Flash News

അതിപ്രധാനമായ ഒരു ആരോഗ്യദൗത്യം

August 8, 2013 , സരിത ബ്രാറാ

iron-deficiency-300x200

ലോകത്തേറ്റവുമധികം വിളര്‍ച്ചാരോഗം കണ്ടുവരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൗമാരക്കാരില്‍ 56 ശതമാനം പെണ്‍കുട്ടികളും 30 ശതമാനം ആണ്‍കുട്ടികളും വിളര്‍ച്ച ബാധിച്ചവരാണ്. 10-നും 19-നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. മൂന്നാം ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് സുപ്രധാനമായ ഈ കണ്ടെത്തല്‍ .

 

പോഷകക്കുറവ് മൂലമുള്ള വിളര്‍ച്ച ബാധയില്‍ പകുതിയും അയണ്‍ ഡെഫിഷ്യന്‍സി മൂലമാണുണ്ടാകുന്നത്. ഭക്ഷണത്തില്‍ ഇരുമ്പിന്‍റെ അംശം വളരെക്കുറയുന്നതാണ് വിളര്‍ച്ചയ്ക്കു കാരണം. ഗര്‍ഭിണികളിലും കൊച്ചുകുട്ടികളിലും മാത്രമല്ല, കൗമാരക്കാരില്‍ പോലും ഈ അവസ്ഥ കണ്ടുവരുന്നത് കടുത്ത പോഷക ദൗര്‍ലഭ്യത്തിന്‍റെ ഫലമായാണ്.ഇന്ത്യയില്‍ 15-19 നും ഇടയില്‍ പ്രായമുള്ള അഞ്ചു കോടി കൗമാരങ്ങള്‍ വിളര്‍ച്ച ബാധിച്ചവരാണ്.

 

കൗമാരകാലത്ത് ഇരുമ്പിന്‍റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ച കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ കാര്യമായി ബാധിക്കും. ബുദ്ധിവികാസം, ശാരീരികശേഷി, ഊര്‍ജ്ജനിലവാരം, ഏകാഗ്രത, ജോലി ചെയ്യാനുള്ള കഴിവ് എന്നിവയെയും വിളര്‍ച്ച പ്രതികൂലമായി ബാധിക്കും. പെണ്‍കുട്ടികളില്‍ ഇരുമ്പിന്‍റെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുക. അവരുടെ ജീവിത ചക്രത്തെ മുഴുവന്‍ ബാധിക്കാന്‍ വിളര്‍ച്ച കാരണമാകും.ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറവുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായാല്‍,ഗര്‍ഭകാലം പൂര്‍ത്തിയാവുന്നതിനു മുമ്പ് പ്രസവം നടക്കാനും, ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുണ്ടാവാനും സാധ്യത കൂടുതലാണ്. കൗമാരപ്രായക്കാരിലെ വിളര്‍ച്ച പ്രസവത്തോടനുബന്ധിച്ചുള്ള മരണനിരക്കും കൂട്ടുന്നു. യുവതികളില്‍ പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങളില്‍ മൂന്നിലൊന്നും സംഭവിക്കുന്നത് 15-നും 24-നും ഇടയില്‍ പ്രായമുള്ളവരിലാണ്. അതിനാല്‍ അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്‍റുകള്‍ സ്ഥിരമായി കഴിക്കേണ്ടത് നിര്‍ബ്ബന്ധമാണ്. ഒപ്പം വിളര്‍ച്ച ഒഴിവാക്കാന്‍ സൂക്ഷ്മ പോഷകാംശം അടങ്ങിയ ആഹാരവും യുവതീയുവാക്കള്‍ കഴിക്കണം.

 

വിളര്‍ച്ചാരോഗത്തെ വളരെ ഗൗരവമായി കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യമൊട്ടാകെ വീക്ക്‌ലി അയണ്‍ ആന്‍റ് ഫോളിക് ആസിഡ് സപ്ലിമെന്‍റേഷന്‍ (ഡബ്ളിയു ഐഎഫ്എസ്) പരിപാടി നടപ്പിലാക്കാന്‍ നിശ്ചയിച്ചത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ പരിപാടി ആരംഭിച്ചു.

 

ഡബ്ളിയു ഐഎഫ്എസ് പരിപാടി ഇതുവരെ ഏകദേശം 13 കോടി കുട്ടികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ സ്കൂളില്‍ പോകുന്നവരും പോകാത്തവരുമുണ്ട്. ഗവണ്‍മെന്‍റ്/ എയ്ഡഡ് സ്കൂളുകള്‍ വഴിയും അംഗന്‍വാടികള്‍ വഴിയുമാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്.അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ നിര്‍ദ്ദിഷ്ട അളവില്‍ മാത്രമേ കഴിക്കാവൂ. അളവ് കൂടിയാല്‍ ഓക്കാനത്തിനും ഛര്‍ദ്ദിലിനും സാധ്യതയുണ്ട്.ഈയിടെ പൊതുജനാരോഗ്യ വിദഗ്ധര്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ അയണ്‍ ഫോളിക് ആസിഡ് ടാബ്ലറ്റുകളുടെ പാര്‍ശ്വഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.

 

ആദ്യമായി അയണ്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ അത് ദഹിക്കാന്‍ അല്‍പം പ്രയാസം നേരിടും. ഓക്കാനം വരുന്നത്അതുകൊണ്ടാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതിനുശേഷം അയണ്‍ ഗുളികകള്‍ കഴിച്ചാല്‍ ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകുന്നത് കുറയും. ഗുളികകള്‍ പതിവായി കഴിച്ചുതുടങ്ങിയാല്‍ ചെറുതായി മലബന്ധമുണ്ടാകാം. ഇതില്‍ പ്രത്യേകിച്ച് ഭയപ്പെടാനൊന്നുമില്ല. അസുഖങ്ങള്‍ വരുമ്പോഴോ ആര്‍ത്തവ കാലത്തോ അയണ്‍/വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തേണ്ടതില്ല.

 

ഡബ്ളിയു ഐഎഫ്എസ് പരിപാടി നടപ്പിലാക്കുന്ന പ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കിവരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഈ ആരോഗ്യ സുരക്ഷാ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ വേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരുകളും ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനങ്ങള്‍ ഒരുക്കണം. പരിപാടിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ഔഷധങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്താനാണിത്. ഇതുകൂടാതെ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ ഇടയ്ക്കിടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രത്യേകം തെരഞ്ഞെടുത്തിട്ടുള്ള ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.ഔഷധങ്ങള്‍ വിതരണം ചെയ്യുന്ന സ്കൂളുകളും അംഗന്‍വാടികളും മാസാമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതോടൊപ്പം മരുന്നുകള്‍ സൂക്ഷിക്കുന്നത് ശരിയായ വിധത്തിലാണെന്നും ഉറപ്പുവരുത്തുണം.ഇതിനുപുറമെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നിര്‍ദ്ദിഷ്ട പ്രായപരിധിയില്‍ പെടുന്ന കുട്ടികള്‍ക്ക് വിരശല്യം ഒഴിവാക്കുന്നതിനുള്ള ഗുളികകളും നല്‍കണം.

 

അയണ്‍, ഫോളിക് ഗുളികകള്‍ കഴിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം ഇതു കഴിക്കുന്നത് ദിവസത്തിലെ പ്രധാന ഭക്ഷണത്തിനു ശേഷമാവണം എന്നതാണ്. (ഉദാ: ഉച്ച ഊണിനു ശേഷം) ഓക്കാനം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായ കൗമാരക്കാര്‍ രാത്രഭക്ഷണത്തിനുശേഷം കിടക്കുന്നതിനു തൊട്ടുമുമ്പായി മാത്രമേ ഗുളികകള്‍ കഴിക്കാവൂ.നാരങ്ങ, നെല്ലിക്ക തുടങ്ങി വൈറ്റമിന്‍-സി കൂടുതലുള്ള ഫലങ്ങള്‍ കഴിക്കുന്നത് ഇരുമ്പിന്‍റെ അംശം സ്വാംശീകരിക്കാന്‍ ഏറെ സഹായകരമാണ്.ഇരുമ്പു പാത്രങ്ങളില്‍ പാചകം ചെയ്ത ഭക്ഷണത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതാണ്.പ്രധാന ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ പിമ്പോ ചായ, കാപ്പി മുതലായവ കുടിക്കരുത്.ആണ്‍-പെണ്‍ കുട്ടികള്‍ ശരിയായ വ്യക്തിശുചിത്വ ശീലങ്ങള്‍ അനുവര്‍ത്തിക്കുകയും വിരബാധ തടയുന്നതിനായി ചെരുപ്പുപയോഗിക്കുന്നത് ശീലമാക്കുകയും ചെയ്യണം.

 

ഡബ്ളിയു ഐഎഫ്എസ് പരിപാടികള്‍ നടപ്പില്‍ വരുത്തുന്ന അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കേണ്ട ശരിയായ രീതിയെക്കുറിച്ച് ഇവര്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി ഫലപ്രദമായി നടപ്പില്‍ വരുന്നുണ്ടെന്ന് ബന്ധപ്പെട്ട എല്ലാവരും ഉറപ്പുവരുത്തണം.

 

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുമ്പ് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇപ്പോഴും ഉപയോഗിച്ചുവരുന്നത് ഫെറസ് സള്‍ഫേറ്റ് പ്രിപ്പറേഷനുകളാണ്. യുവതികള്‍ക്ക് ആഴ്ചതോറും അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കുന്ന രീതി പല രാജ്യങ്ങളും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. (കംബോഡിയ, ഈജിപ്റ്റ്, ലാവോസ്, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍)അയണ്‍ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗം ആഴ്ചതോറുമുള്ള അയണ്‍ ഫോളിക് ആസിഡ് സപ്ലിമെന്‍റേഷന്‍ ആണ്. ഈ പരിപാടി വിജയകരമാണെന്ന് പരീക്ഷിച്ചറിഞ്ഞിട്ടുണ്ടെന്ന് ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്‍റെ അഡീഷണല്‍ സെക്രട്ടറി ശ്രീമതി. അനുരാധ ഗുപ്ത പറയുന്നു.തീരെ ചെറിയ ശതമാനം കൗമാരക്കാരില്‍ ഉണ്ടായ നേരിയ പാര്‍ശ്വ ഫലങ്ങള്‍ അതിപ്രധാനമായ ഈ ആരോഗ്യദൗത്യം നടപ്പാക്കുന്നതിന് തടസ്സമാവരുതെന്നും ശ്രീമതി. ഗുപ്ത പറഞ്ഞു.എന്തായാലും ഈ പരിപാടിയെപ്പറ്റി വ്യാപകമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.ഡബ്ളിയു ഐഎഫ്എസ് ഫലപ്രദമായി നടപ്പിലാക്കി രാജ്യത്തെ കൗമാരക്കാരെ അയണ്‍ ദൗര്‍ലഭ്യത്തില്‍ നിന്നു മോചിപ്പിച്ച് അവരുടെ ശാരീരിക ക്ഷമത സംരംക്ഷിക്കുക എന്നത് രാജ്യത്തിന്‍റെയാകെ ഉത്തരവാദിത്തമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top