്‍ വരുന്നെന്ന ചോദ്യത്തോടെയായിരുന്നു പ്രോസിക്യൂഷന്റെ വാദം തുടങ്ങിയത്. കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവന്‍ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പള്‍സര്‍ സുനി ആദ്യം ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. ഗോവയില്‍ വച്ച് നടിയുടെ വീഡിയോയെടുക്കാന്‍ പള്‍സര്‍ സുനി ശ്രമിച്ചു. ദിലീപിന്റെ പരാതികിട്ടും മുന്‍പ് ദിലീപിനെതിരെ മൊഴി ലഭിച്ചിരുന്നു. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. പള്‍സര്‍ സുനിയുടെ മൊഴികള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ആദ്യം സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച രണ്ടാമതും നടന്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അന്വേഷണം മുന്നേറിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പൊലീസ് അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചില രേഖകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ കഴിഞ്ഞ ബുധനാഴ്ച സമര്‍പ്പിച്ചിരുന്നു. ഇവ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.

അതിനിടെ ഡി സിനിമാസുമായി ബന്ധപ്പെട്ട് ദിലീപിന് കാര്യങ്ങള്‍ അനുകൂലമാവുകയാണ് ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്നു കഴിഞ്ഞദിവസം ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top