Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം വര്‍ഗീയവത്ക്കരിച്ചെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ്   ****    കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം   ****    കോവിഡ്-19-നെ നിയന്ത്രിക്കാനാകാതെ ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 9851 പേര്‍ക്ക് രോഗബാധ, ഇറ്റലിയേയും കടത്തിവെട്ടുമെന്ന് വിദഗ്ധര്‍   ****    കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള്‍ മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി   ****    മണ്ണില്‍ പൊന്ന് വിളയിക്കാനൊരുങ്ങി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍   ****   

ഏത് ദൈവത്തെയാണ് ഇഷ്ടം? (പ്രതികരണം) : ജയന്‍ വര്‍ഗീസ്

October 1, 2017 , ജയന്‍ വര്‍ഗീസ്

human gods bannerമാനുഷിക മൂല്യങ്ങളിലും, ധര്‍മ്മബോധത്തിലും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു ഒരിക്കല്‍ കേരളം. മകരക്കുളിരും, മാമ്പൂ മണവും നിറഞ്ഞു നിന്ന നനുത്ത കാലാവസ്ഥ. തെങ്ങും, ചെങ്കദളിയും, തേന്മാവും, ചെമ്പകവും കുലച്ചു നിന്ന പറമ്പുകള്‍. വയല്‍ വരമ്പിലെ കൈതപ്പൂ മണവും, ചെറു തോടുകളിലെ പരല്‍മീന്‍ പരപ്പും ഒരിക്കല്‍ കേരളത്തിന്റെ മുഖമുദ്രയായിരുന്നു. ദിവസവും കുളിച്ചു ശുഭ്ര വസ്ത്രധാരികളായി, ശുദ്ധമനസ്സ് സൂക്ഷിച്ചിരുന്ന മനുഷ്യര്‍. അല്പം വൈകിയാണെങ്കിലും ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന അന്വര്‍ത്ഥമായ നാമധേയം ചാര്‍ത്തപ്പെട്ട നാട്!

ഈ ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ‘ചെകുത്താന്റെ നാട് ‘ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പേര് കേരളത്തില്‍ ജനിച്ച ആര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എങ്കില്‍ നമുക്കിതിനെ ‘അടിപൊളിയുടെ നാട് ‘ എന്ന് തിരുത്താം. യഥാര്‍ത്ഥത്തില്‍ ചെകുത്താന്റെ പ്രവര്‍ത്തന മേഖലയാണ് ‘അടിപൊളി’ എന്ന സത്യം വിവരമുള്ളവര്‍ക്ക് മനസ്സില്‍ സൂക്ഷിക്കാം. വിവരദോഷത്തിന്റെ ആള്‍ ദൈവങ്ങളായി, പ്രതികരണ ശേഷിയുടെ വാരിയുടക്കപ്പെട്ട പൊതു സമൂഹത്തിലെ മഹാ ഭൂരിപക്ഷത്തിനായി നമുക്കീ പേര് സമര്‍പ്പിക്കാം: ‘കേരളം അടിപൊളിയുടെ നാട്.’ ഫലത്തില്‍ ചെകുത്താന്റെ സ്വന്തം നാട് തന്നെ!

ഈ അടിപൊളിയുടെ മൊത്തക്കച്ചവടക്കാരും, മൊത്ത വിതരണക്കാരുമാണ് ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള ചാനലുകള്‍. മദ്യത്തിന്റെയും, സ്വര്‍ണത്തിന്റെയും ക്രൂര ദൃംഷ്ടങ്ങള്‍ കൊണ്ട് സമൂഹ ഗാത്രത്തിന്റെ ചുടുചോരയൂറ്റുന്ന മാഫിയകള്‍ക്ക് വേണ്ടി ജനസാമാന്യത്തെ അവര്‍ അടിച്ചുപൊളിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിനുള്ള ഉപാധികള്‍ കലയായും, കച്ചവടമായും ഇവര്‍ ഇറക്കിക്കൊടുക്കുന്നു.

ഈ ചാനലുകളുടെ മുഖ്യ അവതാരകരും, സെലിബ്രിറ്റികളുമായി എത്തുന്ന കുറെ വമ്പന്മാരുണ്ട്. ഈ വമ്പന്മാര്‍ തങ്ങളുടെ ഇരകളോട് പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : ‘ഏത് ദൈവത്തെയാണ് ഇഷ്ടം?’ കൃഷ്ണനെന്നും, മൂകാംബികയെന്നും, ഗുരുവായൂരപ്പനെന്നും, ആറ്റുകാലമ്മയെന്നും, വേളാങ്കണ്ണി മാതാവെന്നും ഒക്കെ ഉത്തരം. ( ഇര പിടിക്കുന്ന പൂച്ചകള്‍, തിന്നുന്നതിനു മുന്‍പ് തങ്ങളുടെ ഇരകളോടൊത്ത് കുറച്ചു നേരമൊക്കെ തട്ടിക്കളിക്കാറുണ്ടല്ലോ? അതാണല്ലോ ‘ശാര്‍ദ്ദൂല വിക്രീഡിതം’).

ചിന്താശക്തിയുടെ വരിയുടക്കപ്പെട്ട് , പ്രതികരണ ശേഷി വന്ധീകരിച്ച പ്രേക്ഷക സമൂഹത്തിലെ കുറേപ്പേര്‍ ഇത് കേട്ട് കൂത്തിലെ തോല്‍പ്പാവകളെപ്പോലെ വെറുതേ കൈയ്യടിക്കുന്നു. ഈ കൈയടിക്കലിനും, ലൈവ് പ്രോഗ്രാമുകളില്‍ ഒന്ന് മുഖം കാണിക്കാനുമായി മലയാളി അമേരിക്കന്‍ മോന്തകാട്ടി അച്ചായന്മാരുടെ ഒരു വലിയ നിര തന്നെ ചാനലുകള്‍ക്ക് മുന്‍പിലെ വലിയ ‘ക്യു ‘ വിലുണ്ടെന്നാണ് കേള്‍വി. കാശിറക്കിയും, കാലു നക്കിയും ഈ നിര്‍ഗുണ പ്രേക്ഷക വൃന്ദത്തില്‍ ഇടം നേടിയ ചിലരെങ്കിലും തിരിച്ചു വന്ന് നമ്മുടെ മുഖത്തേക്കൊരു ചോദ്യമെറിയും: “എന്നെക്കണ്ടില്ല? ഞാനുണ്ടായിരുന്നല്ലോ ആ ഇടത്തേ നിരയുടെ മൂന്നാം സീറ്റില്‍?” പള്ളിപ്പരിപാടികളുടെ ഇടനാഴികളില്‍ ഭാര്യമാര്‍ ചിലച്ചുകൊണ്ട് നടക്കും: ” അച്ചായനെ കണ്ടില്ലേ ചാനലില്‍? എന്റെ പൊന്നേ ഒന്ന് കാണണ്ടതായിരുന്നേ ; അച്ചായനാണെന്ന് തോന്നത്തേയില്ലാടി.”

കണ്ടു എന്ന് പറയുന്നതാവും ബുദ്ധി. മധുരം നുണഞ്ഞവന്റെ ഭാവത്തോടെ ഒരു പുഞ്ചിരിയെങ്കിലും കിട്ടും. കണ്ടില്ലെന്നാണെങ്കില്‍, പുളി കുടിച്ച പുച്ഛത്തോടെ ഒരു വക്രിപ്പ്. ഇവനെവിടെക്കിടന്ന കോത്താഴത്തു കാരന്‍ കൊച്ചു വര്‍ക്കിയാണെടാ? പോഴന്‍ !

‘ഏതു ദൈവത്തെ ആണ് ഇഷ്ടം’ എന്ന മണ്ടന്‍ ചോദ്യവുമായി ജനസാമാന്യത്തിന്റെ നെഞ്ചിലേക്ക് നിരന്തരം, നിര്‍ഭയം ഇടിച്ചിറങ്ങുന്ന ഈ ചാനലുകള്‍ക്ക് സത്യത്തിന്റെ നേര്‍ക്കാഴ്ചയുണ്ടെങ്കില്‍ ഒരു ചോദ്യം:

എത്ര ദൈവമുണ്ട്?

ഭൂമിയും, സൂര്യനും, നക്ഷത്ര പഥങ്ങളും മാത്രമല്ല, നാം കാണുന്നതും, കാണപ്പെടാത്തതും, അറിയുന്നതും, അറിയപ്പെടാത്തതുമായ സര്‍വസ്വവും ഉള്‍ക്കൊള്ളുന്ന ഈ മഹാപ്രപഞ്ചം നിങ്ങള്‍ പേരിട്ടു വിളിക്കുന്ന ദൈവങ്ങളില്‍ ആരുടെ സൃഷ്ടിയാണ്? അല്ലങ്കില്‍, ഒന്നോ, രണ്ടോ, മൂന്നോ പഞ്ചവത്സര പദ്ധതികളിലായി സര്‍വ ദൈവങ്ങളും കൂടി കല്ല് ചുമന്നും, മണ്ണ് കുഴച്ചും സൃഷ്ടിച്ചു വച്ചതാണോ ഈ പ്രപഞ്ചം? പ്രൈവറ്റ് ലിമിറ്റഡ് ആശ്രമങ്ങളില്‍, സ്വന്തം അസ്തിത്വ വേദനക്ക് അറുതി തേടിയെത്തുന്ന അമേരിക്കക്കാരനെയും, ആസ്‌ട്രേലിയക്കാരനെയും അറിഞ്ഞു പുണര്‍ന്ന് ആശ്വാസമേകുന്ന ആള്‍ ദൈവങ്ങള്‍ക്കുമുണ്ടോ ഈ പഞ്ചവത്സര പദ്ധതിയില്‍ പങ്ക് ?

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലേക്കടുക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണക്കണ്ണുകള്‍ നൂറു ബില്യണ്‍ നക്ഷത്ര പഥങ്ങള്‍ (ഗാലക്‌സികള്‍) കണ്ടെത്തിക്കഴിഞ്ഞു എന്ന അവകാശ വാദവുമായി നില്‍ക്കുമ്പോള്‍ത്തന്നെ, ആകെയുള്ളതിന്റെ അഞ്ചു ശതമാനം പോലും കണ്ടെത്താനായിട്ടില്ല എന്ന സങ്കടവുമായി ഒരു ശാസ്ത്ര മാഗസിന്‍ അടുത്തയിടെ പുറത്തിറങ്ങുകയുണ്ടായി! ഈ നൂറു ബില്യണ്‍ ഗാലക്‌സികളില്‍ കേവലമൊന്നു മാത്രമായ നമ്മുടെ ക്ഷീര പഥത്തിലെ (മില്‍ക്കീ വേ) കോടാനുകോടി നക്ഷത്രങ്ങളിലെ ഒരു കൊച്ചു പയ്യന്‍ മാത്രമാണ് നമ്മുടെ സൂര്യന്‍. ഈ സൂര്യന്റെ കുഞ്ഞു കുട്ടി പാരാധീനങ്ങളായ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, കുള്ളന്‍ ഗ്രഹങ്ങളും, വാല്‍ നക്ഷത്രങ്ങളും, ഉള്‍ക്കകളും, പൊടിപടലങ്ങളും എല്ലാം കൂടിയ സൗരയൂഥത്തിലെ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയിലെ ഒരു പൊടിപോലുമല്ലാത്ത ഈ രണ്ടു കാലന്‍ ജീവികളാണോ ദൈവങ്ങള്‍? അതും ഘടാ ഘടിയന്മാരായ ആള്‍ ദൈവങ്ങള്‍?

അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും കാലൂന്നി നിന്ന ഒരു ജനതയാണ് നമ്മുടേത്, ചാതുര്‍വര്‍ണ്യ സംസ്കൃതിയുടെ ഉപ ഉല്പന്നങ്ങളായി പിറന്നു വീണ ഈ പന്ഥാവിലൂടെ സഞ്ചരിച്ച മേലാളന്മാര്‍ ധനവും, മാനവും കൊയ്‌തെടുത്തു. ഇരയും, ഇണയും കൊയ്‌തെടുത്തു.( ഫ്രീ ഫുഡ് ആന്‍ഡ് ഫ്രീ സെക്‌സ് ). ഈ സംവിധാനത്തിനെതിരെയുള്ള ഏതൊരു വെല്ലുവിളിയെയും എന്നും അവര്‍ അടിച്ചമര്‍ത്തി. എങ്കിലും, ദിശാവബോധമുള്ള വിപ്ലവകാരികള്‍ക്ക് അവരുടെ കോട്ടകളില്‍ വിള്ളലുകള്‍ വീഴ്ത്തുവാന്‍ കഴിഞ്ഞു. കാലപ്രവാഹത്തില്‍ ഈ വിള്ളലുകളുടെ എണ്ണവും, ആഴവും കൂടുകയും, അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പല വന്മതിലുകളും ഇടിഞ്ഞു വീഴുകയും ചെയ്തു! കാലം കുതിക്കുകയാണ്; ഒപ്പം നമ്മളുമുണ്ട്. പരിവര്‍ത്തനത്തിന്റെ പാതയിലെ വര്‍ത്തമാനാവസ്ഥയില്‍ നാം ജീവിച്ചു കൊണ്ടേയിരിക്കുന്നു!!

ഏതൊരു ജീവിയുടെയും നിലനില്പ് അതിന്റെ സ്വന്തം ഇഷ്ടത്താല്‍ മാത്രമല്ല സംഭവിക്കുന്നത്. കര്‍ട്ടനു പിന്നിലെ പ്രോംപ്റ്ററുടെ സഹായത്തോടെയാണ് അത് ജീവിതാഭിനയം പൂര്‍ത്തിയാക്കുന്നത് എന്ന് അതിനറിയാം. ഈ പ്രോംപ്റ്ററോട് ഒരു വിധേയത്വം, ഒരു കമ്മിറ്റ്‌മെന്റ് അതിനുണ്ട്; ഉണ്ടാവണം. ആരാണ് തനിക്കുവേണ്ടി ഇത് ചെയ്യുന്നത് എന്ന സന്ദേഹം അയാളെ കണ്ടെത്തുവാനുള്ള ഒരു ത്വര അതില്‍ ഉണര്‍ത്തുന്നു? വിശേഷ ബുദ്ധിയുള്ള മനുഷ്യന്റെ ഈ ത്വര കാലാകാലങ്ങളില്‍ കണ്ടെത്തിയ ഉത്തരങ്ങളാണ്, ആയിരക്കണക്കായ വാള്യങ്ങളില്‍ എഴുതപ്പെട്ട മത സിദ്ധാന്ത ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങള്‍ക്കൊന്നിനും എന്താണ് ദൈവം; ആരാണ് ദൈവം എന്ന ചോദ്യങ്ങള്‍ക്ക് ഇന്നും പൂര്‍ണമായി ഉത്തരം കണ്ടെത്താനായിട്ടില്ലാ. എന്തുകൊണ്ടെന്നാല്‍, ഇതെല്ലാം അപൂര്‍ണ്ണനായ മനുഷ്യന്റെ പ്രവര്‍ത്തികളാകയാല്‍, അവയെല്ലാം അപൂര്‍ണ്ണമായിത്തന്നെ എക്കാലവും നിലനില്‍ക്കും.?അല്ലെങ്കില്‍ത്തന്നെ നിസ്സഹഹായനും,നിരാവലംബനുമായ ഈ പാവം മനുഷ്യന്റ കൊച്ചുബുദ്ധിക്ക് രൂപം കൊടുക്കുവാനാകുന്ന കൊച്ചു ചിന്തയില്‍ അണ്ഡകടാഹത്തിന്റെ അനിഷേദ്ധ്യ സമസ്യയെ ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുന്നത് എത്ര ബാലിശം,?

മീഡിയകള്‍ വിനോദ ഉപാധി മാത്രമല്ല, സാമൂഹ്യാവസ്ഥയുടെ കണ്ണും, കരളും, കാതുമാണ്; ആയിരിക്കണം. സമൂഹ ഗാത്രത്തിലെ അധികപ്പറ്റുകള്‍ ചെത്തുവാനും, ഛേദിക്കുവാനുമുള്ള മൂര്‍ച്ചയും അതിനുണ്ടാവണം. ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യ രാശിയുടെ സ്വപ്നത്തിന്മേല്‍ മുത്തം ചാര്‍ത്തുവാന്‍ അതിന് സാധിക്കണം. ഈ വായനയിലാണ്, ‘ ഏതു ദൈവത്തെയാണിഷ്ടം ?’എന്ന ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങളിലൂടെ ആയിരക്കണക്കിന് ദൈവങ്ങളും, അവരുടെ ഉപ ദൈവങ്ങളും, ഭാര്യാദൈവങ്ങളും, അമ്മാവിയച്ഛന്‍ , അമ്മാവിയമ്മ ദൈവങ്ങളും, ആള്‍ദൈവങ്ങളും എല്ലാം കൂടിയുള്ള ദൈവങ്ങളുടെ ഒരു പരസ്പര സഹായ സഹകരണ സംഘത്തിലേക്ക് ആളെ ചേര്‍ക്കുവാനുള്ള തറ വേലത്തരങ്ങളാണ് നിരന്തരം, നിര്‍ഭയം ചാനലുകള്‍ ജന ഹൃദയങ്ങളില്‍ ഇടിച്ചിറക്കിക്കൊണ്ടിരിക്കുന്നത്

നിങ്ങള്‍ പേരിട്ടു വിളിക്കുന്ന ദൈവങ്ങളില്‍ പലരും ജീവിച്ചിരുന്നവര്‍ പോലുമല്ല. കാലാതിവര്‍ത്തികളായ എഴുത്തുകാരുടെ ഭാവനാ സൃഷ്ടികള്‍ മാത്രമാണവര്‍. ഈ കഥാപാത്രങ്ങള്‍ സാക്ഷാല്‍ ദൈവത്തിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നതിനുള്ള പാലങ്ങളായി വര്‍ത്തിക്കണമെന്നേ എഴുത്തുകാര്‍ ഉദ്ദേശിച്ചുള്ളൂ. ഇവര്‍ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളായി മാറിയത് പില്‍ക്കാല സംഭവപരമ്പരകള്‍. ഗോത്ര സംസ്കൃതിയുടെ ഈ ഉല്‍പ്പന്നം നൂറ്റാണ്ടുകള്‍ താണ്ടി നമ്മുടെ വര്‍ത്തമാനാവസ്ഥയില്‍ വരെ എത്തി നില്‍ക്കുന്നത് ചരിത്ര സത്യം. അതുകൊണ്ടുതന്നെ അതിനെ തള്ളിപ്പറയുന്നതില്‍ അര്‍ത്ഥമില്ല. ദൈവാരാധനക്കുള്ള ചവിട്ടു പടികളാവേണ്ട ഈ പാത്രങ്ങളെ ദൈവങ്ങളാക്കി ആരാധിക്കുന്നതാണ് പ്രശ്‌നം? വിഗ്രഹങ്ങള്‍ക്ക് മുന്നിലെരിയുന്ന
സാമ്പ്രാണികളെ വിഗ്രഹങ്ങളാക്കുന്നത് ശരിയല്ല. ഇത് മാറണം.

സ്ഥൂലാവസ്ഥയിലുള്ള നിന്റെ ശരീരം നിര്‍മ്മിച്ചിട്ടുള്ളത് സ്ഥൂലാവസ്ഥയിലുള്ള പ്രപഞ്ച വസ്തുക്കള്‍ ഉപയോഗിച്ചിട്ടാണ്. പദാര്‍ത്ഥങ്ങളുടെ ഘടനാ വിഘടനാ പ്രിക്രിയയിലെ വര്‍ത്തമാനാവസ്ഥയാണ് പ്രപഞ്ചമെങ്കില്‍, നീയും പ്രപഞ്ച ഭാഗമാണ്; പ്രപഞ്ചം തന്നെയാണ്. പന്ത്രണ്ട് ഘനയടിയില്‍ ഒതുങ്ങുന്ന നീയെന്ന പ്രപഞ്ച ഖണ്ഡത്തിന് പ്രവര്‍ത്തിക്കാന്‍ സൂഷ്മാവസ്ഥയില്‍ നിന്നില്‍ നിറഞ്ഞിരിക്കുന്ന ആത്മശക്തി (വൈറ്റല്‍ പൗവ്വര്‍) ആവശ്യമാണ്. ഈ വൈറ്റല്‍ പവ്വറിനെ ജീവന്‍ എന്നോ, ആത്മാവ് എന്നോ, മനസ് എന്നോ , ബുദ്ധി എന്നോ ഒക്കെ നിനക്ക് വിളിക്കാം. നീ ഒരു ആനയെ വരക്കാന്‍ ആഗ്രഹിക്കുമ്പോള്‍, നിന്റെ മനസ്സില്‍ അഥവാ ആത്മാവില്‍ ആ ആന രൂപം പ്രാപിച്ചു കഴിഞ്ഞു. പിന്നീട്, ശരീരാവയവങ്ങള്‍ എന്ന ടൂളുകള്‍ ഉപയോഗിച്ച് ആത്മാവ് ആ ആനയെ നിന്നില്‍ നിന്ന് പറിച്ചു നടുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍, നിന്റെ സ്ഥൂലത്തില്‍ ഒളിഞ്ഞിരുന്ന് അതിനെ നിയന്ത്രിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന യദാര്‍ത്ഥ ഉടമസ്ഥന്‍ ഈ സൂക്ഷ്മം തന്നെയല്ലേ? കേവലമായ പന്ത്രണ്ട് ഘനയടിയില്‍ ഒതുങ്ങുന്ന നീയെന്ന പ്രപഞ്ചത്തില്‍ ഈ സൂക്ഷ്മം ഇത്രക്ക് സജീവമാണെങ്കില്‍, അനന്തവും, അജ്ഞാതവും, അഗമ്യവും അനിഷേധ്യവുമായ സത്യപ്രപഞ്ചത്തില്‍ ഈ സൂക്ഷ്മം എത്രമേല്‍ പവ്വര്‍ ഫുള്‍ ആയിരിക്കും? സര്‍വ ശക്തനായിരിക്കും? ആള്‍മൈറ്റി ആയിരിക്കും??

നിസ്സാരനായ കേവല മനുഷ്യന്റെ ചിന്തക്ക് ഇതൊന്നും പെട്ടന്ന് ദഹിക്കുകയില്ലാ എന്ന് മനസ്സിലാക്കിയിട്ടാവണം, ആദി ശങ്കരന്‍ പറഞ്ഞത്: ” അജ്ഞനായ മനുഷ്യന്റെ മുന്നില്‍ വിഗ്രഹം ഒരു മാധ്യമമാണ്; അത് തകര്‍ക്കരുത്. അവന്‍ വിജ്ഞാനാവുന്ന കാലത്ത് അവന്‍ തന്നെ അത് തകര്‍ത്ത് കൊള്ളും.” എന്ന്.

സര്‍വ പ്രപഞ്ചത്തിലും സജീവ സാന്നിദ്ധ്യമായ സാക്ഷാല്‍ ദൈവത്തെ പള്ളികളിലും, ക്ഷേത്രങ്ങളിലും, മോസ്ക്കുകളിലും തെരഞ്ഞു നടക്കുകയാണ് മനുഷ്യന്‍. തുറന്ന സ്ഥലത്ത് വച്ചിരിക്കുന്ന ഒരു കുടത്തില്‍ അകത്തും, പുറത്തും ഒരുപോലെ വായു നിറഞ്ഞിരിക്കുന്നത് പോലെ എവിടെയും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ ദൈവത്തെ നമ്മുടെ ഉള്ളില്‍ ഒരു തിരി കൊളുത്തി നമുക്ക് ആരാധിക്കാമല്ലോ എന്നിരിക്കെ, ഇടമില്ലാത്ത ഇടങ്ങളില്‍ ഇടിച്ചു കയറി ആരാധിച്ചു കൂടുതല്‍ പ്രശസ്തി പിടിച്ചു പറ്റുകയാണ് ചില വിശ്വ പ്രശസ്തര്‍?

ദൈവം ഒന്നേയുള്ളു.സ്ഥൂല പ്രപഞ്ചത്തിന്റെ ഓരോ പരമാണുവിലും ജീവല്‍ത്തുടിപ്പുകളുടെ സജീവ സാന്നിദ്ധ്യമായി നില നിന്ന് കൊണ്ട്,അതിനെ നിര്‍മ്മിക്കുകയും, നില നിര്‍ത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്ന സാക്ഷാല്‍ സൂഷ്മം എന്ന സര്‍വശക്തന്‍! ആ ദൈവത്തെ അറിയുന്നതിനും, ആരാധിക്കുന്നതിനുമായി ആദി ശങ്കരന്‍ ചൂണ്ടിക്കാട്ടിയ വിഗ്രഹങ്ങളാണ് ,ക്ഷേത്രങ്ങളും, പള്ളികളും, മോസ്കുകളും മറ്റും, മറ്റും അവകളില്‍ പ്രതിഷ്ഠിക്കപ്പെട്ട വര്‍ത്തമാന സാഹചര്യങ്ങളും!

സാമൂഹിക പ്രതിബദ്ധതയുള്ള മീഡിയകള്‍ ഈ സത്യം അംഗീകരിക്കണം. ഏത് ദൈവത്തെ ആണിഷ്ടം എന്ന അസംബന്ധ അന്വേഷണങ്ങളിലൂടെ, സത്യസന്ധവും, വിദ്യാഭ്യാസ പരവുമായ മാധ്യമ ധര്‍മ്മങ്ങളോട് ഇത്തരം ചാനലുകള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ് ചെയ്യുന്നത്?

ഒരുപക്ഷെ, മത തീവ്രവാദത്തിന്റെയും, വര്‍ഗീയ സംഘട്ടനങ്ങളുടെയും ആദ്യ വിത്തുകള്‍ വീണ് മുളപൊട്ടിയത് ദിശാവബോധമില്ലാത്ത മീഡിയകള്‍ ഒരുക്കിക്കൊടുത്ത ഇത്തരം വളക്കൂറുള്ള മണ്ണിലാവും? ഇതവസാനിപ്പിക്കുകയാണ് നല്ലത് നമുക്കും, നമ്മുടെ ഭാവി തലമുറകള്‍ക്കും!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top