Flash News

കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കൂ, അവര്‍ ലോകം കീഴടക്കട്ടേ (ഡോ. എം അനിരുദ്ധന്‍)

October 13, 2017

anirudhan banner

കൊല്ലം ഓച്ചിറ സ്വദേശിയായ ഡോ. എം. അനിരുദ്ധന്‍ ഇന്ന് ലോകം അറിയുന്ന ന്യൂട്രീഷ്യന്‍ സയന്റിസ്റ്റും,പോഷകാഹാര ഉത്‌പാദന രംഗത്തെ മുന്‍നിര വ്യവസായിയുമാണ്. അമേരിക്കയാണ് പ്രവര്‍ത്തന മണ്ഡലം. കാക്കഞ്ചേരി കിന്‍ഫ്ര കേന്ദ്രമായി എസ്സെന്‍ ഫുഡീസിന് തുടക്കമിട്ട അദ്ദേഹം തന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. അനിരുദ്ധനുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍

പന്ത്രണ്ട് വര്‍ഷം മുമ്പ് യു.എന്‍. നടത്തിയ ലോകാരോഗ്യ സര്‍വേ പ്രകാരം, ഇന്ത്യയിലെ കുട്ടികള്‍ ആരോഗ്യ കാര്യത്തില്‍ കോംഗോയ്ക്കും ബംഗ്ലാദേശിനും പിറകിലാണെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 45 ശതമാനവും മതിയായ ഉയരമില്ലാത്തവരോ, ഉയരത്തിനൊത്ത് തൂക്കം ഇല്ലാത്തവരോ ആയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, അന്നത്തെ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഒരിക്കല്‍ അനിരുദ്ധനോട് ചോദിച്ചു, ഇന്ത്യയിലെ കുട്ടികളുടെ പോഷകക്കുറവിനെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനാവില്ലേ? ഈയൊരു ചോദ്യമാണ് ലോകം അറിയുന്ന മാധവന്‍ അനിരുദ്ധനെന്ന ന്യൂട്രീഷ്യന്‍ വിദഗ്ധനെ ഇന്ത്യയിലേക്ക് നയിച്ചത്.

മലപ്പുറം കാക്കഞ്ചേരി കിന്‍ഫ്രയില്‍ എസ്സെന്‍ ഫുഡീസ് എന്ന പോഷകാഹാര ഉത്പാദന കേന്ദ്രം തുടങ്ങുന്നതിന് ഈയൊരു ക്ഷണം ഏറെ പ്രോത്സാഹനമായി. ഷിക്കാഗോ കേന്ദ്രമായുള്ള എസ്സെന്‍ ന്യൂട്രീഷ്യന്‍ എന്ന സ്ഥാപനം പടുത്തുയര്‍ത്തിയതിന്റെയും ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്‍ഡോസിന്റെ ഗവേഷക വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചതിന്റെയും അനുഭവ സമ്പത്തുമായാണ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ന്യൂട്രീഷ്യന്‍ സയന്റിസ്റ്റ് ഡോ. എം. അനിരുദ്ധന്‍ കേരളത്തിലെത്തിയത്.

എട്ട് വര്‍ഷം മുമ്പ് കാക്കഞ്ചേരി കിന്‍ഫ്രയില്‍ എസ്സെന്‍ ഫുഡീസ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും സാങ്കേതിക നൂലാമാലകളെ മറികടന്ന് ഇപ്പോഴാണ് ഉത്പാദനം തുടങ്ങിയത്. കേരളത്തിലെ കുട്ടികളെ ശരിയായ പോഷകം നല്‍കി വളര്‍ത്തൂ, അവര്‍ ലോകം കീഴടക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. കാര്യമായ കായികാധ്വാനമില്ലാത്ത, ശരാശരി ഒരു മനുഷ്യന് ദിവസം വേണ്ടത് ഏകദേശം 2,200 കലോറി ഊര്‍ജമാണ്. ഇതില്‍ പാതിയും വരേണ്ടത് കാര്‍ബോ ഹൈഡ്രേറ്റില്‍നിന്നും. 550 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് വേണ്ടുന്നതില്‍ പകുതി ചോറില്‍നിന്ന്,അവശേഷിക്കുന്നവ പഴം പച്ചക്കറിയിനങ്ങളില്‍ നിന്ന് ആകുന്നതാണ് ഉത്തമം. എന്നാല്‍, മൂന്നും നാലും നേരം അരിയാഹാരം കഴിക്കുന്ന കേരളീയന് 90 ശതമാനം ഊര്‍ജവും ലഭിക്കുന്നത് കാര്‍ബോ ഹൈഡ്രേറ്റില്‍ നിന്നാണ്. ആരോഗ്യരംഗത്ത് കേരളീയര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

അറിഞ്ഞു കഴിക്കൂ, ആരോഗ്യം നിലനിര്‍ത്തൂ

ശരിയായ മാംസ്യത്തിന്റെ കുറവ്, രോഗ പ്രതിരോധത്തിനും കായിക ബലം നല്‍കുന്നതിനും ആവശ്യമായ കൊഴുപ്പിന്റെ കുറവ്, കാത്സ്യക്കുറവ് തുടങ്ങിയവ കേരളീയരില്‍ പൊതുവേ കാണപ്പെടുന്ന പ്രശ്നങ്ങളാണ്. ശരീരത്തില്‍ ശരിയായ തോതില്‍ കൊഴുപ്പില്ലെങ്കില്‍, അര്‍ബുദം പോലുള്ള രോഗങ്ങള്‍ എളുപ്പം പിടികൂടും. കൊഴുപ്പെന്ന് കേള്‍ക്കുമ്പോഴേ ചതുര്‍ഥി കാണുംപോലെ അകറ്റിക്കളയരുത്. നല്ലതിനെ കൊള്ളേണ്ടതുണ്ട്. മികച്ച ഉദാഹരണമായി അദ്ദേഹം പറയുന്നത് ഒലീവ് എണ്ണയാണ്. വിദേശ രാജ്യങ്ങളില്‍ ഒരുതരം ധാന്യത്തില്‍ നിന്നുത്പാദിപ്പിക്കുന്ന കനോല എണ്ണയും മികച്ചതാണ്. വെളിച്ചെണ്ണയെക്കാള്‍ വിശ്വാസത്തിലെടുക്കാവുന്നവയാണ് സൂര്യകാന്തി, ചോളം, സോയ എന്നിവ.

പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവയുടെ മികച്ച ഉറവിടമാണ് പാലും മീനും. പാല്‍ പിരിയുമ്പോള്‍ ഉണ്ടാകുന്ന തെളിവെള്ളം വേ പ്രോട്ടീന്റെയും അമിനോ ആസിഡിന്റെയും ഏറ്റവും മികച്ച ഉറവിടമാണെന്നതിനാല്‍, മോരും സംഭാരവുമൊക്കെ ഒഴിവാക്കാനാകാത്തവയാണ്. ഇത് ആറ്റിക്കുറുക്കി തയ്യാറാക്കുന്ന വേ പ്രോട്ടീന്‍ ഉത്പന്നങ്ങള്‍ കഴിക്കുന്നതും ഏറെ ഗുണം ചെയ്യും.

മികച്ച മാംസ്യ ഉറവിടമാണ് അയലയും സൂതയും. എന്നാല്‍, രസ (മെര്‍ക്കുറി) ത്തിന്റെ അംശം കൂടുതലായതിനാല്‍ ഇവ രണ്ടും പരിധിക്കപ്പുറം കഴിക്കുന്നത് നന്നല്ല. രക്തത്തില്‍ കലരുന്ന രസം നിക്ഷേപിക്കപ്പെടുന്നത് തലച്ചോറിലാണത്രെ. കണ്ണുമടച്ച് വയറുനിറയെ തട്ടിവിടാവുന്നവ പോഷക സമ്പുഷ്ടമായ മത്സ്യയിനങ്ങളാണ് നമ്മുടെ സ്വന്തം മത്തിയും നെയ്മീനും, പൊന്നിന്‍വിലയുള്ള സാല്‍മണും. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ മോര് ധാരാളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

സ്ത്രീകളിലും വളര്‍ന്നുവരുന്ന കുട്ടികളും പതിവായി കാണുന്ന പ്രശ്നമാണ് കാത്സ്യം, ഇരുമ്പ് എന്നിവയുടെ കുറവ്. കാത്സ്യം അടങ്ങിയ ഭക്ഷണവും ഗുളികകളുമൊക്കെ കഴിച്ചാലും, യഥാവിധം സ്വാംശീകരിക്കപ്പെടണമെങ്കില്‍ വിറ്റമിന്‍ ഡി3 വേണം. സൂര്യവെളിച്ചത്തില്‍ നിന്നുമാത്രമേ ഇത് ലഭിക്കൂ. മാംസ്യത്തിന്റെ കുറവുകാരണം 55 വയസ്സുകഴിയുമ്പോഴേക്കും മസിലുകള്‍ ശോഷിക്കുന്നതാണ് മറ്റൊരു പ്രശ്നം. എന്നാല്‍, ബോഡി ബില്‍ഡിങ്ങിന്റെ ഭാഗമായി അനാവശ്യമായി പ്രോട്ടീന്‍ പൗഡറുകളും ഉത്തേജകങ്ങടങ്ങിയ പോഷകങ്ങള്‍ കഴിക്കുന്നത് ഒട്ടും ആശാസ്യകരമല്ല.

പതിറ്റാണ്ടുകളായി അമേരിക്കന്‍ ജനത നേരിടുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അടുത്ത കാലത്തായി കേരളത്തെയും ഇത് ബാധിച്ചിരിക്കുന്നു. വ്യായാമവും നല്ല ഭക്ഷണശീലവുമാണ് പ്രതിവിധി. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. മൃഗക്കൊഴുപ്പ് പൂര്‍ണമായും ഒഴിവാക്കണം.

അണ്ടര്‍ 17 ലോകകപ്പില്‍ നല്ല രീതിയില്‍ കളിച്ചെങ്കിലും, ക്രമേണയായി ഊര്‍ജം ചോര്‍ന്നുപോയ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ഭക്ഷണരീതിയുടെ ഇരകളാണെന്നാണ് അനിരുദ്ധന്റെ അഭിപ്രായം. ചരിത്രവും ഗണിതവുമൊക്കെ പഠിപ്പിക്കുന്നതിന് മുമ്പേ, നല്ല ഭക്ഷണം തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമുള്ള അറിവാണ് പകരേണ്ടത്. നല്ല ഭക്ഷണസംസ്കാരം വളര്‍ത്തിയെടുക്കണം. അതുവഴിയേ ആരോഗ്യമുള്ള സമൂഹം വളര്‍ന്നുവരൂ ഇദ്ദേഹം പറയുന്നു.

88910175ഓച്ചിറ സ്വദേശിയായ അനിരുദ്ധന്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നാണ് എം.എസ്.സി ചെയ്തത്. രസതന്ത്രത്തില്‍ ഗവേഷണത്തിനായാണ് 1973-ല്‍ അമേരിക്കയിലേക്ക് പോയത്. ടെക്സസിലെ എ. ആന്‍ഡ് എം. സര്‍വകലാശാലയില്‍ ആണവ രസതന്ത്രം (ന്യൂക്ലിയര്‍ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യന്‍ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി. എടുത്തു. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്‍ഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വര്‍ഷം തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള പോഷകങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഏറെ വര്‍ഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാന്‍ഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോര്‍ട്സ് ന്യൂട്രീഷ്യന്‍ ഉത്പന്നം ഐസോ സ്റ്റാര്‍ വികസിപ്പിച്ചെടുത്തത് അനിരുദ്ധന്‍ അടങ്ങുന്ന സംഘമായിരുന്നു.

പോഷക ഗവേഷണ, ഉത്പാദന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1983-ല്‍ കെ.ആര്‍. നാരായണന്‍ അംബാസഡറായിരിക്കെ, അദ്ദേഹത്തിന്റെ സഹായത്തോടെ വടക്കന്‍ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാനയ്ക്ക് രൂപം നല്‍കിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയില്‍ തുടര്‍ന്നു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമവേദിയാക്കി മാറ്റി. നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കണ്‍സല്‍ട്ടന്റായിരുന്ന അദ്ദേഹം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ.) ഫുഡ് ലേബല്‍ റെഗുലേറ്ററി കമ്മിറ്റിയില്‍ അംഗമായിരുന്നു. യു.എസ്.എ.യിലെ നാഷണല്‍ ഫുഡ് പ്രൊസസേഴ്സ് അസോസിയേഷന്‍ മികച്ച ആര്‍ ആന്‍ഡ് ഡി ശാസ്ത്രജ്ഞനുള്ള പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. ചേര്‍ത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കള്‍ ഡോ. അനൂപും അരുണും. അരുണ്‍ അച്ഛനൊപ്പം ബിസിനസില്‍ പങ്കാളിയാണ്.
കടപ്പാട്: മാതൃഭൂമി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top