Flash News

വിരിയട്ടേ സൗഹൃദപ്പൂക്കള്‍ (എഡിറ്റോറിയല്‍)

September 28, 2017

sulthan-bin-muhammed-alqasimi2ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം ഒരു ചരിത്ര നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. ഒരു വിദേശ രാഷ്ട്രത്തലവനെന്നതിലുപരി അദ്ദേഹത്തിന്റെ വരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കു നല്‍കുന്ന സ്നേഹവും കരുതലുമാണ് മലയാളികള്‍ അദ്ദേഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പല മതങ്ങളിലും ജാതിയിലും രാഷ്ട്രീയത്തിലും ഭിന്ന സംസ്കാരങ്ങളിലും വളര്‍ന്ന മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ജീവനോപാധി നല്‍കുന്ന ഒരു രാജ്യത്തിന്‍റെ സാരഥി എന്ന നിലയിലാണ് കേരളീയര്‍ ഷാര്‍ജ ഭരണാധികാരിയെ കാണുന്നതും ആദരിക്കുന്നതും.

ഏഴ് എമിറേറ്റുകളായി ഭിന്നിച്ചു നിന്ന ഒരു ഭൂപ്രദേശം, നാല്‍പ്പത്താറു വര്‍ഷം മുന്‍പാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ ഐക്യപ്പെട്ടത്. അതിലെ ശക്തമായ സാന്നിധ്യമാണ് ഷാര്‍ജ. യുഎഇ എന്ന രാജ്യത്തിന്‍റെ സാസ്കാരിക തലസ്ഥാനം. യുഎഇയിലെ പുരാതനവും വൈവിധ്യമാര്‍ന്നതുമായ എമിറേറ്റാണത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഈ മേഖലയുമായി കേരളത്തിനു വാണിജ്യ ബന്ധങ്ങളുണ്ട്. ഐക്യ യുഎഇ രൂപപ്പെട്ടശേഷം, ആ രാജ്യത്തിന്‍റെ ഇന്നു കാണുന്ന പ്രൗഢിയുടെയും സമൃദ്ധിയുടെയും പിന്നില്‍ ലക്ഷക്കണക്കിനു മലയാളികളുടെ വിയര്‍പ്പുണ്ട്. മണലാരണ്യത്തില്‍ നിന്ന് ഇന്നത്തെ യുഎഇയെ പടുത്തുയര്‍ത്തിയതിന്‍റെ പ്രതിഫലമാണ് ഓരോ വര്‍ഷവും അവിടെനിന്ന് മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന ഏതാണ്ട് ഒരു ലക്ഷത്തോളം കോടി രൂപ.

എന്നാല്‍, ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നു എന്ന ആശങ്കയിലാണ് മലയാളികള്‍. പ്രാദേശിക തൊഴില്‍വാദവും താരതമ്യേന കുറഞ്ഞ വേതനവും, കുറയുന്ന തൊഴിലവസരങ്ങളും സാമ്പത്തിക മാന്ദ്യവുമൊക്കെ ചേര്‍ന്ന് പഴയ പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗള്‍ഫ് മലയാളികള്‍. അവര്‍ക്കും ഷാര്‍ജയിലെ തദ്ദേശവാസികള്‍ക്കും വളരെക്കൂടുതല്‍ പ്രയോജനം ചെയ്തേക്കാവുന്ന നിരവധി പദ്ധതികളും നിര്‍ദേശങ്ങളുമാണ് കേരളത്തിലെത്തിയ അല്‍ ഖാസിമിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം മുന്നോട്ടു വച്ചത്.

യുഎഇയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നതു ഷാര്‍ജയിലാണ്. മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ഏറെ ദൂരം സഞ്ചരിച്ച് ഷാര്‍ജയിലെത്തി രാത്രി തങ്ങുന്നതു സുരക്ഷിതത്വം മാത്രം നോക്കിയല്ല. താരതമ്യേന കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ലഭിക്കുമെന്നതാണു മുഖ്യകാരണം. ഈ സാധ്യത മുന്‍നിര്‍ത്തി, ഷാര്‍ജയില്‍ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹകരണത്തോടെ ഷാര്‍ജ ഫാമിലി സിറ്റി എന്ന പേരില്‍ വലിയ പാര്‍പ്പിട സമുച്ചയമാണു കേരളം മുന്നോട്ടു വയ്ക്കുന്ന വലിയ പദ്ധതി. പത്ത് ഏക്കര്‍ സ്ഥലത്ത് ഉയരം കൂടിയ പത്ത് അപ്പാര്‍ട്ട്മെന്‍റുകളും കേരളം വിഭാവന ചെയ്യുന്നു. ഇതു സാധ്യമായാല്‍, ഡോര്‍മെട്രികളിലും സുരക്ഷിതമല്ലാത്ത വെളിസ്ഥലങ്ങളിലുമൊക്കെ അന്തിയുറങ്ങുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു പ്രയോജനം ചെയ്യും.

ചികിത്സച്ചെലവാണ് ഗള്‍ഫില്‍ താങ്ങാന്‍ കഴിയാത്ത മറ്റൊരിനം. അല്‍പ്പവരുമാനക്കാരായ മലയാളികള്‍ ചെറിയ രോഗങ്ങള്‍ക്കു പോലും നാട്ടിലേക്കു വരേണ്ട അവസ്ഥയുണ്ട്. ഷാര്‍ജ ഫാമിലി സിറ്റി ആസ്ഥാനമായി മികച്ച ആശുപത്രികള്‍ സ്ഥാപിച്ച് കേരളത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്റ്റര്‍മാരെയും ജീവനക്കാരെയും എത്തിച്ചു കുറഞ്ഞ ചെലവില്‍ ചികിത്സ സാധ്യമാക്കുന്ന പദ്ധതിയും ഷാര്‍ജ ഭരണാധികാരിക്കു മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ത്തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളെജുകളും സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാനും ആലോചിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണു ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്‍റെയും ഷാര്‍ജയുടെയും സംയുക്ത സംരംഭമായി വേറെയും ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഷാര്‍ജ ഭരണാധികാരിയുടെ അനുവാദവും പ്രവാസി മലയാളികളുടെ സഹകരണവും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയുമുണ്ടെങ്കില്‍, ഗള്‍ഫ് സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെല്ലാം വലിയ അളവില്‍ അതിജീവിക്കാന്‍ കഴിയും. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം അതിനുള്ള ഉത്പ്രേരകമാവട്ടെ എന്ന് ആശിക്കാം.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top