Flash News

സ്വച്ഛ് ഭാരത് സ്ലം ഡോഗ്‌സ് മില്യനേഴ്‌സ് (കവിത)

October 27, 2017 , ജയന്‍ വര്‍ഗീസ്

slum dogനാടിന്റെ നായകന്‍ ശ്രീധരനുണ്ണിക്കോ –
രോമനപ്പുത്രന്‍ പിറന്നു!
സൂതികാവാതില്‍ തുറന്നെത്തിയാ വാര്‍ത്ത
ഗ്രാമത്തിലെങ്ങും നിറഞ്ഞു!

ആഹ്ലാദമെങ്ങും തിരതല്ലി യാഗ്രാമം
കോരിത്തരിച്ചു പോയാകെ!
നാളെയും നമ്മുടെ രക്ഷകനാകുവാ-
നീശ്വരന്‍ തന്നതീ മുത്ത് !

ശ്രീധരനുണ്ണിയെപ്പോലെ യിവന്‍ നാളെ
യാരൊക്കെ യാകാനിരിപ്പൂ?
പാടവും, വീടും, പറമ്പു, മിന്‍പോര്‍ട്ടഡ്
കാറും, ബിസ്സിനസ്സ് ഗ്രൂപ്പും,

ആയിരത്തൊന്നാന സ്ത്രീധനം വാങ്ങിയ
വീറും, ഭരണത്തില്‍ പങ്കും,
വാലാട്ടി നില്‍ക്കുവാ നെപ്പോഴും കേന്ദ്രത്തെ-
ത്താങ്ങുന്ന രാഷ്ട്രീയ ഗ്രൂപ്പും.

പോരങ്കിലീയിടെ ഭാരതമൊട്ടാകെ
യോടി നടന്നുള്ള ചാറ്റും,
പോരേ പൊടിപൂരം? ശ്രീധരന്‍ നമ്മുടെ
നാടിന്റെ രക്ഷകനല്ലേ?

ഉണ്ണി വളരാന്‍ തുടങ്ങിയാ ഗ്രാമത്തി
നുള്ളകം പൂ പോല്‍ വിടര്‍ന്നു!
നാളെയിവന്‍ വരും ഡോക്ടറായ് നമ്മുടെ
രോഗങ്ങള്‍ നുള്ളിയെടുക്കും!

നാളെയിവന്‍ കെട്ടും പാലങ്ങള്‍ നമ്മുടെ
തോടുകള്‍ മൂടിക്കിടക്കും!
കുന്നത്തെ പാടത്തിറങ്ങും വിമാനത്തില്‍
നമ്മളും വി.ഐ.പി. യാകും!

രാവിലെ ചായയുമായി സ്റ്റാര്‍ ഹോട്ടലിന്‍
ബോയികള്‍ വന്നു വിളിക്കും!
ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് പെണ്ണുങ്ങള്‍
ദേഹം മുഴുക്കെ തടവും!

തൊണ്ണൂറിലെത്തിയോര്‍ പോലും മരിക്കാതെ
നല്ല കാലം കാത്തിരുന്നു!
ഊന്നുവടികള്‍ വലിച്ചെറിഞ്ഞെന്തിന്
താങ്ങായി യുണ്ണിയുള്ളപ്പോള്‍?

ആരുടെയാശയും ചോരാതെ യായുണ്ണി
ചാലേ യുയരങ്ങള്‍ താണ്ടി.
സ്‌കൂളുകള്‍, കോളേജുകള്‍, കലാശാലക-
ളേറെയും ചാടിക്കടന്നു?
പേരിന്റെയറ്റത്ത് വാലുപോലൊട്ടെറെ
നീളന്‍ ബിരുദങ്ങള്‍ തൂങ്ങി!

രാവിന്റെ കോഴികള്‍ കൂവിയുണര്‍ത്തിയ
നേരം വെളുത്തു വരുമ്പോള്‍,
ചേലില്‍ കറുത്തൊരു ഫോറിന്‍ കാറില്‍ പയ്യ-
നാ ഗ്രാമ വീഥിയിലെത്തി.

ഉണ്ണീ നീ വന്നുവോ? യുണ്ണീ നീ വന്നുവോ?
നമ്മുടെ രക്ഷകനുണ്ണീ!
എന്തോ തുടങ്ങുവാന്‍ പോകുന്നു ഞങ്ങള്‍ക്കായ്
എന്താണതെന്താണതുണ്ണീ?

തങ്ക ലിപികളിലാലേഖനം ചെയ്ത
വന്‍‌പനാം ബോര്‍ഡൊന്നുയര്‍ന്നു.
ചിക്കിച്ചികഞ്ഞതി ലക്ഷരം തപ്പുന്ന
കുഗ്രാമ വാസികള്‍ക്കായി,

കപ്പലണ്ടി മുക്കില്‍ കച്ചോടം ചെയ്യുന്ന
കുട്ടപ്പന്‍ കൂട്ടി വായിച്ചു:
‘പണ്ടം പണയത്തിന്മേല്‍ പണം നിങ്ങള്‍ക്ക്
ഞങ്ങളില്‍ നിന്നും ലഭിക്കും’

സമര്‍പ്പണം:
വട്ടിപ്പണ മാഫിയകളുടെ ക്രൂര പീഢനങ്ങളില്‍ പൊറുതി മുട്ടി സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി വെന്തുമരിച്ച തമിഴ്‌നാട്ടിലെ ആ നാലംഗ സാധുകുടുംബത്തിന്റെ പാവന സ്മരണയ്ക്കു മുന്നില്‍ ഹൃദയപൂര്‍വം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top