Flash News

ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കിടയില്‍ അമിത് ഷാ മുങ്ങിയത് മകന്റെ അഴിമതിക്കഥ പുറത്തുവന്നപ്പോള്‍; ഒറ്റപ്പെട്ട അവസ്ഥയില്‍ കുമ്മനം

October 10, 2017

bjp-kerala-830x412 (1)ബിജെപിയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെത്തുടര്‍ന്നു നിരവധി തവണ മാറ്റിവച്ച ജനരക്ഷാ യാത്ര മുന്നേറുമ്പോള്‍ പ്രതിസന്ധിയായി വീണ്ടും അഴിമതിക്കഥ. നേരത്തേ, സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയാണു മെഡിക്കല്‍ കോളജ് കോഴ പുറത്തുവന്നത്. ഇതു വലിയ പൊട്ടിത്തെറിയാണു ബിജെപിയില്‍ ഉണ്ടാക്കിയത്. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്ത വിവി രാജേഷിനു സസ്‌പെന്‍ഷനും ലഭിച്ചു. റിപ്പോര്‍ട്ട് പൂഴ്ത്തിയതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ കുമ്മനം രാജശേഖരന്‍ കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്നാണു യാത്ര മാറ്റിവച്ചത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു സമയമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇതെങ്കിലും സംസ്ഥാനത്തെ അഴിമതിക്കഥകള്‍ ഒതുങ്ങാന്‍ വേണ്ടിയായിരുന്നു ഇത്.

ബിജെപി പദ്ധതിയിട്ടതുപോലെ, സിപിഎമ്മിനെതിരേ ആഞ്ഞടിച്ചു യാത്ര അമിത് ഷാ തുടങ്ങിവച്ചെങ്കിലും യാത്ര തുടങ്ങി രണ്ടു നാള്‍ പിന്നിടുമ്പോഴേക്കും എല്ലാ ജില്ലയിലും വീണ്ടും അഴിമതിക്കഥകള്‍ക്കു മറുപടി പറയേണ്ട അവസ്ഥയിലാണു കുമ്മനവും കൂട്ടരും. ഹിന്ദു ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്ന സിദ്ധാര്‍ഥ് വരദരാജന്റെ ‘വയര്‍’ എന്ന ഓണ്‍ലൈന്‍ സൈറ്റ് പുറത്തുകൊണ്ടുവന്ന അഴിമതിക്കഥയില്‍ ഇക്കുറി വില്ലനായത് അമിത് ഷാ തന്നെയെന്നതു ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മോഡി അധികാരത്തിലെത്തിയശേഷം അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിക്കു 16,000 ഇരട്ടിയുടെ വളര്‍ച്ചയുണ്ടായെന്നും ലാഭം 80 കോടിയിലെത്തിയെന്നുമായിരുന്നു കണ്ടെത്തല്‍.

മാറാട് കലാപവും ചരിത്രത്തിന്റെ ഭാഗമായ മാപ്പിള ലഹളയും മുസ്ലിംകള്‍ക്കെതിരായ ആയുധമാക്കി മാറ്റി ബിജെപി യാത്ര രാഷ്ട്രീയ വിവാദങ്ങള്‍ക്കു തുനിഞ്ഞെങ്കിലും ഇന്നലെ എല്ലാ മാധ്യമങ്ങളിലും ചര്‍ച്ച അമിത് ഷായുടെ മകന്റെ അഴിമതിക്കഥകളായിരുന്നു. യാത്രയുടെ രാഷ്ട്രീയം പറയാന്‍ കഴിയാതെ മാധ്യമ പ്രവര്‍ത്തകരുടെയും എതിര്‍ രാഷ്ട്രീയക്കാരുടെയും ആക്രമണത്തെയും നേരിടേണ്ടിവന്നു. മാധ്യമങ്ങളെ മാനനഷ്ടക്കേസ് നല്‍കി ഒതുക്കാന്‍ ശ്രമിക്കുന്ന എന്നായിരുന്നു ചര്‍ച്ചകള്‍. അഴിമതി ആരോപണങ്ങളെ ആരോഗ്യപരമായി നേരിടാനുളള തന്റേടം ബിജെപിക്കില്ലെന്നായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും ചൂണ്ടിക്കാട്ടിയത്.

kummanam-vv-rajesh-sreesanയാത്രയില്‍നിന്ന് അമിത് ഷാ മുങ്ങിയതു വലിയ ചര്‍ച്ചയായെങ്കിലും അത് മകന്റെ അഴിമതിക്കഥകള്‍ ഓണ്‍ലൈന്‍ മീഡിയ അന്വേഷിക്കുന്നെന്നു തിരിച്ചറിഞ്ഞായിരുന്നു. ‘ദി വയറി’ന്റെ അന്വേഷണത്തെക്കുറിച്ച ഐബി ഉദ്യോഗസ്ഥര്‍തന്നെയാണ് അമിത് ഷായെ അറിയിച്ചത്. ഇതിനു പിന്നാലെ കുമ്മനത്തെ ഏകനാക്കി അമിത് ഷാ, പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിക്കു മടങ്ങുകയും ചെയ്തു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍ എന്നിവരുമായി കൂടിയാലോചനകളില്‍ മുഴുകിയത്.

സര്‍ക്കാര്‍ കേസുകളില്‍ മാത്രം ഹാജരാകേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കി. മന്ത്രി പീയൂഷ് ഗോയല്‍ വിശദീകരണവുമായി രംഗത്തെത്തി. അഴിമതി വരുമ്പോള്‍ ബന്ധുക്കളില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞ മോഡിയും അമിത് ഷായെ പിന്തുണച്ചു. എന്നാല്‍, വരും ദിനങ്ങളില്‍ കേരളത്തിലേക്കു യാത്ര നടത്തുമ്പോള്‍ ഒരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍ കുമ്മനത്തിന്റെ യാത്രയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

ജെയ് ഷായുടെ കമ്പനിക്കു കേന്ദ്രം വഴിവിട്ടു വായ്പ അനുവദിച്ചെന്ന റിപ്പോര്‍ട്ടും ഇന്നലെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്പ്‌മെന്റ് ഏഷന്‍സി (ഐആര്‍ഇഡിഎ) പത്തുകോടി രൂപയാണ് അനുവദിച്ചത്. ജെയ് ഷായുടെ കുസും ഫിന്‍സര്‍വ് എന്ന കമ്പനിക്കാണു പണം നല്‍കിയത്. ഊര്‍ജോത്പാദന രംഗത്തേ, പശ്ചാത്തല സൗകര്യ രംഗത്തോ വേണ്ടത്ര പരിചയമില്ലെന്നു കണ്ടെത്തിയിട്ടും മിനിരത്‌ന വിഭാഗത്തില്‍ പെടുന്ന ഐആര്‍ഇഡിഎ പണം നല്‍കുകയായിരുന്നു. ഓഹരി വ്യപാരത്തില്‍ ഏര്‍പ്പെടുക മാത്രമാണ് ഇക്കാലയളവില്‍ കുസും ഫിന്‍സെര്‍വ് ചെയ്തിട്ടുള്ളത്.

JAY_AMIT_SHAH_3203173fകുസും ഫിന്‍സര്‍വിന് വഴിവിട്ട് വായ്പ അനുവദിക്കുന്ന ഘട്ടത്തില്‍ ഈ മന്ത്രാലയം കൈകാര്യംചെയ്തിരുന്നത് പീയുഷ് ഗോയലാണ്. വായ്പ അനുവദിച്ചതിന് പിന്നാലെ പീയുഷ് ഗോയലിന് കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം ലഭിക്കുകയുംചെയ്തു. അനധികൃത ഇടപാട് വാര്‍ത്തയായതിന് പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് ഷായെ ന്യായീകരിച്ച് ആദ്യം വാര്‍ത്താസമ്മേളനം വിളിച്ചതും പീയൂഷ് ഗോയലാണ്. ഐആര്‍ഇഡിഎയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദനത്തിന് മാത്രമാണ് വായ്പ അനുവദിക്കുക. ആകെ പദ്ധതിച്ചെലവിന്റെ 70 ശതമാനംവരെ തുകയാകും പരമാവധി വായ്പയായി അനുവദിക്കുക. കുസും ഫിന്‍സര്‍വ് സമര്‍പ്പിച്ച അപേക്ഷപ്രകാരം മധ്യപ്രദേശില്‍ അവര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് 2.1 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പ്‌ളാന്റാണ്. വായ്പാ അപേക്ഷ ഈ ഘട്ടത്തില്‍ത്തന്നെ തള്ളിക്കളയേണ്ടതാണ്.

എന്നാല്‍, അപേക്ഷ പരിഗണിച്ചെന്ന് മാത്രമല്ല 15 കോടി മുതല്‍മുടക്ക് പറയപ്പെടുന്ന പദ്ധതിക്കായി 10.35 കോടിയുടെ വായ്പ അനുവദിക്കുകയുംചെയ്തു. ഒരു മെഗാവാട്ടിന്റേതായിരുന്നു പദ്ധതിയെങ്കില്‍ ഏഴുകോടിയോട് അടുത്താകും നിര്‍മാണച്ചെലവ്. ഐആര്‍ഇഡിഎ മാനദണ്ഡപ്രകാരം ഈ തുകയുടെ 70 ശതമാനമായ 4.9 കോടി രൂപ മാത്രമേ വായ്പയായി കിട്ടാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍, 2.1 മെഗാവാട്ടിന്റെ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് 10.35 കോടി രൂപ ജയ് ഷായുടെ കമ്പനി വായ്പയായി നേടുകയായിരുന്നു.

കേരളത്തില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടി മുന്നേറുന്ന യാത്രകളില്‍ അഴിമതിക്കഥകള്‍ക്കു മറുപടി പറയാനാണു ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ സമയം. യാത്രകള്‍ക്കു ശേഷമുള്ള പത്ര സമ്മേളനങ്ങളിലും മുഖ്യ വിഷയം അഴിമതി തന്നെയാണ്. ഇതു മുതലെടുത്തു വമ്പന്‍ പ്രചാരണങ്ങള്‍ക്കു സിപിഎം തുടക്കം കുറിച്ചിട്ടുണ്ട്.

അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യം ശക്തം
വഴിവിട്ട ഇടപാടുകളിലൂടെ മകന് വ്യവസായസാമ്രാജ്യം ഒരുക്കാന്‍ കൂട്ടുനിന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപിയുടെ മുന്‍ അധ്യക്ഷന്മാരായ എല്‍ കെ അദ്വാനിയും ബംഗാരു ലക്ഷ്മണും അഴിമതി ആരോപണങ്ങളെതുടര്‍ന്ന് രാജിവച്ചൊഴിഞ്ഞ കീഴ്‌വഴക്കം അമിത് ഷായും പിന്തുടരണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ആവശ്യപ്പെട്ടു. അമിത് ഷായ്ക്കും മകനുമെതിരായ ആക്ഷേപങ്ങള്‍ ഗുരുതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേരളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അമിത് ഷാ ശ്രമിക്കുന്നതെന്ന് യെച്ചൂരിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പറഞ്ഞു.

rohiniതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ നവ്സര്‍ജന്‍ യാത്ര നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമിത് ഷായ്ക്കും മകനുമെതിരായി വിമര്‍ശം ഉയര്‍ത്തി. മോഡിയും സംഘവും സഹായിക്കുന്നത് ചുരുക്കം വ്യവസായികളെ മാത്രമാണ്. 10-12 വര്‍ഷമായി അമിത് ഷായുടെ മകന്റെ കമ്പനിക്ക് ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍, 2014 മുതല്‍ നേട്ടം കൊയ്തുതുടങ്ങി. 50,000 രൂപ ഒറ്റ വര്‍ഷംകൊണ്ട് 80 കോടിയായി വര്‍ധിച്ചു. ഇതാണ് സ്റ്റാര്‍ട്ടപ് ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും. അഴിമതി നടത്തില്ല, നടത്താന്‍ അനുവദിക്കുകയുമില്ല എന്നാണ് മോഡിയുടെ നിലപാട്. പരാജയപ്പെട്ടുവെന്ന് മോഡി സ്വയം സമ്മതിക്കണം- രാഹുല്‍ പറഞ്ഞു. അമിത് ഷായുടെ മകനെതിരായ ആക്ഷേപങ്ങളെക്കുറിച്ച് അറിവൊന്നുമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു.

അതേസമയം, അമിത് ഷായുടെ മകന്റെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രോഹിണി സിംഗ് തന്റെ വാര്‍ത്തയില്‍ ഉറച്ചുനിന്നു. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഇടപാടുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയപ്പോള്‍ ഇപ്പോഴത്തേതുപോലെ ആക്ഷേപശരങ്ങള്‍ ഉണ്ടായില്ലെന്ന് രോഹിണി ഫെയ്സ്ബുക്കില്‍ കുറിച്ചു. വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും അന്ന് ഇപ്പോഴത്തേതുപോലെ ആക്രമണമുണ്ടായില്ല.

തന്റെ ഫോണ്‍വിളി വിവരങ്ങളെല്ലാം ബിജെപി ബോസുമാരുടെ പക്കലുണ്ടെന്നാണ് ഒരു ബിജെപി നേതാവ് അലറി വിളിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റവും തരംതാണ പ്രചാരണമാണ് നടക്കുന്നത്. മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്ത. മറ്റെല്ലാം വെറും പരസ്യം മാത്രം. ധീരയായതുകൊണ്ടല്ല ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. അത് മാധ്യമപ്രവര്‍ത്തനമായതുകൊണ്ടാണെന്നും രോഹിണി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top