Flash News

മൂന്നാം തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളാന്‍ കാരണം കാവ്യയുടെ മൊഴി

August 29, 2017 , .

imageedit_1_6867655914കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളാന്‍ കാരണമായത് നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്. കാവ്യയുടെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും മൊഴികള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍. സുനി കാവ്യ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

തെളിവുകള്‍ നിരത്തിയതോടെ കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പള്‍സര്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്ന് കാവ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ദിലീപ് പറഞ്ഞതനുസരിച്ച് താന്‍ സുനിക്ക് 25,000 രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൊഴിയാണ് കോടതി മുഖവിലയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മൂന്നാം തവണയും ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ പത്മസരോവരം വീണ്ടും മൂകമായി. ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ ദിലീപിന്റെ കുടുംബത്തിന് താങ്ങാനാകാത്ത തിരിച്ചടിയായി. കല്ല്യാണം കഴിഞ്ഞ് കാവ്യയോടൊപ്പമുള്ള ആദ്യ ഓണം ഒരുമിച്ച് കൂടാനുള്ള ഭാഗ്യം ദിലീപിനും കാവ്യക്കുമില്ലാതായിപ്പോയി.

ഓരോ ജാമ്യാപേക്ഷ വരുമ്പോഴും കാവ്യ പ്രതീക്ഷയിലായിരുന്നു. ആദ്യത്തെ അഭിഭാഷകന്‍ രാംകുമാര്‍ എല്ലാ ഉറപ്പും നല്‍കിയതായിരുന്നുവെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യയും പറയുന്നു. എന്നാല്‍ അതിശക്തമായി തന്നെ പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തപ്പോള്‍ ഹൈക്കോടതിയും രാംകുമാറിന്റെ വാദങ്ങള്‍ തള്ളി. അതോടെ കാവ്യ തീര്‍ത്തും നിരാശയായി. രണ്ട് റിമാന്‍ഡ് കാലം കഴിയുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു എല്ലാവരും കാവ്യയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ഒരാളെ അതില്‍ കൂടുതല്‍ തടങ്കലില്‍ താമസിപ്പിക്കാന്‍ സാധിക്കില്ലെന്നും, സിനിമയിലെ തന്നെ ചില ഉന്നതര്‍ ഇടപെടല്‍ നടത്തുമെന്നും ഉറപ്പു കൊടുത്തിരുന്നു. ദിലീപിന് അനുകൂലമായി പ്രചരണം നടത്തിയവരെ ഫോണില്‍ വിളിച്ച് കാവ്യ നന്ദി അറിയിക്കുകയും ചെയ്തു.

രണ്ടാമത്തെ ജാമ്യ ഹര്‍ജിയും തള്ളിയപ്പോഴാണ് കേസ് രാം‌കുമാറില്‍ നിന്ന് രാമന്‍പിള്ളയിലേക്ക് മാറ്റിയത്. അദ്ദേഹത്തില്‍ കാവ്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. കാരണം നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനക്കേസില്‍ എതിര്‍ഭാഗത്തിന്റെ വക്കീലായിരുന്നു രാമന്‍പിള്ള. അന്ന് തന്നെ ഈ അഭിഭാഷകന്റെ കഴിവ് കാവ്യ തിരിച്ചറിഞ്ഞിരുന്നു. എന്തു വിലകൊടുത്തും ദിലീപിനെ രാമന്‍പിള്ള രക്ഷിക്കുമെന്ന് തന്നെ കാവ്യ കരുതി. വാദമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പിന്തുണയുമെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. എന്നാല്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. ഓരോ പ്രാവശ്യവും ദിലീപ് കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണെന്ന് ഇപ്പോള്‍ തിരിച്ചറിവ് തുടങ്ങിയിരിക്കുന്നു.

സുപ്രീം കോടതിയില്‍ പോയാലും കാര്യമായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കാവ്യയ്ക്ക് ഉപദേശം ലഭിച്ചതായാണ് സൂചന. കാരണം, പീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് കര്‍ക്കശമാണ്. യാതൊരു കാരണവശാലും പ്രതികള്‍ക്ക് ദയാദാക്ഷിണ്യം കൊടുക്കരുതെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സെലിബ്രിറ്റികള്‍ക്ക് പ്രത്യേകിച്ച് ജാമ്യം അനുവദിക്കാറുമില്ല. ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചെന്നറിഞ്ഞപ്പോള്‍ കാവ്യ പൊട്ടിക്കരയുകയാണ് ചെയ്തത്. ആര്‍ക്കും കാവ്യയെ നിയന്ത്രിക്കാനായില്ല. മകള്‍ മീനാക്ഷിയും കടുത്ത വിഷമത്തിലാണ്. അച്ഛനെ കണ്ടിട്ട് അമ്പത് ദിവസത്തിലേറെയായി. ജയിലിലേക്ക് വരരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതിനാല്‍ അങ്ങോട്ടും പോകാനാകുന്നില്ല. ഈയ്യിടെ ദിലീപിന്റെ അമ്മ ആലുവ ജയിലില്‍ മകനെ കാണാനിറങ്ങിയപ്പോള്‍ മീനാക്ഷിയും ഒപ്പം പോകാന്‍ ശാഠ്യം പിടിച്ചതാണ്.

ഇന്നത്തെ കോടതി വാദത്തിനിടയില്‍ സുനിയെ ദിലീപിന് അറിയാമെന്നും നടന്‍ മികച്ച അഭിനേതാവും കിംഗ് ലയറുമാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ആ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതിന് വേണ്ടി അന്വേഷണം തുടരുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തെങ്കിലും അപ്പുണ്ണി സഹകരിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സിനിമാ രംഗത്തെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി ശരിവെച്ചു.

ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളുമ്പോഴുണ്ടായ സാഹചര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്നും എട്ടു പേജ് വിധിന്യായത്തില്‍ ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

നേരത്തെ ജാമ്യം തേടി അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. ഇത്തവണ ജാമ്യ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി.ദിലീപ് ജയിലില്‍ തുടരും. ഹൈക്കോടതി രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. സാങ്കേതിക തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് താരം ഗൂഢാലോചന നടത്തിയെന്നത് വിശ്വസനീയമല്ലെന്നും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കോടതി ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.

ഫെബ്രുവരി 17നാണ് പ്രശസ്ത യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡി അവസാനിച്ചത് മുതല്‍ ആലുവ സബ് ജയിലിലാണ് ദിലീപിന്റെ വാസം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top