Flash News

അമിത് ഷായുടെ വരവും പോക്കും (ലേഖനം) : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

October 8, 2017

amith shahyude banner-1ബി.ജെ.പിയുടെ കേരളത്തിലെ രാഷ്ട്രീയയാത്രയുടെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് അമിത് ഷാ പെട്ടെന്ന് ഇറങ്ങിപ്പോയതാണ് ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിറന്ന പിണറായിയിലെ പാറപ്പുറത്തുകൂടി മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനുമുമ്പിലൂടെ അമിത് ഷാ മുദ്രാവാക്യംമുഴക്കി പോകാതിരുന്നതിനെപ്പറ്റി.

PHOTOദേശീയതലത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പ്രചാരണം നടത്തിയ സമരമുഖത്തുനിന്നാണ് കാലേക്കൂട്ടി നിശ്ചയിച്ച കാര്യപരിപാടി ഉപേക്ഷിച്ച് അമിത് ഷാ പെട്ടെന്ന് മടങ്ങിപ്പോയത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണെന്നും അത് മോദി ഗവണ്മെന്റ് നേരിടുന്ന അസാധാരണ രാഷ്ട്രീയ പ്രതിസന്ധികൂടിയാണെന്നും ഈ അപ്രതീക്ഷിത സംഭവം വെളിപ്പെടുത്തുന്നു. മംഗലാപുരംവഴി ഡല്‍ഹിക്കുപറന്ന അമിത് ഷാ നേരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഔദ്യോഗിക വസതിയിലേക്കാണ് പോയത്. കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടുപേരും ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും.

ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായുള്ള ഇന്ത്യന്‍ സാമ്പത്തിക ഉന്നതതല യോഗത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തികനയവുമായി ബന്ധപ്പെട്ട’് ജയ്റ്റ്‌ലി സംസാരിക്കേണ്ടതായിരുന്നു. 450 പ്രതിനിധികള്‍ ധനമന്ത്രിയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആ പരിപാടി ഉപേക്ഷിച്ച് പ്രധാനമന്ത്രിയെ കാണാന്‍ ധനമന്ത്രി പോയത്.

ജി.എസ്.ടി നടപ്പാക്കിയത് ഉല്പാദനമേഖലയേയും ഘടനാപരമായ മാറ്റങ്ങള്‍ വ്യാവസായിക മേഖലയേയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ടെന്ന റിസര്‍വ്വ് ബാങ്ക് വിലയിരുത്തല്‍കൂടി വന്നതോടെ പ്രധാനമന്ത്രി കൂടുതല്‍ അസ്വസ്ഥനാണ്. കേരള പരിപാടി ഒഴിവാക്കി അമിത് ഷായും ഉന്നതതല യോഗം ഉപേക്ഷിച്ച് ജയ്റ്റ്‌ലിയും അര്‍ദ്ധരാത്രിവരെ പ്രധാനമന്ത്രിയുമായി നടത്തിയ ഈ ചര്‍ച്ച അതിനു തെളിവാണ്. തങ്ങളുടെ ഭരണ നടപടിക്കെതിരെ ബി.ജെ.പിയില്‍നിന്നടക്കം ഉയര്‍ത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയ വെല്ലുവിളിയായി രൂപപ്പെടുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നു.

ബി.ജെ.പിയിലെ ഈ ത്രിമൂര്‍ത്തികള്‍ കൂടിയാലോചന ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഡല്‍ഹിയില്‍ മറ്റൊരു ത്രിമൂര്‍ത്തീ സംഗമംകൂടി നടന്നു. പ്രധാനമന്ത്രിക്കും വിശ്വസ്ഥനായ ധനമന്ത്രിക്കുമെതിരെ പരസ്യമായി വാളെടുത്ത മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും കോണ്‍ഗ്രസ് ഐയുടെ ഔദ്യോഗിക വക്താവ് മനീഷ് തിവാരിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാളും തമ്മില്‍. തിവാരിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത് ആ വേദിയിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചാലും ഇല്ലെങ്കിലും ജനങ്ങളാകെ ഒറ്റക്കെട്ടായി മോദിയുടെ നയങ്ങളെ എതിര്‍ത്തു തോല്പിക്കാന്‍ മുന്നോട്ടുവരുമെന്ന്.

ജോലിക്ക് അപേക്ഷയുമായി നടക്കുന്ന എഴുപതുകാരനെന്ന് തന്നെ പരിഹസിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയേയും മറ്റ് ബി.ജെ.പി നേതാക്കളേയും യശ്വന്ത് സിന്‍ഹ ഓര്‍മ്മിപ്പിച്ചത് വീര്‍ കുന്‍വര്‍സിങിനെയാണ്. 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പടനയിച്ച എഴുപതുകാരനായ കുന്‍വര്‍സിങിന്റെ നാട്ടില്‍നിന്നാണ് താന്‍ വരുതെന്ന്. മന്ത്രിയാകാന്‍ പ്രായത്തിന്റെ നിബന്ധനയുണ്ടാകും. എന്നാല്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രായം തടസമല്ലെന്നതാണ് ചരിത്രമെന്നും സിന്‍ഹ ഓര്‍മ്മിപ്പിച്ചു.

manish-tewari-book2

എണ്‍പതിന്റെ സ്വാതന്ത്ര്യസമരം : മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസ് ഐ വക്താവ് മനീഷ് തിവാരിയുടെ പുസ്തകപ്രകാശന ചടങ്ങിലെത്തിയപ്പോള്‍. ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളും മനീഷ് തിവാരിയും സിന്‍ഹയെ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുന്നു

നൂറുപേരുണ്ടായിരുന്ന കൗരവന്മാരില്‍ രണ്ടു സഹോദരങ്ങളുടെ പേരേ ആളുകള്‍ ഓര്‍ക്കുന്നുള്ളൂ. ദുഷ്‌ചെയ്തികള്‍ മാത്രം ചെയ്ത ദുര്യോദനന്റെയും ദുശ്ശാസനന്റെയും. അതിലപ്പുറം താന്‍ പറയേണ്ടതുണ്ടോ എന്നും സിന്‍ഹ തിരിച്ചടിച്ചു. നോട്ടുറദ്ദാക്കിയത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നു എന്ന അരുണ്‍ ഷൂരിയുടെ വിമര്‍ശനം സാമ്പത്തിക പ്രതിസന്ധി ഉല്പാദിപ്പിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നു. ഇതെല്ലാം എങ്ങനെ നേരിടുമെന്ന് മോദി വിശ്വസ്തരുമായി ചര്‍ച്ചചെയ്യുകയാണ്. ഭരണപരവും രാഷ്ട്രീയവുമായ നീക്കങ്ങള്‍ക്ക് വഴിതേടുകയാണ്.

പുറത്തുകാണുന്നതുപോലെയോ അവതരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുതുപോലെയോ അല്ല ബി.ജെ.പിയുടെ ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ. കേരളത്തിലെ ബി.ജെ.പിക്കാരും ഈ കോലാഹലം കണ്ട് പകച്ചുനില്‍ക്കുന്ന ജനങ്ങളും മനസ്സിലാക്കാന്‍ അമിത് ഷായുടെ പിന്മാറ്റം ഇടയാക്കി എന്നതാണ് യഥാര്‍ത്ഥത്തില്‍ വായിച്ചെടുക്കേണ്ട രാഷ്ട്രീയവശം.

എന്നുവെച്ച് അമിത് ഷായുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ജനരക്ഷായാത്ര വിഷയമായിട്ടില്ലെന്ന് അര്‍ത്ഥമില്ല. അതിലേക്കു കടക്കുംമുമ്പ് ബി.ജെ.പി നടത്തുന്ന ഈ പ്രതിഷേധ ജാഥയുടെ അസാധാരണത്വം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. വിമോചന സമരത്തിലൂടെ കേരളത്തിലെ ആദ്യ ഗവണ്മെന്റിനെ അട്ടിമറിച്ച ചരിത്രമുണ്ടെങ്കിലും ഇങ്ങനെയൊരു ജാഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍തന്നെ ആദ്യമാണ്.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്മെന്റിനുനേരെ കേന്ദ്ര ഗവണ്മെന്റിനെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷനാണ് ഇവിടെ മുദ്രാവാക്യം മുഴക്കി ജാഥനടത്തിയത്. മാത്രമല്ല കേന്ദ്ര മന്ത്രിമാരും ബി.ജെ.പി സംസ്ഥാന മുഖ്യമന്ത്രിമാരുടെ വലിയൊരു പടയും ഇതില്‍ പങ്കാളികളാകുന്നു. ഗുജറാത്തില്‍ കൂട്ടക്കൊലകള്‍ നടന്നിട്ടും കോഗ്രസിന്റെയോ പ്രതിപക്ഷങ്ങളുടെയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ പ്രതിഷേധഘോഷവുമായി അവിടെപോയിട്ടില്ല.

കേന്ദ്രവും സംസ്ഥാനവുംതമ്മില്‍ ഭരണഘടനാനുസൃതമായി വ്യവച്ഛേദിച്ച് നിലനിര്‍ത്തിപ്പോന്നിട്ടുള്ള വിഭജനവും വ്യവസ്ഥയും പ്രത്യക്ഷമായി അട്ടിമറിക്കുന്ന സമരമാണ് കേരളത്തില്‍ അമിത് ഷാ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേരളത്തിലെ ജനവിധിയെ ചോദ്യംചെയ്യുകയും അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ്. അത് മറച്ചുപിടിക്കാനാണ് സമരം സി.പി.എമ്മിന്റെ മേധാവിത്വം അവസാനിപ്പിക്കാനാണെന്ന് പറയുന്നത്. സി.പി.എം എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് തങ്ങളുടെ സമരമെന്നും. ഇതിനോടു ബന്ധപ്പെടുത്തി സി.പി.എമ്മിന്റെ ഡല്‍ഹി ആസ്ഥാനത്തേക്കും ബി.ജെ.പി സമര ഘോഷയാത്രകള്‍ നടത്തുന്നു. പ്രതിപക്ഷ ഗവണ്മെന്റുകളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് ഐയും വഴിവിട്ട പല നീക്കങ്ങളും നടത്തിയിരുെന്നങ്കിലും ബി.ജെ.പിയുടെ നീക്കം അസാധാരണം മാത്രമല്ല ദുരൂഹവുമാണ്.

അധികാരമേറ്റശേഷം ഡല്‍ഹി സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി മോദി സ്‌നേഹപൂര്‍വ്വം തന്റെ ഔദ്യോഗിക വസതിയില്‍ വരവേല്‍ക്കുകയുണ്ടായി. ‘സ്വന്തം വീടുപോലെ കരുതിയാല്‍ മതി’ എന്ന് പ്രധാനമന്ത്രി പറഞ്ഞതായി ആ വീട്ടുമുറ്റത്തുവെച്ചുതന്നെ വെളിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പിന്നെയും ഇരുനേതാക്കളും പല തവണ നേരില്‍ കണ്ടിട്ടുണ്ട്. മെട്രോ റയില്‍ ഉദ്ഘാടനംപോലും യോജിച്ച് നിര്‍വ്വഹിച്ചിട്ടുമുണ്ട്. സി.പി.എം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണമേറ്റതിനുശേഷം ബലിദാനികളുടെ പട്ടികയില്‍ കേരളത്തില്‍ എണ്ണം കൂടിയതായോ രാഷ്ട്രീയ കൊലകളുടെ ചോര മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തെറിച്ചതായോ പ്രധാനമന്ത്രി ഒരിക്കലും സൂചിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഭരണനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല.

തലസ്ഥാനനഗരിയില്‍ ദിവസങ്ങളോളം ബി.ജെ.പി – സി.പി.എം സംഘട്ടനം തുടര്‍ന്നപ്പോള്‍ ഭരണഘടനാ അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സാഹചര്യംപോലും ഉണ്ടായി. പ്രധാനമന്ത്രിയുടെ മന:സാക്ഷിസൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന മന്ത്രി അരു ജെയ്റ്റ്‌ലിയാണ് അന്ന് തിരുവനന്തപുരത്തു വന്നതും ബി.ജെ.പി നേതൃത്വത്തെയും അണികളേയും സമാശ്വസിപ്പിച്ചതും. സംഘര്‍ഷം അതോടെ ഇല്ലാതാകുന്നതാണ് കണ്ടത്.

പാര്‍ട്ടി എം.പിമാര്‍ ഉണ്ടായിട്ടും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയിലെ പുതുമുഖമായ എം.പിയല്ലാത്ത ഒരാളെയാണ് കേരളത്തില്‍നിന്ന് മോദിമന്ത്രിസഭയിലെടുത്തത്. എല്‍.ഡി.എഫ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആ നേതാവ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് പിണറായി വിജയനാണെന്ന് പരസ്യമായി നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തെ മന്ത്രിയാക്കിയതില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. പുതിയ മന്ത്രിയെ ക്ഷണിച്ച് കേരള ഹൗസില്‍ വിരുന്നുനല്‍കുകയും. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരോടോ എല്‍.ഡി.എഫ് മുന്നണി വിട്ടുപോകുന്നവരോടോ പിണറായി വിജയന്‍ ഒരിക്കലും പുലര്‍ത്താത്ത മാനുഷിക സമീപനമാണ് എല്‍.ഡി.എഫ് വിട്ട’് സംഘ്പരിവാര്‍ പാളയത്തിലെത്തി മന്ത്രിയായ ആളോട് കാണിച്ചത്. പയ്യൂരിലെ ചുവന്ന മണ്ണില്‍ അമിത് ഷാ മുഷ്ടി ചുരുട്ടി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് നീങ്ങുമ്പോള്‍ തൊട്ടടുത്ത് മലയാളിയായ ആ കേന്ദ്രമന്ത്രിയും മൗനിയായി നടക്കുന്നുണ്ടായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അമിത് ഷായുടെ കേരളത്തിലെ രാഷ്ട്രീയ നീക്കം പാളിയെന്ന് വിമര്‍ശനം ഉയര്‍ന്നതായി കേള്‍ക്കുന്നത് അവിശ്വസിക്കേണ്ടതില്ല. ജി.എസ്.ടി അടക്കമുള്ള മോദി ഗവണ്മെന്റിന്റെ സാമ്പത്തിക നയങ്ങളെ പിന്താങ്ങുന്നതിലും നടപ്പാക്കുന്നതിലും ബി.ജെ.പി മന്ത്രിമാരെക്കാള്‍ ശക്തമായ രാഷ്ട്രീയ പിന്‍ബലം നല്‍കുന്നത് പിണറായിയുടെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്.

ഈ സാമ്പത്തിക രാഷ്ട്രീയത്തിന്റെ മറുപുറത്ത് ഒരു രാഷ്ട്രീയ നയനിലപാടുകൂടിയുണ്ട്. മോദി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കും അതിനെ നയിക്കുന്ന ആര്‍.എസ്.എസിന്റെ ഫാഷിസ്റ്റ് വെല്ലുവിളികള്‍ക്കുമെതിരെ രാജ്യമാകെ പ്രതിഷേധം വ്യാപകമാകുന്നു. കോണ്‍ഗ്രസ് ഐ അടക്കം എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ പ്രതിരോധ നിരയ്ക്ക് സി.പി.എം നേതൃത്വം നല്‍കണമെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത്. ബംഗാള്‍ ഘടകം അതിനെ പിന്തുണയ്ക്കുമ്പോള്‍ കേരളഘടകം അത് എതിര്‍ത്തുതോല്പിക്കുന്നു. കേന്ദ്രത്തില്‍ അധികാരത്തിലില്ലാത്ത കോണ്‍ഗ്രസ് ഐയെയും ബി.ജെ.പിയെപോലെ കണ്ട് ഒരുപോലെ എതിര്‍ക്കണമെന്ന നിലപാടിലാണ് പിണറായിയും പി.ബിയിലെ ഭൂരിപക്ഷവും.

ഇത് സംബന്ധിച്ച ചര്‍ച്ചയും തീരുമാനവും രണ്ടാഴ്ചക്കകം കേന്ദ്രകമ്മറ്റിയില്‍ എ.കെ.ജി ഭവനില്‍ നടക്കാന്‍പോകുന്നു. സി.പി.എമ്മിന്റെ ആ ദേശീയ ആസ്ഥാനത്തിനു മുമ്പിലാണ് ബി.ജെ.പി കേരളയാത്രയോടു ചേര്‍ന്ന് മറ്റൊരു സമരമുഖം തുറന്നിരിക്കുന്നത്. ബി.ജെ.പിയോടുള്ള സമീപനത്തില്‍ സി.പി.എമ്മിനോടുള്ള വൈരുദ്ധ്യം മൂര്‍ച്ഛിപ്പിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മോദിക്ക് നിര്‍ണ്ണായകമാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ത്രികോണ മത്സര സാധ്യതയുണ്ടാകേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. മോദിയും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പി മുഖ്യലക്ഷ്യമാക്കരുതെന്ന് അമിത് ഷായെ പ്രധാനമന്ത്രിയെകൊണ്ട് തിരുത്തിപ്പിക്കുന്നത് ആ നിലയ്ക്കുള്ള രഹസ്യ അജണ്ടയാണ്.

ഒത്തുകളികളോ ഒളിച്ചുവെക്കല്‍ രാഷ്ട്രീയമോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തെ ധ്രുവീകരിക്കാനും ആര്‍.എസ്.എസിന് അനുകൂലമാക്കാനും നടക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിയുടെ എന്‍.ഡി.എ മുണിയിലും പാര്‍ട്ടിയില്‍തന്നെയും സംഭവിച്ചിട്ടുള്ള ഭിന്നിപ്പുകളും ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങളും വിശ്വാസ്യതയ്ക്ക് ഏറ്റ തിരിച്ചടിയും അതിന്റെ കാരണങ്ങളില്‍ ചിലതാണ്.

അതിലേറെ ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വ ദേശീയതയോ ശാസ്ത്രബോധത്തെ നിരാകരിക്കുന്ന അന്ധവിശ്വാസമോ കേരളം ഒരു രാഷ്ട്രീയ വിശ്വാസമായി അംഗീകരിക്കില്ല. മതസഹിഷ്ണുതയും സംസ്‌ക്കാരവും പ്രത്യേകമായുള്ള നാടാണ് കേരളം. നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി ഇത് തകര്‍ക്കാന്‍ ആരൊക്കെ വഴിവിട്ടു ശ്രമിച്ചാലും കേരളം പിന്നോട്ടു നടക്കില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top