നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപിനെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ്. നടി ആക്രമിക്കപ്പെടുമ്പോള്‍ ആശുപത്രിയിലാണെന്നു വരുത്താന്‍ ദിലീപ് വ്യാജ മെഡിക്കല്‍ സര്ട്ടിഫിക്കറ്റുണ്ടാക്കിയെന്നതടക്കമുള്ള ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ ആരോപണം.
നടി അക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖബാധിതനായി ആശുപത്രിയിലായിരുന്നുവെന്ന് വരുത്താന്‍ ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ സംഭവം നടക്കുന്ന ദിവസം താന്‍ ആശുപത്രിയിലാണെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ആശുപത്രിയിലായിരുന്നില്ലെന്നും സിനിമാ ലൊക്കേഷനിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. വ്യാജരേഖ ചമച്ചതിന് ദിലീപിനെതിരേ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റ പത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി കൊച്ചിയില്‍ അന്വേഷണ സംഘത്തിന്റെ ഉന്നതതല യോഗം ഇന്ന് നടക്കും. പോലീസിന്റെ പുതിയ കണ്ടെത്തല്‍ ദിലീപിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തലുകള്‍.
നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 14 മുതൽ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതർ നൽകിയത്. ആശുപത്രി ഫയലുകളിൽ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ ദിവസങ്ങളിൽ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പോലും ഇത് നിർണ്ണായകമാകും. കള്ളം പറയുന്ന വ്യക്തിയാണ് ദിലീപെന്ന് ഇതിലൂടെ പൊലീസിന് സ്ഥിരീകരിക്കാൻ കഴിയും.
ആശുപത്രിയിലെ ചികിൽസയ്ക്കിടെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൊച്ചി ദർബാർ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ദിലീപ് പങ്കെടുത്തിരുന്നു. ഇതിൽ പിടിച്ചുള്ള പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ അന്വേഷണമാണ് വ്യാജ രേഖയിലേക്ക് കാര്യങ്ങളെത്തിച്ചത്. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് ബൈജു പൗലോസിന് വ്യക്തമായി. ചികിൽസയിലുള്ള ആൾ എങ്ങനെ ദർബാർ ഹാളിലെത്തിയെന്ന ചോദ്യത്തിന് മുന്നിൽ ഡോക്ടറും നേഴ്സും പകച്ചു. ഇതോടെയാണ് സത്യം പുറത്തായത്. ആശുപത്രിയിലെ നഴ്സുമാരെയും ഡോക്ടറെയും പൊലീസ് വിശദമായി ചോദ്യം ചെയ്തതിരുന്നു. ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കൽ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതർ മൊഴി നൽകിയിരിക്കുന്നത്. ഇതോടെ പൊലീസ് വ്യാജരേഖയിൽ കേസുമെടുത്തു. ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമായും ഇതിനെ സിനിമാ ലോകം വിലയിരുത്തുന്നു.
കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന സാഹചര്യത്തിൽ വന്നിരിക്കുന്ന പുതിയ കണ്ടെത്തലുകൾ ദിലീപിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിനിമാക്കർ. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.
നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം അടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്നായിരിക്കും സൂചന. അതിനിടെയാണ് ദിലീപിനെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തൽ പുറത്തു വരുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതി ആകുമെന്നും ഉറപ്പായി. സംഭവത്തിൽ ഗൂഢാലോചന നടത്തിയതു കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തുല്യമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. പൾസർ സുനി രണ്ടാംപ്രതിയുമാകും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply