Flash News

പെരിയാറും ബ്രാഹ്മണിസവും ധാര്‍മ്മിക രോഷങ്ങളും (ജോസഫ് പടന്നമാക്കല്‍)

September 28, 2017

periyarum banner1തമിഴ് നാട്ടിലുള്ള ഈറോഡ് ടൗണില്‍ 1879 സെപ്റ്റംബര്‍ പതിനേഴാം തിയതി ഇ.വി. രാമസ്വാമി (പെരിയാര്‍)ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന്‍ വെങ്കട നായ്ക്കര്‍ ധനികനായ ഒരു വ്യവസായി ആയിരുന്നു. ഹിന്ദു വൈഷ്ണവത്തിലെ ഒരു തീവ്ര ഭക്തനുമായിരുന്നു. ‘അമ്മ മുത്തമ്മാള്‍ എന്ന് വിളിക്കുന്ന ചിന്ന തയ്യമ്മാള്‍ വീട്ടു കാര്യങ്ങളുമായി കഴിഞ്ഞിരുന്നു. കൃഷ്ണ സാമിയെന്ന ഒരു മൂത്ത സഹോദരനും കണ്ണമ്മാള്‍, പൊന്നുതോയ് എന്നിങ്ങനെ രണ്ടു സഹോദരികളുമുണ്ടായിരുന്നു. ആറാം വയസില്‍ സ്‌കൂള്‍ പഠനം തുടങ്ങി പത്താം വയസില്‍ അവസാനിപ്പിച്ചു. പന്ത്രണ്ടാം വയസില്‍ അപ്പനെ ബിസിനസ്സ് കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി. 1898ല്‍ പതിമൂന്നാം വയസില്‍ അദ്ദേഹം നാഗമ്മാളിനെ വിവാഹം ചെയ്തു. യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ സാവധാനം തികഞ്ഞ യുക്തിവാദിയാക്കി. 1933 മെയ് പതിനൊന്നാം തിയതി നാഗമ്മാള്‍ നാല്പത്തിയെട്ടാം വയസില്‍ മരിച്ചു. നാഗമ്മാളും പെരിയാറിനൊപ്പം വൈക്കം സത്യാഗ്രഹത്തിലും ഗാന്ധിജിയുടെ നിസഹകരണപ്രസ്ഥാനത്തിലും പങ്കെടുത്തിരുന്നു.

മതത്തിന്റെ വിശ്വാസത്തെപ്പറ്റി പെരിയാര്‍ തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ‘ഞങ്ങളുടെ വീട്ടില്‍ സന്യാസിമാരെയും പണ്ഡിറ്റുകളെയും പുരോഹിതരെയും ബഹുമാനിക്കണമെന്നുള്ള ഒരു ചിട്ടയുണ്ടായിരുന്നു. അവരെ ഞാന്‍ ഇഷ്ടപ്പെടാഞ്ഞതുകൊണ്ടു അവരെന്തു പറഞ്ഞാലും ഞാന്‍ അവരെ പരിഹസിക്കുമായിരുന്നു. അത് എന്റെ ഒരു വിനോദമായിരുന്നു. ഞാന്‍ പുരാണഗ്രന്ഥങ്ങള്‍ വായിച്ചിരുന്നില്ല. ആരുടേയും മതപ്രഭാഷണങ്ങള്‍ കേട്ടിട്ടുമുണ്ടായിരുന്നില്ല. ശൈവവൈഷ്ണവ പണ്ഡിതന്മാര്‍ കൂടുതല്‍ പ്രഭാഷണങ്ങളും വിവരങ്ങളുമായി വരുമ്പോള്‍ അവരെ ഞാന്‍ ചോദ്യം ചെയ്യാനാരംഭിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരം പണ്ഡിതന്മാര്‍ പരസ്പരവിരുദ്ധമായി പറയാന്‍ തുടങ്ങി. ഇത് എനിക്ക് പണ്ഡിതരുടെ പാണ്ഡ്യത്യത്തെ ചെളിവാരിയെറിയാനുള്ള അവസരവുമായിരുന്നു. പണ്ഡിതരോടുള്ള എന്റെ തര്‍ക്കമാണ് എന്നെ മത വിശ്വാസത്തില്‍നിന്നും, പുരാണത്തില്‍നിന്നും ശാസ്ത്രത്തില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റി നിര്‍ത്തിയത്’. ദ്രാവിഡരെ കീഴ്‌പ്പെടുത്തിയ ദൈവങ്ങളെ പൂജിക്കുന്നതിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ പെരിയാര്‍ ഒരു സന്ധിയില്ലാ സമരമായിരുന്നു നടത്തിയത്.

1904ല്‍ പിതാവിന്റെ നിര്‍ബന്ധപ്രകാരം പെരിയാര്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ടുള്ള സന്യാസിയായി. തന്റെ ഇരുപത്തിയഞ്ചാം വയസില്‍ വാരണാസി പുണ്യസ്ഥലം സന്ദര്‍ശിക്കാന്‍ പോയി. അവിടെ വര്‍ണ്ണവിവേചനമില്ലാതെ ആര്‍ക്കും താമസിക്കാമെന്നു ചിന്തിച്ചു. ബ്രാഹ്മണരല്ലാത്തവരെ അവിടെയുള്ള സത്രങ്ങളില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നില്ല. ബ്രാഹ്മണന്‍ അല്ലാത്തതിനാല്‍ ഒരിടത്തും ഭക്ഷണം പോലും നല്‍കില്ലായിരുന്നു. വിശപ്പ് സഹിക്ക വയ്യാത്തതിനാല്‍ ബ്രാഹ്മണര്‍ വലിച്ചെറിയുന്ന ഉച്ഛിഷ്ടം തിന്ന് ഭക്ഷിക്കേണ്ടി വന്നു. കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ വയറു വിശന്നിരുന്ന രാമസാമി തെരുവ് പട്ടികളോട് മത്സരിച്ചു പുറത്തിട്ടിരുന്ന ഇല നക്കി വിശപ്പടക്കിയിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രാമസാമിയുടെ കണ്ണുകള്‍ ആ കെട്ടിടത്തിന്റെ മുകളില്‍ കൊത്തിയിരുന്ന അക്ഷരങ്ങളിലേക്ക് തിരിഞ്ഞു. തമിഴ് നാട്ടിലെ ഒരു ധനികനായ ദ്രാവിഡന്‍ ബ്രാഹ്മണര്‍ക്ക് ദാനം കൊടുത്തതായിരുന്നു ആ കെട്ടിടം. പെട്ടെന്ന് യുവാവായിരുന്ന രാമസ്വാമികളുടെ മനസ്സില്‍ പലതും വന്നുകൂടി. ഒരു ദ്രവീഡിയന്‍ മനുഷ്യ സ്‌നേഹി ദാനമായി കൊടുത്ത കെട്ടിടത്തിനുള്ളില്‍ എന്തുകൊണ്ട് ഒരു ദ്രാവിഡന് പ്രവേശനം നിഷേധിക്കുകുകയും ഭക്ഷണം നിരസിക്കുകയും ചെയ്യുന്നുവെന്ന ചോദ്യമായിരുന്നു മനസ്സില്‍ വന്നത്. ബ്രാഹ്മണരുടെ മനസ്സ് കഠിനവും ദയയില്ലാത്തതും വര്‍ഗീയതയും നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? വിശക്കുന്നവന് അന്നം കൊടുക്കാന്‍ മടിക്കുന്ന ഈ ബ്രാഹ്മണരുടെ ദൈവത്തെ ദ്രാവിഡര്‍ക്ക് വേണോ? മരണം വരെ സവര്‍ണ്ണ മേധാവിത്വം അവര്‍ണ്ണന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രാഹ്മണിസം നശിപ്പിക്കണ്ടേ? മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കൊന്നും നീതികരിക്കുന്ന ഉത്തരങ്ങള്‍ പെരിയാറിന്റെ മനസ്സില്‍ വന്നു കൂടിയില്ല.

a1 (1)കാശിയില്‍ (Banaras) നിന്ന് കിട്ടിയ അപമാനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആര്യന്‍ വര്‍ഗക്കാരോടും അവരുടെ കണക്കില്ലാത്ത ദൈവങ്ങളോടും എന്തെന്നില്ലാത്ത വെറുപ്പ് അന്നുമുതല്‍ അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങി. ബനാറസ് അഥവാ കാശി വിശുദ്ധമായ ഒരു സ്ഥലമായിട്ടാണ് കരുതുന്നെങ്കിലും എല്ലാ വൃത്തികേടുകളുടെയും അസാന്മാര്‍ഗികതയുടേയും വ്യപിചാര ശാലകളുടേയും സങ്കേതമെന്നും പെരിയാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചതിയും വഞ്ചനയും യാചകരുടെ ശല്യവും വളരെയേറെയാണ്. ഗംഗാ നദികളില്‍ക്കൂടി ഒഴുകി നടക്കുന്ന ശവ ശരീരങ്ങളും അദ്ദേഹത്തില്‍ വെറുപ്പുണ്ടാക്കി. ബ്രഹ്മചര്യം പ്രതിജ്ഞ ചെയ്ത അദ്ദേഹം പുനര്‍ചിന്തനത്തില്‍ വീണ്ടും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.

മതങ്ങള്‍ ഇന്ന് മനുഷ്യമനസ്സില്‍ വിഷവും ഭയവും വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ദൈവത്തിന്റെ മനുഷ്യര്‍ ചൂഷണം ചെയ്യുന്നു. മതാന്ധതയുമായി നടക്കുന്ന ഭക്തജനങ്ങളെ നിത്യനരകമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നു. പെരിയാര്‍ മതത്തെ വാകൊണ്ടും പേനാകൊണ്ടും യുക്തിപൂര്‍വം എതിര്‍ത്തിരുന്നു. നിഷ്‌കളങ്കരായവരെ മതത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നവര്‍ ചതിക്കുന്നുവെന്ന് പെരിയാര്‍ വിശ്വസിച്ചിരുന്നു. ഒരു തികഞ്ഞ യുക്തിവാദിയെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുമായിരുന്നു. ഹൈന്ദവ ശാസ്ത്രങ്ങളെയും പുരാണങ്ങളെയും സ്മൃതികളെയും അദ്ദേഹം പരിഹസിച്ചിരുന്നു. ബ്രാഹ്മണ സൂക്തങ്ങള്‍ക്കെതിരെ അക്രോശിച്ചിരുന്നു. ഈ പുരാണങ്ങളെല്ലാം മനുഷ്യനെ അന്ധവിശ്വാസത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ഒരിക്കല്‍ മതങ്ങളുടെ അര്‍ത്ഥമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളെല്ലാം കത്തിച്ചു ചാമ്പലാക്കണമെന്നും പറഞ്ഞു. ദൈവ വിശ്വാസം മനുഷ്യനെ അധൈര്യനാക്കുന്നുവെന്നും വിശ്വസിച്ചിരുന്നു. മനുഷ്യന് പ്രകൃതി കനിഞ്ഞു നല്‍കിയ ഗുണങ്ങളും സ്ഥിരോത്സാഹവും, ജിജ്ഞാസയും ഉന്മേഷവും ദൈവ വിശ്വാസികളില്‍ മങ്ങലേല്‍പ്പിക്കുന്നു. ദൈവ ഭയമെന്നുള്ളത് ഒരുവന്റെ വിഡ്ഢി ചിന്തകളുടെ ആരംഭമാണ്. പെരിയാര്‍ കൂടുതലായും ആക്രമിച്ചത് ഹിന്ദു മതങ്ങളെയും അവരുടെ ദൈവങ്ങളെയുമായിരുന്നു. ദൈവങ്ങള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിഘാതമെന്നും ആദ്ദേഹം വിശ്വസിച്ചു. ഒരു മനുഷ്യന്‍ സ്വയം അഭിമാനിയായി ജീവിക്കണമെങ്കില്‍ മതം ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്.

മനുഷ്യന്റെ പുരോഗതിക്ക് മതം തടസ്സമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മതം സാമൂഹിക അസമത്വങ്ങള്‍ക്ക് ഇടയാക്കുന്നു. നീതിയും സത്യവും നിലനിര്‍ത്താന്‍ മതത്തിന്റെ സ്ഥാനത്ത് യുക്തിയാല്‍ അധിഷ്ഠിതമായ ആശയ സംവിധാനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. അതിനു മതത്തെ ഇല്ലാതാക്കണം. വിശ്വാസവും അതിന്റെ കാര്യ കാരണങ്ങളാലുള്ള അന്വേഷണവും രണ്ടും വ്യത്യസ്തങ്ങളാണ്. ആദ്യം മനുഷ്യനെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കൂ. അതിനു ദൈവത്തോട് സംസാരിക്കുന്നതിനേക്കാള്‍ മനുഷ്യന്‍ ആദ്യം വിവേകമുള്ളവനാകണം. യുക്തി ചിന്തകള്‍ മനുഷ്യനെ സമത്വത്തിലേക്ക് നയിക്കുമ്പോള്‍ മതം മനുഷ്യനെയും മനുഷ്യനെയും തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളും പീഡനങ്ങളും ചൂഷണങ്ങളും അതിനുള്ളിലുണ്ട്. മതം മനുഷ്യരെ ഭീരുക്കളാക്കുന്നു. മടിയന്മാരുമാക്കുന്നു. സമൂഹത്തില്‍ താണവരായവരെ മതം ചൂഷണം ചെയ്യുന്നു. യുക്തി ചിന്തകള്‍ മനുഷ്യനെ സ്വതന്ത്രമാക്കുകയും ചെയ്യും.

aദൈവം എപ്പോള്‍ എങ്ങനെ വന്നു. പെരിയാറിനു അതിനുത്തരമുണ്ടായിരുന്നു. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവത്തെപ്പറ്റിയും അവന്‍ ചിന്തിക്കാന്‍ തുടങ്ങി. ഈ പ്രകൃതി ശക്തികളെ ശാസ്ത്രീയമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നപ്പോള്‍ അവന്‍ അതിനെയെല്ലാം ദൈവമായി കണ്ടു. അവന്‍ ദൈവമായി കണ്ടത് പലതും തെറ്റെന്ന് ശാസ്ത്രീയമായും തെളിയിച്ചു. ഉദാഹരണമായി സൂര്യഗ്രഹണത്തെപ്പറ്റി അവനു ഉള്‍ക്കൊള്ളാനോ വിവരിക്കാനോ അറിയില്ലായിരുന്നു. അവന്‍ അതിന്റെ രാശിയും കേതുവുമായുള്ള കഥകളുണ്ടാക്കി. രണ്ടു സര്‍പ്പങ്ങള്‍ വന്നു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നു. ദൈവത്തിന്റെ പ്രവര്‍ത്തനഫലമെന്ന ഒരു മിഥ്യാ ബോധവും അവനിലുണ്ടായി. ഒരുവന്റെ അറിവ് വര്‍ദ്ധിക്കുംതോറും ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങള്‍ പാടെ ഇല്ലാതാവുകയും ചെയ്യുന്നു. പെരിയാറിന്റെ അഭിപ്രായമനുസരിച്ച് ഇന്ന് ലോകത്ത് ജീവിച്ച ഒരു ദൈവ ശാസ്ത്രജ്ഞനും ദൈവമെന്ന സത്തയെന്തെന്ന് വിവരിക്കാന്‍ സാധിക്കില്ലെന്നാണ്. ഓരോ ദൈവ ശാസ്ത്രജ്ഞനും ദൈവത്തെപ്പറ്റി തത്ത്വ ചിന്തകളുണ്ടാക്കും. ‘അതാണ് ദൈവമെന്നു പറയും.’ അവരുടെ സാങ്കല്‍പ്പികം ആര്‍ക്കും മനസിലാകുന്നതോ വിവരിക്കാന്‍ സാധിക്കുന്നതോ അല്ല. മനുഷ്യ ജാതിയെയും ഈ പ്രപഞ്ചത്തെയും നിയന്ത്രിക്കുന്നത് ദൈവമെന്നു വേദജ്ഞാനികള്‍ പറയും. ഒരു യാചകന് ഭിക്ഷ കിട്ടുമ്പോള്‍ അത് ദൈവത്തിന്റെ അനുഗ്രഹംകൊണ്ടെന്ന് യാചകനും അങ്ങനെ പറയുമെന്ന് പെരിയാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരുവന് ജോലി കിട്ടുമ്പോഴും ദൈവാനുഗ്രഹം കൊണ്ടെന്നു പറയും. ഇത് സത്യമെങ്കില്‍ ഒരു മനുഷ്യന് നന്മ ഉണ്ടാകുന്നതിനൊപ്പം ദുഖങ്ങളേയും വിലയിരുത്തിക്കൂടെ? ജോലി കിട്ടാതെ അലയുന്നതും അനുഗ്രഹമോ? ദൈവം സര്‍വ്വ ശക്തനെങ്കില്‍ എന്തിനാണ് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നത്? ദൈവം കാരുണ്യവാനെങ്കില്‍ എന്തിനവന്‍ ഈ പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കണം. തിന്മ ഈ ലോകത്ത് നടമാടുമ്പോള്‍ അമ്പല പൂജ നമുക്കെങ്ങനെ അംഗീകരിക്കാന്‍ സാധിക്കും. ഈ പുണ്യ യാത്രകളും ഉത്സവങ്ങളും നടത്തിയാലേ സര്‍വ്വ ശക്തനായ അവന്‍ പ്രസാധിക്കുള്ളൂപോലും!

അമ്പലങ്ങളിലും പൂജകളിലും വഴിപാടുകളിലും അര്‍പ്പിക്കുന്ന നമ്മുടെ പണം രാജ്യത്തിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ ദരിദ്രരുടെയും താണ ജനങ്ങളുടെയും നിലവാരം ഉയരുമായിരുന്നു. എന്നാല്‍ ഇത്തരം യുക്തി ചിന്തകളുടെ ശത്രു ദൈവമെന്നും പെരിയാര്‍ ചിന്തിച്ചിരുന്നു. ദൈവത്തില്‍ അന്ധമായ വിശ്വാസം കാരണം ബൗദ്ധികമായി കാര്യകാരണ സഹിതം ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവുകളും അവിടെ ഇല്ലാതാവുന്നു. എല്ലാം ദൈവത്താല്‍ സാധ്യമെന്നു ദൈവിക ചിന്തകര്‍ പറയും. ‘അവനില്ലാതെ ഒന്നും സാധ്യമല്ല’ യെന്ന് വഴിനീളെ പാസ്റ്റര്‍മാരും പ്രസംഗിക്കുന്നുണ്ട്. ദൈവിക ജ്ഞാനികള്‍ പറയും, ‘ദൈവത്തെ നമുക്ക് കാണാന്‍ സാധിക്കില്ലെങ്കിലും ദൈവം അവിടെ ഉണ്ടായിരുന്നു. അവന്‍ ആയിരിക്കുന്നവനാകുന്നു. അവന്‍ എന്നും അങ്ങനെയായിരിക്കും’. പെരിയാറിന്റെ അഭിപ്രായത്തില്‍ അതെല്ലാം വിഡ്ഢിത്വ ചിന്തകളെന്നാണ്. ആധികാരികമായി അവര്‍ക്ക് ഒരു വിവരണവും ദൈവത്തെപ്പറ്റി നല്‍കാന്‍ സാധിക്കില്ല. നമ്മുടെ അറിവിനുപരി ഒരു ശക്തിയുണ്ടെങ്കില്‍ ആ ശക്തിയെത്തേടി നമ്മളെ എന്തിനു സ്വയം വിഡ്ഢികളാക്കണം. ദൈവമെന്നു പറയുന്നത് വ്യാജവും കെട്ടുകഥയും ഭാവനയുമാണ്. ദൈവ വാദികള്‍ പറയും ‘ദൈവത്തെ മനസിലാക്കാന്‍ സാധ്യമല്ലെന്ന്’. അങ്ങനെയെങ്കില്‍ അവര്‍ക്കെങ്ങനെ ദൈവത്തെ മനസിലായി? ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇത്തരം വേദം ഓതുവാന്‍ അവര്‍ക്കെന്തവകാശം? പെരിയാറിന്റെ യുക്തി ചിന്തകള്‍ ഇങ്ങനെ പോവുന്നു, ‘ദൈവം ഇല്ല, ദൈവം ഒരിക്കലും ഉണ്ടായിരുന്നില്ല, ദൈവത്തെ സൃഷ്ടിക്കുന്നവന്‍ വിഡ്ഢിയാണ്. ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നവര്‍ സത്യമില്ലാത്തവരാണ്. ദൈവത്തോട് പ്രാത്ഥിക്കുന്നവര്‍ വൈകൃത ചിന്തകളുള്ള അപരിഷ്‌കൃതരാണ്’.

a7ബ്രാഹ്മണിസത്തിനെതിരായുളള യുദ്ധം പെരിയാറിനെ യുക്തിവാദത്തില്‍ കൂടുതല്‍ ദൃഢവിശ്വസിയാക്കി. പാരമ്പര്യമായി ബ്രാഹ്മണര്‍ക്ക് പൂജാരികളെന്ന നിലയില്‍ അമിതമായി ബഹുമാനം കല്പ്പിച്ചിരുന്നു. ബ്രാഹ്മണര്‍ അവരുടെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതില്‍ പെരിയാര്‍ അവരെ അമിതമായി വിമര്‍ശിച്ചിരുന്നു. മതത്തിന്റെ പാരമ്പര്യമായുള്ള വ്യവസ്തമൂലം ബ്രാഹ്മണര്‍ ജനത്തെ ചൂഷണം ചെയ്യുന്നു. ദൈവവും മതവും ശാസ്ത്രവും പുരാണങ്ങളും ഇതിഹാസങ്ങളും ഉയര്‍ന്ന ജാതിക്കാരുടെ ആയുധങ്ങളാണ്. മണ്ണിന്റെ മക്കളെ അവര്‍ അടിമകളാക്കുന്നു. അവരെ വര്‍ണ്ണാശ്രമ ധര്‍മ്മമെന്നു പറഞ്ഞു നാലാംതരമോ അഞ്ചാം തരമോ ആയി വിഭജിക്കുന്നു. ബ്രാഹ്മണരെ സമൂഹത്തിലെ ഉന്നതരായി കരുതുന്നമൂലം അവര്‍ ബ്രാഹ്മണരല്ലാത്തവരെ പീഡിപ്പിക്കുന്ന ഒരു മനസ്ഥിതിയാണുള്ളത്. ബ്രാഹ്മണരുണ്ടാക്കിയിരുന്ന നിയമങ്ങളും അനീതി നിറഞ്ഞതാണ്. മതമെന്ന് പറയുന്നത് ബ്രാഹ്മണരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനാണ്. മതത്തെ ഇല്ലാതാക്കി അവിടെ യുക്തി ചിന്തകള്‍ നടപ്പാക്കണമെന്ന് പെരിയാര്‍ വാദിച്ചിരുന്നു.

പെരിയാറിന്റെ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന തത്ത്വം യുക്തിവാദമെന്നു കാണാം. രാജ്യത്തുള്ള അരാജകത്വത്തിന് കാരണം നമ്മുടെ യുക്തി ചിന്തകളെ അടിച്ചമര്‍ത്തുന്നതാണെന്നു പെരിയാര്‍ വിശ്വസിച്ചിരുന്നു. എന്ത് കാര്യങ്ങളാണെങ്കിലും വെറും വിശ്വാസത്തിന്റെ പുറത്തുപോകാതെ കാര്യ കാരണങ്ങള്‍ സഹിതം ചിന്തിക്കാനും പഠിക്കണം. മറ്റുളളവരുടെ ഉപദേശങ്ങളെ കണക്കാക്കാതെ തനതായി വിചിന്തനം ചെയ്യണം. ബുദ്ധിപരമായി മുന്നേറണം. നിഷേധിക്കേണ്ടത് നിഷേധിക്കണം. എന്തിനെങ്കിലും നമ്മുടെ സേവനം ആവശ്യമുണ്ടെങ്കില്‍ അതിനും തയാറാകണം. നവീകരണം ആവശ്യമെങ്കില്‍ ഭയരഹിതമായി നടപ്പാക്കണം. വര്‍ഗ വിവേചനമായിരുന്നു പെരിയാറിന്റെ ഏറ്റവും വലിയ പ്രശ്!നം. ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

a5ഹിന്ദു മതത്തിന്റെ ആരാധനയില്‍ പങ്കെടുക്കുന്നുവെങ്കില്‍ ബ്രാഹ്മണരെ ഉയര്‍ത്തി പിടിച്ചിരിക്കുന്നതായി കാണാം. ദ്രാവിഡരെ ശൂദ്രന്മാരും പഞ്ചമന്മാരും ആയി ചിത്രീകരിച്ചിരിക്കുന്നു. പെരിയാര്‍ പറഞ്ഞു, ഹിന്ദു മതമെന്ന് പറയുന്നത് ഒരു മതമല്ല. ചില സ്ഥാപിത താല്പര്യക്കാരുടെ താല്‍പ്പര്യം അനുസരിച്ച് അജ്ഞത നിറഞ്ഞ നിരക്ഷരരെ ചൂഷണം ചെയ്യാന്‍ വേണ്ടി ഈ മതം സ്ഥാപിച്ചു. നാം ഈ മതം സ്വീകരിക്കണോ വേണ്ടയോ എന്ന് പെരിയാര്‍ ചോദിക്കുന്നു? സാമൂഹിക വളര്‍ച്ചയ്ക്ക് ഈ മതം സഹായകമാണോ? പെരിയാറിന്റെ കാഴ്ചപ്പാടില്‍ ദൈവവും മതവും മനുഷ്യനും ബ്രാഹ്മണരായവരുടെ സൃഷ്ടിയാണ്. ബ്രാഹ്മണ പ്രതാപത്തിനായുള്ളതാണ്. അദ്ദേഹം പറയുന്നു, ‘ഓയില്‍ വിളക്കിനു പകരം ഇലെക്ട്രിക്കല്‍ ബള്‍ബ് വന്നു. കാളവണ്ടി യുഗത്തില്‍ നിന്ന് ഏവിയേഷന്‍ വിപ്ലവം സാര്‍വത്രികമായി. അതുപോലെ പൗരാണികവും കാലഹരണപ്പെട്ടതുമായ ദൈവത്തെയും മതത്തെയും പരിഷ്‌ക്കരിക്കേണ്ടതായുണ്ട്. ‘ദൈവത്തെ മറന്ന് മനുഷ്യനെ സ്‌നേഹിക്കുകയെന്നതായിരുന്നു’ അദ്ദേഹത്തിന്റെ ആപ്തവാക്യം.

ഭൗതിക വാദിയും യുക്തിവാദിയുമായ പെരിയാറിനു ഒരു മതങ്ങളിലും വിശ്വസമില്ലായിരുന്നു. മതങ്ങള്‍ നീതിയ്ക്കും സാമൂഹിക നന്മയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നുവെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നത്. ഹിന്ദുമതം കൂടാതെ മറ്റു മതങ്ങളോടും അദ്ദേഹം മല്ലിട്ടിരുന്നു. മതങ്ങളില്‍ നീതി നല്‍കുന്നത് ഇസ്‌ലാം മതം മാത്രമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘ഞാന്‍ ഹിന്ദുവായി ജനിച്ചതില്‍ ലജ്ജിക്കുന്നു. ഞാന്‍ മുസ്ലിമായി മരിക്കാനും തയ്യാറായിരുന്നു. ബ്രാഹ്മണരല്ലാത്തവര്‍ ഇസ്‌ലാമിലേക്ക് മതം മാറാനും ഒരിക്കല്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെയെങ്കില്‍ അവര്‍ ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ നിന്ന് വിമുക്തമാകും. ഇസ്‌ലാമില്‍ വര്‍ഗ വിവേചനമോ ചാതുര്‍വര്‍ണ്യ വ്യവസ്ഥകളോയില്ല. അതെ സമയം അദ്ദേഹം മറ്റൊരു തരത്തിലും പറഞ്ഞു, ഇസ്‌ലാം നിങ്ങള്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ ബുദ്ധമതവും പരിഗണിക്കാം. പെരിയാര്‍ സ്വന്തം ജീവിതത്തില്‍ ഗൗതമ ബുദ്ധനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാരണം ബുദ്ധന്‍ ഹിന്ദു മതത്തിലെ ബ്രഹ്മനിലോ ആത്മത്തിലോ വിശ്വസിച്ചിരുന്നില്ല.

ക്രിസ്ത്യന്‍ മതത്തെ വിമര്‍ശിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ഇസ്ലാം മതവും ക്രിസ്തുമതവും സമൂഹത്തില്‍നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ല. ക്രിസ്തുമതത്തില്‍ രണ്ടായിരം കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കാലത്തിനു യോജിച്ചതല്ല. സ്വര്‍ഗ്ഗമെന്നു പറയുന്നത് എല്ലാ മതങ്ങള്‍ക്കും പണം ശേഖരിക്കാനുള്ള ഒരു ഉപാധിയാണ്. ‘കാര്യകാരണ സഹിതം നിങ്ങള്‍ക്ക് ക്രിസ്തുവിനെ സ്വീകരിക്കാന്‍ സാധിക്കുമോ? ബൈബിള്‍ അപകടം പിടിച്ച സന്മാര്‍ഗ്ഗത്തിലേക്കുള്ള വഴി എന്നുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ‘ദി ബൈബിള്‍ ഈസ് എ ഡേഞ്ചറസ് മോറല്‍ ഗൈഡ്’ എന്ന ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്രാഹ്മണ സിദ്ധാന്തങ്ങളെ തകര്‍ക്കാന്‍ ക്രിസ്തു മതം പ്രാപ്തമല്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയിലെ പ്രാചീന മതങ്ങളിലെല്ലാം ക്രിസ്തുമതമുള്‍പ്പടെ ബ്രാഹ്മണ സിദ്ധാന്തങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പെരിയാര്‍ വിശ്വസിച്ചിരുന്നു.

‘മനുഷ്യന്‍ എന്ത് കൊടും പാപം ചെയ്താലും ദൈവ പ്രീതിക്കായി പാപപരിഹാരം ചെയ്താല്‍ മതിയെന്നും പുരോഹിതന് പണം നല്‍കിയാല്‍ മതിയെന്നുമുള്ള വിഡ്ഢിത്തരങ്ങളെ അദ്ദേഹം ആക്ഷേപിച്ചിരുന്നു. കുഞ്ഞുങ്ങള്‍ ജനിക്കാന്‍ മതപുരോഹിതരുടെ മന്ത്രവും വേദോച്ഛാരണങ്ങളും ദൈവത്തെ ഉണര്‍ത്തുമെന്ന വിശ്വാസവും വെറും കബളിപ്പിക്കലാണ്. പുരോഹിതന് പണം കൊടുത്താല്‍ ഏതു സത്യമല്ലാത്തവനും ക്രൂരനും സ്വര്‍ഗം കിട്ടും. അതേ സമയം നീതിമാനായ ഒരുവന് അമ്പല പൂജകളില്‍ പങ്കാളിയായില്ലെങ്കില്‍ അതേ ദൈവം അവനു മുക്തി നല്‍കില്ല. എന്തു തരം പ്രാകൃത വിശ്വാസമെന്നും പെരിയാര്‍ ചോദിക്കുന്നു. തല മുണ്ഡനം ചെയ്താല്‍ മാത്രമേ ദൈവത്തിനു പ്രീതി വരുമെന്നുള്ളത് മറ്റൊരു അന്ധവിശ്വാസമാണ്. ഒരു സമുദായത്തില്‍ മാത്രം ജനിക്കുന്നവര്‍ക്ക് പൂജ ചെയ്യാന്‍ അനുവദിക്കുന്ന ദൈവവും യുക്തിക്ക് അനുയോജ്യമല്ല. ‘മതമാണ് മനുഷ്യരുടെ തിന്മകള്‍ക്ക് കാരണം. മതം അല്ലെങ്കില്‍ അന്ധവിശ്വാസം മനുഷ്യന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നു. യുക്തി ചിന്തകള്‍കൊണ്ട് മതങ്ങളെ നിരോധിക്കണം. ചാതുര്‍ വര്‍ണ്ണ വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്വവും അവസാനിപ്പിക്കണം.’ പെരിയാറിന്റെ ഇത്തരം തത്ത്വചിന്തകള്‍ അദ്ദേഹത്തിന്റെ അനുയായികളെ സ്വാഭിമാന ബോധമുള്ളവരാക്കിയിരുന്നു.

a1ഈറോഡിലെ ധനികനായ ഒരു വ്യാപാരിയായിരുന്നെങ്കിലും അദ്ദേഹം സ്വന്തം വ്യവസായ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് 1905 മുതല്‍ പൊതു ജീവിതത്തിലേക്ക് പ്രവേശിച്ചു. സാമൂഹിക സേവനമായിരുന്നു ലക്ഷ്യം. ഒരിക്കല്‍ ഈറോഡ് മുഴുവന്‍ വസന്ത എന്ന പകര്‍ച്ച വ്യാധി ബാധിച്ചു. നൂറു കണക്കിന് ജനം മരിക്കുകയും ആയിരക്കണക്കിനു ജനം ജീവനുവേണ്ടിയുള്ള മുറവിളിയും മുഴക്കിയിരുന്നു. എന്നാല്‍ മനുഷ്യ സ്‌നേഹിയായ പെരിയാര്‍ മറ്റു ധനികരെപ്പോലെ നാട്ടിലെ ദുരവസ്ഥകള്‍ കണ്ടില്ലെന്ന് നടിച്ചില്ല. മരിച്ച ശരീരങ്ങള്‍ അദ്ദേഹം തോളില്‍ ചുമന്നുകൊണ്ട് അടക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചു കൊണ്ടിരുന്നു. പകരുന്ന പ്‌ളേഗ് ബാധിതരായവരെ ആരും കൈകള്‍ കൊണ്ട് സ്പര്‍ശിക്കാന്‍ തയ്യാറാകുമായിരുന്നില്ല. മരണാചാരങ്ങളിലും പങ്കു കൊള്ളില്ലായിരുന്നു.

1918ല്‍ പെരിയാര്‍ ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായിരുന്നു. അക്കാലങ്ങളില്‍ രാജഗോപാലാചാരിയുമായി അടുത്ത സൗഹാര്‍ദ്ദ ബന്ധമുണ്ടായിരുന്നു. 1919ല്‍ രാജഗോപാലാചാരിയുടെ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേരാന്‍ പെരിയാറിനെ ക്ഷണിച്ചു. ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1920ല്‍ മഹാത്മാ ഗാന്ധിയോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കു ചേര്‍ന്നു. നിസഹകരണ പ്രസ്ഥാനമായി സഹകരിച്ച കാരണം അറസ്റ്റുകള്‍ ഒന്നൊന്നായി സ്വീകരിച്ചുകൊണ്ടിരുന്നു. മഹാത്മാ ഗാന്ധിയെ മനസുകൊണ്ട് ആദര്‍ശവാനായി സ്വീകരിച്ച കാരണം ഗാന്ധിയുടെ ഓരോ വാക്കും പെരിയാര്‍ ദൈവ വാക്കായി കരുതിയിരുന്നു. ഉദാഹരണമായി ഖാദി വസ്ത്രം ധരിക്കാന്‍ ഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശിഷ്ട വിദേശ വസ്ത്രങ്ങള്‍ ഒന്നായി ബഹിഷ്‌കരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരെയും എണ്‍പതു വയസുള്ള അമ്മയെയും ഖാദി വസ്ത്രം ഉടുപ്പിച്ചു. പിന്നീട് പെരിയാര്‍ തമിഴ് നാട് കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായി.

അമ്പലങ്ങളുടെ പട്ടണമെന്നറിയപ്പെട്ടിരുന്ന വൈക്കത്ത് ഈഴവര്‍ക്ക് അമ്പല വഴികളില്‍ക്കൂടി നടക്കാന്‍ അനുവാദമില്ലായിരുന്നു. അതുകൊണ്ടു കോണ്‍ഗ്രസ്സ് പാര്‍ട്ടി അവിടെ സത്യാഗ്രഹം തുടങ്ങി. സമരങ്ങളുടെ വിജയത്തിനായി തമിഴ്‌നാട്ടില്‍ നിന്നും പെരിയാറിനോട് അവിടെ വരുവാനും സത്യാഗ്രഹത്തിന്റെ നേതൃത്വം എടുക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ കിട്ടി. സത്യാഗ്രഹം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്നു’. അതിനുശേഷം തെരുവുകള്‍ താണ ജാതികള്‍ക്കും തുറന്നു കൊടുത്തു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയം പെരിയാറിനെ സംബന്ധിച്ച ഒരു ചരിത്ര നേട്ടമായിരുന്നു. കോടാനുകോടി ജനങ്ങളുടെ ആരാധ്യ പുരുഷനായും അറിയപ്പെടാന്‍ തുടങ്ങി.

a41950ല്‍ ‘പൊന്മൊഴികള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. അമ്പലങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങള്‍ക്ക് യാതൊരു ദൈവികമായ ശക്തിയില്ലെന്ന പ്രചാരണങ്ങളും റാലികളും സംഘടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ പൊതുസ്ഥലങ്ങളില്‍ വിനായകന്റെ ബിംബങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങി.1958ല്‍ വര്‍ണ്ണ വിവേചനത്തിനെതിരെയും പെരിയാറിന്റെ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബ്രാഹ്മണരുടെ ഹോട്ടലുകളുടെ മുമ്പില്‍ ‘ബ്രാഹ്മണ ഹോട്ടല്‍’ എന്ന് പേരുകളുള്ള ബോര്‍ഡുകള്‍ അവര്‍ ഉയര്‍ന്ന ജാതിയെന്നു കാണിക്കാന്‍ തൂക്കിയിടാറുണ്ടായിരുന്നു. ‘ബ്രാഹ്മണ’ എന്ന പേരുള്ള ഹോട്ടലിലെ ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ പെരിയാര്‍ ആഹ്വാനം ചെയ്തു. അതുമൂലം ‘ബ്രാഹ്മണ’ എന്ന് പേരുള്ള ബോര്‍ഡുകളെല്ലാം തമിഴ്‌നാട്ടിലെ ഹോട്ടലുകളില്‍ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രാഹ്മണരുമായി ഏറ്റുമുട്ടലുകള്‍ ആരംഭിച്ചപ്പോള്‍ പെരിയാറിനെ അറസ്റ്റ് ചെയ്തു ആറു മാസം ശിക്ഷിച്ചു.

1967ല്‍ സി.എന്‍. അണ്ണാദുരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ ‘ഡി. എം. കെ.’ പാര്‍ട്ടിയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയില്‍ പോയി പെരിയാറിന്റെ ഉപദേശവും അനുഗ്രഹവും മേടിച്ച ശേഷമാണ് അണ്ണാദുരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. പെരിയാറിന്റെ വലംകൈ ആയിരുന്ന അണ്ണാദുരെ മദ്രാസ് സ്‌റ്റേറ്റിന് ‘തമിഴ്‌നാട്’ എന്ന പേര് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മൂന്നു ഭാഷകള്‍ക്ക് പകരം തമിഴും ഇംഗ്ലീഷും മാത്രം പഠിച്ചാല്‍ മതിയെന്ന നിയമം പാസ്സാക്കി.പെരിയാറിന്റെ യുക്തിവാദി ആശയങ്ങള്‍ ഉള്‍ക്കൊണ്ട അണ്ണാദുരെ, ഗവണ്മെന്റ് ഓഫിസുകളില്‍ നിന്നും ഹിന്ദു ദേവന്മാരുടെ പടങ്ങളും പ്രതിമകളും നീക്കം ചെയ്യാന്‍ സര്‍ക്കുലര്‍ കത്തുകള്‍ അയച്ചു. അണ്ണാദുരയുടെ ചീഫ് സെക്രട്ടറി ഒരു ബ്രാഹ്മണനായിരുന്നു.

a61973 ഡിസംബര്‍ ഇരുപത്തി നാലാം തിയതി മഹാനായ ചിന്തകനും ലോകം അറിയപ്പെട്ടിരുന്ന യുക്തിവാദിയും ആയ പെരിയാര്‍ മരണമടഞ്ഞു. ലക്ഷോപലക്ഷം ആരാധകരായ തമിഴരെ പെരിയാറിന്റെ വേര്‍പാട് ദുഃഖിതരാക്കിയിരുന്നു. തമിഴ്‌നാട് മുഴുവന്‍ ദുഃഖ ആചരണം പ്രഖ്യാപിക്കുകയും ഔദ്യോഗികമായി ശവസംസ്‌ക്കാര ചടങ്ങുകള്‍ സ്‌റ്റേറ്റിന്റെ ചുമതലയില്‍ നിര്‍വഹിക്കുകയും ചെയ്തു.

ശാസ്ത്രവും മതവും തമ്മില്‍ രണ്ടു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. മതത്തിന്റെ ഏറ്റവും വലിയ ശത്രു ശാസ്ത്രമാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന സാംസ്‌ക്കാരികതയുടെ ഈ യുഗം ആകാശത്തുനിന്ന് പൊട്ടി മുളച്ചതല്ല. ഓരോ സംസ്‌ക്കാരങ്ങളും ആധുനികതയുടെ വളര്‍ച്ചയും അറിവിന്റെ പരിണിതഫലമായി ഉണ്ടായതാണ്. ശാസ്ത്രത്തിന്റെ കുതിച്ചുകയറ്റം അതിനൊരു നിദാനമായിരുന്നു. വാസ്തവത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് മതം എന്നുമൊരു വിലങ്ങു തടിയായിരുന്നു. ശാസ്ത്രീയമായി ചിന്തിക്കാന്‍ മതമൊരിക്കലും നമ്മെ അനുവദിച്ചിരുന്നില്ല. മതത്തെ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു വ്യവസായ സ്ഥാപനമോ ഫാക്ടറിയോടോ ഉപമിക്കാം. അതൊരു ബിസിനസ്സ് സ്ഥാപനമല്ലെങ്കില്‍ പുരോഹിതരും മെത്രാന്മാരും രൂപത മേധാവികളും ശങ്കര മഠങ്ങളും ആശ്രമങ്ങളും ശങ്കരാചാര്യന്മാരും സായി ബാബായും കുന്നുകൂട്ടിയിട്ടിരിക്കുന്ന ഇത്രമാത്രം സ്വത്തുക്കളുടെ അധിപന്മാരായതെങ്ങനെ? തിരുപ്പതിയിലെ അമ്പലങ്ങളും വേളാങ്കണ്ണി പള്ളിയും ഓരോ മാസവും സമാഹരിക്കുന്ന സ്വര്‍ണ്ണം, വെള്ളികള്‍ക്ക് ഒരു അതിരില്ല. അതിന്റെ ഉത്തരം വളരെ ലളിതമാണ്. മതമെന്ന് പറയുന്നത് ലാഭമുണ്ടാക്കുന്ന ഒരു വ്യവസായം മാത്രം. മതവും ബ്രാഹ്മണിസവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചെറുത്തു നിന്ന ഇരുപതാം നൂറ്റാണ്ടിലെ വീരനായകനായ ഇ.വി. രാമസ്വാമി പെരിയാറെന്ന യുക്തിവാദി ചരിത്രത്തില്‍ എന്നുമെന്നും സ്ഥായിയായ ഒരു നക്ഷത്രമായി അണയാത്ത ദീപമായി ജ്വലിച്ചുകൊണ്ടിരിക്കും.

b

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “പെരിയാറും ബ്രാഹ്മണിസവും ധാര്‍മ്മിക രോഷങ്ങളും (ജോസഫ് പടന്നമാക്കല്‍)”

  1. A beautiful historic article about Mr. Periyar who fought against the religious discriminations, inequalities, and stand for freedom. This is the first time I come to know about a great man who fought against the superstitions of the upper class in India. Thanks to Mr Joseph Mathew Padannamakel to brought to light.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top