Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

വാക്‌സിനേഷന്‍ വിരുദ്ധ വാദങ്ങള്‍ വസൂരിയെക്കാള്‍ വേഗത്തില്‍ (ലേഖനം)

October 16, 2017 , നാസിം ഖാന്‍ എം.

vaccination banner smallവാക്‌സിനേഷന്‍ വിരുദ്ധ വാദങ്ങള്‍ വസൂരിയെക്കാള്‍ വേഗത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ പകരുന്നത്..! പൊതുവേ പുരോഗമനക്കാര്‍ എന്ന് കരുതിയിരുന്ന നമ്മുടെ ശാസ്ത്ര-ചിന്താ-ശീലം ഈ നവ-മാധ്യമ കാലത്ത് പരിതാപകരമായ തോതില്‍ പരിമിതപെട്ടു എന്നാണു ഈ വിവാദങ്ങള്‍ വിളിച്ചു പറയുന്നത്. വൈദ്യ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വിവിധ ഗുണങ്ങള്‍ ജീവിതത്തിന്റ സകല മേഖലയിലും ഉപയോഗപ്പെടുത്തുന്നവരാണ് ഇപ്പോള്‍ ശാസ്ത്ര വിരുദ്ധ വാദങ്ങളുമായി മുന്നോട്ടു വരുന്നത് എന്നത് ഒരു വിചിത്ര സത്യമാണ്.

പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ക്ക് മുന്നില്‍ ഇയ്യാം പാറ്റകളെ പോലെ നിസ്സഹായനായി മനുഷ്യര്‍ മരിച്ചു വീണു കൊണ്ടിരുന്ന ഒരു കാലത്തിലൂടെ മനുഷ്യരാശി ഭയാനകമായി കടന്ന് പോയിട്ടുണ്ട്. വസൂരി , കോളറ, റാബീസ്, അന്ത്രാക്സ്, മലേറിയ, ഡിഫ്തീരിയ തുടങ്ങി നിരവധി രോഗങ്ങള്‍…

അതീവ അപകടകാരികളായ സാംക്രമിക രോഗങ്ങള്‍ക്ക് കാരണം ജൈവ വസ്തുക്കള്‍ ചീഞ്ഞുണ്ടാകുന്ന ദുര്‍ഗന്ധ പൂരിതമായ വായു പ്രവാഹമാണെന്നായിരുന്നു (Miasma theory) ആദ്യം കരുതിയിരുന്നത്. പിന്നീട് വലിയൊരു ശതമാനം രോഗങ്ങള്‍ക്കും കാരണമാകുന്നത് ജൈവ സൂക്ഷ്മാണുക്കള്‍ (Microorganisms) ആണെന്ന നിഗമനത്തിനു (Germ theory) ശേഷം ശാസ്ത്ര ലോകം അവയെ കീഴടക്കാനുള്ള വഴികളും അന്വേഷിച്ചിരുന്നു.

യുദ്ധത്തേക്കാള്‍ ഭീകരം എന്ന് വിശേഷിപ്പിച്ചിരുന്ന വസൂരിയ്ക്ക്, ഇംഗ്ളീഷ് ഫിസിഷ്യനായിരുന്ന എഡ്വേര്‍ഡ് ജെന്നര്‍ 1796 ല്‍ ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് കണ്ടെത്തിയതോടെ വൈദ്യ ശാസ്ത്രത്തില്‍ രോഗ പ്രതിരോധത്തിന്റെ പുതിയൊരു പാത തുറക്കപെടുകയായിരുന്നു. പശുക്കളില്‍ നിന്നും പകരുന്ന ഗോ-വസൂരി എന്ന താരതമ്യേന മാരകമല്ലാത്ത വൈറസ് ബാധ ഉണ്ടായവരില്‍ പിന്നീട് വസൂരി വരുന്നില്ല എന്നു അദ്ദേഹം കണ്ടെത്തി. രോഗം ബാധിച്ച പശുക്കളില്‍ നിന്നും ശേഖരിച്ച ജൈവ ദ്രവങ്ങള്‍ മനുഷ്യരില്‍ കുത്തിവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. ഗോ-വസൂരി ഒരിക്കല്‍ ബാധിച്ചാല്‍ ശരീരം അതിനെതിരെ ഉള്ള ആന്റിജെന്‍ ഉല്‍പ്പാദിപ്പിക്കുകയും പിന്നീട് യഥാര്‍ത്ഥ വസൂരി ബാധയെ തടയാന്‍ ഇത് വഴി ശരീരത്തിന് സാധിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ഇതിന്റെ പിന്നിലെ ശാസ്ത്രം. തുടര്‍ന്ന് ലൂയി പാസ്ച്ചര്‍ ഇതേവഴിയില്‍ റാബീസ് , അന്ത്രാക്സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രധിരോധ മരുന്നുകള്‍ വികസിപ്പിച്ചെടുത്തു.

ആദ്യ മരുന്നുകളുടെ വിജയത്തോടെ നിരവധി തവണ പരിഷ്‍കരിക്കപ്പെട്ട ഇവ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. വാക്സിനേഷന്‍ പ്രോഗ്രാമുകള്‍ക്കായി വിവിധ രാജ്യങ്ങള്‍ ഒട്ടനവധി പദ്ധതികള്‍ നടത്തി. മനുഷ്യ രാശി രോഗങ്ങളുടെ ഭീഷണിയില്‍ നിന്നും അതിജീവിച്ചത് ലോകമെങ്ങും നടത്തി വന്ന ഇത്തരം രോഗ-പ്രധിരോധ പദ്ധതികളിലൂടെയായിരുന്നു.

രോഗ ബാധയ്ക്ക് മുന്നേ നടത്തുന്ന പരിപാടി എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ ശാസ്ത്രീയ വാക്സിനേഷന്‍ പ്രോഗ്രാമുകള്‍ക്ക് എതിരെ വിമര്‍ശനങ്ങളും പ്രധിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും വാക്സിനുകള്‍ക്കെതിരെ പ്രതിഷേധ റാലികളും സമരങ്ങളും ഉണ്ടായിട്ടുണ്ട്. രോഗ പീഡ കണ്ടവര്‍ സഹകരിച്ചതും , സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം നടത്തിയതും, ജനങ്ങളില്‍ വളര്‍ന്ന് വന്ന ശാസ്ത്ര ബോധവും, വാക്സിന്‍ അനുകൂല കോടതി വിധികളുമൊക്കെ അന്ന് അത്തരം പ്രതിഷേധങ്ങളെ ഇല്ലാതാക്കി.

ഇന്ത്യയില്‍ വസൂരി വ്യാപകമായ നാശങ്ങള്‍ വിതച്ച കാലത്തു വസൂരി-വാക്സിന്‍ പദ്ധതി ഇവിടെ നടത്താന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ക്കും ആദ്യം നേരിടേണ്ടി വന്നത് ജനങളുടെ പ്രധിഷേധത്തെയാണ്..! ഭാരതീയര്‍ വിശുദ്ധമായി കരുതിയിരുന്ന പശുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മരുന്ന് എന്നതായിരുന്നു അന്നത്തെ പ്രധിഷേധത്തിന്റെ ഒരു പ്രധാന കാരണം. പുഴുവരിച്ചു പൊലിഞ്ഞാലും പുണ്യ പുരാണങ്ങള്‍ പൊന്നുപോലെ എന്ന് കരുതിയിരുന്നവരായിരുന്നു അന്ന് വാക്സിന്‍ വിരുദ്ധര്‍.

ഇന്ന് സോഷ്യല്‍ മീഡിയ ഭീതി പടര്‍ത്തി മുന്നേറുന്ന വാക്സിനേഷന് എതിരെ ഉയരുന്ന വാദങ്ങള്‍ എല്ലാം തന്നെ പൊള്ളയായതും അശാസ്ത്രീയവുമാണ്. ശാസ്ത്രാന്വേഷണ യുക്തി പുലര്‍ത്തിയാല്‍ തന്നെ തീരുന്നതാണ് ഈ വിവാദങ്ങള്‍. പക്ഷെ വലിയൊരു ശതമാനം ജനങ്ങളും അങ്ങനെയല്ലാത്തതാണ് പ്രധാന പ്രശ്‌നം.!

“നമ്മുടെ കുട്ടികള്‍ക്ക് പ്രധിരോധ ശേഷിയില്ലെന്നു ആര് പറഞ്ഞു..?” എന്നാണ് വാക്സിന്‍ വിരുദ്ധരുടെ ഒരു പ്രധാന ചോദ്യം. പ്രധിരോധ ശേഷിയെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് വാക്സിന്‍ പ്രവർത്തിക്കുന്നത് എന്നതാണ് ഇതിനുത്തരം. ആരോഗ്യമുള്ളവര്‍ക്ക്‌ തീര്‍ച്ചയായും പ്രധിരോധ ശേഷിയുണ്ടാകും. ഗോ-വസൂരിയുടെ കാര്യത്തില്‍ പറഞ്ഞപോലെ അപകട ശേഷിയില്ലാത്ത വാക്സിന്‍ ശരീരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആരോഗ്യമുള്ള ശരീരം അതിന്റെ പ്രധിരോധ ശേഷി ഉപയോഗപ്പെടുത്തി പ്രതി-പ്രവര്‍ത്തിക്കുന്നു. ഇത് മൂലം ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിജനുകള്‍ ശരീരത്തില്‍ നിലനില്‍ക്കുകയും പിന്നീട് യഥാർത്ഥ രോഗകാരികള്‍ വന്നാല്‍ അവയെ വിജയകരമായി നേരിടുകയും ചെയ്യുന്നു എന്നതാണ് വാക്സിന്റെ പ്രവര്‍ത്തന തത്വം.

അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് ജനസംഖ്യ കുറയ്ക്കാനാണ് വാക്സിനേഷന്‍ എന്നതാണ് മറ്റൊരു വിചിത്ര വാദം. 1816 ല്‍ 100 കോടി ആയിരുന്ന ലോക ജനസംഖ്യ 2016 ൽ 750 കോടിയായി വളര്‍ന്നു . അതായത് ആരോഗ്യ ശാസ്ത്രവും വാക്സിനേഷനും ലോകാരോഗ്യ സംഘടനയുമൊക്കെ വളര്‍ന്ന് പ്രവര്‍ത്തിച്ച കഴിഞ്ഞ 200 വർഷങ്ങള്‍ കൊണ്ടാണ് ലോക ജനസംഖ്യ ഏഴര ഇരട്ടിയായി ഉയര്‍ന്നത് എന്ന് കണക്കുകള്‍ പറയുന്നു..!! ഇനി എന്ത് പറയും?

90 വയസ്സ് കഴിഞ്ഞ അമ്മുമ്മമാരെ കാണിച്ചാണ് ചില വാക്സിന്‍ വിരുദ്ധര്‍ വാദിക്കുന്നത്. 90 വയസ്സ് കഴിഞ്ഞ അമ്മൂമ്മമാർ ആയ കാലത്തു പ്രസവിച്ചതില്‍ ഏറെയും ചെറുപ്പത്തില്‍ തന്നെ മരണപെട്ടു എന്ന് അവരോടു തന്നെ ചോദിച്ചാല്‍ പറയും..!! അപ്പോള്‍ ഇന്ന് ബാല മരണങ്ങള്‍ കുറച്ചതില്‍ വൈദ്യ ശാസ്ത്ര രംഗം വഹിച്ച പങ്ക് മനസിലായിട്ടുണ്ടാകുമല്ലോ.

അലോപ്പതി രംഗത്തെ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കച്ചവട താല്‍പര്യം ഇതാണ് മറ്റൊരു വാദം. ഒട്ടനവധി ഗവേഷണങ്ങള്‍ വേണ്ടിവരുന്നതിനാല്‍ അറിയുന്നിടത്തോളം വാക്സിന്‍ ഉല്‍പ്പാദനം വളരെയേറെ ചെലവുള്ളതും അത് കൊണ്ട് തന്നെ ലാഭ സാധ്യത കുറഞ്ഞതുമാണ്. ഏറെ ആവശ്യക്കാരുള്ള മറ്റു അലോപ്പതി മരുന്നുകള്‍ ഗുണമേന്മയോടെ നിര്‍മ്മിച്ചാല്‍ തന്നെ അതീവ ലാഭകരമായി പ്രവര്‍ത്തിക്കാമെന്നിരിക്കെ വാക്‌സിന്‍ ഉത്പാദന രംഗത്തേക്ക് വരുന്ന കമ്പനികള്‍ താരതമ്മ്യേന കുറവാണ്. അല്ലെങ്കില്‍ തന്നെ കച്ചവടത്തിന് അലോപ്പതിയെന്നോ പ്രകൃതിയെന്നോ വ്യത്യാസമില്ല. കോടാനുകോടി വിറ്റുവരവുള്ള ആയൂര്‍വേദ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ നിന്നാണ് ഈ വാദം എന്നതാണു ഏറെ രസകരം..!

വാക്സിനില്‍ അടങ്ങിയിരിക്കുന്നത് കെമിക്കലാണ് കൊടുക്കരുത്… ഇതാണ് മറ്റൊരു പ്രചാരണം.. സത്യത്തില്‍ രാസ വസ്തുക്കളോട് മലയാളികള്‍ക്കുള്ള ഭയം പ്രത്യേകം ചികിത്സിച്ചു മാറ്റേണ്ടതുണ്ട്. രാസവളം എന്നൊക്കെ കേട്ടാല്‍ തന്നെ കലിതുള്ളും. അപ്പോഴാണ് രാസ വസ്തുക്കള്‍ അടങ്ങിയ വാക്സിന്‍..:) കെമിക്കല്‍ അല്ലാത്ത എന്ത് വസ്തുക്കളാണ് നമുക്ക് ചുറ്റുമുള്ളത്.! രാസം സമം വിഷം എന്നാണ് പലരും കരുതുന്നത്..!

“രോഗത്തിന് കഷായവും അരിഷ്ടവും ലേഹ്യവും…ഹാ ആയൂര്‍‌വേദം പ്രകൃതിയുടെ വരദാനം എന്നാണല്ലോ…അപ്പൊ അടിപൊളി പോരട്ടെ” എന്ന് നമ്മുടെ കരള്‍, ആയൂര്‍വേദ മരുന്നുകളോട് പറയും എന്നാണു ഈ പ്രകൃതി രമണീയര്‍ കരുതിയിരിക്കുന്നത്..!! എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. എന്ത് അകത്തേക്ക് ചെന്നാലും ദഹന പ്രക്രിയ വഴി അവയെ അടിസ്ഥാന ഘടകങ്ങളാക്കി ശരീരം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക. അപ്പോള്‍ രോഗങ്ങളോട് പ്രതികരിക്കേണ്ട രാസ സംയുക്തങ്ങള്‍ രോഗിയുടെ ശാരീരികാവസ്ഥ അറിഞ്ഞു കൃത്യമായ അളവില്‍ നല്‍കുന്ന അലോപ്പതി മരുന്നുകള്‍ തന്നെയാണ് ഗുണപ്രദം. യാതൊരു വിധ ശാസ്ത്രീയ പരീക്ഷങ്ങളും ഇല്ലാതെ വിഴുങ്ങി വിടുന്ന പല പ്രകൃതി മരുന്നുകളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടകാരികളാണ്. മിക്ക ആയുര്‍വേദ മരുന്നുകളിലും അപകടകരമായ തോതില്‍ ഹെവി മെറ്റലുകള്‍ അടങ്ങിയിരിക്കുന്നു എന്നു വിവിധ പരിശോധനാ ഫലങ്ങള്‍ പറയുന്നുണ്ട്.

വാക്സിനുകള്‍ ഒരുമിച്ചു കൊടുക്കുന്നത് കൊണ്ട് കുട്ടികളില്‍ ഓട്ടിസം വരുന്നു എന്നതാണ് ഗുരുതരമായ മറ്റൊരു വാദം. ആന്‍ഡ്രൂ വേക്‌ഫീൽഡ് (Andrew Wakefield) എന്ന ഇംഗ്ളീഷ് ഗവേഷകന്‍ ( MMR Measles, Mumps and Rubella) ഒരുമിച്ച് നല്‍കാതിരിക്കാനായി വേണ്ടത്ര തെളിവുകള്‍ ഇല്ലാതെ അവതരിപ്പിച്ച ഒരു പഴയ അസത്യ-വാദമാണിത്. അത് അയാളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്..!

ഇടക്കിടെ വാക്സിന്‍ മാറ്റുന്നു എന്നാണ് മറ്റൊരു വാദം. കാലം മാറുന്നതിനനുസരിച്ചു രോഗാണുക്കളുടെ ഘടനയിലും അവയുണ്ടാക്കുന്ന അപകടങ്ങളിലും മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. പഴയ പനിയല്ല ഇപ്പോഴത്തേത്. അപ്പോള്‍ വാക്സിനുകളില്‍ കൂടുതല്‍ ഗുണകരമായവ കണ്ടെത്തുമ്പോള്‍ അവയിലേക്ക് മാറേണ്ടേ? സ്വന്തം മൊബൈല്‍ ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നവര്‍ തന്നെയാണ് ഈ വാദം ഉന്നയിക്കുന്നവര്‍ എന്നത് രസകരമാണ്.

വാക്സിനെടുത്തു കുഴപ്പത്തിലായവരുടേത് എന്ന് പറഞ്ഞു തെറ്റായ കണക്കുകളാണ് പാവം ജനങ്ങളെ പറ്റിക്കാന്‍ വാക്സിന്‍ വിരുദ്ധര്‍ ഉപയോഗിക്കുന്ന മറ്റൊരു ടൂള്‍. ഓരോന്നായി എടുത്തു പരിശോദിച്ചാല്‍ വാദത്തിനായി പ്രത്യേകം ഉണ്ടാക്കിയെടുത്തതും (Cherry Picking Method) തെറ്റായി വിവരിക്കുന്നതുമാണ് (Data manipulation) മിക്ക കണക്കുകളും..

എടുക്കാത്തവര്‍ക്കു ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നതാണ് വേറെ വാദം. വാക്സിന്‍ ഉപയോഗിച്ച് പ്രതിരോധിക്കുന്ന രോഗങ്ങള്‍ക്ക് സാമൂഹിക സ്വഭാവമുള്ളതിനാല്‍ മറ്റുള്ളവരൊക്കെ വാക്സിന്‍ എടുക്കുന്നത് കൊണ്ട് ചിലര്‍ക്ക് വരുന്നില്ല എന്നേ പറയാനുള്ളൂ.

മതം വിരുദ്ധമാണെന്നതാണ് മറ്റൊരു വാദം. വെറുതെ ചിരിപ്പിക്കല്ലേ എന്ന് മാത്രമാണ് മറുപടി..!! ഹജ്ജടക്കമുള്ള പല മതകാര്യങ്ങള്‍ക്കും വാക്സിന്‍ എടുത്തിന്റെ രേഖകള്‍ ഹാജരാക്കാതെ അനുമതി ലഭിക്കുകയില്ല എന്ന് അതാത് രാജ്യങ്ങളില്‍ നിര്‍ബന്ധിത നിയമങ്ങള്‍ ഉണ്ട് എന്ന് മനസിലാക്കുക.

രോഗാവസ്ഥയിലുള്ളവര്‍ക്ക്‌ കൊടുക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം, ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രോഗാവസ്ഥയിലുള്ളവര്‍ക്ക്‌ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദ്ദേശ പ്രകാരമേ നല്‍കാവൂ.

ഇപ്പോള്‍ നടക്കുന്ന MR വാക്സിനേഷന്‍ എടുക്കണോ വേണ്ടയോ എന്ന് പലരും ചോദിക്കുന്നു. 2020 ആകുമ്പോഴേക്കും മീസെല്‍സ്, റുബെല്ലാ എന്നീ രോഗങ്ങളെ ലോകത്തു നിന്ന് തന്നെ തുടച്ചു നീക്കുക എന്ന ലോകാരോഗ്യ സഘടനയുടെ ലക്ഷ്യത്തിനായി രൂപീകരിച്ച ഈ പദ്ധതിയില്‍ ഏതാണ്ട് 150 ഓളം രാജ്യങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഈ പദ്ധതിക്കായി ഇവിടെ ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ്. ലോകത്തു ആകമാനം നടത്തിയ ഇത്തരം പദ്ധതികളിലൂടെയാണ് വസൂരിയടക്കം പല രോഗങ്ങളും ഇല്ലാതായത്.

പ്രിയപ്പെട്ടവരെ, ആരോഗ്യമാണ് സമ്പത്ത്. കണ്ടാലറക്കുന്ന അടുക്കാന്‍ ഭയക്കുന്ന മഹാവ്യാധികള്‍ പലതും നമ്മുടെ നാട്ടില്‍ വ്യാപകമായി പണ്ടുണ്ടായിരുന്നു. വസൂരി ബാധിച്ച ദേഹങ്ങളെ “പണ്ടാരമെന്നും” അവരെ മരണം വരെ കിടത്താനായി മാത്രം പുറത്തുണ്ടാക്കിയ താല്‍കാലിക മറയെ “പണ്ടാരപ്പുരയെന്നും” ഒടുവില്‍ അനാഥമായി ചത്തൊടുങ്ങുമ്പോള്‍ പായില്‍ കെട്ടി പൊതിഞ്ഞു മറവു ചെയ്യുന്നതിനെ “പണ്ടാരടക്കി” എന്നും നമ്മുടെ പൂർവികര്‍ പറഞ്ഞിരുന്നു എന്ന് “ശബ്‌ദതാരാവലി” പറയുന്നു..! പണ്ടാരടങ്ങി എന്ന് വാക്കിന്റെ വ്യാപ്തിയും വേദനയുമറിയാതെ പലവട്ടം പറയുന്നവരാണ് നാം. വസൂരിയുടെ കലകള്‍ മാഞ്ഞ കാലം അധിക ദൂരത്തല്ല. അതെ ഒരു ജനത എന്ന നിലയില്‍ നമ്മുടെ നാക്കിന്‍ തുമ്പില്‍ നിന്ന് ഒരു വാക്കു മറയാന്‍ വേണ്ട കാലം പോലുമായിട്ടില്ല

നാം ഒരോർത്തരും പുലര്‍ത്തുന്ന ജാഗ്രതയിലാണ് നമ്മുടെ സാമൂഹിക സുരക്ഷ. കൃത്യമയ ലക്ഷ്യങ്ങളുള്ള ആരോഗ്യ പദ്ധതികളോട് നാം അതാത് സമയങ്ങളില്‍ സഹകരിച്ചില്ലെങ്കില്‍ പഴയ രോഗങ്ങളൊക്കെയും പുതിയ ശേഷിയോടെ തിരിച്ചു വരാം. അത് നിങ്ങളെ മാത്രമായോ ഒരു സമൂഹത്തെ മുഴുവനായോ ബാധിക്കാം. അന്ന് സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യ ഭയം പരത്തിയ വാക്‌സിന്‍ വിരുദ്ധന്മാരൊന്നും രക്ഷക്കെത്തില്ല. അതുകൊണ്ടു ആരോഗ്യ പൂര്‍ണ്ണമായ നല്ലൊരു നാളെക്കായി..ഏവരും MR വാക്സിനേഷന്‍ പദ്ധതിയോട് സഹകരിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top