Flash News

മോദിക്ക് ജന്മനാട്ടില്‍ വമ്പിച്ച സ്വീകരണം; വിഷം കുടിക്കാനും അതിനെ ദഹിപ്പിച്ച് കളയാനും പഠിപ്പിച്ചത് ജന്മനാടാണെന്ന്

October 9, 2017

modiവട്‌നഗര്‍: ജന്മനാടായ വട്‌നഗറും അവിടുത്തെ ദേവനായ പരമശിവനുമാണ് തന്നെ ‘വിഷം കുടിക്കാനും അതിനെ ദഹിപ്പിച്ച് കളയാനും’ പഠിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്മനാടായ ഗുജറാത്തിലെ വട്‌നഗറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്‌നഗറില്‍ നടന്ന റോഡ് ഷോയ്ക്കു ശേഷം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ആരോഗ്യപദ്ധതിയുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു.

വട്‌നഗറില്‍നിന്ന് യാത്രയാരംഭിച്ച താന്‍ ഇപ്പോള്‍ കാശിയിലെത്തിയിരിക്കുന്നു. വട്‌നഗറിനെപ്പോലെ തന്നെ കാശിയും പരമശിവന്റെ പട്ടണമാണ്. പരമശിവന്റെ അനുഗ്രഹം മൂലമാണ് വിഷം കുടിക്കാനും അതിനെ ദഹിപ്പിക്കാനുമുള്ള ശക്തി തനിക്കു ലഭിച്ചത്. ഈ ശേഷിമൂലമാണ് 2001 മുതല്‍ തനിക്കെതിരായി വമിക്കപ്പെട്ട വിഷത്തെയെല്ലാം അതിജീവിക്കാന്‍ സാധിച്ചതെന്നും മോദി പറഞ്ഞു. ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം കാരണം ഈ മണ്ണില്‍നിന്നും ഈ നാട്ടിലെ ജനങ്ങളില്‍നിന്നും ആര്‍ജ്ജിച്ച മൂല്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കി.

അഹമ്മദാബാദില്‍ നിന്ന് നൂറ് കിലോമീറ്ററകലെ, മെഹ്‌സാന ജില്ലയില്‍ പ്രാചീന ബുദ്ധമതകേന്ദ്രം കൂടിയായ വട്‌നഗറില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി ഞായറാഴ്ച രാവിലെ എത്തിയത്. വലിയ സ്വീകരണമാണ് മോദിക്ക് ജന്മനാട്ടില്‍ ഒരുക്കിയിരുന്നത്. പാതയോരങ്ങളില്‍ പ്രധാനമന്ത്രിയുടെ ബാല്യകാലം ചിത്രീകരിക്കുന്ന വലിയ ബോര്‍ഡുകള്‍, നൂറുകണക്കിന് ആളുകളുടെ പുഷ്പവൃഷ്ടി തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു. പലയിടത്തും വാഹനം നിര്‍ത്തി പ്രധാനമന്ത്രി ആളുകളെ അഭിവാദ്യം ചെയ്തു. മോദി ചെറുപ്പത്തില്‍ ചായ വിറ്റ റെയില്‍വേ സ്റ്റേഷനും ചായക്കടയും പൂക്കള്‍ കൊണ്ട് കമനീയമായി അലങ്കരിച്ചിരുന്നു.

പൂര്‍വവിദ്യാലയമായ ബി.എന്‍. സ്‌കൂളിനുമുന്നില്‍ വാഹനം നിര്‍ത്തി മുറ്റത്തേക്കു നടന്നുവന്ന് അദ്ദേഹം ആദരമര്‍പ്പിച്ചു. സ്‌കൂള്‍ മുറ്റത്തുനിന്ന് ഒരുനുള്ള് മണ്ണെടുത്ത് അദ്ദേഹം നെറ്റിയില്‍ തിലകം ചാര്‍ത്തി. പിന്നീട് പട്ടണത്തിലെ പഴയക്ഷേത്രമായ ഹട്‌കേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ആരതി നടത്തി. പ്രായമായവരോട് കുശലം പറഞ്ഞു.

ജി.എം.ഇ.ആര്‍.എസ്. മെഡിക്കല്‍ കോളെജിന്റെ 500 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ സമ്പൂര്‍ണ ശിശുരോഗപ്രതിരോധ പരിപാടിയായ ‘ഇന്ദ്രധനുഷി’ന്റെ ദേശീയ ഉദ്ഘാടനവും നിര്‍വഹിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top