Flash News

ശബരിമല സന്നിധാനത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി; മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല സന്ദര്‍ശനം ചരിത്രത്തിലെ നാഴികക്കല്ലായി

October 18, 2017

pina1_InPixioശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചു. ശബരിമല തീര്‍ഥാടന അവലോകന യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് മുഖ്യമന്ത്രി ക്ഷേത്രം സന്ദര്‍ശിച്ചത് . ജീവനക്കാര്‍ക്കുള്ള വടക്കേവഴിയിലൂടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. തെക്കേ വശത്തുകൂടി സോപാനത്ത് എത്തിയതിന് ശേഷം ക്ഷേത്ര ജീവനക്കാരെയും പൂജാരിമാരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. ക്ഷേത്രത്തിനുളളിലേക്ക് ഒരു നിമിഷം നോക്കിയ ശേഷം വടക്കേ സോപാനം കടന്ന് മാളികപ്പുറത്തേക്ക് പോയി. മേല്‍ശാന്തി മനു നമ്പൂതിരി മുഖ്യമന്ത്രിയെ പ്രസാദം നല്‍കി സ്വീകരിച്ചു.

മാളികപ്പുറത്ത് നിന്നും വാവര് നടയില്‍ നിന്നും പിണറായി പ്രസാദം സ്വീകരിച്ചു. ശബരിമല ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

pina2_InPixioകൊച്ചു കടുത്താ സ്വാമി നടയില്‍ എത്തിയപ്പോള്‍ പൂജാരിയായ ജയചന്ദ്രനോട് നാട് അന്വേഷിച്ചു. തിരികെ സന്നിധാനത്ത് എത്തിയ അദ്ദേഹം താഴെ തിരുമുറ്റത്ത് നിന്ന് വാവര് സ്വാമിനടയില്‍ ചെന്നു. അവിടുത്തെ മുഖ്യ പുരോഹിതനായ അബ്ദുല്‍ റഷീദ് മുസലിയാര്‍ പ്രസാദം നല്‍കി. ചുക്ക്, ജീരകം, ഏലക്കാ,കല്‍ക്കണ്ടം, കുരുമുളക്, അരി എന്നിവ ചേര്‍ത്ത പ്രസാദം മൂന്ന് തവണ വാങ്ങിക്കഴിച്ചു. ഒപ്പം ഉണ്ടായിരുന്ന മന്ത്രിമാരായ മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍, കെ.രാജു, ജി.സുധാകരന്‍ എന്നിവരും രാജു ഏബ്രഹാം എം.എല്‍.എയും പ്രസാദം കഴിച്ചു.

ശബരിമലയെ ദേശീയ തീര്‍ഥാടക കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും

ശബരിമല: കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല, ശബരിമലയില്‍ ഭക്തര്‍ക്ക് മറ്റു പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്ത് വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ വരിക, ദര്‍ശനം നടത്തുക, വേഗം തിരികെ പോകുക എന്ന സമീപനമാണ് ആവശ്യം. ശബരിമല വികസന പദ്ധതിയില്‍ ദശലക്ഷക്കണക്കിനു തീര്‍ഥാടകരുടെ സൗകര്യം മാത്രമാകണം പ്രധാനം. കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പദ്ധതികളാണ് നടക്കുന്നത്, അങ്ങനെയാണ് നടക്കേണ്ടതെന്നും പിണറായി പറഞ്ഞു.

pina4_InPixioബജറ്റില്‍ വകയിരുത്തിയ 204 കോടി രൂപയും കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി രൂപയും ഉപയോഗിച്ചുള്ള വികസന പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. ഇതില്‍ പുണ്യ ദര്‍ശനം കോപ്ലക്‌സ്, പാണ്ടിത്താവളത്ത് ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ, ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തീര്‍ഥാടന ഒരുക്കങ്ങള്‍ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ദേശീയ തീര്‍ഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം. തീര്‍ഥാടകര്‍ക്ക് ഇപ്പോഴുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു. ശബരി റെയില്‍ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top