Flash News

കുമ്മനത്തിന്റെ ജനരക്ഷാ യാത്ര മാറ്റിവെച്ചത് അമിത് ഷായുടെ അസൗകര്യം മൂലമെന്ന് റിപ്പോര്‍ട്ട്

August 30, 2017

amit_shah_kummanam.jpg.image.784.410അമിത് ഷായുടെ അസൗകര്യത്തെത്തുടര്‍ന്നു കുമ്മനത്തിന്റെ യാത്ര മാറ്റിവച്ചതിനു പിന്നാലെ വിവാദങ്ങളില്‍നിന്നു തലയൂരാന്‍ തലപുകച്ച് കേന്ദ്രം. അടുത്തിടെയുണ്ടായ അഴിമതി റിപ്പോര്‍ട്ടുകളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ‘വ്യത്യസ്തമായ’ പാര്‍ട്ടിയെന്ന പ്രതിഛായ നഷ്ടമാക്കിയെന്നാണു വിലയിരുത്തല്‍. ഇതിനു പിന്നാലെ, കുമ്മനത്തെയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട കൊടുങ്ങല്ലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചതും വലിയ പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ത്തിയിരുന്നു. അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന കുമ്മനത്തിന്റെ നുണ, കമ്മിഷന്‍ അംഗം ശ്രീശന്‍ തന്നെ നിഷേധിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ വീണ്ടും പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പുറത്തുനിന്നു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അമിത് ഷാ.

കുമ്മനത്തിന്റെ യാത്രയ്ക്കുമുമ്പ് വിവാദങ്ങള്‍ക്കെല്ലാം മറുപടി കണ്ടെത്താനാണു നീക്കം. ഇതിനാവശ്യമായ സമയമായിട്ടാണ് ഒക്‌ടോബറിലേക്കു യാത്ര മാറ്റിവയ്ക്കാനുള്ള തീരുമാനം. അമിത് ഷായുടെ അസൗകര്യമാണു യാത്ര മാറ്റാന്‍ കാരണമെന്നു പറയുന്നുണ്ടെങ്കിലും ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ വലിയ തിരക്കൊന്നും ഇല്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഒരുമാസം യാത്ര മാറ്റിവയ്ക്കുന്നതിനു പിന്നിലും ദുരൂഹതയുണ്ട്. ഇതിനൊക്കെ മുന്നോടിയായി പുറത്തുനിന്നു പരിഹാരം കണ്ടെത്താനാണു അമിത് ഷാ ശ്രമിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ കശ്യപ വേദാശ്രമം മേധാവി ആചാര്യ എം.ആര്‍.രാജേഷിനെ ഇതിന്റെ ഭാഗമായി ബിജെപി പ്രസിഡന്റ് അമിത് ഷാ ഡല്‍ഹിക്ക് അടിയന്തരമായി വിളിപ്പിച്ചു.

ഷായുടെ വസതിയില്‍ ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ആചാര്യ രാജേഷ് പഴയ എബിവിപി നേതാവുമാണ്. വേദപഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് ഇവിടെ എല്ലാ ജില്ലകളിലും ശാഖകളുണ്ട്. പാര്‍ട്ടിക്കു പുറത്തുള്ള ഒരു വ്യക്തിയുമായി ബിജെപി പ്രസിഡന്റ് ദീര്‍ഘമായ ചര്‍ച്ച നടത്തിയതു പാര്‍ട്ടി കേന്ദ്രങ്ങള്‍ അദ്ഭുതത്തോടെയാണു കാണുന്നത്.

ബിജെപി കേരളത്തില്‍ കരകയറാനുള്ള നിര്‍ദേശങ്ങളാണു ഷാ തേടിയത്. ബിജെപിയില്‍ സജീവമായിരുന്നശേഷം വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള നിര്‍ദേശവും ഉയര്‍ന്നു. ഏതാനും മാസം മുന്‍പ് ആര്‍എസ്എസ് നേതാവ് കെ.കെ. ബല്‍റാമിനെയും ഷാ വിളിപ്പിച്ചിരുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്നു ചിലരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന് ഇടക്കാല വിവാദങ്ങള്‍ തിരിച്ചടിയായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ജനരക്ഷായാത്ര ഈ വിവാദങ്ങളെല്ലാം മായ്ച്ചുകളയുമെന്ന ആഗ്രഹത്തിലാണു പാര്‍ട്ടി. പ്രതിദിനം 12 കിലോമീറ്ററാണു നടക്കേണ്ടത്. ബാക്കി സമയം വാഹനത്തിലായിരിക്കും. വി.മുരളീധരന്റെ നേതൃത്വത്തില്‍ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ക്കാണു മൂന്നു മേഖലകളുടെ ഏകോപനച്ചുമതല. യാത്രയുടെ പ്രതികരണം കൂടി വിലയിരുത്തി സംഘടനാതല നടപടികളാണു കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. ശുദ്ധീകരണം വേണമെന്നതില്‍ ആര്‍എസ്എസും ഉറച്ചുനില്‍ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഇതിന്റെയെല്ലാം സൂചന.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top