Flash News

ന്യൂസിലാന്‍ഡിനെ അടിയറവ് പറയിച്ച് കോഹ്‌ലിപ്പട വിജയഭേരി മുഴക്കി; ട്വന്റി20യില്‍ ഇന്ത്യക്ക് ജയം

November 7, 2017

india-2-830x412തിരുവനന്തപുരം: ന്യൂസിലാന്‍ഡിനെതിരായ അവസാന ട്വന്റി 20 പോരാട്ടത്തില്‍ അനന്തപുരിയില്‍ വിരാട് കോഹ്ലിയും കൂട്ടരും വിജയഭേരി മുഴക്കി. ആറ് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

കനത്ത മഴയെതുടര്‍ന്ന് രണ്ടര മണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചത്. രുപത് ഓവര്‍ വീതമുള്ള കളി കാണാന്‍ അനന്തപുരയിലെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഭാഗ്യമുണ്ടായില്ലെങ്കിലൂം ചില സുന്ദര മുഹുര്‍ത്തങ്ങള്‍ കാണാന്‍ കഴിഞ്ഞു. മഴകാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 67 റണ്‍സെടുത്തു. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെ ഇന്ത്യന്‍ നിരയിലെ ടോപ്സ്‌കോറര്‍.

ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ 14ഉം വിരാട് കോഹ്ലി 13ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ കല്‍യില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത പേസര്‍ മുഹമ്മദ് സിറാജിന് പകരം മനീഷ് പാണ്ഡെയും സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും കളത്തിലെത്തി. ന്യൂസിലാന്‍ഡ് ആഡം മില്‍നെക്ക് പകരം ടിം സൗത്തിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ തുടക്കത്തില്‍ നടത്തിയത്. എട്ട് ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യ ഓവര്‍ എറിഞ്ഞ ട്രെന്റ് ബൗള്‍ട്ട് വിട്ടുകൊടുത്തത് ഏഴ് റണ്‍ മാത്രം രണ്ടാം ഓവര്‍ എറിഞ്ഞ മിച്ചല്‍ സാന്റ്നറും 7 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതത്. ടിം സൗത്തി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ട്, മൂന്ന് പന്തുകളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ആറ് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത ശിഖര്‍ ധവാനെയും 9 പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെയും സാന്റ്നര്‍ പിടികൂടി.

സ്‌കോര്‍ 2ന് 15. തുടര്‍ന്നെത്തിയ നായകന്‍ വിരാട് കോഹ്ലിയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ ആയുസ്സുണ്ടായില്ല. നാലാം ഓവറിലെ അഞ്ചാം പന്തില്‍ 6 പന്തില്‍ നിന്ന് ഒരു ഫോറും സിക്സറുമടക്കം 13 റണ്‍സെടുത്ത കോഹ്ലിയെ ഇഷ് സോധിയുടെ പന്തില്‍ ബൗള്‍ട്ട് പിടികൂടി. സ്‌കോര്‍ 3ന് 30. കോഹ്ലി മടങ്ങിയശേഷം ശ്രേയസ്സിന് കൂട്ടായി എത്തിയത് മനീഷ് പാണ്ഡെ. ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. 5.4 ഓവറില്‍ സ്‌കോര്‍ 48-ല്‍ നില്‍ക്കേ ശ്രേയസ്സ് അയ്യര്‍ മടങ്ങി. 6 പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത അയ്യരെ സോധിയുടെ പന്തില്‍ ഗുപ്റ്റില്‍ പിടികൂടി. തുടര്‍ന്ന് പാണ്ഡെക്ക് കൂട്ടായി എത്തിയത് പാണ്ഡ്യ.

6 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാല് വിക്കറ്റിന് 50 റണ്‍സ്. സാന്റ്നര്‍ എറിഞ്ഞ ഏഴാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു സിക്സറടക്കം ഇന്ത്യ നേടിയത് 11 റണ്‍സ്. എന്നാല്‍ ബൗള്‍ട്ട് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് ലോങ്ഓണിന് മുകളിലൂടെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്താന്‍ ശ്രമിച്ച മനീഷ് പാണ്ഡെയെ ഗ്രാന്‍ഡ്ഹോം ഉജ്ജ്വലമായ ക്യാച്ചിലൂടെ മടക്കി. 11 പന്തില്‍ ഒരു ഫോറും സിക്സറുമടക്കം 17 റണ്‍സ് മനീഷ് നേടി. സ്‌കോര്‍: 7.2 ഓവറില്‍ അഞ്ചിന് 62. പിന്നീടുള്ള നാല് പന്തുകളില്‍ അഞ്ച് റണ്‍സ് കൂടി നേടാനേ ഇന്ത്യക്കായുള്ളൂ. ഇതോടെ സ്‌കോര്‍ 67 റണ്‍സിലൊതുങ്ങി. ന്യൂസിലാന്‍ഡിനായി സൗത്തിയും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് തുടക്കം തരക്കേടില്ലാതെ. ഭുവനേശ്വര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ മണ്‍റോ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി. ഇതേ ഓവറിലെ അവസാന പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബൗള്‍ഡാക്കി ഭുവനേശ്വര്‍ ആദ്യ ഓവര്‍ മികച്ചതാക്കി. അടുത്ത ഓവര്‍ എറിയാനെത്തിയത് ജസ്പ്രീത് ബുംറ. ഈ ഓവറിലെ മൂന്നാം പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ കോളിന്‍ മണ്‍റോയെ മടക്കി. ബുംറയുടെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച മണ്‍റോയെ രോഹിത്ത് ശര്‍മ്മ പിന്നോട്ടോടി ഡൈവിങ് ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

ആറ് പന്തില്‍ നിന്ന് 7 റണ്‍സാണ് മണ്‍റോയുടെ സമ്പാദ്യം. സ്‌കോര്‍: 2ന് 8. ഇതോടെ കിവികള്‍ സമ്മര്‍ദ്ദത്തിലായി. മൂന്നാം ഓവര്‍ എറിയാനെത്തിയത് യുസ്വേന്ദ്ര ചാഹല്‍. ഈ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹല്‍ വിട്ടുകൊടുത്തത്. നാലാം ഓവറില്‍ ഭുവനേശ്വര്‍ 10 റണ്‍സ് വിട്ടുകൊടുത്തതോടെ അവര്‍ 2ന് 26 എനന്ന നിലയില്‍. അടുത്ത ഓവര്‍ എറിയാനെത്തിയത് കുല്‍ദീപ് യാദവ്. ഈ ഓവറിലെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ വില്ല്യംസണ്‍ റണ്ണൗട്ടായി മടങ്ങി. പത്ത് പന്തില്‍ നിന്ന് എട്ട് റണ്ണെടുത്ത വില്ല്യംസണ്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ഏറിലാണ് പുറത്തായത്. തൊട്ടടുത്ത പന്തില്‍ കിവികള്‍ക്ക് നാലാം വിക്കറ്റും നഷ്ടമായി. 9 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സിനെ ഡീപ് മിഡ്വിക്കറ്റില്‍ ശിഖര്‍ ധവാന്‍ കയ്യിലൊതുക്കി.

ഈ ഓവറിലെ അവസാന പന്ത് ഗ്രാന്‍ഡ്ഹോം സിക്സറിന് പറത്തിയതോടെ അഞ്ച് ഓവറില്‍ ന്യൂസിലാന്‍ഡ് 36ന് നാല് എന്ന നിലയില്‍ പ്രതിരോധത്തില്‍. ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ ശേഷിക്കുന്ന 12 പന്തുകളില്‍ നിന്ന് 29 റണ്‍സ് എന്ന അവസ്ഥ. ഏഴാം ഓവര്‍ എറിഞ്ഞ ബുംറയുടെ ആദ്യ പന്തില്‍ ഹെന്റി നിക്കോള്‍സും മടങ്ങി. 4 പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത നിക്കോള്‍സിനെ ശ്രേയസ്സ് അയ്യര്‍ പിടികൂടി. സ്‌കോര്‍ 5ന് 39. ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ നാല് റണ്‍സെടുത്ത ബ്രൂസ് റണ്ണൗട്ടായതോടെ കിവികള്‍ ആറിന് 48 എന്ന നിലയിലായി. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഈ ഓവറില്‍ 12 റണ്‍സെടുക്കാനേ കിവികള്‍ക്ക് കഴിഞ്ഞുള്ളൂ

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top