Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

യാത്ര (കവിത): ജയന്‍ വര്‍ഗീസ്

November 4, 2017 , ജയന്‍ വര്‍ഗീസ്

Yathra banner1നമ്മളാം യാത്രികര്‍ കാലഘട്ടത്തിന്റെ
നെഞ്ചില്‍ ചവിട്ടിക്കുതിക്കുന്നു പിന്നെയും.
എങ്ങോ മരണമാം നാഴികക്കല്ലിനെ –
യൊന്നു പുനര്‍ന്നുറങ്ങാന്‍ മാത്രമീശ്രമം.!

കുഞ്ഞായിവന്നു പിറന്നതുമമ്മതന്‍
നെഞ്ചിന്റെ ചൂടില്‍ പതുങ്ങി വളര്‍ന്നതും,
കുഞ്ഞിളം നാവിലെ തേനും വയമ്പുമാ-
യന്ന് ഗുരുവരനക്ഷരം തന്നതും,

പാട വരമ്പിലെ തുമ്പയും, തുമ്പിയു-
മേതോ ഗതകാല ബന്ധുരമായതും,
മീശയില്‍ മെല്ലെ കറുത്ത രോമങ്ങളില്‍ –
ച്ചായം പുരട്ടി ക്കറുപ്പിച്ചു വച്ചതും,

സ്വപ്നങ്ങളാം വല വീശിയെറിഞ്ഞതും,
കൊച്ചു പരലുകള്‍ വീണു പിടഞ്ഞതും,
സ്വച്ഛം കുടുംബവും കുട്ടിയും, വീടുമായ്
നിത്യ നിദാനത്തിനായ് പാട് പെട്ടതും,

വെട്ടിപ്പിടിച്ചും, സ്വരൂപിച്ചും ജീവിത –
ക്കല്‍പ്പടവിന്റെ മുകള്‍ത്തട്ടില്‍ വന്നതും.
താടി രോമങ്ങളിലാദ്യമായ് തീമഴ
വീണതറിഞ്ഞു കരഞ്ഞു വിളിച്ചതും,

ആരുടെ യാജ്ഞയും കാക്കാതെ യാമഴ
മേലാകെ വീണു പടര്‍ന്നു നിറഞ്ഞതും,
ചാലെ മിനുത്ത വെളുത്ത തൊലിപ്പുറ –
ത്താകെ ചുളിപ്പിന്റെ രേഖകള്‍ വീണതും,

കണ്ണുകള്‍ നക്ഷത്ര ദീപ്തിയില്‍ നിന്നൊരു
മങ്ങലിന്‍ കൊച്ചു ചിമിഴിലില്‍ വലിഞ്ഞതും,
പല്ലുകള്‍ മെല്ലെ കൊഴിഞ്ഞതും,മോണകള്‍
തല്ലൊരാശ്വാസമായ് മൂര്‍ച്ചയറിഞ്ഞതും,

നേരേ നടക്കുവാനാകാതെ കാട്ടിലെ –
പ്പാഴ് മരത്തണ്ടിനെ ചേര്‍ത്തു പിടിച്ചതും,
വേദനയോടെ ഗതകാലമോര്‍മ്മയില്‍
നീറിപ്പടര്‍ന്നങ്ങിണയെ പിരിഞ്ഞതും,

എല്ലാമൊരേയൊരു ലക്ഷ്യം മരണമേ,
എല്ലാമുപേക്ഷിച്ചു പോരുന്നു ഞാനിതാ!
ഒന്നെന്നെ മാറോട് ചേര്‍ത്തു പുണരുമോ?
ധന്യം! നിന്‍ പാദ പതനമേ സ്വാഗതം!
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
എത്ര യുദ്ധങ്ങള്‍? കൊടും ചതി, വഞ്ചന –
യൊക്കെ പടുതിരി കത്തിയ നാളുകള്‍!
വെട്ടിപ്പിടിച്ചതു മൊത്തു കുതിച്ചതു –
മൊക്കെ വെറുതെ! യെന്‍ പാഴായ നാളുകള്‍!

മായയാണൊക്കെയും സോളമന്‍ കണ്ണീരാല്‍
കൊറിയ സത്യം ത്രസിക്കുന്നു പിന്നെയും!
ഒക്കെയും മിഥ്യകള്‍, മിഥ്യകള്‍ മിഥ്യകള്‍,
സത്യം! മരണമേ, നഗ്നനായ് ഞാനിതാ!

നമ്മളാം യാത്രികര്‍ കാലഘട്ടത്തിന്റെ
നെഞ്ചില്‍ ച്ചവിട്ടി ക്കുതിക്കുന്നു പിന്നെയും.
എങ്ങോ മരണമാം നാഴികക്കല്ലിനെ –
യൊന്നു പുണര്‍ന്നുറങ്ങാന്‍ മാത്രമീ ശ്രമം!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top