Flash News

ഓസീസിന് നിലം തൊടാനനുവദിക്കാതെ ഇന്ത്യന്‍ പടയാളികള്‍; മൂന്നാം തവണയും ജയഭേരി മുഴക്കി കിരീടം നേടി

September 24, 2017

india-1-830x412ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തിലും കങ്കാരുക്കളെ അടിച്ചൊതുക്കി ഇന്ത്യയുടെ വിജയതേരോട്ടം. ഓസീസിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

ചെന്നൈയിലും കൊല്‍ക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്‍ഡോറില്‍ കിരീടം ഉറപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തപ്പോള്‍, 13 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. വിജയം അഞ്ചു വിക്കറ്റിന്.

ഓസീസ് ഉയര്‍ത്തിയ 293 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ, തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ (71), അജിങ്ക്യ രഹാനെ (70), ഹര്‍ദ്ദിക് പാണ്ഡ്യ (78) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായക ശക്തിയായ ഹര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

വിജയത്തിന് പത്ത് റണ്‍സ് അകലെയാണ് ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. 48ാം ഓവറില്‍ 13 പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യ വിജയം കണ്ടത്.

നേരത്തേ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറി (129) കരുത്തിലാണ് ഇന്ത്യയ്ക്ക് എതിരെ ഓസീസ് 293 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 63 റണ്‍സും ഡേവിഡ് വാര്‍ണര്‍ 42 ഉം റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വിജയത്തോടെ തുടര്‍ച്ചയായ ആറാം പരമ്പര ജയമാണ് ഇന്ത്യ ഉറപ്പിച്ചിരിക്കുന്നത്. പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായ ഓസീസിനിത് തുടര്‍ച്ചയായ രണ്ടാം പരമ്പര തോല്‍വിയും. തുടര്‍ച്ചയായ ഒന്‍പതാം വിജയത്തോടെ ഇന്ത്യ മികവിന്റെ ഉയരങ്ങളിലേക്കു കുതിക്കുമ്പോള്‍, തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ ഓസീസിനിത് തിരിച്ചിറക്കത്തിന്റെ കാലമാണ്. വിദേശ പിച്ചുകളില്‍ തുടര്‍ച്ചയായ 11ാം തോല്‍വിയാണിതെന്നത് പരാജയത്തിന്റെ കയ്പ് വര്‍ധിപ്പിക്കുന്നു.

ഓസീസ് ഉയര്‍ത്തിയ താരതമ്യേന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് രോഹിതും രഹാനെയും ബാറ്റെടുത്തത്. ആദ്യ ഓവറുകളില്‍ റണ്‍സ് അധികം വന്നില്ലെങ്കിലും ഇരുവരും നങ്കൂരമിട്ടു. നിലയുറപ്പിച്ചതിനു പിന്നാലെ ഇരുവരും ആക്രമണത്തിന്റെ വഴിയിലേക്ക് മാറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സൊഴുകി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 100 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

മൂന്നു ഫോറും നാലു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സിനൊടുവില്‍ വെറും 42 പന്തില്‍ രോഹിത് അര്‍ധസെഞ്ചുറിയിലേക്കെത്തി. 50 പന്തില്‍ അര്‍ധസെഞ്ചുറി കടന്ന രഹാനെ അതിനിടെ സ്വന്തമാക്കിയത് ഏഴു ബൗണ്ടറികള്‍. സ്‌കോര്‍ 139ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റു നഷ്ടമായി. 62 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 71 റണ്‍സെടുത്ത രോഹിത് ശര്‍മ കോള്‍ട്ടര്‍നീലിന്റെ പന്തില്‍ കാട്ടിയ ആവേശം പകരക്കാരന്‍ ഫീല്‍ഡര്‍ കാര്‍ട്ട്‌റൈറ്റിന്റെ കൈകളില്‍ അവസാനിച്ചു. വന്‍ സ്‌കോറിന് അടിത്തറയിട്ടിട്ടും അതു മുതലാക്കാനാകാതെ രോഹിത് മടങ്ങി. അധികം താമസിയാതെ രഹാനെയും കൂടാരം കയറി. 76 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെ 70 റണ്‍സെടുത്ത രഹാനയെ കുമ്മിന്‍സ് വിക്കറ്റിനു മുന്നില്‍ കുരുക്കി.

2014നു ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നതിനും ഇന്‍ഡോറിലെ കാണികള്‍ സാക്ഷികളായി. ശ്രീലങ്കയ്‌ക്കെതിരെ രഹാനെധവാന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 231 റണ്‍സിന്റെ കൂട്ടുകെട്ടിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സ്വന്തം നാട്ടില്‍ സെഞ്ചുറി തൊട്ടത്. ഈ വര്‍ഷം ഇതുവരെ ഓപ്പണിങ് വിക്കറ്റില്‍ അഞ്ചു തവണ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തെങ്കിലും അതെല്ലാം തന്നെ വിദേശ മണ്ണിലായിരുന്നു.

 

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top