Flash News

മരണമുഖത്തുനിന്ന് ജീവിത വെളിച്ചത്തിലേക്ക് (എഡിറ്റോറിയല്‍)

September 14, 2017 , ചീഫ് എഡിറ്റര്‍

tom-uzhunnalil-420x315_InPixioതോക്കിന്‍‌മുനയുടെ ഭീഷണികള്‍ നേരിട്ട് മരണമുഖത്തുനിന്ന് ജീവിത വെളിച്ചത്തിലേക്കുള്ള ആ പലായനം. ഒന്നും രണ്ടുമല്ല; ഒരു വര്‍ഷം, ആറു മാസം, എട്ടു ദിവസങ്ങള്‍. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ കത്തോലിക്കാ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ ജീവിതത്തിലെ പ്രക്ഷുബ്ധമായ ഈ ഒരേട് ആരിലും നടുക്കം ജനിപ്പിക്കും. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം രാപകലുകളല്ലാതെ തനിക്കു ചുറ്റും സംഭവിച്ചതൊന്നും അദ്ദേഹം അറിഞ്ഞില്ല. യെമനിലെ ഭീകര താവളത്തില്‍ ബന്ദിയാക്കി, ജീവനു വില നിശ്ചയിക്കപ്പെട്ട ഇരയാണെന്നു മാത്രം അദ്ദേഹം മനസിലാക്കി. ജീവന്‍ തിരികെ തരണമെന്നു സാധ്യമായ എല്ലാ സമയത്തും എല്ലാവരോടും അഭ്യര്‍ഥിച്ചു. അതിനായി അകമഴിഞ്ഞു പ്രാര്‍ഥിച്ചു. അദ്ദേഹത്തോടൊപ്പം ഇന്ത്യ ഒന്നടങ്കമുണ്ടായിരുന്നു. കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മതാചാര്യന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍… പിന്നെ അദ്ദേഹത്തെ മിഷനറി ദൗത്യം ഏല്‍പ്പിച്ചു കൊടുത്ത കത്തോലിക്കാ സഭാ നേതൃത്വവും. എല്ലാവരുടെയും ഒറ്റയ്ക്കും കൂട്ടായുമുള്ള അക്ഷീണ പരിശ്രമത്തിന്‍റെ ഫലമാണ് ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം. അതിനുവേണ്ടി പരിശ്രമിച്ച എല്ലാവരും കൃതജ്ഞതയും ആദരവും അര്‍ഹിക്കുന്നു. പ്രത്യേകിച്ച് വൈദികന്‍റെ മോചനത്തിനു മധ്യസ്ഥ ശ്രമം നടത്തിയ ഒമാന്‍ ഭരണകൂടവും സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയീദ് അല്‍ സയീദും.

ഫാ. ടോമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ചില വിവാദ പരാമര്‍ശങ്ങളും പ്രചരിക്കുന്നുണ്ട്. ഒന്ന്: മോചന ദ്രവ്യമായി ഭീകരര്‍ക്ക് വന്‍തുക നല്‍കേണ്ടി വന്നു. രണ്ട്: മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല, വത്തിക്കാന്‍റെ ഇടപെടലാണ്. യെമനില്‍ വൈദികനെ തട്ടിയെടുത്ത ഭീകര സംഘത്തിന് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കിയെന്ന വാര്‍ത്ത ഇന്ത്യ തുടക്കത്തിലേ നിഷേധിച്ചു. ഈ ഇനത്തില്‍ പണമൊന്നും നല്‍കിയിട്ടില്ലെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് വാർത്താസമ്മേളനം വിളിച്ചു രാജ്യത്തെ അറിയിച്ചു. വത്തിക്കാന്‍റെ അഭ്യര്‍ഥന മാനിച്ചാണ് വൈദികന്‍റെ മോചനത്തിന് ഇടപെട്ടതെന്ന് ഒമാന്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടുണ്ട്. സഭ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാന്‍ പോയ വൈദികന്‍റെ മോചനത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് ഇതു സംബന്ധിച്ച വത്തിക്കാന്‍റെ പ്രതികരണം. വൈദികന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഏതു സാഹചര്യത്തിലും വിദേശത്ത് അപകടത്തില്‍പ്പെടുന്ന ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാ പഴുതും ഉപയോഗിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ മികവ് സുവദിതമാണ്. പ്രത്യേകിച്ചും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഓഫിസ്.

uzhunnaalil2014-ല്‍ ഇറാഖില്‍ അകപ്പെട്ടുപോയ 46 മലയാളി നഴ്സുമാരുടെ മോചനം മാത്രം മതി, ഈ കാര്യക്ഷമതയ്ക്കു മാറ്റു കൂട്ടാന്‍. ഐഎസ് ഭീകരരുടെ പിടിയില്‍പ്പെട്ടുപോയ ഇവരുടെ ജീവനെക്കാള്‍ വില നിശ്ചയിക്കപ്പെട്ടത് അവരുടെ അഭിമാനത്തിനായിരുന്നു. പിടിയിലായ നഴ്സുമാരെ മാംസക്കച്ചവടത്തിനു വിട്ടുകൊടുക്കാനുള്ള തീവ്രവാദികളുടെ നീക്കത്തിനു തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും ചില വിദേശ രാജ്യങ്ങളും അന്ന് ഇന്ത്യയുടെ നീക്കങ്ങളെ പ്രശംസിച്ചു. ഇറാഖില്‍ ഇന്ത്യയ്ക്കു സ്വാധീനിക്കാന്‍ കഴിയുന്ന ഭരണകൂടവും ബാഗ്ദാദില്‍ ഇന്ത്യയുടെ നയതന്ത്ര കാര്യാലയവുമുണ്ടായതുകൊണ്ടാണ് അതു സാധ്യമായത്.എന്നാല്‍ ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ട യെമനിലെ സ്ഥിതി അതല്ല. അവിടെ പരമാധികാരമുള്ള ഒരു ഭരണകൂടമില്ല. വിവിധ തീവ്രവാദ വിഭാഗങ്ങള്‍ പല ഭാഗങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കയാണ്. വടക്കു പടിഞ്ഞാറ് ഹൗതി ഷിയാ വിമതർ, തെക്ക് വിഘടന വാദികളായ ഗോത്ര വര്‍ഗക്കാര്‍, കിഴക്ക് ഐഎസ് ആഭിമുഖ്യമുള്ള തീവ്ര മുസ്‌ലിം വിഭാഗക്കാര്‍. ഇവരില്‍ അവസാനത്തെ വിഭാഗത്തിന്‍റെ പിടിയിലായിരുന്നു ഫാ. ഉഴുന്നാലില്‍. ഇക്കൂട്ടര്‍ക്കു മേല്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കു പോലും നിയന്ത്രണമില്ല.

Tom_Uzhunnalil_new_365x365അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നത് ഒമാനിലെ സുല്‍ത്താനേറ്റിനു മാത്രമാണ്. ഫാ. ഉഴുന്നാലില്‍ പിടിയിലാകുന്നതിനു മുന്‍പ് ഒരു ഓസ്ട്രേലിയന്‍ കായിക പരിശീലകനെ ഭീകരര്‍ റാഞ്ചി. ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ഒമാന്‍ ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിച്ചു. ഈ മുന്‍വിധിയാകാം, ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനും ഒമാന്‍ സുല്‍ത്താനേറ്റിന്‍റെ സഹായം തേടാന്‍ എല്ലാവരെയും പ്രേരിപ്പിച്ചത്. അദ്ദേഹം അപകടത്തില്‍പ്പെട്ട വാര്‍ത്തയറിഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാര്‍ ജോസഫ് ചിന്നയ്യ തുടങ്ങിയവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി നിരന്തരം സമ്പര്‍ക്കപ്പെട്ടു. ഒപ്പം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായവും തേടി.

ഒന്നിലേറെത്തവണ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്കു വന്നു. നിരവധി തവണ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വിദേശ ഇടപെടലുകള്‍ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. ഒരു വ്യക്തിയുടെ മോചനത്തിനുവേണ്ടി ഇത്ര ശക്തമായ സമ്മര്‍ദം പാര്‍ലമെന്‍റിലോ പുറത്തോ നയതന്ത്രതലത്തില്‍ അപൂര്‍വമാണ്. എന്നിട്ടും ഫാ. ഉഴുന്നാലിലിന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല എന്നു വാദിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

ലോകത്തിന്‍റെ ഏതു കോണിലുമുള്ള ഏത് ഇന്ത്യന്‍ പൗരനും സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തേണ്ട പ്രതിബദ്ധത ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്കുണ്ട്. ഫാ. ഉഴുന്നാലിലിന്‍റെ കാര്യത്തിലും അത് അങ്ങനെ തന്നെ. അദ്ദേഹത്തെ സുരക്ഷിതനായി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതില്‍ വത്തിക്കാന്‍റെ ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രാര്‍ഥനാ ശുശ്രൂഷകളടക്കം, സാധ്യമായ എല്ലാ പരിശ്രമങ്ങളും സഭാ സമൂഹത്തില്‍ നിന്നുണ്ടായത് വൈദികനു കൂടുതല്‍ കരുത്തു പകര്‍ന്നേക്കാം. ഏതായാലും വത്തിക്കാനില്‍ സുരക്ഷിതനായി കഴിയുന്ന അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കു കാത്തിരിക്കാം. വിവാദങ്ങളില്ലാതെ, പ്രാര്‍ഥനയും ആശ്വാസവും പകരുന്ന പ്രശാന്തിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top