Flash News

ബംഗ്ലാദേശ്, മ്യാന്മാര്‍ (ബര്‍മ്മ), പൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ ഒരു സാഹസയാത്ര (ഭാഗം – 4)

November 10, 2017 , അബ്ദുല്‍ പുന്നയൂര്‍ക്കുളം

Bangla Burma part 4 banner1പിറ്റേ ദിവസം മനിലയ്ക്ക് തിരിച്ചു

കപ്പല്‍ നങ്കൂരമിടുന്ന ചില സ്ഥലത്ത് യാത്രക്കാരെ രസിപ്പിക്കാനെന്നോണം യാത്രക്കാര്‍ കടലിലേക്കെറിയുന്ന നാണയങ്ങള്‍ കടലില്‍ എത്ര ദൂരെയെറിഞ്ഞാലും നാടോടി നീന്തല്‍ വിദഗ്ദര്‍ അത് മുങ്ങിത്തപ്പിയെടുത്ത് എറിഞ്ഞ യാത്രക്കാര്‍ക്ക് കാണിച്ചുകൊടുക്കും. ഫിലിപ്പൈന്‍സിനോട് വിട പറയുന്നതിനു മുമ്പ് അസൂയാവഹമായ വിനയത്തിന്റെ ഉടമയായ ‘എല്‍മോ’യെ പിരിയുന്നതില്‍ ഖേദം തോന്നി.

ജപ്പാനിലേക്കുള്ള വഴിയെ കമ്മ്യൂണിസ്റ്റ് രാജ്യമായ തയ്‌വാനില്‍ രണ്ടു നാള്‍ ഒരു മിന്നല്‍ പര്യടനം ആശിച്ചെങ്കിലും, തലസ്ഥാനമഅയ തയ്‌പി എയര്‍പോര്‍ട്ടില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല; അത് നേരത്തെ കോണ്‍സുലേറ്റില്‍ നിന്ന് എടുക്കണമെന്ന്.

വിമാനം ജപ്പാനിലെ നരിത എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. തദ്ദേശവാസികളുടെ ശബ്ദമലിനീകരണ നിവാരണ അഭ്യര്‍ത്ഥന മാനിച്ച് നഗരത്തിലെ ബസ്സും ട്രെയിനും എല്ലാം ശാന്തമാണ്. ഒരു കൊല്ലം മുമ്പ് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോയില്‍ ഒരാഴ്ച താമസിച്ചിരുന്നെങ്കിലും ആ പരിചയം തികച്ചും അപര്യാപ്തമായിരുനു. കൂടുതലായി ഇപ്പോള്‍ വിമാനം ഇറങ്ങിയിരിക്കുന്നത് മറ്റൊരു വിമാനത്താവളത്തിലാണ്.

സന്ദര്‍ഭവശാല്‍ സഹയാത്രികനായ നോര്‍ത്ത് ഇന്ത്യന്‍ പറഞ്ഞു “ഈ രാത്രിയില്‍ എവിടെയും താമസ സ്ഥലം അന്വേഷിച്ചു പോകാന്‍ ടാക്സി ഒഴികെ ഒന്നും കിട്ടുകയില്ല. എന്റെ അപ്പാര്‍ട്ട്മെന്റ് യോക്കോഹാമയിലാണ്. ഈ രാത്രി നിങ്ങള്‍ എന്റെ കൂടെ പാര്‍ക്കുക, ടാക്സിക്കൂലി തന്നാല്‍ മതി.”

ടാക്സിക്കൂലി 100 ഡോളര്‍ ആയപ്പോള്‍ ഓര്‍ത്തു ജപ്പാനിലെ ഇന്ധന വില അമേരിക്കയേക്കാള്‍ ഇരട്ടിയാണ്!

ടാക്സിക്കാര്‍ ജാപ്പ് കറന്‍സിയായ ‘യെന്നി’നു പകരം ഡോളര്‍ സ്വീകരിക്കും. എയര്‍പോര്‍ട്ടിലും നാണയവിനിമയ സൗകര്യമുണ്ട്. അന്ന് ഒരു ഡോളരിന്റെ വിനിമയ നിരക്ക് ഏഴു രൂപ.

യോക്കൊഹാമയില്‍ നോര്‍ത്തിന്ത്യക്കാരന്റെ മുകള്‍ നിലയിലെ അപ്പാര്‍ട്ട്മെന്റിന്റെ ചുമരില്‍ ചാരിയിരുന്നപ്പോള്‍ അയാള്‍ ഓര്‍മ്മിപ്പിച്ചു. ചുമര്‍ കടലാസുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അപ്പോള്‍ ജപ്പാന്‍ അഗ്നിപര്‍‌വ്വതങ്ങളുടെ നാടാണെന്ന ഓര്‍മ്മ പുതുക്കി.

രാവിലെ ട്രെയിന്‍ വഴി ടോക്യോയിലെത്തി. ആധുനിക ട്രെയിനില്‍ ടിക്കറ്റു നിരക്കും കുറവായി തോന്നി.

ടോക്യോയില്‍ വെച്ച് അമേരിക്കയിലെ ലോസ് ആഞ്ചലസ് വാസിയായ ഒരു ഇറാനിയന്‍ യുവാവിനെ പരിചയപ്പെട്ടു. അയാളുടെ സഹായത്തോടെ ‘ഇംഗ്ലീഷ് ഹൗസ്’ എന്ന സ്ഥലത്ത് താമസസൗകര്യം ലഭിച്ചു. ‘ഇംഗ്ലീഷ് ഹൗസ്’ ഒരു വീടു പോലെയായിരുന്നു. വാടക പ്രതിദിനം 15 ഡോളര്‍. ബാത്ത് റൂം, കിച്ചന്‍, ബെഡ് റൂം എല്ലാം കോമണ്‍. ജപ്പാനില്‍ എല്ലാറ്റിനും താരതമ്യേന ചെലവു കൂടുതലായതുകൊണ്ട് അവിടം ആശ്വാസമായി തോന്നി.

അന്നു വൈകീട്ട് ഞാനും ഇറാനിയും അവന്റെ കൂട്ടുകാരിയും കൂടെ അല്പം നിലവാരം കൂടിയ ഒരു റസ്റ്റോറന്റില്‍ നിന്ന് ഡിന്നര്‍ കഴിച്ചു. ‘മെനു’ സ്റ്റെയ്ക്കായിരുന്നു. 100 ഡോളറിന്റെ അടുക്കെ ബില്‍ വന്നപ്പോഴാണ് ഓര്‍ത്തത് ജപ്പാനില്‍ ബീഫിന് അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയില്‍ കൂടുതല്‍ വിലയുള്ളത്.

മിനിമം ബഡ്ജറ്റുള്ള ഒരു സഞ്ചാരിക്ക് ‘ഇംഗ്ലീഷ് ഹൗസിലെ’ കോമണ്‍ കിച്ചനില്‍ ചെലവു കുറഞ്ഞ രീതിയില്‍ ഭക്ഷണം പാകം ചെയ്യാം. അല്ലെങ്കില്‍ പട്ടണപ്പാതയിലെ വില്പനക്കാരില്‍ നിന്ന് ഒരു ഡോളറിന് Ramen Noodle കഴിക്കാം. ഒരു ബൗള്‍ കഴിച്ചാല്‍ വയര്‍ നിറയെ കഞ്ഞി കുടിച്ച പോലെ തോന്നും.

ഒരു സായാഹ്ന നടത്തത്തിനിടെ ഒരു കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സല്ലപിക്കാനിടയായി. അവര്‍ക്ക് എത്ര സംസാരിച്ചാലും മതി വരാത്ത പ്രതീതി. അബൂദാബിയില്‍ ജപ്പാന്‍‌കാരുമായി ജോലി ചെയ്തതുകൊണ്ട് ചില ‘ബ്രോക്കണ്‍’ ജാപ്പ് ഭാഷയും അറിയാമായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല; പക്ഷെ, ഫിലിപ്പൈന്‍സില്‍ ഒരുവിധം എല്ലാവര്‍ക്കുമറിയാം. ഒടുവില്‍ സന്ധ്യ മയങ്ങാറായപ്പോള്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് വിടവാങ്ങാന്‍ ‘സയനാര’ പറയേണ്ടി വന്നു.

ജപ്പാനില്‍ പല അമേരിക്കന്‍ യുവാക്കളും ജപ്പാന്‍ ഭാഷ പഠിച്ചു വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്യൂഷന്‍ എടുത്തും സന്തോഷത്തോടെ ജീവിക്കുന്നു. പല അമേരിക്കക്കാരും വിദേശത്ത് ജോലിയോ ബിസിനസ്സോ ചെയ്തു തൃപ്തിയോടെ ജീവിക്കുന്നു. ചിലര്‍ വിദേശത്ത് ലഭിക്കുന്ന ആദരവ് മാനിച്ച് മക്കളെ ശ്രേഷ്ഠരായി വളര്‍ത്താനും അമേരിക്കന്‍ ചുങ്കം ചുമത്തലില്‍ നിന്ന് ഒഴിവാകാനും അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുവാന്‍ തന്നെ പലരും തയ്യാറാവുന്നു.

Kona Coast with Honaunau Bay in Background

അടുത്ത ദിവസം അമേരിക്കന്‍ ഐക്യനാടുകളുടെ അമ്പതാമത്തെ സ്റ്റേറ്റായ ഹവായിയിലേക്ക് പുറപ്പെടുമ്പോള്‍ തോന്നി സഞ്ചരിച്ച പല രാഷ്ട്രങ്ങളില്‍ വെച്ച് ജപ്പാന്‍ ഏരെ ഇഷ്ടപ്പെട്ടതായി. ജനങ്ങള്‍ സമാധാനപ്രിയരായും അവരവരുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായി കാണപ്പെട്ടു.

ഹവായിയില്‍ വിമാനമിറങ്ങുമ്പോ കഴിഞ്ഞ പ്രാവശ്യം യു.എസ്. ഇമിഗ്രേഷന്‍ വിസ വെട്ടിച്ചുരുക്കിയതുപോലെ ഇപ്പോഴും സംഭവിക്കുമോ എന്ന് ഉത്ക്കണ്ഠപ്പെട്ടു. ശങ്കിച്ചതുപോലെ തന്നെ സംഭവിച്ചു. ഇമിഗ്രേഷന്‍ അധികൃതര്‍ ഫണ്ടിനെ അപര്യാപ്തത പറഞ്ഞ് ആറു മാസത്തെ വിസ ഒന്നര മാസമായി ചുരുക്കി.

ഹവായിയില്‍ വൈ.എം.സി.എ.യില്‍ റൂമെടുത്തു. രണ്ടു ദിവസം ഹവായിയുടെ പ്രകൃതിരമണീയത വീണ്ടും ആസ്വദിച്ചു. ഹവായിയില്‍ എവിടെ സഞ്ചരിക്കുമ്പോഴും ലോക രാജ്യങ്ങളിലെ ജനങ്ങളെ കാണുന്ന പ്രതീതി ജനിപ്പിക്കും. ഒരുപക്ഷെ, അതുകൊണ്ടാവും ഹവായിക്ക് ‘പോളിനേഷന്‍’ എന്ന പേര് കൂടിയുള്ളത്. ചിലയിടത്തുകൂടെ നടക്കുമ്പോള്‍ കേരളക്കരയിലെ ഭൂപ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കും. പലേടത്തും ശാന്ത സൗന്ദര്യം തങ്ങിനിന്നിരുന്നു. പല ഹവായിയന്‍ നാരീമണികളും കേരള തരുണികളെപ്പോലെ തോന്നിച്ചെങ്കിലും ഫിലിപ്പൈന്‍സ് യുവതികളാണ്‌ കേരളീയ സ്ത്രീകളെപ്പോലെ ഏറെ സാദൃശ്യം.

26hawaii7-master675പിറ്റേന്ന് സാന്‍‌ഫ്രാന്‍സിസ്കോ ലക്ഷ്യമാക്കി ആകാശനൗക പുറപ്പെട്ടു. പിന്നെ അമേരിക്കയില്‍ ലയിച്ചു.

നാല് പതിറ്റാണ്ടു മുമ്പ് വ്യോമയാത്ര ചെയ്യുമ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ചാടിക്കയറുന്നതുപോലെ തോന്നിയിട്ടുണ്ട്. സൗത്ത് അമേരിക്കയിലെ ചിലിയില്‍ നിന്ന് അബുദാബിയിലെ ‘സ്പിന്നീസ്’ കമ്പനി ഏല്പിച്ച ജോലി നിര്‍‌വ്വഹിച്ച് വരുമ്പോള്‍ ഒരേ വിമാന ടിക്കറ്റില്‍ അര ഡസനോളം (യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ) രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഡസനിലധികം ആകാശക്കപ്പലുകള്‍ അനായാസം മാറിക്കയറാന്‍ സാധിച്ചു. ഇന്നത്തെ വ്യോമയാന സുരക്ഷാ നിയന്ത്രണ ചട്ടങ്ങള്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ അന്നത്തെ പ്രയാസങ്ങള്‍ ഇന്ന് ഒരു സ്വപ്നമായി തോന്നുന്നു.

പല അനുഭവ വിരണങ്ങളും സ്ഥല, സമയപരിമിതി മൂലം എഴുതുന്നില്ല. യാത്രാസ്മരണകള്‍ എഴുതുകയല്ല ഇപ്പോള്‍ ഉദ്ദേശം. ഈയ്യിടെയായി മ്യാന്മര്‍ റോഹിങ്ക്യന്‍ ജനവിഭാഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയഹത്യകളുടെ കഥനക്കാഴ്ചകള്‍ കണ്ടും കേട്ടും ഹൃദയം നൊന്തു മരവിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ തൂലിക താനെ ചലിക്കുകയാണ്.

റോഹിങ്ക്യകളെപ്പറ്റി എഴുതാന്‍ മൂന്നര പതിറ്റാണ്ട് മുമ്പത്തെ എന്റെ ബര്‍മ്മ സന്ദര്‍ശനം ഈയവസരത്തില്‍ പ്രചോദനമായി.
(തുടരും……)

അടുത്തത്: ആരാണ് റോഹിങ്ക്യകള്‍

മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top