Flash News

വടി കൊടുത്ത് അടി വാങ്ങി നാണം കെടുന്ന പാക്കിസ്ഥാന്‍ (എഡിറ്റോറിയല്‍)

September 25, 2017

maleeha-lodhi_650x400_81506252456 (1)ഇന്ത്യക്കെതിരേ അടിക്കാന്‍ കിട്ടുന്ന ഒരു വടിയും പാക്കിസ്ഥാന്‍ പാഴാക്കാറില്ല. പക്ഷേ, അവര്‍ വെട്ടുന്ന വടിയുടെ അടി വാങ്ങുന്നതും അവര്‍ തന്നെ. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക് പ്രതിനിധി മലീഹ ലോധിക്കു പറ്റിയ വിഡ്ഢിത്തം.

കശ്മീരിലെ മുസ്‌ലിംകള്‍ ഇന്ത്യന്‍ സേനയുടെ പീഡനത്തിനും ആക്രമണത്തിനും ഇരയാകുന്നു എന്നായിരുന്നു ലോധിയുടെ പ്രധാന ആരോപണം. ഇന്ത്യക്കെതിരേ മാത്രമല്ല, ലോകത്തിനു മൊത്തത്തില്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളെ വളര്‍ത്തുന്ന ഭീകരസ്ഥാനാണു പാക്കിസ്ഥാന്‍ എന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു, പാക് നയതന്ത്ര പ്രതിനിധി. തന്‍റെ ആരോപണത്തിനു മൂര്‍ച്ച കൂട്ടാന്‍ കശ്മീരില്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തില്‍ മുഖം തകര്‍ന്ന ഒരു യുവതിയുടെ ചിത്രവും അവര്‍ ഉയര്‍ത്തിക്കാട്ടി.

കശ്മീരിലെ നിരപരാധികളായ മുസ്‌ലിംകളെ ഇന്ത്യന്‍ സേന വേട്ടയാടുകയാണെന്നും ഇന്ത്യയുടെ നടപടി അപലപിക്കണമെന്നുമായിരുന്നു ലോധിയുടെ ആവശ്യം. എന്നാല്‍, ഇന്ത്യക്കെതിരേ അവര്‍ ആയുധമാക്കിയ ചിത്രം, 2014ല്‍ ഗാസയില്‍ ഭീകരര്‍ വര്‍ഷിച്ച ഷെല്ലു പതിച്ചു മുഖം നഷ്ടപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയുടേതായിരുന്നു. ഇന്ത്യക്കെതിരേ ലോധി ഉയര്‍ത്തിക്കാണിച്ച ഈ ചിത്രം ഇപ്പോള്‍ ആഗോള മാധ്യമങ്ങള്‍ പാക്കിസ്ഥാന്‍റെ കള്ളത്തരങ്ങള്‍ക്കുള്ള തെളിവായി ആഘോഷിക്കുകയാണ്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഈ സംസ്ഥാനത്തെ ജനങ്ങളാണ്. പാക്കിസ്ഥാനില്‍ നിന്നടക്കം വലിയ തോതില്‍ ഭീഷണി ഉയര്‍ന്നിട്ടും കശ്മീര്‍ നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും ചിട്ടയോടെ ക്യൂ പാലിച്ചു നിന്നാണ് കശ്മീരികള്‍ വോട്ട് രേഖപ്പെടുത്തുന്നത്. പാക്കിസ്ഥാനിലെപ്പോലെ പട്ടാളഭരണകൂടങ്ങളല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കു കീഴിലാണു കശ്മീരികള്‍ ജീവിക്കുന്നത്.

ആഗോളതലത്തില്‍ത്തന്നെ ഭീഷണിയായ ഭീകരര്‍ക്ക് ആളും അര്‍ഥവും നല്‍കി, കശ്മീരിലേക്കു കടത്തിവിട്ട് ജനജീവിതം അട്ടിമറിക്കുന്ന പാക്കിസ്ഥാന്‍റെ ചെയ്തികളെ ബാലറ്റിലൂടെയാണു കശ്മീരികള്‍ ചെറുക്കുന്നത്. അവരുടെ മധ്യസ്ഥത ചമഞ്ഞ് ഇന്ത്യയുടെ സമാധാനം കെടുത്തുന്ന പാക്കിസ്ഥാന്‍റെ യഥാര്‍ഥ ചിത്രമാണ് സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ ചൂണ്ടിക്കാട്ടിയത്. അതിനു മറുപടി പറയാന്‍ വ്യാജ ചിത്രവുമായി വന്ന പാക് പ്രതിനിധി സ്വയം നാണം കെടുകയായിരുന്നു.

പാക്കിസ്ഥാന്‍ ഭീകരസംഘടനകള്‍ക്കു വളം വയ്ക്കുകയാണെന്ന വാദം ഇന്ത്യയുടേതു മാത്രമല്ല. പാക്കിസ്ഥാനു സൈനിക സഹായം വരെ നല്‍കിയിരുന്ന യുഎസ് അടക്കം സുഹൃത്തുക്കള്‍ എങ്ങനെയാണു നഷ്ടപ്പെട്ടതെന്ന് ലോധി ആലോചിക്കണം. ഒട്ടും സുരക്ഷിതമല്ലാത്ത കൈകളിലാണ് പാക്കിസ്ഥാന്‍റെ ആണവ പരീക്ഷണം എന്നായിരുന്നു യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് അഭയമൊരുക്കുന്നു എന്നും പാക്കിസ്ഥാനു നല്‍കിവരുന്ന എല്ലാ സഹായങ്ങളും റദ്ദാക്കുന്നു എന്നും പറഞ്ഞത് ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും.

പാക്കിസ്ഥാന്‍റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് അല്‍പ്പമെങ്കിലും പിന്തുണ നല്‍കുന്നതു ചൈന മാത്രമാണ്. അതും ചൈനയുടെ താത്കാലികാവശ്യങ്ങള്‍ക്കു വേണ്ടി. അതെല്ലാം മറന്ന് അന്ധമായ ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ഇനിയും പാക്കിസ്ഥാന്‍ മുന്നോട്ടുവന്നാല്‍ സ്വയം നാണംകെടുകയേ ഉള്ളൂ. അതാണിപ്പോള്‍ യുഎന്നില്‍ കണ്ടതും.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top