Flash News

തോമസ് ചാണ്ടി രാജി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ടി.പി. പീതാംബരന്‍ മാസ്റ്റര്‍; എന്‍‌സി‌പിയുടെ മന്ത്രിസ്ഥാനം കളഞ്ഞുകുളിക്കരുതെന്ന് കേന്ദ്ര നേതൃത്വം

November 11, 2017

sasi-n-chnandy-545x325തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജിവെക്കേണ്ട സാഹചര്യം നിലവിലില്ല.രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ്ചാണ്ടി സ്ഥാനം ഒഴിയുമെന്നും എന്‍സിപി പറഞ്ഞു. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചതാണെന്നും ടിപി പീതാംബരന്‍ പറഞ്ഞു.

ജനജാഗ്രതാ യാത്രയില്‍ ആലപ്പുഴയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗമാണ് കാര്യങ്ങള്‍ തുലച്ചതെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവേയുള്ളത്. അതല്ലെങ്കില്‍ നടപടി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുവെന്നാണ് നേതാക്കളുടെ വിശ്വാസം. ചാണ്ടി ഉടനെ രാജിവെക്കേണ്ടിവന്നാല്‍ പാര്‍ട്ടിക്ക് മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാവും.

രാജ്യത്ത് എന്‍.സി.പി.ക്ക് ആകെയുള്ള മന്ത്രിസ്ഥാനമാണെന്നും കളയാതെ നോക്കണമെന്നുമാണ് കേന്ദ്രനേതൃത്വം ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ നിര്‍ദേശിച്ചത്. മന്ത്രിസ്ഥാനം പോവുകയും തത് സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സി.പി.എം.പരിഗണിക്കുകയും ചെയ്താല്‍, ശശീന്ദ്രന് തിരിച്ചുവരാന്‍ പ്രയാസമാവുമെന്ന ചിന്തയും പാര്‍ട്ടിയിലുണ്ട്. 14ന് എന്‍.സി.പി.യുടെ സംസ്ഥാന നിര്‍വാഹകസമിതി ചേരുന്നുണ്ട്.

തോമസ് ചാണ്ടിയുടെ രാജി നീട്ടരുതെന്ന് സംസ്ഥാന സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവതരമെന്നും നേതാക്കള്‍ പറഞ്ഞു. ഇനിയും തീരുമാനം എടുക്കാതിരുന്നാല്‍ മുന്നണിക്കും സര്‍ക്കാരിനും നാണക്കേടാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ ജില്ലാ കലക്ടറുടെ കണ്ടെത്തലുകള്‍ തള്ളാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ കയ്യേറ്റം സ്ഥിരീകരിക്കുന്നതാണ് എജിയുടെ നിയമോപദേശം.

കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ട്. തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരും.തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും എജിയുടെ നിയമോപദേശത്തില്‍ പറയുന്നു. കോടതിവിധിവരെ കാത്തിരിക്കണമോ എന്ന് തീരുമാനിക്കേണ്ടതും സര്‍ക്കാരാണെന്നും എജി വിശദീകരിച്ചു.

അതേസമയം, കലക്ടറുടെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സര്‍ക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എജി ചൂണ്ടിക്കാട്ടുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്.

ഇതിനിടെ എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഹസന്‍ തുറന്നടിച്ചു.

നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ തുണയ്ക്കേണ്ടെന്നാണ് സിപിഐഎം നിലപാട് എടുത്തിരിക്കുന്നത്. സിപിഐയും തോമസ് ചാണ്ടിക്കെതിരായ നിലപാടിലാണ്. രാജിയെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണവർ. എന്നാൽ രാജി ഇപ്പോൾ വേണ്ടെന്നാണ് എൻസിപി വ്യക്തമാക്കിയത്. ചൊവ്വാഴ്ചത്തെ കോടതി വിധിക്കുശേഷം മാത്രം തീരുമാനമെടുത്താൽ മതിയെന്നും അവർ പറയുന്നു. കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ മന്ത്രി നൽകിയ ഹർജി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടാണ് ചാണ്ടിക്ക് തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിന് മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top