Flash News

സോളാര്‍ കേസ്; ഉമ്മന്‍‌ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

October 11, 2017

oommenതിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി സോളാര്‍ കമ്മീഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ സരിത എസ്. നായര്‍ക്ക് ഇവര്‍ സഹായം നല്‍കിയെന്നും കമ്മീഷന്‍ കണ്ടെത്തി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലീം രാജ് എന്നിവര്‍ക്ക് സോളാര്‍ തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്‍റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സരിത നായരില്‍ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒന്‍പത്, പതിമൂന്ന് വകുപ്പുകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതായി വ്യക്തമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെയും മറ്റുള്ളവരെയും ക്രിമനല്‍ നടപടികളില്‍ നിന്ന് രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി ടീം സോളാറിനെ സഹായിച്ചത് ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും അഴിമതിക്ക് കൂട്ടുനിന്നതായി വ്യക്തമായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക.

സരിതാ നായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ പദ്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യന്‍, ജോസ് കെ.മാണി എംപി, കെ.സി.വേണു ഗോപാല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും. ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിതയുടെ കത്തില്‍ പറഞ്ഞിട്ടുളളവര്‍ക്കെതിരെ കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുത്തി കേസെടുക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊലീസ് അസോ സെക്രട്ടറി ജി. ആര്‍ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നല്‍കിയിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമർപ്പിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top