Flash News

അഴിമതി റിപ്പോര്‍ട്ടുകളില്‍ അമിത് ഷാ മുങ്ങിത്താഴുന്നു; മൗനം പാലിച്ച് നരേന്ദ്ര മോദി; ബിജെപിയുടെ കപട നാടകം പൊളിയുന്നു

October 10, 2017

Amit Shahന്യൂഡല്‍ഹി: മകന്റെ കമ്പനിയുടെ പേരില്‍ കോടികളുടെ അഴിമതിക്കഥകള്‍ പുറത്തു വന്നതിനു പിന്നാലെ, അഴിമതി വിരുദ്ധ പാര്‍ട്ടിയെന്ന ലേബലില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട അമിത് ഷായും ബിജെപിയും വിയര്‍ക്കുന്നു. ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അമിത് ഷായെ പ്രതിക്കൂട്ടിലാക്കി രംഗത്തു വന്നതോടെ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ ബിജെപിയും വെട്ടിലായി. ഇന്നലെ കൂടുതല്‍ തെളിവുമായി ദേശീയ ചാനലും രംഗത്തു വന്നതോടെ കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള രക്ഷാ യാത്രയുടെ പ്രസക്തിയും നഷ്ടമായി. സംഭവത്തില്‍ നരേന്ദ്ര മോഡിയുടെ മൗനവും പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കി.

കോണ്‍ഗ്രസിനും സിപിഎമ്മിനും പിന്നാലെ ബിജെപിയുടെ കടുത്ത എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ ലാലു പ്രസാദ് യാദവിനെ ഒതുക്കാനും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാളിനെതിരേയും ബിജെപി സിബിഐയെ ആയുധമാക്കിയിരുന്നു. ഇതേ നാണയത്തില്‍ ബിജെപി തിരിച്ചടി നേരിടുകയാണ് ഇപ്പോള്‍. തന്റെ പ്രതിരോധം അധികാര ശക്തികള്‍ക്കെതിരാണെന്നും അത് ഇനിയും തുടരുമെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ‘ദ വയറി’ന്റെ ലേഖിക രോഹിണി സിംഗ് വ്യക്തമാക്കി. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ പ്രചാരവും നേടി. പതിനായിരക്കണ്ക്കിന് ആളുകളാണ് ഇതിനോടു പ്രതികരിച്ചത്. കമ്പനി ലാഭം നേടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത് കൃത്യമായ തെളിവുകളോടെയാണെന്ന് ദ വയര്‍ വെബ് സൈറ്റ് അധികൃതര്‍ വ്യക്തമാക്കി. നിയമനടപടി നേരിടാന്‍ തയാറാണെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്ത വ്യാജമാണെന്ന് ആരോപിച്ചു 100 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വെബ്‌സൈറ്റ് അധികൃതര്‍ക്കു ജയ്ഷാ നോട്ടീസ് അയച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഘടകം ഇന്നലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ അമിത് ഷായുടെ കോലം കത്തിക്കുകയും ചെയ്തു. റെയ്ഡുകളും കേസുകളും നല്‍കി ഒതുക്കാന്‍ ശ്രമിച്ച എന്‍ഡിടിവിയും ഇന്നലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതോടെയാണ് അഴിമതിക്കഥകള്‍ കൂടുതല്‍ തലങ്ങളിലേക്കു മാറിയത്. ജയ് ഷായുടെ കമ്പനിക്കു ലഭിച്ച വായ്പയില്‍ 4000 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന് ഇവര്‍ തുടര്‍ റിപ്പോര്‍ട്ട് നല്‍കി. 2013- 14 വര്‍ഷത്തില്‍ 1.3 കോടി രൂപ മാത്രമാണ് കമ്പനിക്ക് വായ്പ ലഭിച്ചത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാമ്പത്തികവര്‍ഷം വായ്പയായി ലഭിച്ച പണം 53.4 കോടിയായി ഉയര്‍ന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജയ് ഷായുടെ വിവാദമായ ടെംപിള്‍ എന്റര്‍പ്രൈസസ് കമ്പനി 2004 ലാണ് രൂപീകരിച്ചത്. പത്തുവര്‍ഷത്തിനു ശേഷം 2014 ല്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭം 18 ലക്ഷം രൂപയായിരുന്നു.

അടുത്തവര്‍ഷം കമ്പനിക്ക് കിഫ്‌സ് 15.8 കോടി രൂപ വായ്പ അനുവദിച്ചു. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ 2015- 16 വര്‍ഷത്തില്‍ 88 കോടി രൂപ വിവിധ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വിവാദ കമ്പനിക്കും വായ്പ കിട്ടിയതെന്നുമാണ് കിഫ്‌സില്‍ നിന്നു മറുപടി ലഭിച്ചത്. ബാങ്കിങ് ഇതരസ്ഥാപനമായ കിഫ്‌സ് ആകെ നല്‍കിയ തുകയുടെ 17 ശതമാനവും സാമ്പത്തികമായി മെച്ചത്തിലല്ലാത്ത ജയ് ഷായുടെ കമ്പനിക്കാണ് ലഭിച്ചതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജയ് ഷായ്ക്ക് പങ്കാളിത്തമുള്ള കുസും ഫിന്‍സര്‍വീസ് എന്ന സ്ഥാപനത്തിനെതിരേയും ഇതേ ആരോപണമുണ്ട്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം 36,500 രൂപ നഷ്ടമുണ്ടാക്കിയ ഈ സ്ഥാപനം 2014-ല്‍ 1.73 കോടിയുടെ ലാഭമാണ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജയ് ഷാക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. കഴിഞ്ഞകാലങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top