Flash News

അമേരിക്കയുടെ യുദ്ധസന്നാഹം ഉത്തര കൊറിയന്‍ ആകാശത്ത്; സൗത്ത് കൊറിയയുടെ എഫ്15കെ ഫൈറ്റര്‍ ജെറ്റുകളും അമേരിക്കയുടെ പോര്‍ വിമാനങ്ങളും ഉത്തര കൊറിയയ്ക്ക് മുകളില്‍ പറന്നു

September 18, 2017

gettyimages-848823234ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് തയാറാണെന്ന സൂചനയോടെ യുഎസ്. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസ് മറുപടി നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് ശക്തി പ്രകടനം നടത്തിയത്.

ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പ്രകോപനങ്ങളും ആണവ, മിസൈല്‍ പരീക്ഷണങ്ങളും ഇനിയും സഹിക്കാനാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടത്. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് എഫ്35ബി സ്റ്റല്‍ത്ത് ഫൈറ്ററുകളും രണ്ട് ബി1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.

യുഎസ്, ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈന്യശേഷി ഉത്തര കൊറിയയെ ബോധ്യപ്പെടുത്തുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ഉദ്ദേശമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ നാല് എഫ്15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോര്‍ വിമാനങ്ങളും പറന്നത്. ‘പതിവ്’ പറക്കല്‍ പരിപാടിയുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. ശത്രുവിനെ നേരിടാന്‍ സംയുക്ത സൈനിക നടപടികള്‍ ശക്തമാക്കാനും ദക്ഷിണ കൊറിയയ്ക്ക് പരിപാടിയുണ്ട്.

ഇതിനുമുന്‍പ് ഓഗസ്റ്റ് 31നും ഇതുപോലെ യുഎസ് യുദ്ധ വിമാനങ്ങള്‍ കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ പറന്നിരുന്നു. സൈനിക പ്രകടനത്തിന്റെ ചിത്രവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

രാജ്യാന്തര എതിര്‍പ്പുകളും സമ്മര്‍ദങ്ങളും വകവയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസിന്റെ സൈനിക പ്രകടനം. സൈനിക, ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നാണു കിങ് ജോങ് ഉന്‍ വ്യക്തമാക്കിയത്.

മൂന്നാഴ്ചയ്ക്കിടെ ജപ്പാനു മുകളിലൂടെ രണ്ടാമതും മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയ, ഈമാസമാദ്യം ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആറാം ആണവ പരീക്ഷണത്തെയും മിസൈല്‍ പരീക്ഷണങ്ങളെയും ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു. ഉത്തര കൊറിയയ്ക്കുമേല്‍ കടുത്ത ഉപരോധങ്ങളും യുഎന്‍ ഏര്‍പ്പെടുത്തി.

യുഎന്‍ ഉപരോധങ്ങള്‍ക്കു മറുപടിയായി, യുഎസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നുമാണ് ഉത്തര കൊറിയ പ്രതികരിച്ചത്. പസിഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ആക്രമിക്കുമെന്ന് ഉത്തരകൊറിയ നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍ വിക്ഷേപണങ്ങള്‍ ഇതിനുള്ള മുന്നൊരുക്കമാണെന്നാണു കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top