Flash News

ചാലക്കുടിയിലെ രാജിവ് വധത്തില്‍ ഉദയഭാനുവിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു; ഏഴാം പ്രതിയാക്കി പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി

October 17, 2017

cp-udayabhanu-830x412കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ടതില്‍ അഡ്വ. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പോലീസ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. മുദ്രവച്ച കവറില്‍ ‘മിനി’ കുറ്റപത്രമാണു നല്‍കിയത്. പ്രതികളും ഉദയഭാനുവും തമ്മിലുള്ള ബന്ധം അടിവരയിടുന്നതാണു പോലീസ് സമര്‍പ്പിച്ച തെളിവുകളെന്നും വിവരമുണ്ട്.

ഇതോടെ മുന്‍കൂര്‍ ജാമ്യമടക്കം അസാധുവായേക്കും. പോലീസിന് ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും കാലാവധി കഴിയുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, ശക്തമായ തെളിവുകളുള്ളതിനാല്‍ 23നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും അറസ്റ്റിലേക്കു നീങ്ങാമെന്നുമുള്ള പ്രതീക്ഷയിലാണു പോലീസ്. ഇതിനു മുമ്പ് പഴുതടച്ച അന്വേഷണവും പോലീസിനു പൂര്‍ത്തിയാക്കാം. കൊലനടന്ന ദിവസം കൃത്യത്തിനു ശേഷം ഒന്നാംപ്രതിയും ഉദയഭാനുവും തമ്മില്‍ ഏഴുതവണ സംസാരിച്ചു. രാജീവ് മരിച്ചതിനു ശേഷമാണ് പോലീസിനെ ഇക്കാര്യം ഉദയഭാനു അറിയിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രേഖാചിത്രങ്ങളുടെ സഹായത്തോടെയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതു കോടതിക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിലേക്കും നയിച്ചു.

നേരത്തെ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ തുടര്‍നടപടി സ്വീകരിക്കുന്നതിനു മുമ്പ് വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി. ഷംസുദീനാണു രേഖകള്‍ കൈമാറിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെ കേസ് 23 ന് പരിഗണിക്കാന്‍ മാറ്റി. അന്ന് ജാമ്യാപേക്ഷ തീര്‍പ്പാക്കും. ഉദയഭാനുവിനു നോട്ടീസ് നല്‍കി താമസിയാതെ ചോദ്യംചെയ്യാനാണു പോലീസ് നീക്കം. 23നു ശേഷമാകും അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കുക.

ഉദയഭാനുവും കൊല്ലപ്പെട്ട രാജീവും തമ്മില്‍ സൗഹൃദത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. രാജീവിന്റെ അങ്കമാലിയിലെ വസതിയില്‍ ഉദയഭാനു പലവട്ടം സന്ദര്‍ശകനായി എത്തിയിരുന്നു. അതിന്റെ തെളിവുകളും ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ശേഖരിച്ചു. കേസിലെ പ്രതികളെ ചോദ്യംചെയ്തതിന്റെ വിശദാംശങ്ങളും പോലീസ് രേഖകളിലുള്‍പ്പെടുന്നു. കേസില്‍ നാലുപ്രതികള്‍ക്കാണ് നേരിട്ടു പങ്കുള്ളതെന്നാണ് പോലീസ് പറയുന്നത്. ഇവരെ കൃത്യത്തിനു നിയോഗിച്ചത് ചക്കര ജോണി, രഞ്ജിത് എന്നിവരെയും മുമ്പ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ ആറുപ്രതികളെയും പോലീസ് നേരത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ രാജീവുമായി നടത്തിയ ഇടപാടുകളില്‍ ദുരൂഹതയുണ്ടായതാണ് കൊലയിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റ് ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29 നാണ് രാജിവന്റെ മൃതദേഹം കണ്ടെത്തിയത്. ആളൊഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നു ബലമായി രേഖകളില്‍ ഒപ്പിടുവിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ ബലപ്രയോഗം വേണ്ടിവന്നുവെന്നും അതിനിടെ മരിച്ചെന്നുമാണു കേസ്. ഇക്കാര്യത്തിനുപയോഗിച്ച പായ മൃതദേഹത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു. വ്യക്തമായി ആസൂത്രണം നടത്തിയശേഷമായിരുന്നു ഓരോനീക്കവും. രാജീവിന്റെ വസതിയില്‍ ഉദയഭാനു ഇടയ്ക്കിടെ വന്നതുമായി ബന്ധപ്പെട്ട് മറ്റു സാധ്യതകളും പോലീസ് അന്വേഷിക്കാനിടയുണ്ട്.

udayabhanuരാജീവിനെ തട്ടിക്കൊണ്ടുപോയതും ബലം പ്രയോഗിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ ശ്രമിച്ചുതും അടക്കമുള്ള കാര്യങ്ങളുടെ ആസൂത്രണത്തില്‍ ഉദയഭാനുവിനു പങ്കുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ നാലു പ്രതികളും കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലും ഉദയഭാനുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു.

രാജീവ് മര്‍ദനമേറ്റ് അവശനായി കിടക്കുകയാണെന്ന് ഉദയഭാനുവാണ് പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ അതിനു മുമ്പുതന്നെ രാജീവിന്റെ മരണം സംഭവിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജീവ് മരിച്ചെന്ന് അറിഞ്ഞതിനു ശേഷമാണ് ഉദയഭാനു വിളിച്ചതെന്ന് പോലീസ് വാദിക്കുന്നു. കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നാണ് ഉദയഭാനുവിന്റെ നിലപാട്. ജനപക്ഷത്തുനിന്ന് കേസുകള്‍ നടത്തിയതിനാല്‍ ശത്രുക്കള്‍ ഏറെയുണ്ട്. അവരെല്ലാം തനിക്കെതിരേ ഒരുമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഉദയഭാനുവിനു വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. ഇതേക്കുറിച്ചു പോലീസിന്റെ രഹസ്യാന്വേഷണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ബിനാമി പേരുകളിലായതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാനും വിശദാന്വേഷണത്തിലൂടെ വഴിയൊരുങ്ങും.

ഉന്നത ബന്ധങ്ങളുള്ള വ്യക്തിയായതിനാല്‍ സൂക്ഷിച്ചു ചുവടുവെക്കാനാണ് തീരുമാനം. കോളിളക്കമുണ്ടാക്കിയ ചന്ദ്രബോസ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോടതി മുറികളില്‍ തിളങ്ങിയ ഉദയഭാനുവിന് ക്രൂരതയുടെ മുഖമുണ്ടെന്നു വിശ്വസിക്കാന്‍ പലര്‍ക്കുമാകുന്നില്ല. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം നിവേദനങ്ങള്‍ നല്‍കി കടുത്ത നിലപാടു സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top