Flash News

സാം പിട്രോഡയും ഡിജിറ്റല്‍ ഇന്ത്യയും വലിയ സ്വപ്നങ്ങളും (ജോസഫ് പടന്നമാക്കല്‍)

August 27, 2017

Pitroda sizeഭാരതത്തെ ആധുനിക ടെക്‌നോളജി യുഗത്തിലേക്ക് കൈപിടിച്ചു നടത്തിയ പ്രസിദ്ധ പ്രവാസി ഇന്ത്യനായ സത്യനാരായണ്‍ ഗംഗാറാം പിട്രോഡയെ (Satyanarayan Gangaram Pitroda) അറിയപ്പെടുന്നത് സാം പിട്രോഡയെന്നാണ്. അമേരിക്കക്കാര്‍ക്ക് തന്റെ പേര് ഉച്ഛരിക്കാനുള്ള ബുദ്ധിമുട്ടു കാരണം പൗരത്വം എടുത്തപ്പോള്‍ അദ്ദേഹം സ്വന്തം പേര് ഔദ്യോഗികമായി മാറ്റുകയായിരുന്നു. ടെലികമ്മ്യുണിക്കേഷന്‍ എന്‍ജിനിയര്‍, ടെക്‌നോളജികളുടെ നൂതന ആവിഷ്ക്കാരകന്‍, കണ്ടുപിടുത്തക്കാരന്‍, ശാസ്ത്രജ്ഞന്‍, വ്യവസായിക പ്രമുഖന്‍, സംഘാടകന്‍, രാജ്യകാര്യങ്ങളിലെ നയരൂപീകരണങ്ങള്‍ക്കായുള്ള ഉപദേഷ്ടാവ് എന്നീ നിലകളില്‍ ശ്രീ സാം പിട്രോഡ തന്റെ വ്യക്തിമാഹാത്മ്യം തെളിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവായി അറിയപ്പെടുന്നു. ടെലികോം കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ വിവര സാങ്കേതിക ശാസ്ത്രത്തിന്റെ സര്‍വ്വ ചുമതലകളും വഹിച്ചുകൊണ്ട് പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനാവുകയും ചെയ്തു. ഇന്ത്യ മുഴുവനും ഇന്ത്യയിലെ ഗ്രാമങ്ങളും ഡിജിറ്റല്‍ ടെലി കമ്മ്യൂണിക്കേഷന്‍ വളര്‍ത്താനുള്ള ഉദ്യമങ്ങള്‍ ആരംഭിച്ചതും അദ്ദേഹമാണ്.

maxresdefault (1)ഒറീസയിലുള്ള ഒരു ഗുജറാത്തി കുടുംബത്തില്‍ പിട്രോഡ 1942 മെയ് നാലാം തിയതി ജനിച്ചു. ഏഴു സഹോദരില്‍ മൂന്നാമനായിരുന്നു. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നു ഒറിസ്സയില്‍ സ്ഥിരതാമസക്കാരായി വന്നവരായിരുന്നു. ഈ കുടുംബം മഹാത്മാഗാന്ധിയിലും ഗാന്ധിയന്‍ തത്വങ്ങളിലും ആകൃഷ്ടരായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവിനെ ഒരു ഗാന്ധിയനായി അറിയപ്പെട്ടിരുന്നു. പിട്രോഡായെയും സഹോദരനെയും ഗാന്ധിസം പഠിക്കാന്‍ വേണ്ടി ഗുജറാത്തില്‍ അയച്ചു. പിട്രോഡ ഗുജറാത്തിലുള്ള വല്ലഭ് വിദ്യാനഗര്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. വഡോദരയില്‍ മഹാരാജാ സായാജി റാവു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സിലും ഇലക്‌ട്രോണിക്‌സിലും മാസ്റ്റേഴ്‌സ് ഡിഗ്രി നേടി. അതിനുശേഷം അമേരിക്കയില്‍ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്തു. പിട്രോഡ, കുടുംബമായി ഷിക്കാഗോയില്‍ താമസിക്കുന്നു. അദ്ദേഹത്തിന് രണ്ടു മക്കളുമുണ്ട്. ഇന്ത്യയിലെ സേവന കാലത്ത് അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കുകയുണ്ടായി.

bഷിക്കാഗോയില്‍ പഠനം കഴിഞ്ഞ കാലം മുതല്‍ അദ്ദേഹം ടെലികമ്മ്യൂണിക്കേഷനില്‍ ടെക്കനോളജി ഗവേഷണത്തിലായിരുന്നു. ഷിക്കാഗോയില്‍ 1966-ല്‍ അദ്ദേഹം ജി.ടി.ഇ യില്‍ ജോലി ചെയ്തിരുന്നു. 1975-ല്‍ ഇലക്ട്രോണിക്ക് ഡയറി കണ്ടുപിടിച്ചു. നാലു വര്‍ഷം കൊണ്ട് അദ്ദേഹം ഡി.എസ്.എസ്.സ്വിച്ച് വികസിപ്പിച്ചെടുത്തു. 1978-ല്‍ അത് മാര്‍ക്കറ്റില്‍ ഇറക്കി. വെസ്‌കോമിന്റെ ആ കമ്പനി “റോക്കവേല്‍” എന്ന ആഗോളവ്യാപകമായ ഒരു കമ്പനി വാങ്ങിക്കുകയും 1980-ല്‍ പിട്രോഡ അതിന്റെ പ്രസിഡന്റാവുകയും ചെയ്തു. നാലു പതിറ്റാണ്ടു കാലത്തെ എന്‍ജിനീയറായി ജോലിചെയ്ത കാലയളവില്‍ ടെലികമ്യൂണിക്കേഷനില്‍ അനേക കണ്ടുപിടുത്തങ്ങളുടെ അവകാശപത്രങ്ങള്‍ (പേറ്റന്റ്) കരസ്ഥമാക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ട്രാന്‍സാക്ഷന്‍സ് ടെക്നോളജിയുടെ അവകാശവും (പേറ്റന്റ്) അദ്ദേഹത്തിനുണ്ട്. അതുമൂലം സാമ്പത്തികവും സാമ്പത്തികമല്ലാത്തതുമായ കാര്യങ്ങളില്‍ മൊബൈല്‍ ഫോണില്‍ കൂടി ക്രയവിക്രയങ്ങള്‍ നടത്താന്‍ സാധിക്കുന്നു. അമേരിക്കയിലും യുറോപ്പിലുമായി പിട്രോഡ നാനാവിധ ബിസിനസ്സുകളും ആരംഭിച്ചു. വെസ്കോം സ്വിച്ചിങ്, ലോണിക്‌സ്, എംടിഐ മാര്‍ട്ടെക് വേള്‍ഡ് ടെല്‍, സി-സാം മുതലായവ കമ്പനികള്‍ അതില്‍ ഉള്‍പ്പെടുന്നു.

1964-ല്‍ പിട്രോഡ അമേരിക്കയില്‍ വരുന്നതുവരെ ടെലിഫോണ്‍ ഉപയോഗിക്കുകയോ ആരുമായും ഒരിക്കലും ടെലിഫോണ്‍ സംഭാഷണം നടത്തുകയോ ഉണ്ടായിട്ടില്ല. അനേക വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ വരുകയും ഭാര്യയെ ടെലിഫോണ്‍ ചെയ്യാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വരുകയും ചെയ്തു. 1980-ല്‍ പിട്രോഡ ഇന്ത്യയില്‍ ടെലിഫോണ്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. 1987-ല്‍ അദ്ദേഹത്തിന് ടെലി കമ്മ്യുണിക്കേഷന്‍സ്, ജല പദ്ധതി, ലിറ്ററസി, ക്ഷീരോത്പന്നങ്ങള്‍ (ഡയറി ആന്‍ഡ് ഓയില്‍ സീഡ്സ്) എന്നീ വകുപ്പുകളുടെ ടെക്കനോളജിപരമായ ചുമതലകളുണ്ടായിരുന്നു. യുണൈറ്റഡ് നാഷനിലും ടെക്കനോളജി വികസനമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്തിരുന്നു.

a2 (1)വിവര സാങ്കേതിക ടെക്‌നൊളജിയോടൊപ്പം ആശയ വിനിമയ ടെക്നോളജിയും നടപ്പാക്കുന്ന കാര്യത്തില്‍ സാം പിട്രോഡ ഭാരതത്തില്‍ ഒരു വിപ്ലവം സൃഷ്ടിച്ചു. ദേശീയ വിവര കമ്മീഷന്റെ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്റെ ഉപദേശം കേരള സര്‍ക്കാരും ടെക്കനോളജി വികസനത്തിനായി തേടിയിട്ടുണ്ട്. സാങ്കേതിക വിദ്യകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ ലോകമെമ്പാടും പ്രസിദ്ധമാണ്. നിരവധി ടെക്കനോളജി സംബന്ധമായ കണ്ടുപിടുത്തങ്ങളുടെ ക്രെഡിറ്റും അതിന്റെയെല്ലാം അവകാശ പത്രങ്ങളും (Patent) അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ഹൈവേ അതോറിറ്റിയുടെ മേധാവിയായിരുന്നു. 2009-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

2005 മുതല്‍ 2009 വരെ നാഷണല്‍ ടെക്‌നോളജി കമ്മീഷന്റെ ചെയര്‍മാനായി ചുമതലകള്‍ വഹിച്ചിരുന്നു. അദ്ദേഹം നാഷണല്‍ ടെക്‌നോളജി കമ്മീഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏകദേശം ഇരുപത്തിയേഴു സ്ഥലങ്ങളിലായി പ്രായോഗികമാക്കേണ്ട 300 ടെക്കനോളജിക്കല്‍ ശുപാര്‍ശകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. 2010-ല്‍ പിട്രോഡ നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ക്യാബിനറ്റ് മന്ത്രിയുടെ പദവിയോടെ പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഇന്‍ഫ്രാ സ്ട്രച്ചറില്‍ ഗവേഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ചുമതലയില്‍ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി-സാം (C-SAM) കമ്പനിയുടെ ഹെഡ് ഓഫിസ് ഷിക്കാഗോയില്‍ സ്ഥാപിച്ചു. അതിന്റെ ഓഫിസുകള്‍ സിംഗപ്പൂര്‍, ടോക്കിയോ, പുനെ, മുംബൈ, വഡോദര, എന്നിവടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

a4 (2)സാം പിട്രോഡ ലാഭേച്ഛയില്ലാതെ (Non Profit Organisation) പ്രവര്‍ത്തിക്കുന്ന അനേകം പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവും നിയന്ത്രകനും കൂടിയാണ്. ബാംഗ്‌ളൂരിലുള്ള ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്കനോളജിയില്‍ ആയുര്‍വേദവും ഇന്ത്യയുടെ പരമ്പരാഗത ഔഷധങ്ങളും പ്രചരിപ്പിക്കുന്നു. പത്തൊമ്പത് ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ആയുര്‍വേദ തോട്ടം ബാംഗ്‌ളൂരില്‍ അദ്ദേഹത്തിന്‍റെ മേല്‌നോട്ടത്തിലുണ്ട്. അവിടെ ഇരുന്നൂറില്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ ജോലി ചെയ്യുന്നു. 7000 വിവിധതരം ഔഷധച്ചെടികള്‍ വളര്‍ത്തുന്നു. അതുകൂടാതെ ഔഷധങ്ങള്‍ വളരുന്ന മറ്റു തോട്ടങ്ങളുമുണ്ട്. അഞ്ഞൂറോളം ഏക്കര്‍ വിസ്തൃതിയുള്ള ആയുര്‍വേദ തോട്ടങ്ങളുടെ ചെയര്‍മാന്‍ ശ്രീ സാം പിട്രോഡായാണ്.

2009-ല്‍ സാം പിട്രോഡ ദി ഗ്ലോബല്‍ ക്നോളഡ്ജ് ഇനിഷിയേറ്റിവ് (The Global Knowledge Initiative) എന്ന ഒരു സ്ഥാപനം സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഒന്നിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം തുടരുന്നത്. ഈ സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് വാഷിംഗ്ടണ്‍ ഡി.സിയാണ്. സയന്‍സും ടെക്നോളജിയും മുഖ്യ വിഷയങ്ങളായി ഗവേഷണം നടത്തുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ടാന്‍സാനിയ, എത്യോപ്യ, കെനിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കാ എന്നിങ്ങനെ അനേക രാജ്യങ്ങളില്‍ അവരുടെ പ്രവര്‍ത്തന ശൃങ്കലകള്‍ വ്യാപിച്ചുകിടക്കുന്നു. 2010-ല്‍ ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വര്‍ക്ക് (IFBN) സ്ഥാപിച്ചു. ഭക്ഷണം ശാസ്ത്രീയമായി ശേഖരിക്കലും വിതരണം ചെയ്യലുമാണ് ഈ മിഷ്യന്റെ ഉദ്ദേശ്യം. ഇന്ന് ഫുഡ് ബാങ്കുകള്‍ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ബോംബെയിലും ബാഗ്ലൂരിലും ഡല്‍ഹിയിലും കല്‍ക്കട്ടായിലും ഇതിന്റെ ശാഖകള്‍ ഉണ്ട്.

a5പിട്രോഡയുടെ ശ്രമഫലമായി പീപ്പിള്‍ ഫോര്‍ ഗ്ലോബല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (PGT) എന്ന പ്രസ്ഥാനം 2012-ല്‍ സ്ഥാപിച്ചു. ഇത് ചിന്തകരുടെ ഗ്രുപ്പാണ്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ചിന്തകര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഗവേഷണങ്ങളെപ്പറ്റിയുള്ള പ്രഭാഷണ പരമ്പരകള്‍ തന്നെ അവിടെ നടത്താറുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെകനോളജിയെ എങ്ങനെ വളര്‍ത്താമെന്നും പരസ്പ്പരം കൂടിയാലോചിക്കുന്നു. ബൗദ്ധിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രുപ്പ് (Think Tank) അതിനുള്ള ശുപാര്‍ശകളും നല്‍കുന്നു.

പിട്രോഡാ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഡസന്‍ കണക്കിന് കമ്പനികളുടെ സാരഥ്യവും വഹിക്കുന്നു. വിക്രം സാരാഭായി കമ്മ്യൂണിറ്റി സയന്‍സ് സെന്റര്‍ ചെയര്‍മാന്‍, വേള്‍ഡ് വൈഡ് വെബ് ഫൗണ്ടേഷന്‍ മെമ്പര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഐ.ടി, ഷിക്കാഗോ മുതലായ കമ്പനികളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്. അദ്ദേഹം ഗവേഷണപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്. അദ്ദേഹത്തിന്‍റെ എല്ലാ ബുക്കുകളും വെബില്‍ നിന്നും വായിക്കാന്‍ സാധിക്കും. അതില്‍ ഡ്രീമിങ് ബിഗ് (Dreaming Big) എന്ന പുസ്തകം ആഗോള പ്രസിദ്ധമാണ്. കൂടാതെ മായങ്ക് ച്ഛയാ എഴുതിയ (Mayank Chhaya) പിട്രോഡായുടെ ജീവചരിത്രവും ഉണ്ട്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സേവനത്തിന്റെയും അംഗീകാരമായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നിരവധി അവാര്‍ഡുകളും ഹോണററി ഡിഗ്രികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിദ്ധീകരിച്ച തന്റെ ആത്മകഥ ഇക്കണോമിക്‌സ് ടൈംസിന്റെ ലിസ്റ്റുപ്രകാരം ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഗ്രന്ഥമായിരുന്നു.

a2പിട്രോഡയുടെ ഓഫിസില്‍ ആരെയും സല്യൂട്ട് ചെയ്യുന്നതായ കൊളോണിയല്‍ സംസ്ക്കാരം അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡോട്ട് കമ്പനിയില്‍ ഇന്ത്യയില്‍ ആദ്യമായി അദ്ദേഹം അമേരിക്കന്‍ സംസ്ക്കാരം നടപ്പാക്കിയിരുന്നു. അദ്ദേഹം നയിച്ചിരുന്ന ഓഫിസില്‍ മേലുദ്യോഗസ്ഥനെ കാണുമ്പോള്‍ എഴുന്നേല്‍ക്കുകയോ സര്‍ എന്ന് വിളിക്കുകയോ പാടില്ലായിരുന്നു. പരസ്പ്പരം പേര് മാത്രം വിളിക്കണമെന്നായിരുന്നു ചട്ടം. മീറ്റിങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ നിര്‍ഭയമായി സംസാരിക്കുകയും വേണ്ടി വന്നാല്‍ പിട്രോഡയെപ്പോലും കീഴ് ഉദ്യോഗസ്ഥരായ എഞ്ചിനീയര്‍മാര്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവുകയും വേണമായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോടെല്ലാം സഹോദരരെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. അവരുമായി നര്‍മ്മ സംഭാഷണങ്ങളും ടെന്നീസു കളിച്ചു നടക്കാനും ഇഷ്ടമായിരുന്നു. അവിടെ ജോലിചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്കെല്ലാം കമ്പനി ക്വാര്‍ട്ടേഴ്‌സും കാറും അനുവദിച്ചിരുന്നു. സന്തുഷ്ടരായ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം കമ്പനിയുടെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്തിരുന്നു. അഴിമതി വീരന്മാരായ സര്‍ക്കാര്‍ ചുവപ്പുനാടകള്‍ അദ്ദേഹത്തെ ഒരു ശത്രുവിനെപ്പോലെ കണ്ടിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിനെതിരെ പാര വെക്കാനും അവര്‍ ശ്രമിച്ചിരുന്നു.

ഇന്ന് എഴുപതില്‍പ്പരം ഫാക്റ്ററികള്‍ അദ്ദേഹം കുടുംബ വകയായി നടത്തുന്നുണ്ട്. മുപ്പതു വര്‍ഷം ഇന്ത്യയില്‍ ജോലി ചെയ്തു. ഇന്ത്യയിലെ സേവനകാലത്ത് ഒരിക്കലും ശമ്പളം മേടിച്ചിട്ടില്ല. എന്നിട്ടും തെറ്റായ വിവരങ്ങള്‍ തന്നെപ്പറ്റി ജനം പറഞ്ഞുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ തനിക്ക് വരുമാനമുണ്ടായിരുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വരുമാനം ഉണ്ടാക്കാനും അമ്പത്തിനാലാം വയസ്സില്‍ വീണ്ടും അമേരിക്കയില്‍ വരേണ്ടി വന്നു.

ഇന്ത്യയില്‍ ടെലിഫോണ്‍ ടെക്‌നോളജി ആരംഭിച്ചപ്പോള്‍ രണ്ടു മില്യണ്‍ ടെലിഫോണ്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഒരു വീട്ടില്‍ ടെലിഫോണ്‍ കണക്ഷന്‍ കിട്ടണമെങ്കില്‍ പത്തുകൊല്ലം കാത്തിരിക്കണമായിരുന്നു. ഇന്ന് രാഷ്ട്രം മുഴുവനായി ബില്യണ്‍ കണക്കിന് ടെലഫോണ്‍ ഉണ്ട്. രാജ്യം നൂറ്റിയമ്പതു ബില്യണ്‍ ഡോളര്‍ തുകയ്ക്കുള്ള സോഫ്റ്റ് വെയര്‍ പുറം നാടുകളില്‍ അയക്കുന്നു. ഐ.ടി. യുടെ വികസനം മൂലം ഇന്ത്യയ്ക്ക് ആഗോള നിലവാരത്തില്‍ അംഗീകാരവും കിട്ടി. അതുമൂലം ധനവും ധനികരും ഇന്ത്യയില്‍ ഉണ്ടായി. എങ്കിലും ടെക്‌നോളജി ഇന്ത്യയില്‍ വിപുലപ്പെടുത്താന്‍ ഇനിയും വളരെദൂരം സഞ്ചരിക്കേണ്ടതായുണ്ടെന്നും സാം പിട്രോഡ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ ശരിയായ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഇന്നും ലഭിച്ചിട്ടില്ല. ആധാര്‍ കാര്‍ഡുകള്‍ ഐറ്റിയുടെ ഒരു വെല്ലുവിളിയായിരുന്നു. ബാങ്കിംഗിലും പെന്‍ഷനിലും ജോലിക്കും ആധാര്‍ കാര്‍ഡ് കൂടിയേ തീരൂ.

a1ഇന്ത്യയില്‍ കോടതികളിലെ കേസ്സുകള്‍ കെട്ടുകെട്ടായി നോക്കാന്‍ സാധിക്കാതെയാണ് കിടക്കുന്നത്. മുപ്പത്തി രണ്ടു മില്യണ്‍ കേസുകള്‍ ഫയലില്‍ കിടപ്പുണ്ട്. അതിലെ പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും എടുക്കും. ഇങ്ങനെ കെട്ടികിടക്കുന്ന കേസുകള്‍ സ്പീഡില്‍ തീരുമാനം എടുക്കാന്‍ ഐറ്റി എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്നും ശ്രീ പിട്രോഡ ചോദിക്കുന്നു. മുപ്പത്തിരണ്ട് മില്യണ്‍ ഫയലുകളില്‍ നിന്ന് മൂന്നുലക്ഷമായി കുറയ്ക്കാനും ഒരു വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും നീതി ലഭിക്കത്തക്ക സംവിധാനം ഉണ്ടാക്കാനും സാധിക്കുമെന്നു അദ്ദേഹം വിശ്വസിക്കുന്നു. ടെക്നോളജി അവിടെയുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള മനസ്ഥിതി വേണമെന്നും ചിന്തിക്കുന്നു. അതിനായി ഇന്നത്തെ സിസ്റ്റം തന്നെ പരിപൂര്‍ണ്ണമായും മാറ്റേണ്ടിയിരിക്കുന്നു. ഇന്നുള്ള ടെക്നോളജി മുഴുവന്‍ കാലഹരണപ്പെട്ടതാണ്. അമ്പതും നൂറും കൊല്ലം മുമ്പ് ഡിസൈന്‍ ചെയ്ത സിസ്റ്റമാണ്. പഴങ്കാല രീതികള്‍ മാറ്റി ഇന്ത്യ മുഴുവനായും കംപ്യുട്ടര്‍വല്‍ക്കരിക്കേണ്ടതായുണ്ട്.

സോഷ്യല്‍ മീഡിയായുടെ ദുരുപയോഗം ഒരു ദേശീയ വിപത്തായി അദ്ദേഹം കരുതുന്നു. കള്ളവും വെറുപ്പും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. ഉദാഹരണമായി മോത്തിലാല്‍ നെഹ്രുവിനു അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും അക്ബര്‍ അദ്ദേഹത്തിന്‍റെ മകനായിരുന്നുവെന്ന കഥകളുമാണ് സോഷ്യല്‍ മീഡിയാകളില്‍ക്കൂടി പ്രചരിക്കുന്നത്. അഞ്ചു മില്യണ്‍ ലൈക്കുകളാണ് ആ സന്ദേശത്തിനു ലഭിച്ചത്. പിന്നീട് ഇത്തരം അസത്യങ്ങള്‍ ചരിത്രമായി മാറും. ഇങ്ങനെയുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് മീഡിയാ കമ്പനികളാണ്. കാരണം, കൂടുതല്‍ ക്ലിക്കിനു കൂടുതല്‍ പണം അവര്‍ നേടുന്നു. സോഷ്യല്‍ മീഡിയാ ഇന്ന് ഗോസ്സിപ്പിന്റെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുതയും സാം പിട്രോഡ ചൂണ്ടി കാണിക്കുന്നുണ്ട്.

ഫേസ് ബുക്കിലെയും ഗൂഗിളിലേയും കള്ളത്തരങ്ങള്‍ക്കും ഏഷണികള്‍ക്കും പരിഹാരം കാണാന്‍, വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പാരീസില്‍ ലാഭേച്ഛയില്ലാതെ (Non Profit) പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം അതിലെ ഒരു ഡയറക്റ്ററുമാണ്. സോഷ്യല്‍ മീഡിയാകളില്‍ ആര്‍ക്കും ഒളിച്ചിരുന്ന് എന്തും എഴുതാമെന്നുള്ള സ്ഥിതിവിശേഷമാണുള്ളത്. അതിനു പരിഹാരം കണ്ട് സത്യവും എത്തിക്സും പാലിക്കുന്ന സംവിധാനം സോഷ്യല്‍ മീഡിയാകളില്‍ കണ്ടെത്തുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഫേസ് ബുക്ക്, ഗൂഗിള്‍ വഴി വെറുപ്പുകള്‍ പ്രചരിപ്പിക്കുന്നത് കൂടുതലും കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയാണ്. എല്ലാത്തരം വൃത്തികെട്ട മാന്യതയില്ലാത്ത വാക്കുകളും സോഷ്യല്‍ മീഡിയാകളില്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യ സര്‍ക്കാര്‍ ആവശ്യത്തിനുള്ള ഫണ്ടുകള്‍ ഗവേഷണത്തിനായി ചെലവഴിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുമെന്നും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാമെന്നും ശ്രീ സാം പിട്രോഡ അഭിപ്രായപ്പെടുന്നു.

a4സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയും അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. നഷ്ടത്തിലാകുമെന്നു ഭയന്ന് പണം മുടക്കാന്‍ കഴിവുള്ള പല കമ്പനികളും അതിനു തയ്യാറാകുന്നില്ല. അങ്ങനെ ബിസിനസിലേക്ക് പണം മുടക്കി ഒരു ഭാഗ്യ പരീക്ഷണത്തിന് ആരും ഒരുമ്പെടുകയില്ല. എല്ലാവര്‍ക്കും വ്യക്തമായ ലാഭം വേണം. മുടക്കിയ മുതല്‍ നഷ്ടപ്പെടാതെ പെട്ടെന്ന് ലാഭം കൊയ്യുകയും വേണം. അങ്ങനെയുള്ള ചിന്താഗതികളില്‍ ബിസിനസ്സ് തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. ഗവേഷണങ്ങള്‍ ഉള്‍പ്പടെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നഷ്ടം വരാന്‍ സാധ്യതയുണ്ടെങ്കിലും മുതല്‍ മുടക്ക് കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. അങ്ങനെ ബിസിനസ്സിനായി അയ്യായിരം കോടി രൂപായുടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇന്ന് സര്‍ക്കാരാണ് ഫണ്ട് മുഴുവന്‍ മാനേജ് ചെയ്യുന്നത്. നഷ്ടം വരാവുന്ന (risk) മുതല്‍ മുടക്കോടെയുള്ള ബിസിനസിനെ മാനേജ് ചെയ്യേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ല. അവര്‍ക്കതിനുള്ള പ്രായോഗിക പരിശീലനവുമില്ല. വ്യവസായങ്ങളില്‍ മുതല്‍മുടക്കിയുള്ള ബുദ്ധിമുട്ടുകള്‍ ഈ ഉദ്യോഗസ്ഥര്‍ അനുഭവിച്ചിട്ടുമില്ല. ഈ ജോലി ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതല്ല. സര്‍ക്കാര്‍ മുടക്കുന്ന ഫണ്ടുകള്‍ മാനേജ് ചെയ്യാന്‍ കമ്പനികളില്‍ പണം മുടക്കി ബുദ്ധിമുട്ടനുഭവിച്ചവരെയും അതില്‍ പരിശീലനം ഉള്ളവരെയും നിയമിക്കണമെന്നും ശ്രീ സാം പിട്രോഡയുടെ ഒരു നിര്‍ദേശമാണ്.

പിട്രോഡ പറയുന്നു, താന്‍ ഒരു ബിസിനസ്സ് തുടങ്ങുന്നത് ആരോടും മത്സരിച്ചുകൊണ്ടല്ല. ടെക്‌നോളജിയുടെ പുരോഗമനം എങ്ങനെ വികസിപ്പിക്കാമെന്നു പരീക്ഷണങ്ങള്‍ നടത്തും. ഏറിയല്‍ ഇന്റലിജന്‍സ് (Aerial Intelligence) എന്ന കമ്പനിയില്‍ പണം നിക്ഷേപിച്ചു. കൃത്രിമമായ സാറ്റലൈറ്റ് ബുദ്ധി വൈഭവം വഴി ഡേറ്റാകള്‍ (Datas) ഞങ്ങള്‍ ശേഖരിക്കുന്നു. ഗോതമ്പ്, പഞ്ചസാര, സോയാബീന്‍, കോഫീ, തേയില പൊട്ടറ്റോ എന്നിങ്ങനെ എത്രമാത്രം ഉല്‍പ്പാദിപ്പിക്കാമെന്നുള്ള വിവരങ്ങളും ഈ സാങ്കേതിക ടെക്‌നോളജിയുടെ സഹായത്തോടെ ശേഖരിക്കുന്നു. അതിന്റെ ശരിയായ (algorithms) അല്‌ഗോരിതംസ് വികസിപ്പിക്കാന്‍ ഏകദേശം രണ്ടു കൊല്ലം എടുത്തു. സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയാണ് അതില്‍ ഗവേഷണം നടത്തിയത്. ബിഗ് ഡേറ്റ ആന്‍ഡ് അനലിറ്റിക്സ് (Big Data and analytics) എന്ന പേരില്‍ മറ്റൊരു കമ്പനിയും അദ്ദേഹത്തിനുണ്ട്. ഇങ്ങനെ വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ പുതിയ അവസരങ്ങള്‍ എന്തെന്ന് വ്യക്തമല്ല. അവ്യക്തമായ കാരണങ്ങളാല്‍ പണം നിക്ഷേപിക്കാന്‍ കഴിവുള്ളവരും അതിനു തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഉദാരവല്‍ക്കരണത്തിന്റെ ആനുകൂല്യത്തില്‍ വന്‍കിട കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അവകളൊന്നും മാര്‍ക്കറ്റില്‍ ഡിമാന്റുള്ള ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാനത്തിലല്ല തുടങ്ങിയിരിക്കുന്നത്. തൊഴിലാളികളുടെ സുലഭത അനുസരിച്ചാണ് കമ്പനികളുടെ നിലനില്‍പ്പുതന്നെ. ശ്രീ പിട്രോഡ ഐ.റ്റി. സേവനത്തിനായി പതിനായിരം പേരെ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ കൊണ്ടുപോയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്‍റെ ഒരു സാഹസിത. യൂറോപ്പ്യന്‍മാരുടെ ബിസിനസ്സ് പകര്‍ത്തി പുതിയ കമ്പനികള്‍ തുടങ്ങിയതും അദ്ദേഹത്തിന്‍റെ മറ്റൊരു വ്യാവസായിക സാഹസികതയായിരുന്നു. യുവജനങ്ങളോട് രാജ്യത്തിലെ വ്യവസായ അവസരങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം ഇന്ത്യയിലെ കാലഹരണപ്പെട്ട കാര്‍ ഉത്ഭാദനം ഉദാഹരണമായി എടുത്തു പറഞ്ഞു. നമുക്ക് സ്വയം ചിന്തിക്കത്തക്ക വികസനത്തിന് പറ്റിയ ഇന്ത്യന്‍ കാറുകള്‍ നിലവിലില്ല. അതിനു വിദേശ കാറുകളുടെ ടെക്കനോളജി ചിന്തിക്കേണ്ടി വരും. അതുകൊണ്ടു സ്വദേശിവല്‍ക്കരണം എന്ന മനോഭാവം മാറ്റി മാനസികമായ ഒരു പരിവര്‍ത്തനം ആവശ്യമാണ്. അങ്ങനെ പുതിയ അവസരങ്ങളോടെ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നു അദ്ദേഹം കരുതുന്നു.

a5 (1)ഇന്ന് നാം വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്നു. അതില്‍ ഐ.റ്റിയുടെ പങ്കും ചിന്തിക്കണം. ആധുനികതകളില്‍ വിവര സാങ്കേതിക വിദ്യകള്‍ തുറസായ ഒരു പുസ്തകം പോലെയാണ്. എല്ലാ വിഷയങ്ങളും വെബില്‍ നിന്ന് ലഭിക്കും. മതം, ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്, ആരോഗ്യം അങ്ങനെ പലതും ടെക്കനോളജി യുഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്നു. പ്രൊഫസര്‍മാര്‍ പഠിപ്പിക്കുന്നു. സ്വയം പഠിക്കാന്‍ സാധിക്കുന്നു. ഇന്നത്തെ വെല്ലുവിളികളില്‍ മറ്റുള്ളവര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ സാധിക്കുന്നു. ടെക്നോളജി ഉണ്ടെങ്കിലും ഇന്നും നമ്മുടെ പാരമ്പര്യ ക്ലാസ്സ് മുറികള്‍ ഉപയോഗിക്കുന്നു. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ക്ലാസ്സില്‍ വരുന്നു. അവിടെ പഴങ്കാലത്തില്‍നിന്നും ഇന്നും മാറ്റം വന്നിട്ടില്ല. ക്ലാസ് മുറികളുടെ സഹായങ്ങള്‍ ഇല്ലാതെയുള്ള പരിപൂര്‍ണ്ണമായ ഒരു വിദ്യാഭ്യാസ പദ്ധതിയും ഐ.റ്റി. യുടെ പരിവര്‍ത്തനങ്ങളില്‍ക്കൂടി ഭാവിയില്‍ പ്രതീക്ഷിക്കാം.

a4 (1)യുവജനങ്ങളോടായും ശ്രീ സാം പിട്രോഡ സംവാദങ്ങള്‍ നടത്തുന്നതും പതിവാണ്. അദ്ദേഹം പറഞ്ഞു, വികസനത്തിനായി താന്‍ സമൂലം ചിന്തിക്കാറുണ്ട്. വമ്പിച്ച അവസരങ്ങളാണ് ഈ തലമുറയ്ക്കുള്ളത്. നാമിന്ന് ജീവിക്കുന്ന ലോകം തന്നെ കാലഹരണപ്പെട്ടതാണ്. ഇന്നുള്ള നമ്മുടെ കഴിവുകള്‍ വിനിയോഗിച്ചാല്‍ തികച്ചും വ്യത്യസ്തങ്ങളായ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. വിദ്യാഭ്യാസത്തിലും, ആരോഗ്യ മേഖലകളിലും, ഗതാഗതത്തിലും ഊര്‍ജത്തിലും അവസരങ്ങള്‍ ഉണ്ട്. എല്ലാ വ്യവസായങ്ങളും ഒരു തലമുറയുടെ വിത്യാസത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. വ്യവസായങ്ങളിലെല്ലാം നഷ്ടം വരുകയോ വരാതിരിക്കുകയോ ആവാം. അതുകൊണ്ടു ശരിയായ ബിസിനസ്സ് തുടങ്ങി എവിടെയാണ് പണം ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നു ചിന്തിക്കണം. എന്നാല്‍ അതത്ര എളുപ്പമല്ല. നമ്മള്‍ വ്യത്യസ്തമായി ചിന്തിക്കണം. തുടങ്ങാന്‍ പറ്റിയ അനേക വ്യവസായങ്ങള്‍ രാജ്യത്തുണ്ട്. അതിനു തയാറാകുന്ന മനസ്ഥിതിയുള്ളവര്‍ വളരെ കുറവേയുള്ളൂ. അതുകൊണ്ടാണ് പുതിയതായി തുടങ്ങുന്ന ബിസിനസ്സുകള്‍ വിജയിക്കാത്തത്.

പിട്രോഡാ ആത്മാഭിമാനത്തോടെ സദസുകളില്‍ പറയാറുണ്ട്, ഞാനൊരു ആശാരിയുടെ മകനായിരുന്നു. യേശുവും ആശാരിയുടെ മകനായിരുന്നു. അതില്‍ അഭിമാനിക്കുന്നു. യുവാക്കള്‍ക്കായും അദ്ദേഹത്തിന്റെ ഉപദേശമുണ്ട്. ഒരു കാര്‍പ്പന്ററിന്റെ മകന് ഇത്രമാത്രം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ടെക്കനോളജി യുഗത്തില്‍ ജീവിക്കുന്ന ഇന്നത്തെ യുവാക്കള്‍ക്ക് ഇതില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കും. ഏഴു ദിവസം കഠിനമായി ജോലി ചെയ്യുന്നവര്‍ക്ക് ബൗദ്ധിക തലങ്ങളില്‍ അങ്ങേയറ്റം ഉയരാമെന്നും” അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ജീവിതം വലിയ സ്വപ്നങ്ങള്‍ കാണുന്ന യുവാക്കള്‍ക്ക് മാതൃകയാണ്. താന്‍ സാധാരണ സാമൂഹികമായ പാര്‍ട്ടികളിലൊന്നും സംബന്ധിക്കാറില്ലെന്നും, പാഴായ വര്‍ത്തമാനം പറഞ്ഞു സമയം കളയാറില്ലെന്നും ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ജോലിയാണ് പ്രധാനമെന്നും പിട്രോഡ യുവാക്കളോട് പറയുന്നു. ഒരു രാഷ്ട്രത്തിന്റെ ചരിത്രം തന്നെ സാങ്കേതിക വിപ്ലവതരംഗങ്ങളില്‍ മാറ്റിയെടുക്കാന്‍ ഈ മനുഷ്യനു സാധിച്ചു. സാം പിട്രോഡയുടെ ഹൃദയാവര്‍ജ്ജകമായ യാത്ര, ടെക്കനോളജി യുഗത്തിലെ ഭാരതീയ ജനതയെ അഭിമാനഭരിതരാക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതം ഭാരതത്തിലെ ജനതയുടെ തുടിപ്പുകളായി മാറിക്കഴിഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമരുളുന്ന വലിയ സ്വപ്നങ്ങളുടെയും ഉറച്ച തീരുമാനങ്ങളുടെയും മാതൃകയുമാണ് അദ്ദേഹം.

a1 (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top