Flash News

ദുബൈ ബാങ്കുകളെ കബളിപ്പിച്ച് 800 കോടിയോളം രൂപ ഹവാലയായി ഇന്ത്യയിലേക്ക് കടത്തിയവര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി; തട്ടിപ്പ് സംഘത്തില്‍ 40 മലയാളികളും

November 10, 2017

dubai-bankകൊച്ചി: ബാങ്കുകളില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് പണം ഇന്ത്യയിലേക്ക് കടത്തി, രാജ്യം വിട്ട ഇന്ത്യന്‍ പൗരന്‍മാരായ ബിസിനസുകാര്‍ക്കെതിരെ നിയമനടപടിക്ക് ദുബൈ ആസ്ഥാനമായ ബാങ്ക് ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികളുടെ സഹായം തേടി. 27 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40 മലയാളികള്‍ പ്രതികളാണ്. ഇത്രയും കേസുകളിലായി കണക്കാക്കിയ വായ്പത്തട്ടിപ്പ് 800 കോടി രൂപയുടേത്. തുക ഹവാലയായി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കരുതുന്നത്.

ദുബൈയിലുള്ള സ്വത്തുക്കള്‍ അവിടെത്തന്നെ വിറ്റഴിച്ചശേഷം, വായ്പയായി ലഭിച്ച തുക ഹവാല വഴി ഇന്ത്യയിലേക്കു കടത്തിയെന്നാണു പ്രാഥമിക നിഗമനം. തട്ടിപ്പ് മനസ്സിലായതോടെ വഞ്ചിച്ച ഇടപാടുകാര്‍ക്കെതിരെ ബാങ്ക് ചെക്ക് കേസ് നല്‍കുകയും ഇവര്‍ക്കു യാത്രാവിലക്കേര്‍പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനു മുന്‍പ് ഇവര്‍ രാജ്യം വിട്ടതായാണു സൂചന. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലിയും നഷ്ടമായി.

ബാങ്കിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ കൊച്ചിയിലെ സ്ഥാപനം ഡിജിപിക്കു നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ അഞ്ചു ഗള്‍ഫ് ബാങ്കുകള്‍ കൂടി ഇന്ത്യയില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മൊത്തം തട്ടിപ്പു തുക 20,000 കോടി കടക്കുമെന്നാണു കണക്കുകൂട്ടല്‍.

ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ മാസ്റ്റര്‍ ഫെസിലിറ്റി സംവിധാനത്തില്‍ ഓവര്‍ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്‌കൗണ്ടിങ്, ലെറ്റര്‍ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു വായ്പ സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ ഒരു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷയ്‌ക്കൊപ്പം നല്‍കി. മാസ്റ്റര്‍ ഫെസിലിറ്റി പണമാക്കി മാറ്റാനായി മറ്റു ചില കമ്പനികളുമായിച്ചേര്‍ന്ന്, ഒരിക്കലും നടന്നിട്ടില്ലാത്ത ക്രയവിക്രിയങ്ങളുടെ ബില്ലുകള്‍, ട്രക്ക് കണ്‍സൈന്‍മെന്റ് നോട്ടുകള്‍, ഡെലിവറി ഓര്‍ഡറുകള്‍ എന്നിവയും നല്‍കി. ഹ്രസ്വകാലത്തേക്കുള്ള വായ്പകളായതിനാലും ആദ്യത്തെ വായ്പ സമയത്തു തിരിച്ചടച്ചതിനാലും വിശദമായ പരിശോധന നടത്താതെയാണു ബാങ്ക് തുടര്‍വായ്പകള്‍ നല്‍കിയത്.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്ന ആസ്തിയുടെ 30 ശതമാനം വരെ വായ്പയായി തരപ്പെടുത്തി. ഒരേ ഓഡിറ്റ് റിപ്പോര്‍ട്ട് ഉപയോഗിച്ച് ചിലര്‍ പത്തു ബാങ്കുകളില്‍നിന്നുവരെ വായ്പ നേടി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 100 കോടിയുടെ ആസ്തിയുള്ള സ്ഥാപനത്തിന് ഇങ്ങനെ 300 കോടി വരെ വായ്പ ലഭിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് തന്നെ വ്യാജമാണോ എന്ന കാര്യത്തിലും അന്വേഷണം നടത്താനാണു തീരുമാനം.

ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാരും വഞ്ചിച്ചവരുടെ പട്ടികയിലുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ(സിആര്‍പിസി) വകുപ്പ് 188 പ്രകാരമാണ് ഇന്ത്യയില്‍ കേസെടുത്തത്. ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമായ കൃത്യം ഇന്ത്യന്‍ പൗരന്‍ വിദേശത്തു ചെയ്താലും ഇന്ത്യയില്‍ അറസ്റ്റ് ചെയ്തു വിചാരണ നടത്താനാകും. ഡീസല്‍ വില്‍പന, സ്റ്റീല്‍ നിര്‍മാണം, ഭക്ഷ്യസംസ്‌കരണം, സമുദ്രോല്‍പന്ന വിപണനം എന്നിങ്ങനെ വിവിധ മേഖലകളില്‍ ബിസിനസ് ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ പേരുകളിലാണു കേസുകള്‍. കേരളത്തില്‍നിന്നു വിദേശത്തേക്കു രക്തചന്ദനം കടത്തിയ കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശിയും ഇക്കൂട്ടത്തിലുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top