Flash News

യാതൊരു പദവിയും ഏറ്റെടുക്കാനില്ലെന്ന് ദിലീപ്; ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കിയത് നിഷേധിച്ചു

October 5, 2017

dileep-bailകൊച്ചി: ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപിന് തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം തിരിച്ചു നല്‍കിയെങ്കിലും നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപ് കത്ത് നല്‍കി. എന്നാല്‍ സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും കത്തില്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനം വീണ്ടും നല്‍കിയതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പാണ് ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കിയത്. കൊച്ചിയില്‍ നടന്ന സംഘടനയുടെ പ്രത്യേക യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റാക്കിയത്. നിലവില്‍ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. വാർത്താസമ്മേളനത്തിൽ ആന്റണി പെരുമ്പാവൂരും സെക്രട്ടറി ബേബിയുമാണ് യോഗ തീരുമാനങ്ങൾ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്. എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാവുകയായിരുന്നു.

സംഘടനയിലെ മുഴുവന്‍ അംഗങ്ങളും ഒറ്റക്കെട്ടായി ദിലീപ് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചുവെന്നാണ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ദിലീപിനെക്കുറിച്ച് ഇപ്പോഴുള്ളത് കേട്ടുകേള്‍വി മാത്രമാണ്. ദിലീപ് തിരിച്ചുവന്നാല്‍ സ്ഥാനം തിരിച്ചുനല്‍കുമെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. സംഘടന രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്ത രണ്ടു പേരില്‍ ഒരാളാണ് ദിലീപ്. കോടതിയുടെയും പൊലീസിന്റെയും കാര്യങ്ങള്‍ക്ക് അനുസരിച്ചല്ല അന്ന് നടപടി കൈക്കൊണ്ടത്. സംഘടനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദിലീപിന് കഴിയില്ലെന്ന് കണ്ടാണ് അന്ന് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. തിരിച്ചുവന്നപ്പോള്‍ സ്ഥാനം തിരിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, സബ് ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യമൊന്നും സംസാരിച്ചിരുന്നില്ലെന്നുമായിരുന്നു ആന്റണി പറഞ്ഞത്.

അതേസമയം, ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന മമ്മൂട്ടിയുടെ പ്രസ്താവന ശരിയല്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ ഈ വെളിപ്പെടുത്തല്‍. സംഘടനയുടെ ഭരണഘടന അനുസരിച്ച് ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയൂ. അതുതന്നെ അസോസിയേഷന്‍ രൂപവത്കരിക്കുന്ന അച്ചടക്ക സമിതിയുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ പറ്റൂ. അല്ലാതെ ഒരംഗത്തെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല. മമ്മൂട്ടി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യമാണ്. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാവും അങ്ങനെ പറഞ്ഞത്-ഗണേഷ് അഭിമുഖത്തില്‍ പറഞ്ഞു.

അമ്മയില്‍ അംഗമാണെങ്കിലും അല്ലെങ്കിലും ദിലീപിന് വേണമെങ്കില്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാമെന്നും ഗണേഷ് പറഞ്ഞു. അദ്ദേഹത്തിന് വേണമെങ്കില്‍ അമ്മയില്‍ വീണ്ടും അംഗമാവാം. ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ട് പുളിശ്ശേരിവച്ചുതന്നാലും അമ്മയിലോ മറ്റേതെങ്കിലും സംഘടനയിലോ അംഗമാവില്ലായിരുന്നു. മാധ്യമങ്ങളില്‍ നിന്നുള്ള ആക്രമണത്തെ ചെറുത്ത് പിടിച്ചുനില്‍ക്കുന്ന ദിലീപിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമേയുള്ളൂവെന്നും ഗണേഷ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top