Flash News

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ ‘കുരയ്ക്കുന്ന നായ’യെന്നു വിശേഷിപ്പിച്ച് യുദ്ധഭീഷണിയുമായി മുന്‍പോട്ടു പോകുന്ന ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയയുടെ സഹായഹസ്തം; എട്ട് മില്യണ്‍ ഡോളര്‍ സഹായമാനി നല്‍കുമെന്ന് റിപ്പോര്‍ട്ട്

September 21, 2017 , .

061003_north_korea_south_koയുദ്ധഭീഷണി സജീവമായി നിലനില്‍ക്കെ ഉത്തരകൊറിയയ്ക്ക് സഹായഹസ്തവുമായി ദക്ഷിണകൊറിയ. എട്ടു മില്യന്‍ ഡോളറിന്റെ സഹായം നല്‍കാനാണ് ദക്ഷിണകൊറിയയുടെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി കുരയ്ക്കുന്ന നായയ്ക്ക് തുല്യമെന്ന ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതിനു പിന്നാലെയാണ് ഉത്തരകൊറിയയ്ക്ക് സഹായം നല്‍കാന്‍ ദക്ഷിണകൊറിയന്‍ ഭരണകൂടം അനുമതി നല്‍കിയത്.

ഉത്തരകൊറിയയിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും ഗര്‍ഭിണികളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള മാനുഷിക പദ്ധതികള്‍ക്കാണ് ദക്ഷിണകൊറിയ സഹായം നല്‍കുന്നത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളിലൂടെയും ഹൈഡ്രൈജന്‍ ബോംബ് ഉള്‍പ്പെടെയുള്ള വന്‍കിട അണുപരീക്ഷണങ്ങളിലൂടെയും ലോകസമാധാനത്തിന് വിഘാതം സൃഷ്ടിക്കുകയാണ് ഉത്തരകൊറിയ. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയെ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങളിലൂടെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ദക്ഷിണകൊറിയയുടെ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതി അടുത്തിടെ തീരുമാനിച്ചിരുന്നു. ഉത്തരകൊറിയയ്‌ക്കെതിരായ യുഎസിന്റെ നീക്കങ്ങളില്‍ ശക്തമായി പിന്തുണയ്ക്കുന്ന രാജ്യം കൂടിയാണ് ദക്ഷിണകൊറിയ. അതേസമയം മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഇത്തരം പദ്ധതികളെ ബാധിക്കരുതെന്ന നിലപാടിലാണ് ദക്ഷിണകൊറിയയിലെ ഏകീകരണ മന്ത്രാലയത്തിന്റേത്. മാത്രമല്ല സഹായം പണമായല്ല നല്‍കുന്നത് എന്നതിനാല്‍ പദ്ധതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസിനെയും സഖ്യരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ഉത്തരകൊറിയയെ മുഴുവനായും നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നാണ് ‘കുരയ്ക്കുന്ന നായ’ പ്രയോഗവുമായി വിദേശകാര്യമന്ത്രി പ്രസ്താവന നടത്തിയത്. അതിനിടെ കൊറിയന്‍ മുനമ്പിലെ സ്ഥിതിഗതികള്‍ ദിവസംപ്രതി വഷളാകുകയാണെന്നും കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ അനുവദിക്കരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top