Flash News

സോളാര്‍ ചൂടില്‍ മുന്‍ യുഡി‌എഫ് നേതാക്കളും മന്ത്രിമാരും വെന്തുരുകുന്നു

October 11, 2017

solar-scam-830x412തിരുവനന്തപുരം: സെപ്റ്റംബര്‍ 26നായിരുന്നു സോളാര്‍ കേസില്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ സര്‍ക്കാരിന് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടര് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് സര്‍ക്കാര്‍ നിയമോപദേശം തേടി. ഒക്ടോബര്‍ മൂന്നിനായിരുന്നു നിയമോപദേശം ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും തന്നെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്യുക. മുഖ്യമന്ത്രിയെ തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിച്ചുവെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരേയും കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെ സി വേണുഗോപാല്‍, പളനിമാണിക്യം, എന്‍. സുബ്രഹ്മണ്യം, ജോസ്. കെ.മാണി എന്നിവര്‍ക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സരിതയുടെ കത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണത്തിന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. അഴിമതി നിരോധന നിയമത്തിനു പുറമെ ലൈംഗീകാതിക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തായിരിക്കും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുക.

അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് എഡിജിപി കെ. പത്മകുമാറിനും ഡിവൈഎസ്പി കെ. ഹരികൃഷ്ണനും എതിരെ കേസെടുക്കും. പത്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എംഡിയായും അന്നത്തെ അന്വേഷണ സംഘത്തലവന്‍ ഡിജിപി എ. ഹേമചന്ദനെ കെഎസ്ആര്‍ടിസി എംഡിയായും മാറ്റി നിയമിച്ചു. സരിതാ എസ്. നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ടീം സോളാറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രിമാര്‍ക്കെതിരയും കേസെടുക്കും.

ഉമ്മൻചാണ്ടി മുഖേന അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിള എന്നിവരും ടീം സോളർ കമ്പനിയെയും സരിതയെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനു സഹായിച്ചതായി കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്-

1. ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി) കുറ്റം- അഴിമതി, മാനഭംഗം
നടപടി-അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം, മാനഭംഗക്കേസ്, നിലവിലുള്ള കേസുകളില്‍ തുടരന്വേഷണം.

(പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 368 / 2013, കോന്നി പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 656 / 2013 എന്നീ കേസുകളില്‍ ഉമ്മന്‍ ചാണ്ടിക്കും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ക്കുമെതിരെയുള്ള കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളും സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനല്‍ നടപടി ചട്ടം 173 (8) പ്രകാരം തുടരന്വേഷണം നടത്തും.)

2. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (മുന്‍ മന്ത്രി) കുറ്റം -ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി
നടപടി -ക്രിമിനല്‍ കേസ്

3. ആര്യാടന്‍ മുഹമ്മദ് (മുന്‍ മന്ത്രി) കുറ്റം -അഴിമതി, മാനഭംഗം
നടപടി- അഴിമതിക്കും മാനഭംഗത്തിനും കേസ്, തുടരന്വേഷണം. വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.

4. കെ.സി. വേണുഗോപാല്‍ (എംപി) കുറ്റം – അഴിമതി, മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

5. അടൂര്‍ പ്രകാശ് (എംഎല്‍എ) കുറ്റം – അഴിമതി, മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

6. ഹൈബി ഈഡന്‍ (എംഎല്‍എ) കുറ്റം -മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

7. ജോസ് കെ. മാണി (എംപി) കുറ്റം – മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

8. എ.പി. അനില്‍കുമാര്‍ (എംഎല്‍എ) കുറ്റം – മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

9. പളനിമാണിക്യം (മുന്‍ കേന്ദ്രമന്ത്രി) കുറ്റം – മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

10. എന്‍. സുബ്രഹ്മണ്യം (കോണ്‍ഗ്രസ് നേതാവ്) കുറ്റം – മാനഭംഗം
നടപടി- അഴിമതിക്കും മാനഭംഗത്തിനും കേസ്

11. കെ. പത്മകുമാര്‍ (എഡിജിപി) കുറ്റം- മാനഭംഗം, തെളിവു നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം
നടപടി -ക്രിമിനല്‍ കേസ്, സ്ഥാനമാറ്റം

12 കെ. ഹരികൃഷ്ണന്‍ (ഡിവൈഎസ്പി) കുറ്റം – തെളിവു നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍
നടപടി – വകുപ്പുതല നടപടി, സ്ഥാനമാറ്റം, ക്രിമിനല്‍ കേസ്

13. എ. ഹേമചന്ദ്രന്‍ (ഡിജിപി) കുറ്റം- അന്വേഷണത്തിലിടപെട്ടു
നടപടി – പ്രത്യേക സംഘത്തിന്റെ അന്വേഷണം, സ്ഥാനമാറ്റം

14. തമ്പാനൂര്‍ രവി (മുന്‍ എംഎല്‍എ) കുറ്റം- പ്രതികളെ രക്ഷപ്പെടുത്താന്‍ മനഃപൂര്‍വമായി ശ്രമം, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍
നടപടി – ക്രിമിനല്‍ കേസ്

15. ബെന്നിബെഹനാന്‍ (മുന്‍ എംഎല്‍എ) കുറ്റം – പ്രതികളെ രക്ഷപ്പെടുത്താന്‍ മനഃപൂര്‍വമായി ശ്രമം, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍
നടപടി – ക്രിമിനല്‍ കേസ്

16. ജി.ആര്‍. അജിത് (പൊലീസ് അസോ. മുന്‍ സെക്രട്ടറി) കുറ്റം – സോളര്‍ കേസ് പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങി
നടപടി – വകുപ്പുതല നടപടി, വിജിലന്‍സ് അന്വേഷണം

മാത്രമല്ല, കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെത്തുടര്‍ന്ന് ഇനിയും പരാതികള്‍ ലഭിക്കാനും പഴയ കേസുകളില്‍ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിക്കുകയാണെങ്കില്‍ അവ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top