Flash News

ബിസിസിഐ എന്തുകൊണ്ടാണ് എന്നെ മാത്രം ലക്ഷ്യം വെച്ചത്?; ആരോപണ വിധേയരായ പതിമൂന്നു കളിക്കാരുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അവര്‍ എങ്ങനെയാണ് ഇപ്പോഴും കളിയ്ക്കുന്നത്?: ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

November 5, 2017 , .

sreesanthഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ വലിയ വെളിപ്പെടുത്തലുമായി മുന്‍ പേസ് ബോളര്‍ ശ്രീശാന്ത്. ശ്രീശാന്തിന്റെ വിലക്കു നിലനിര്‍ത്തിക്കൊണ്ടു കോടതി ഉത്തരവ് പുറത്തു വന്നതിനു ശേഷം കഴിഞ്ഞ ദിവസം ദേശീയ ചാനല്‍ വന്ന അഭിമുഖത്തിലാണ് ശ്രീശാന്ത് തുറന്നടിച്ചത്. വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കിയ ശ്രീശാന്ത്, തനിക്കൊപ്പം ഐപില്‍ ഒത്തുകളിക്കേസില്‍ ആരോപണ വിധേയരായവരുടെ പേരുകള്‍ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്നും ചോദിച്ചു.

‘ജസ്റ്റിസ് മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 13 കളിക്കാരുടെ പേരുകളാണ് പറഞ്ഞിട്ടുള്ളത്. എന്നെപ്പോലെ ഇവരും ആരോപണ വിധേയരാണ്. എന്നാല്‍, ക്രിക്കറ്റില്‍ ഇവരുടെ ഭാവി വലിച്ചിഴയ്ക്കപ്പെടാതിരിക്കാന്‍ ഈ പേരുകള്‍ വെളിയില്‍ വിടരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. എന്റെ ചോദ്യം വളരെ ലളിതമാണ്. ഞാന്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ ചോദ്യം ചെയ്യലിനിടെ നിരവധി പേരുകള്‍ ഡല്‍ഹി പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അവരും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. ഇപ്പോഴും ഭാഗമാണ്. അവരിലേറെപ്പേരും വിദേശരാജ്യങ്ങള്‍ക്കുവേണ്ടിയും കളിക്കുന്നു. അവരുടെ പേരു വെളിപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്റെ സംശയം, ബിസിസിഐ അവര്‍ക്കൊപ്പം നില്‍ക്കുകയും എനിക്കൊപ്പം നില്‍ക്കാതിരിക്കുകയും ചെയ്യുന്നതിലാണ്’

കേസില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനെയോ കളിക്കാരെയോ ചോദ്യം ചെയ്തില്ല. നിരവധി കളിക്കാരുണ്ട്. ഈ പതിമൂന്നു കളിക്കാര്‍ കുറ്റം ചെയ്‌തോ എന്നെനിക്കറിയില്ല. ആരോപണവിധേയരാണ്. എന്നാല്‍, ഇവരെല്ലാം ഇപ്പോഴും കളിക്കുന്നെന്ന് എനിക്കു പറയാന്‍ കഴിയും- ശ്രീശാന്ത് പറഞ്ഞു.

മുംബൈയില്‍ ഒരു പാര്‍ട്ടിക്കു ശേഷമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നു ശ്രീശാന്ത് പറഞ്ഞു. ‘പാര്‍ട്ടി കഴിഞ്ഞു വെളിയിലേക്കു കാറില്‍ വരുമ്പോഴാണ് മുംബൈയിലെ ആര്‍തര്‍ റോഡാണെന്നു തോന്നുന്നു, അവിടെവച്ച് പോലീസ് വാഹനം തടഞ്ഞു. നേരത്തേ ഒത്തുകളിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിരുന്നെങ്കിലും തമാശയാണെന്നാണ് വിചാരിച്ചത്. എന്നാല്‍, പെട്ടെന്നു വാഹനം തടഞ്ഞു. മുംബൈയില്‍ തട്ടിക്കൊണ്ടു പോകലുകള്‍ സ്ഥിരമായതിനാല്‍ ഡ്രൈവര്‍ പേടിച്ച് ഇറങ്ങിയോടി. എന്താണു പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ പോലീസ് ‘മിണ്ടാതിരിക്കൂ’ എന്നാണു പറഞ്ഞത്. പിന്നീടാണ് ഇതു ഗൗരവമുള്ള വിഷയമാണെന്നു മനസിലാക്കിയത്’

‘അന്നത്തെ ഡല്‍ഹി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. താനിതുപോലെ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞത്. ഹാന്‍സി ക്രോണ്യ ഒത്തുകളിക്കേസില്‍ നിരവധി ഇന്ത്യന്‍ താരങ്ങളെ രക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. ബിസിസിഐ അധികൃതര്‍ വന്നു കാലുപിടിച്ചെന്നും ഇതില്‍ മുതിര്‍ന്ന താരങ്ങളും ഉള്‍പ്പെട്ടിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവര്‍ ഇപ്പോഴും കളിക്കുന്നുണ്ട്. പേരുകള്‍ പറയാന്‍ സാധിക്കില്ലെന്നു മാത്രം’

s-sreesanth-830x412‘സംഭവത്തിനുശേഷം ഞാന്‍ ക്യാപ്റ്റന്‍ ധോണിയടക്കം നിരവധി പേര്‍ക്ക് ഇമെയിലും മറ്റും അയച്ചു. ഭൂരിഭാഗം പേരും പ്രതികരിച്ചില്ല. ചിലര്‍ ധൈര്യം തന്നു. എന്നാല്‍, ധോണിയോ രാഹുല്‍ ദ്രാവിഡോ സച്ചിനോ ഒന്നും മറുപടി അയച്ചില്ല. വീരുഭായ് (സോവാഗ്) മാത്രമാണ് ആശ്വസിപ്പിച്ചത്. രാഹുല്‍ ദ്രാവിഡിനെ തനിക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍, അദ്ദേഹം തനിക്കുവേണ്ടി ഒന്നും സംസാരിച്ചില്ല. എനിക്കെതിരായ ആരോപണങ്ങളില്‍ അദ്ദേഹം മൗനം പാലിച്ചു. ധോണി സഹോദരനെപ്പോലെ ആയിരുന്നു. അദ്ദേഹവും പ്രതികരിച്ചില്ല’

ബിസിസിഐ തനിക്കെതിരേ വ്യക്തിപരമായി നീങ്ങുന്നതിനും ഒരു അനുഭവം ശ്രീശാന്ത് പങ്കുവച്ചു. ‘എനിക്കനുകൂലമായി ആദ്യ കോടതി വിധി വന്നതിനുശേഷമാണ് ബഹറിനില്‍ ഒരു ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി മലയാളികള്‍ ഉള്ളതിനാല്‍ എനിക്ക് ഏറെ ആവേശം തോന്നിയിരുന്നു. മുന്‍ ഇന്ത്യന്‍ കളിക്കാരന്‍ ഇന്‍ഫാന്‍ ഭായി അടക്കമുള്ളവരും ഉണ്ടായിരുന്നു. ബഹറിന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. എന്നാല്‍, അവിടെയെത്തി കളിക്കുള്ള തയാറെടുപ്പുകള്‍ നടക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ എത്തി. ‘സോറി ശ്രീശാന്ത്, നിങ്ങളെ മത്സരിപ്പിക്കരുതെന്നു ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുണ്ടായാല്‍ നിങ്ങള്‍ക്കൊപ്പം കളിക്കുന്ന മറ്റുള്ളവരെയും അതു ബാധിക്കും’ എന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘ശരി, ആരെയും കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞു’ കളി കാണാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വന്നു, ‘ശ്രീശാന്ത് സ്‌റ്റേഡിയം വിട്ടുപോകണമെന്നാണ് അവര്‍ ഇ-മെയിലിലൂടെ ആവശ്യപ്പെടുന്നത്’ എന്നായിരുന്നു. ശരിക്കും പൊട്ടിക്കരഞ്ഞുപോയ സന്ദര്‍ഭങ്ങളായിരുന്നു അത്. എന്തുകൊണ്ടാണ് ബിസിസിഐ തന്നെ ലക്ഷ്യം വയ്ക്കുന്നതെന്നും ശ്രീശാന്ത് ചോദിച്ചു.

ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് തനിക്കുള്ള ഏക വഴി. ബിസിസിഐ വിലക്കിയാല്‍ എറണാകുളത്തെ ക്ലബിനുവേണ്ടി പോലും എനിക്കു കളിക്കാന്‍ കഴിയില്ല. എന്റെ അക്കാദമിയില്‍ ഞാന്‍ പരിശീലനം നല്‍കുന്ന കുട്ടികളും കുഴപ്പത്തിലാകും. ഉടന്‍ എനിക്കു 35 വയസാകും. പരമാവധി എനിക്കു കളിക്കാന്‍ കഴിയുക അഞ്ചു വര്‍ഷംകൂടിയാണ്. അതു കഴിഞ്ഞാല്‍ വേണമെങ്കില്‍ സിനിമയോ രാഷ്ട്രീയമോ ഒക്കെയായി നടക്കാം. പക്ഷേ, അതെല്ലാം എന്നെ തേടിവന്നത് ക്രിക്കറ്റ് ഒന്നുകൊണ്ടു മാത്രമാണ്. അതില്ലെങ്കില്‍ പിന്നെ ഞാനില്ല. എനിക്കു പെര്‍ഫോം ചെയ്‌തേ മതിയാകൂ. അതിനു മുന്നിലുള്ള വഴി സുപ്രീം കോടതിയാണ്’- ശ്രീശാന്ത് റിപ്പബ്ലിക് ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top