Flash News

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടെ ഉത്തര കൊറിയ ഭീഷണിയുമായി രംഗത്ത്

November 4, 2017

Donad-Trump-Kim-Jong-Un-1068x623ഏഷ്യന്‍ സന്ദര്‍ശനത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ടതിനു പിന്നാലെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയ രംഗത്ത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കടുത്ത വാക്‌പോര് തുടരുന്ന ട്രംപ് അയല്‍രാജ്യത്തെത്തുന്നത് ഉത്തരകൊറിയ എപ്രകാരം സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങളാകട്ടെ, കടുത്ത ആശങ്കയിലും.

വെള്ളിയാഴ്ചയാണ് ട്രംപ് പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. സഖ്യരാജ്യം കൂടിയായ ജപ്പാനിലേക്കാണ് ട്രംപിന്റെ ആദ്യ യാത്ര. രണ്ടു ദിവസം ഇവിടെ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ചയോടെ ഉത്തരകൊറിയയുടെ അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലെത്തും. ഇതിനിടെയിലാണ് ഉത്തരകൊറിയയുടെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

രാജ്യാന്തര സമ്മര്‍ദ്ദത്തിനും ഉപരോധങ്ങള്‍ക്കും വഴങ്ങി ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന വിശ്വാസം വെറും തോന്നല്‍ മാത്രമാണെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്താക്കി. ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി. ഉത്തരകൊറിയയുമായി ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവു മാത്രമാണെന്ന്, (‘പകല്‍ സ്വപ്നം കാണുന്നത് നിര്‍ത്തൂ’) എന്ന തലക്കെട്ടോടെ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. യുഎസിനു തങ്ങളോടുള്ള ശത്രുതാ മനോഭാവം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപയോഗിച്ച് സ്വയരക്ഷ തീര്‍ക്കുന്ന നടപടികള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

അതേസമയം ട്രംപ് സോളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കടുത്ത ആശങ്കയിലാണ് ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങള്‍. കൊറിയന്‍ മുനമ്പിനെ അനാവശ്യ സമ്മര്‍ദ്ദങ്ങളിലേക്കും യുദ്ധ ഭീതിയിലേക്കും തള്ളിവിടുന്നത് ട്രംപ് ആണെന്ന് ആരോപിച്ച് അഞ്ഞൂറോളം ആളുകള്‍ സോളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തും പ്രകടനം നടത്തിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

പന്ത്രണ്ടു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിനു തുടക്കമിട്ട ട്രംപ്, ജപ്പാനിലേക്കുളള യാത്രയ്ക്കിടെ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലെ ഹെക്കാം വ്യോമസേനാ താവളത്തില്‍ ആദ്യദിനം സൈനികരുമായി കൂടിക്കാഴ്ച നടത്തി. നാളെ ജപ്പാനിലെത്തുന്ന ട്രംപ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഏറെ നിര്‍ണായകമായ ദക്ഷിണ കൊറിയ സന്ദര്‍ശനം. ഉത്തരകൊറിയയുടെ വെല്ലുവിളികള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ട്രംപ് മറുപടി നല്‍കിയേക്കും. സോളില്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നുമായി അദ്ദേഹം ചര്‍ച്ച നടത്തും. എട്ടാം തീയതി ചൈനയിലെത്തുന്ന ട്രംപ് ബെയ്ജിങ്ങില്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും.

10, 11 തീയതികളില്‍ വിയറ്റ്‌നാമില്‍ അപെക് സമ്മേളനത്തില്‍ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാവും മടക്കം. ആസിയാന്‍ സമ്മേളനത്തിനെത്തുന്ന താന്‍ ഫിലിപ്പീന്‍സില്‍ ഒരു ദിവസം അധികം നില്‍ക്കുമെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top