Flash News

ഐ.വി. ശശി – അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹാപ്രതിഭ (എഡിറ്റോറിയല്‍)

October 26, 2017

12-1444653868-iv-sasi-bags-the-jc-daniel-awardആവിഷ്കാര കലയുടെ കുലപതി ഐ.വി. ശശി ചലച്ചിത്ര സംവിധാനകലയുടെ സിംഹാസനം ഒഴിച്ചിട്ട് കഥാവശേഷനായിരിക്കുന്നു. ആകസ്മികമായ ഈ വേര്‍പാടിന്‍റെ വേദനയിലാണ് തെന്നിന്ത്യന്‍ൻ ചലച്ചിത്ര ലോകം ഒന്നാകെ. ശശിയുടെ കരസ്പര്‍ശമേറ്റ മലയാളം, തമിഴ്, ഹിന്ദി ഭാഷകളാകെ തീരാനഷ്ടത്തില്‍ പരിതപിക്കുന്നു.

വെള്ളിത്തിരയില്‍ താരങ്ങളും മെഗാസ്റ്റാറുകളുമൊക്കെ ഉദയം ചെയ്യുന്നതിനു മുന്‍പ് സംവിധായകന്‍റെ കലയായിരുന്നു സിനിമ. തിരക്കഥാകൃത്തിന്‍റെ ഭാവനയില്‍ സൃഷ്ടിക്കപ്പെടുന്ന കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഓജസും തേജസും നല്‍കി ജീവസുറ്റ ചലച്ചിത്രമാക്കാനുള്ള കഴിവില്‍ ഐ.വി. ശശിയോളം വൈവിധ്യം പുലര്‍ത്തിയ മറ്റൊരു സംവിധായകനില്ല, മലയാളത്തില്‍. എം.ടി. വാസുദേവന്‍ നായര്‍, ടി. ദാമോദരന്‍, പത്മരാജന്‍, ജോണ്‍ പോള്‍, രഞ്ജിത്ത് തുടങ്ങിയ പ്രതിഭകളുടെ തൂലികയില്‍ പിറന്നു വീണ നൂറ്റമ്പതില്‍പ്പരം ചലച്ചിത്രങ്ങളാണ് ഐ.വി. ശശി സംവിധാനം ചെയ്തത്.

പ്രമേയങ്ങളും അവയുടെ വൈവിധ്യങ്ങളും അദ്ദേഹത്തെ മറ്റു സംവിധായകരില്‍ നിന്നു വ്യത്യസ്തനാക്കി. അന്നോളം വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിട്ടുള്ള കെ.പി. ഉമ്മറിനെ സ്വഭാവ നടനാക്കി 1975ല്‍ പുറത്തിറക്കിയ “ഉത്സവ’മാണ് ശശിയുടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചലച്ചിത്രം. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം കാണാന്‍ അനുവാദമുള്ള മലയാളത്തിലെ ആദ്യത്തെ എ സര്‍ട്ടിഫൈഡ് ചലച്ചിത്രം- അവളുടെ രാവുകള്‍ റിലീസ് ചെയ്തപ്പോള്‍ അന്നോളമുണ്ടായിരുന്ന പ്രേക്ഷകരുടെ ആസ്വാദനാനുഭവം കീഴ്മേല്‍ മറിഞ്ഞു. കപട സദാചാരം മുഖം മറച്ച ആദ്യത്തെ ആഴ്ച ഈ ചിത്രം തിരസ്കരിക്കപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും സ്ത്രീ ലൈംഗികതയുടെയുമൊന്നും പേരില്‍ ഇന്നത്തെപ്പോലെ ആരും വാളോങ്ങിയില്ലെങ്കിലും പലരുടെയും നെറ്റി ചുളിഞ്ഞു. നായകപ്രാധാന്യം തീരെ‍‍യില്ലാതെ, നായികാ പ്രാമുഖ്യവും സ്ത്രീ നഗ്നതാ പ്രദര്‍ശനവുമൊക്കെയായി കടന്നുവന്ന അവളുടെ രാവുകള്‍ പിന്നീട് മലയാളി ഉള്ളിടത്തെല്ലാം തരംഗമായി. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ മെഗാഹിറ്റ് ആയ ആദ്യമലയാള ചലച്ചിത്രമാണത്. ഈ ചിത്രത്തിലൂടെ ആദ്യമായി നായികാ പദവിയിലെത്തിയ സീമ‍‍യെ ജീവിത സഖിയാക്കി, മരണം വരെ ഒപ്പം കൂട്ടുകയും ചെയ്തു, ശശി.

ഉത്സവവും അവളുടെ രാവുകളും ശശിയുടെ വെല്ലുവിളിക്കപ്പെട്ട പരീക്ഷണങ്ങളായിരുന്നു. എന്നാല്‍ അങ്ങാടി, അതിരാത്രം, ഇതാ ഇവിടെവരെ, ഇന്‍സ്‌പെക്റ്റർ ബല്‍റാം, ആള്‍ക്കൂട്ടത്തില്‍ തനിയേ, മൃഗയാ, തൃഷ്ണ, ദേവാസുരം തുടങ്ങിയ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തെ ഇതിഹാസ തുല്യനാക്കി. ആരൂഢം എന്ന ചലച്ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും 2015ല്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരവും ലഭിച്ചു. രാജേഷ് ഖന്ന, രജനീകാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, ശ്രീദേവി, സ്മിതാ പാട്ടീല്‍, സീമ, ഷീല തുടങ്ങിയവരെയെല്ലാം നായികാ നായകന്മാരാക്കി സിനിമ ഒരുക്കിയ സംവിധായകന്മാര്‍ ഇന്ത്യയില്‍ത്തന്നെ വിരളം. ഇവരില്‍ പലരെയും സ്റ്റാറുകളും സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളുമാക്കിയതിലും ഐ.വി. ശശിയെന്ന ചലച്ചിത്ര പ്രതിഭയുടെ കൈയൊപ്പുണ്ട്.

മലയാള ചലച്ചിത്ര ലോകത്തെ വസന്തകാലത്താണു ഐ.വി. ശശി ആ മേഖലയില്‍ അഭിരമിച്ചത്. അതല്ല, അനുഷ്ഠാനശൈലികളില്‍ നിന്നു വ്യതിചലിച്ച് വേറിട്ട ദൃശ്യാവിഷ്കാരത്തിലൂടെ മലയാള സിനിമയ്ക്ക് അദ്ദേഹവും സഹപ്രവര്‍ത്തകരും നവവസന്തം സമ്മാനിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഒരു വര്‍ഷം പതിനഞ്ചു സിനിമയില്‍ കൂടുതല്‍ അണിയിച്ചൊരുക്കിയിട്ടുണ്ട് അദ്ദേഹം.

സിനിമയ്ക്കു വേണ്ടി ജനിക്കുകയും സിനിമയ്ക്കു വേണ്ടി ജീവിക്കുകയും ചെയ്തയാളാണ് ഇരുപ്പം വീട്ടില്‍ ശശി എന്ന ഐ.വി. ശശി. കലാ സംവിധായകന്‍, ക്യാമറാമാന്‍, എഡിറ്റര്‍, ടെക്നീഷ്യന്‍, സഹ സംവിധായകന്‍ തുടങ്ങിയ പടവുകള്‍ പലതു പിന്നിട്ടാണ് അദ്ദേഹം നാലര പതിറ്റാണ്ടോളം സംവിധായകന്‍റെ സിംഹാസനം വലിച്ചിട്ടിരുന്നത്. മരണത്തിന്‍റെ മായാത്തണലില്‍ മയങ്ങുമ്പോഴും അദ്ദേഹത്തിന്‍റെയുള്ളില്‍ പുതിയൊരു സിനിമ ഉണ്ടായിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സിനിമയെക്കുറിച്ചു മാത്രം ആലോചിക്കുകയും അതിനു വേണ്ടി മാത്രം ജീവിക്കുകയും ചെയ്ത ഒരാളുടെ മനസില്‍ മരണം വരെയും വേറെന്തു കടന്നുവരാന്‍. ഈ അനശ്വര ചലച്ചിത്രകാരന് ആദരാഞ്ജലികള്‍.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top