Flash News

പാര്‍ലമെന്റിലിരുന്ന് അശ്ലീല സിനിമകള്‍ കണ്ട് ആര്‍ത്തുല്ലസിക്കാം; ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ പരിഹാസ ശരവുമായി റിച്ച ഛദ്ദ

October 24, 2017

DDOiDnjVwAAve2_സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് റിച്ച ചദ്ദ. ‘മീ റ്റൂ’ കാമ്പെയ്‌നില്‍ പങ്കാളയായിക്കൊണ്ടായിരുന്നു റിച്ചയുടെ വിമര്‍ശവും പരിഹാസവും കലര്‍ന്ന പ്രതിഷേധം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ നിലവിലെ വ്യവസ്ഥിയെയും സാഹചര്യങ്ങളെയും വിമര്‍ശിക്കുകയും കണക്കറ്റ് പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

സിനിമ വരുന്നതിന് മുന്‍പ് തന്നെ ഇവിടെ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സീതയും ദ്രൗപതിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമ ഇല്ലാത്ത നാടുകളിലും അതിക്രമങ്ങള്‍ക്ക് കുറവില്ല. ഓരോ ഇരുപത് മിനിറ്റിലും ഒരു സ്ത്രീ വീതം പീഡിപ്പിക്കപ്പെടുന്ന രാജ്യത്ത് വേഗത്തിലുള്ള നടപടികളാണ് വേണ്ടത്. ഇതാണ് നീതിപീഠം ഉറപ്പാക്കേണ്ടത്. ജനപ്രതിനിധികള്‍ തങ്ങളുടെ ഉള്ളിലെ ബലാത്സംഗക്കാരനെ തിരയുകയാണ് വേണ്ടത്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്നതിന് സ്ത്രീകള്‍ അടയ്ക്കുന്ന നികുതിയാണ് അവര്‍ അനുഭവിക്കുന്ന ലൈംഗികതയും ലൈംഗികാതിക്രമവുമെല്ലാം. ഇത് ഇങ്ങനെ തുടരണോ? ഇതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?ഇതൊരു പ്രശ്‌നമല്ല, നടമാടിക്കൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്. അന്തമില്ലാത്ത ഒരു ദു:സ്വപ്നം. ഇത് പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം-റിച്ച പോസ്റ്റില്‍ കുറിച്ചു.

റിച്ച ചദ്ദയുടെ പോസ്റ്റില്‍ നിന്ന്:

ഹാഷ്ടാഗുകളാണ് പുതിയ യുദ്ധമുഖം. കഴിഞ്ഞ രണ്ടാഴ്ചയായി എന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി വരികയായിരുന്നു. സാമ്പത്തിക രംഗത്തെ അടുത്ത ഒരു പാദത്തില്‍ രാജ്യം കൈവരിക്കുന്ന വളര്‍ച്ചയെപ്പോലെ, തങ്ങള്‍ക്ക് വളരെ കുറച്ച് മാത്രം അറിവുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനാണ് ഈയിടെയായി അഭിനേതാക്കളോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീ റ്റൂ കാമ്പെയിനിനെയും ബോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാരെയും കുറിച്ചുള്ള ചോദ്യങ്ങളുടെ പ്രളയമാണ് എന്റെ ഇന്‍ബോക്‌സില്‍. ഇക്കാര്യത്തെക്കുറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും അറിവുണ്ടാകും എന്നതാണ് സങ്കടകരമായ കാര്യം.
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ തുടങ്ങുന്ന ഒരു രാജ്യത്ത് മീ റ്റു കാമ്പെയിനിന്റെ വ്യാപ്തി കണ്ട് അത്ഭുതപ്പെടുന്നവരെ കാണുമ്പോഴാണ് എനിക്ക് അതിശയം. വാക്ക് കൊണ്ടും നോക്ക് കൊണ്ടും ലിംഗപരവുമായ അതിക്രമങ്ങള്‍ ഒരു ശരാശരി ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് അറിയില്ലെങ്കില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നിങ്ങള്‍ ഏതെങ്കിലും ഹിമാലയന്‍ ഗുഹയില്‍ സുഷുപ്തിയില്‍ കഴിയുകയായിരിക്കണം.

ആദ്യാനുഭവത്തില്‍ നിന്നാണ്, അല്ലാതെ ലൈംഗിക വിദ്യാഭ്യാസത്തില്‍ നിന്നല്ല നമ്മള്‍ നല്ലതും മോശപ്പെട്ടതുമായ സ്പര്‍ശത്തെക്കുറിച്ച് ആദ്യം പഠിക്കുന്നത്. വിദ്യാഭ്യാസം തന്നെ ഒരു സവിശേഷ അധികാരമായ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം ഒരു ആര്‍ഭാടം തന്നെയാണ്. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മരണനിരക്കിന്റെ അനുപാതവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. 2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍ എന്ന ലിംഗാനുപാതമുള്ളപ്പോള്‍ നമുക്ക് മറ്റെന്ത് പ്രതീക്ഷിക്കാനാവും.

ബലാത്സംഗത്തെ മാനഭംഗമായാണ് ഇവിടെ വിശേഷിപ്പിക്കുന്നത്. സമൂഹത്തില്‍ ഇത്തരം മുന്‍ധാരണകള്‍ നിലനില്‍ക്കുമ്പോള്‍ ഒരാള്‍ അതിക്രമത്തിന് വിധേയയാല്‍ എന്തു സംഭവിക്കും എന്നാണ് നമ്മള്‍ കരുതേണ്ടത്. ഇവിടെ ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എളുപ്പമാണോ അതോ വിഷമകരമാണോ?

എപ്പോഴൊക്കെ ഒരു സ്ത്രീയുടെ മാന്യതയ്ക്ക് കളങ്കമേല്‍ക്കുമ്പോഴും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുയരുന്നത് നിരുത്തരവാദപരവും അധിക്ഷേപകരവും അപഹാസ്യവുമായി പ്രതികരണങ്ങളാണ്. സര്‍ക്കാര്‍ മാറിയാലും മനോഭാവം മാറുന്നില്ല. ഏത് വിഭാഗക്കാരായാലും പാര്‍ട്ടി, ദേശ, മത, ജാതി ഭേദമന്യേ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒന്നാണ് ലൈംഗികത. എന്തുകൊണ്ട് നമുക്ക് വിപ്ലവകരമായി ഭരണ, പ്രതിപക്ഷങ്ങളെ ഒന്നിച്ചു ചേര്‍ത്ത് യുണൈറ്റഡ് സെക്‌സിസ്റ്റ് ഫ്രണ്ട് എന്നൊരു പുതിയ പാര്‍ട്ടി രൂപവത്കരിച്ചുകൂടാ? സ്ത്രീകള്‍ക്കും ഇതില്‍ ചേരാം. എല്ലാവര്‍ക്കും ചേര്‍ന്ന് പാര്‍ലമെന്റിലിരുന്ന് ചിരിച്ചുല്ലസിച്ച് അശ്ലീല സിനിമകള്‍ കാണുകയും ചെയ്യാം.

അവള്‍ എന്തു ധരിച്ചു, എന്തിന് എത്താന്‍ വൈകി, ആണ്‍കുട്ടിക്കൊപ്പം എന്തു ചെയ്യുകയായിരുന്നു. എന്തു കൊണ്ട് പരാതിപ്പെട്ടില്ല. എന്തുകൊണ്ട് അരുതെന്ന് പറഞ്ഞില്ല. എന്നൊക്കെ നമ്മുടെ നേതാക്കള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ പേപ്പറുകളൊന്നും വായിക്കാറില്ലേ? ശിശുക്കളും മുത്തശ്ശിമാരും കൗമാരക്കാരികളും മേലാസകലം പൊതിഞ്ഞവരുമെല്ലാം ഒരുപോലെ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം ഇവര്‍ക്കറിയില്ലേ? പുരുഷാധിപത്യത്തേക്കാള്‍ വലിയ രോഗമാണ് നമ്മളെ ഗ്രസിച്ചിരിക്കുന്നത്. സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടേണ്ടവരാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു സാഹചര്യത്തിന്റെ സൃഷ്ടിയാണ് ഈ രോഗം. ഒരു ബലാത്സംഗത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വരെയുണ്ട് ഇന്ന്. ഈ ദാരുണമായ അവസ്ഥയെക്കുറിച്ച് ബോധമില്ലെങ്കില്‍ മറ്റെന്തിനെ കുറിച്ചാണ് ഉണ്ടാവുക.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമത്തിനെതിരെ പ്രക്ഷോഭം നടത്തി. അതിക്രമങ്ങള്‍ കാരണം സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ ഹരിയാനയിലെ പെണ്‍കുട്ടികളുടെ അവസ്ഥ തന്നെയായിരുന്നു ഇവിടുത്തെ കുട്ടികള്‍ക്കും. പ്രക്ഷോഭം സംഘര്‍ഷഭരിതമായപ്പോള്‍ വൈസ് ചാന്‍സലര്‍ പെണ്‍കുട്ടികളെയാണ് കുറ്റപ്പെടുത്തിയത്. അവര്‍ ആക്രമിക്കപ്പെടുകയും അവരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെട്ടു. എന്റെ ഈ ലേഖനവും നിറംചാര്‍ത്തപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.

സ്ത്രീത്വത്തെ നിഷേധിക്കുക എന്നാല്‍, അത് സന്തതിപരമ്പരയെ ഇല്ലാതാക്കുക എന്നാണ് അര്‍ഥം. അമ്മയാണ് എല്ലാം തരുന്നത്. അതിന് എന്താണ് നമ്മള്‍ തിരിച്ചുകൊടുക്കുന്നത്. ചിന്തനീയമാണ് ഈ വിഷയം. മത, ജാതി സംഘര്‍ഷങ്ങളുടെയെല്ലാം ഇരകള്‍ സ്ത്രീകളാണ്. കൂട്ടമാനഭംഗത്തിലൂടെയാണ് പലരും കണക്കുതീര്‍ക്കുന്നത്.

വീട്ടുജോലികള്‍ ചെയ്യേണ്ടിവരുമ്പോള്‍ തന്നെ ജനിക്കാനും പഠിക്കാനും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനും പ്രസവിക്കാനുമെല്ലാം പോരാടാന്‍ സ്ത്രീകള്‍ വിധിക്കപ്പെട്ട ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ബന്ധുക്കളും ഭര്‍ത്താവും അനുവദിച്ചാല്‍ മാത്രമാണ് വിവാഹശേഷം ഒരു സ്ത്രീക്ക് പുറത്ത് ജോലിക്ക് പോകാന്‍ കഴിയുക. ജോലിക്ക് പോകുമ്പോള്‍ തന്നെ വളരെ ശ്രദ്ധിച്ചുവേണം എന്തു ധരിക്കണം, എങ്ങനെ പോകണം എപ്പോള്‍ പോകണം, എപ്പോള്‍ തിരിച്ചുവരണം എന്നൊക്കെ തീരുമാനിക്കാന്‍. ഇതിനെയെല്ലാം ആശ്രയിച്ചാണ് നമ്മുടെ സുരക്ഷയിരിക്കുന്നത്.

സ്ത്രീകള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പുരുഷനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത്തരം ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ഒരു പുരുഷനായി ജനിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ കഴിയണം. ഒരു ഇരയാകാതെ രാത്രി ബൈക്കില്‍ ചുറ്റിക്കറങ്ങണം. സുഹൃത്തുക്കള്‍ക്കൊപ്പം മരച്ചുവട്ടിലിരുന്ന് പുക വലിക്കണം. ചുറ്റിയടിക്കണം. ഉറക്കെ ചിരിക്കണം. വെളിയിടത്തില്‍ മൂത്രമൊഴിക്കണം. മാറില്‍ പുസ്തകം പിടിക്കാതെ ഞെളിഞ്ഞു നടക്കണം. ഞാന്‍ ആഗ്രഹിക്കുന്ന എന്തുമാവണം. ജനസംഖ്യയുടെ പകുതിയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള വിവേചനം അനുഭവിക്കുമ്പോള്‍ ഇന്ത്യ എങ്ങനെ എന്നെങ്കിലും ഒരു വന്‍ശക്തിയായി മാറും. നിങ്ങളൊരു ഇന്ത്യക്കാരനാണോ. നിങ്ങള്‍ക്ക് ഇതില്‍ ആശങ്കയില്ലേ.

പ്രിയപ്പെട്ടവരെ നിങ്ങള്‍ ബോളിവുഡിനെ പഴിക്കേണ്ട. ഇത് സംഭവത്തെ ലഘൂകരിക്കുകയാണ്. പുരാണവും ചരിത്രവും ഒന്നാണെന്ന് ധരിക്കുകയാണെങ്കില്‍ മഹാഭാരതത്തില്‍ ദ്രൗപതി ചൂതില്‍ വിലപേശി വില്‍ക്കപ്പെട്ടില്ലേ. രാമായണത്തില്‍ ഒരു പുരുഷന്‍ സീതയെ തട്ടിക്കൊണ്ടുപോയില്ലേ? ഇതൊക്കെ സിനിമ വരുന്നതിന് മുന്‍പ് സംഭവിച്ച കാര്യങ്ങളല്ലെ? ബലാത്സംഗവും അതിക്രമങ്ങളും അധിക്ഷേപങ്ങളുമൊന്നും ബോളിവുഡ് സൃഷ്ടിച്ചതല്ല. സിനിമാവ്യവസായമില്ലാത്ത സ്ഥലങ്ങളിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്. സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

നൈട്രജന്‍ ഡയോക്‌സൈഡ് ജലത്തിന് എങ്ങനെയാണോ അതുപോലെയാണ് സ്ത്രീവിധ്വേഷം സമൂഹത്തിന്. നമ്മള്‍ എന്തു ചെയ്താലും അത് കുറച്ച് ഉള്ളില്‍ പ്രവേശിക്കും. എനിക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ ഞാന്‍ മറക്കുന്നില്ല. അതിന്റെ ബലത്തിലാണ് ഇത്രയും പറയാന്‍ കഴിയുന്നത്. ഒരു മകള്‍ ഉള്ളതുകൊണ്ട് ഒരു മാറ്റം വേണമെന്ന് പറയരുത്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടരുത്. നിങ്ങള്‍ അത് നിങ്ങള്‍ക്കുവേണ്ടി തന്നെ ചെയ്യണം. ആണിനെയും പെണ്ണിനെയും ഒരുപാലെ ആശ്രയിച്ചാണ് ജീവിവര്‍ഗത്തിന്റെ നിലനില്‍പ്. നമ്മളെല്ലാവരും പരസ്പരാശ്രിതരായി കഴിയുന്നവരാണ്.

മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് ശരിക്കും ഈ വിഷയത്തില്‍ ആശങ്കയുണ്ടെങ്കില്‍ മുന്‍ധാരണകളില്ലാത്ത, ആളുകള്‍ക്ക് മാന്യമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടാന്‍ കഴിയുന്ന തരത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. ഒരുപാട് അരുതുകള്‍ക്ക് അകത്തു നിന്നാണ് ഓരോ സ്ത്രീയും ഇപ്പോള്‍ സംസാരിക്കുന്നത്. നിങ്ങള്‍ ഇത് ചെയ്യുന്നുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയാവണം.

പ്രിയപ്പെട്ട ജനപ്രതിനിധികളെ… നിങ്ങള്‍ സ്വന്തം ഉള്ളിലെ ബലാത്സംഗക്കാരനുവേണ്ടി പരിശോധന നടത്തുക. പ്രിയപ്പെട്ട നീതിപീഠമേ, വിവാഹജീവിതത്തിലായാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്. ഇരകളോട് അവരെ ബലാത്സംഗം ചെയ്തവരെ വിവാഹം കഴിക്കാന്‍ പറയരുത്. ഈ രാജ്യത്ത് ഓരോ ഇരുപത് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. ധൈര്യമുള്ളവര്‍ മാത്രമാണ് പരാതിപ്പെടുന്നത്. അതുകൊണ്ട് വേഗത്തിലുള്ള നടപടികളാണ് വേണ്ടത്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്നതിന് സ്ത്രീകള്‍ അടയ്ക്കുന്ന നികുതിയാണ് അവര്‍ അനുഭവിക്കുന്ന ലൈംഗികതയും ലൈംഗികാതിക്രമവുമെല്ലാം. ഇത് ഇങ്ങനെ തുടരണോ? ഇതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

എല്ലാ പുരുഷന്മാരുമില്ല എന്ന ഹാഷ്ടാഗിനോട് എനിക്ക് യോജിപ്പാണുള്ളത്. എല്ലാ പുരുഷന്മാരും പ്രശ്‌നക്കാരല്ല, ചിലര്‍ പരിഹാരമാര്‍ഗം തരുന്നു. കുടുംബ വ്യവസ്ഥയില്‍ അടിപ്പെട്ട സ്ത്രീകളാണ് ഇതിന് വിധേയരാവുന്നത്. സ്ത്രീപക്ഷക്കാരായ പുരുഷന്മാരാണ് ഇത് ചൂണ്ടിക്കാട്ടുന്നതും. എല്ലാ പുരുഷന്മാരുമല്ല, പക്ഷേ, എല്ലാ സ്ത്രീകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലൈംഗികാതിക്രമം അനുഭവിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പരിചിതമായ ഒരു ലോകം ഇത് മാത്രമാവരുത്. ഒരു സ്ത്രീ ജന്മം നല്‍കിയ മനുഷ്യനാണെങ്കില്‍ എങ്ങിനെ ഇതില്‍ നാണക്കേട് തോന്നാതിരിക്കും.

ഇതൊരു പ്രശ്‌നമല്ല, നടമാടിക്കൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്. അന്തമില്ലാത്ത ഒരു ദു:സ്വപ്നം. ഇത് പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

136d088bf97b1fc37f836d374ac0eb6d


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top