Flash News

ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും

September 19, 2017

dileep-18 (1)നടന്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണു ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണു ദിലീപിനായി ഹാജരാകുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു കോടതി വിലയിരുത്തിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസില്‍ 65 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയില്‍ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇത് രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ ദിലീപിന്റെ ആദ്യ ജാമ്യഹര്‍ജി തള്ളിയതും ഇതേ കോടതിയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മൊത്തത്തില്‍ നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളപ്പെടുന്നത്.

ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ഇത്തവണയും ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പൂര്‍ണമായും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രോസിക്യൂഷന്റെ ഈ വാദങ്ങളും കോടതി അംഗീകരിച്ചു.

ജൂലൈ 10 ന് അറസ്റ്റിലായ ദിലീപ് ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ജാമ്യത്തിനായി സമീപിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top