- Malayalam Daily News - http://www.malayalamdailynews.com -

താന്‍ സുരക്ഷാ ഏജന്‍സിയെ ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് ദിലീപ്

thunder-830x412കൊച്ചി: ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു നടൻ ദിലീപ്. തനിക്കെതിരെ കേസ് നൽകിയവരിൽ നിന്നാണു ഭീഷണി നേരിടുന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ നിയോഗിച്ചിട്ടില്ല. അവരുമായി കൂടിയാലോചനകൾ മാത്രമാണു നടന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു നടൻ ദിലീപിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തുവന്നത്.

ആലുവ പൊലീസ് ഞായറാഴ്ചയാണ് ദിലീപിനു നോട്ടിസ് നൽകിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം. അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് ഗോവ ആസ്ഥാനമായ തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ചാലക്കുടിയിലെ ഡി സിനിമാസിനും സംരക്ഷണം ഏർപ്പെടുത്തി. അതിനുപിന്നാലെ, ഏജൻസിയുടെ തൃശൂരിലെ ഓഫിസിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. ദിലീപിനു സുരക്ഷ അനുവദിച്ചതിന്റെ രേഖകൾ ഗോവയിലാണെന്നാണ് അവർ അറിയിച്ചത്. കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടർ ഫോഴ്സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു.

ദിലീപ് സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യ വ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, അംഗീകൃത ഏജൻസിയെ സുരക്ഷയ്ക്കു നിയോഗിക്കുന്നതിൽ നിയമ തടസ്സമില്ലെന്നും അഭിപ്രായമുണ്ട്. ഏജൻസിക്കു രാജ്യത്തെവിടെയും ആയുധം ഉപയോഗിക്കുന്നതിനാണു ലൈസൻസ് എങ്കിൽ കേരളത്തിൽ പ്രത്യേക ലൈസൻസ് ആവശ്യമില്ല. എന്നാൽ, ഇത് ഒരു സംസ്ഥാനത്തേതു മാത്രമാണെങ്കിൽ മറ്റിടങ്ങളിൽ പ്രത്യേക ലൈസൻസ് ആവശ്യമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]