Flash News

ബിജെപി വിതയ്ക്കുന്നു സിപി‌എം കൊയ്യുന്നു; ബിജെപിയുടെ കേരള രക്ഷാ യാത്രയും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും സിപി‌എമ്മിന് ഗുണം ചെയ്യുന്നു

October 10, 2017

pinarayishah759ദേശീയ തലത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസിനെപ്പോലും അവഗണിച്ചു സിപിഎമ്മിനെ ഉന്നമിട്ടു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളരക്ഷാ യാത്രയുടെ നേട്ടം കൊയ്യുന്നതു സിപിഎം! കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ഡല്‍ഹിയിലെ സിപിഎം ഓഫീസിലേക്കു മാര്‍ച്ച് നടത്തിയപ്പോള്‍ അതും ദേശീയ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി മാറി. രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരണവും ഒമ്പത് എംപിമാരും മാത്രമുള്ളപ്പോള്‍ ദേശീയ തലത്തില്‍ കരുത്തുറ്റ പാര്‍ട്ടിയായ ബിജെപി വെല്ലുവിളി ഉയര്‍ത്തുന്നതിനെ മുതലാക്കാന്‍ ഒരുങ്ങുകയാണു സിപിഎം. ദേശീയതലത്തില്‍തന്നെ ബിജെപിക്ക് എതിരാളികള്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ പ്രചാരണത്തിന് ഒരുങ്ങുകയാണു പാര്‍ട്ടി.

ജനരക്ഷാ യാത്രയ്ക്ക് ബിജെപിയുടെ ദേശീയ തലത്തിലുളള നേതാക്കളാണ് എത്തിയത്. അമിത് ഷാ, യോഗി ആദിത്യനാഥ്, വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ എന്നിവരടക്കം ഒരേ ശബ്ദത്തിലാണു സിപിഎമ്മിനെ രൂക്ഷമായി ആക്രമിച്ചത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പദയാത്രയ്‌ക്കൊപ്പം സിപിഎമ്മിന്റെ പ്രശസ്തിയും വര്‍ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് വിമര്‍ശിച്ചതോടെ അദ്ദേഹവും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇത് മറ്റു സംസ്ഥാനങ്ങളിലും സിപിഎമ്മിന്റെ പേരെത്തിച്ചു.

ഇതിനുമുമ്പും ബിജെപി പിണറായി വിജയനെ ലക്ഷ്യമിട്ടു രംഗത്തുവന്നിരുന്നു. അന്നു സിപിഎമ്മിനതു നേട്ടമാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു. ബിജെപി അനുയായികളും മറ്റും പശുരാഷ്ട്രീയത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് സിപിഎം രാഷ്ട്രീയം സംസാരിച്ചത്. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ആക്രമണത്തിന് ഇരയാക്കിയപ്പോള്‍ കേരളത്തില്‍ അത്തരം സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നു പിണറായി വിജയന്‍ സംസ്ഥാനത്തിനു പുറത്തു നടത്തിയ പല പ്രസംഗങ്ങളിലും ചൂണ്ടിക്കാട്ടി. അതിനു മുമ്പ് ഡല്‍ഹിയില്‍ പിണറായിക്കെതിരേ നടത്തിയ പ്രതിഷേധങ്ങളും വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇതോടെ ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ദേശീയ നേതാവെന്ന നിലയിലേക്കാണു പിണറായിയെ പലരും പ്രചരിപ്പിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയില്‍ സിപിഎമ്മിനു ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായതു മുസ്ലിം വിഭാഗങ്ങളാണ്. ദേശീയ തലത്തിലും ബിജെപിയുടെ തന്ത്രം ഇതായിരുന്നു. മാറാട് കലാപം, ചേകന്നൂര്‍ മൗലവിയുടെ തിരോധാനം എന്നിവ ഉയര്‍ത്തിക്കാട്ടിയ കുമ്മനം, മാപ്പിള ലഹള ഹിന്ദുക്കള്‍ക്കെതിരായ മു്സ്ലിംകളുടെ ആദ്യ ജിഹാദായിരുന്നു എന്നാണ് ഇന്നലെ പ്രതികരിച്ചത്. കോണ്‍ഗ്രസിനെ പരാമര്‍ശിക്കുക പോലും ചെയ്യാതെ ഇടതുപക്ഷത്തെ ആക്രമിക്കുകയെന്ന തന്ത്രം പറയറ്റുമ്പോള്‍, മറുപക്ഷത്ത് ഇതെല്ലാം വോട്ടാക്കി മാറ്റുകയാണു സിപിഎം. ബി.ജെ.പി-സി.പി.എം. പോരിനിടയില്‍ തീര്‍ത്തും അപ്രസക്തമായിപ്പോകുന്നു എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസും യു.ഡി.എഫും 16-നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

bjpഡല്‍ഹിയില്‍ ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍, സമാധാനപരമായി മാര്‍ച്ച് നടത്തിയത് സിപിഎമ്മിനും ഗുണമായി. റാഫി മാര്‍ഗിലെ വി.പി. ഹൗസില്‍നിന്നാരംഭിച്ച സി.പി.എം. പ്രതിഷേധ മാര്‍ച്ച് നയിച്ചത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം അഞ്ഞൂറോളം പാര്‍ട്ടി പ്രവര്‍ത്തകരും അണിചേര്‍ന്നു. കേരളത്തിലെ രക്തസാക്ഷികളുടെ ഫോട്ടോകള്‍ പതിച്ച ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ഏറെയും വനിതകളായിരുന്നു. അശോകാ റോഡിലെ ബി.ജെ.പി. ആസ്ഥാനത്തിനു സമീപത്തു പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു.

കൊലപാതക രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കുന്ന ബി.ജെ.പി. നീക്കത്തെ പ്രതിരോധിക്കാനാണ് സി.പി.എം. മാര്‍ച്ച് നടത്തിയത്. കേരളത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ വ്യാജപ്രചാരണത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവയ്ക്കാനാണ് ഇതെന്നും എത്ര ശ്രമിച്ചാലും കേരളത്തില്‍നിന്ന് ചെങ്കൊടി പിഴുതെറിയാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ബി.ജെ.പി. മാര്‍ച്ച് കഴിഞ്ഞ ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി സംഘര്‍ഷാവസ്ഥയിലെത്തി.

പതിവുപോലെ സി.പി.എം. ഓഫീസിനു നൂറുമീറ്റര്‍ അകലെ മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണു കാരണം. സംഘര്‍ഷം പത്തു മിനുറ്റിലേറെ നീണ്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു പ്രവര്‍ത്തകരെ ബലമായി നീക്കി. കേരളത്തിലെ ജനരക്ഷാമാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബി.ജെ.പി. മാര്‍ച്ച് നടത്തിയത്. ഇന്നും പ്രവര്‍ത്തകര്‍ സി.പി.എം. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top