Flash News

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളും സാമൂഹിക മാറ്റങ്ങളും (ലേഖനം): ജോസഫ് പടന്നമാക്കല്‍

November 11, 2017 , ജോസഫ് പടന്നമാക്കല്‍

adichamartha banner 1‘പെണ്ണായി ജനിക്കുന്നവള്‍ ബാല്യത്തില്‍ അച്ഛന്റെയും അമ്മയുടെയും യൗവ്വനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യത്തില്‍ മക്കളുടെയും സംരക്ഷണയിലായിരിക്കണമെന്ന്’ മനുസ്മൃതി പറയുന്നു. മതത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ സ്വാതന്ത്ര്യം മോഹിച്ചു ജീവിക്കുന്ന അവള്‍ ഒരിക്കലും മോചിതയാവില്ല. സ്ത്രീയെ സൃഷ്ടിച്ചത് ബ്രഹ്മനെന്നു ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു. ഒരേ സൃഷ്ടിയില്‍ സ്ത്രീയും പുരുഷനുമായി ദ്വൈതഭാവമാണുള്ളത്. സന്താനോത്ഭാദനശക്തി, വംശപരമ്പരകള്‍ മുതലായവകള്‍ പുരുഷനും സ്ത്രീയുമായുള്ള ഈ സൃഷ്ടി വൈഭവത്തില്‍ അടങ്ങിയിരിക്കുന്നു. സ്ത്രീയെന്നാല്‍ പ്രകൃതിയുടെ വരദാനമെന്നും ഭൂമിദേവിയുടെ മൂര്‍ത്തീകരണമെന്നുമെല്ലാം ഹിന്ദു ഗ്രന്ഥങ്ങളില്‍ വായിക്കാം. ശക്തി സ്വരൂപണിയെന്നാണ് അവളുടെ മറ്റൊരു പേര്. അവളില്‍ പരിശുദ്ധിയുടെ ഊര്‍ജം നിലകൊള്ളുന്നു. അവള്‍ മാതാവും ‘അമ്മ ദേവതയും ദേവിയുമെല്ലാമാണ്.

Photoഇന്നുള്ള ലോകത്തിലെ മിക്ക മതങ്ങളും പുരുഷ ദൈവങ്ങളെ ആരാധിക്കുമ്പോള്‍ ഹിന്ദുക്കള്‍ സ്ത്രീ ദൈവങ്ങളെയും ദേവികളെയും ആരാധിക്കുന്നു. ഭൂമി ദേവിയെ സ്ത്രീയുടെ പ്രതിച്ഛായയില്‍ കാണുന്നു. ദൈവത്തിനും അനേകം കൂട്ടുകാരികളായി ദേവിമാരുമുണ്ട്. സ്ത്രീകളെ വാക്കാല്‍പോലും പീഡിപ്പിക്കാന്‍ പാടില്ലെന്ന് ഹിന്ദു നിയമസംഹിതകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ജീവിതാവസാനം വരെ സ്ത്രീകളെ സംരക്ഷിക്കുകയെന്നതും പുരുഷന്റെ കടമയാണ്. അവളെ ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ലെന്നും ദൈവസന്നിധിയില്‍ പ്രതിജ്ഞ ചെയ്യുന്നു. അതുപോലെ പ്രായമായ അമ്മയെയും ആശ്രയിച്ചു കഴിയുന്ന മക്കളെയും നോക്കാനുള്ള കടമയുമുണ്ട്. അങ്ങനെ പൗരാണിക തത്ത്വങ്ങളില്‍ സ്ത്രീയെ വാനോളം പുകഴ്ത്തുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും സ്ത്രീയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില്‍ ഭൂരിഭാഗം സ്ത്രീകളുടെ ജീവിതം കഷ്ടമാണ്. അവള്‍ ദേവിയായിട്ടല്ല ഭര്‍ത്താവിന്റെ സേവികയായിട്ടാണ് ജീവിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാ മതങ്ങള്‍പോലെ ഹിന്ദുമതവും പുരുഷ മേധാവിത്വത്തിലുള്ളതാണ്. സ്ത്രീകള്‍ക്ക് കുടുംബത്തില്‍ രണ്ടാം സ്ഥാനമേയുള്ളൂ. സ്ത്രീയുടെ പ്രാഥമിക കടമ ഭര്‍ത്താവിനെ സഹായിക്കുകയെന്നു സ്മൃതികളും പുരാണങ്ങളും പറയുന്നു.

സ്ത്രീയെ ശക്തിയും ദേവിയുമായി പുരാണങ്ങളില്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ സ്ത്രീയുടെ സ്ഥാനം എന്നും സമൂഹത്തില്‍ താണ നിലവാരത്തിലായിരുന്നു. അവള്‍ ശക്തിയുടെ മൂര്‍ത്തികരണമായിരിക്കാം. എന്നാല്‍ അവളുടെ ശക്തിയുടെ ഏജന്റ് എക്കാലവും പുരുഷനായിരിക്കും. അങ്ങനെ സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും സ്ത്രീയ്ക്ക് പ്രഭാതം മുതല്‍ ജോലി ചെയ്യണം. ദേശീയ തലത്തില്‍ സ്ത്രീകളും പുരുഷന്മാരുമായുള്ള എണ്ണത്തില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. പുരുഷന്മാരെക്കാളും സ്ത്രീകളുടെ ആയുസും കുറവായി കാണുന്നു. വര്‍ഷംതോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരിക്കുന്നു. ആയിരം പുരുഷന്മാര്‍ക്ക് തൊള്ളായിരം സ്ത്രീകളുള്ള അനുപാതമാണ് നിലവിലുള്ളത്.

ഭാര്യ ഭര്‍ത്താക്കന്മാരില്‍ ഒരു സ്ത്രീയും ഒരു പുരുഷനും ചെയ്യേണ്ട ജോലികളെന്തെല്ലാമെന്ന് സ്മൃതികളില്‍ വിവരിച്ചിട്ടുണ്ട്. ഭാര്യയെക്കാള്‍ ഭര്‍ത്താവിനാണ് കൂടുതലും ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും നിഷിപ്തമായിരിക്കുന്നത്. വേദങ്ങള്‍ പ്രകാരമുള്ള മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് പുരുഷന്മാര്‍ മാത്രം. മതാനുഷ്ഠാനങ്ങളില്‍ അവര്‍ നേതൃത്വം കൊടുക്കണം. പൂജാ കര്‍മ്മങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ പാടില്ല. വീടിനുള്ളില്‍ സ്ത്രീകള്‍ക്ക് പൂജ ചെയ്യാം. എന്നിരുന്നാലും ബലിയിടുന്ന കര്‍മ്മങ്ങള്‍ പുരുഷന്മാര്‍ക്കു മാത്രമേ ചെയ്യാന്‍ അവകാശമുള്ളൂ. സ്ത്രീ എന്നും പുരുഷന്റെ സംരക്ഷണയിലും ആശ്രയത്തിലുമായിരിക്കും. അമ്മയെന്ന നിലയില്‍ അവര്‍ക്ക് കുഞ്ഞുങ്ങളെയും സംരക്ഷിക്കണം. ഭര്‍ത്താവിന്റെ പങ്കാളിയായി ഭര്‍ത്താവിനെയും, ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ശുശ്രുഷിക്കണം.

പുരാണത്തിലെ ചാരിത്രവതികളായ സീതയെപ്പോലെയുള്ള സ്ത്രീകളെയാണ് മാതൃകയായി കാണുന്നത്. സ്ത്രീ മഹത്വത്തെപ്പറ്റി വാചാലമാകുമ്പോള്‍ സീതയും സത്യവതിയും പാഞ്ചാലിയും, ഗംഗയും കുന്തിയും ശകുന്തളയും വിഷയങ്ങളായി വരും. സ്വകാര്യ ജീവിതത്തിലും സ്ത്രീകള്‍ മഹത്തുക്കളായ ദേവിമാരെ മാതൃകയാക്കാനാണ് ഗുരുക്കന്മാരും ഉപദേശിക്കുന്നത്. ശ്രീ രാമന്റെ സീതയ്ക്കും പാഞ്ചാലിക്കും കുന്തിക്കും പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അത്തരം പരീക്ഷണങ്ങള്‍ ഒരു സ്ത്രീ നേരിടാന്‍ തയ്യാറായിരിക്കണം. വിവാഹിതയായ ഹിന്ദു സ്ത്രീ ദാസിയെപ്പോലെയായിരിക്കണം. ഉത്തരവാദിത്വമുള്ള അമ്മയായിരിക്കണം. കുടുംബത്തിലുള്ള എല്ലാവരുടെയും ഇഷ്ടങ്ങള്‍ നോക്കി പരിചരിക്കുകയും അവരെ സ്‌നേഹിക്കുകയും വേണം.

a1 (1)പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയും ‘സതി’യെന്ന ആചാരത്തിന്റെ വെളിച്ചത്തില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവു മരിച്ചു കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ചാടി ആത്മാഹുതി ചെയ്യണമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമം മൂലം പിന്നീട് സതി നിരോധിക്കുകയാണുണ്ടായത്. 1829ല്‍ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ബെനഡിക് (Lord Bentinck) പ്രഭുവാണ് ‘സതി’ നിര്‍ത്തല്‍ ചെയ്തത്. വിധവകള്‍ക്ക് വിവാഹം കഴിക്കാനുള്ള നിയമം 1856ല്‍ പാസായി. വിവാഹിതരായുള്ള സ്ത്രീകളുടെ സ്വത്തവകാശ നിയമം 1874ല്‍ പ്രാബല്യത്തിലും വന്നു. 1929ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം (ശാരദ ആക്ട്) നിരോധിച്ചു. അടുത്ത കാലത്തെ പരിഷ്‌ക്കരണമനുസരിച്ച് വിവാഹിതരാകാന്‍ പെണ്‍ക്കുട്ടികള്‍ക്ക് പതിനെട്ടും ആണ്‍ക്കുട്ടികള്‍ക്ക് ഇരുപത്തൊന്നും വയസുണ്ടായിരിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കണമെന്ന നിയമവും നടപ്പിലാക്കി. സാമൂഹിക ചിന്തനീയമായ വിവിധ തരം നിയമങ്ങള്‍ കാലാകാലങ്ങളില്‍ പാസായിട്ടും യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്നവരില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പാരമ്പര്യ ചിന്തകളെ മുറുകെ പിടിക്കാനാണ് ഹൈന്ദവരിലെ തീവ്ര മതതീക്ഷ്ണതയുള്ളവര്‍ എക്കാലവും ചിന്തിച്ചിരുന്നത്.

സതി നിര്‍ത്തല്‍ ചെയ്ത ശേഷവും സ്ത്രീകളുടെ അവസ്ഥകള്‍ പഴയതിനേക്കാളും പരിതാപകരമായിരുന്നു. ഭര്‍ത്താവ് മരിച്ചു വിധവയായാല്‍ സമൂഹത്തില്‍ നിന്നു അവര്‍ തിരസ്‌ക്കരിക്കപ്പെടുമായിരുന്നു. വിധവയായ സ്ത്രീയ്ക്ക് യാതൊരു അന്തസ്സും കല്‍പ്പിച്ചിരുന്നില്ല. അവരുടെ മക്കളുടെ നിയന്ത്രണത്തിലോ ബന്ധുക്കളുടെ നിയന്ത്രണത്തിലോ കഴിച്ചുകൂട്ടണമായിരുന്നു. അവരെ എല്ലാ വിധത്തിലും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജീവിതം നിത്യവും യാതനകളില്‍ക്കൂടി കടന്നുപോയിരുന്നു. ചെറുപ്പക്കാരികളായ വിധവകളെങ്കില്‍ ജീവിതം കൂടുതല്‍ അരാജകത്വം നിറഞ്ഞതുമായിരിക്കും. ഭര്‍ത്താവ് ചെറുപ്പത്തിലേ മരിക്കുന്നുവെങ്കില്‍ അയാളുടെ അടുത്ത ബന്ധുക്കള്‍ വിധവയായി തീര്‍ന്ന സ്ത്രീയെ പഴിചാരുകയും കുടുംബത്തിനു വന്ന ദൗര്‍ഭാഗ്യവസ്ഥയ്ക്കു കാരണം സ്ത്രീയെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവളുടെ വലത്തുകാല്‍ കുത്തിയുള്ള ഭവന പ്രവേശനം കാലന്റെ വരവായും ചിത്രീകരിച്ചിരുന്നു. അങ്ങനെ വിധവകളുടെ ജീവിതം ക്ലേശകരവും ദുരിതങ്ങള്‍ നിറഞ്ഞതുമായിരുന്നു. ഗുപ്ത രാജാക്കന്മാരുടെ കാലത്ത് സ്ത്രീകള്‍ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു. രാജകീയ ഭരണ സംവിധാനങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളായിരുന്നു. ഉത്തരവാദിത്വങ്ങളുള്ള ജോലികള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്തിരുന്നു. രാജകീയ ചര്‍ച്ചകളില്‍ അവരും പങ്കു ചേര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയുള്ള സ്ത്രീകളുടെ കാര്യനിര്‍വഹണങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്ന ജാതികള്‍ക്ക് മാത്രമുള്ളതായിരുന്നു. താണ ജാതികളില്‍ സ്ത്രീ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ചാതുര്‍വര്‍ണ്യം കല്‍പ്പിച്ചിരുന്ന ഭാരതത്തില്‍ പുരുഷന്മാര്‍ക്കായിരുന്നു പ്രാമാണ്യമുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് എന്തെങ്കിലും ബഹുമാനം കല്പിച്ചിരുന്നത് അവര്‍ മകളായിരിക്കുമ്പോഴും അമ്മയായിരിക്കുമ്പോഴും, ഭാര്യയായിരിക്കുമ്പോഴും മാത്രമായിരുന്നു.

സ്വാതന്ത്ര്യം കിട്ടുന്നവരെ ഹിന്ദുക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം ചെയ്യാന്‍ കഴിയുമായിരുന്നു. അല്ലെങ്കില്‍ സ്ത്രീകളെ സ്വന്തം വീട്ടില്‍ വെപ്പാട്ടികളായി താമസിപ്പിക്കാന്‍ സാധിക്കുമായിരുന്നു. സമൂഹത്തിലെ ഉന്നതരും ഭൂപ്രഭുക്കളും, കച്ചവടക്കാരും മന്ത്രിമാരും വലിയ ഉദ്യോഗങ്ങള്‍ വഹിക്കുന്നവരും യാതൊരു സങ്കോചവും കൂടാതെ വ്യപിചാര ശാലകളിലും പോയിരുന്നു. അതേ സമയം വീട്ടിലുള്ള സ്ത്രീകളെ ജയിലറകള്‍ക്ക് തുല്യമായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ പര പുരുഷന്മാരുമായി സംസാരിക്കാന്‍പോലും അനുവദിച്ചിരുന്നില്ല. ഇത്തരം വൈകൃതങ്ങളായ നിയമങ്ങള്‍ മനുസ്മൃതിയിലും ഹിന്ദു പുരാണങ്ങളിലും എഴുതി ചേര്‍ത്തിട്ടുണ്ട്. മനുസ്മൃതിയുടെ നിയമങ്ങള്‍ സ്ത്രീകളോട് യാതൊരു ദയയും പ്രകടിപ്പിക്കുന്നില്ല. അതിലെ സ്ത്രീ വിരുദ്ധങ്ങളായ നിയമങ്ങള്‍ ഹിന്ദുക്കള്‍ പാലിക്കാറില്ലെങ്കിലും രാജാക്കന്മാരുടെ കാലത്തു അത്തരം നിയമങ്ങള്‍ കര്‍ശനമായിരുന്നു. ഉയര്‍ന്ന ജാതികളിലെ കൊച്ചു പെണ്‍പിള്ളേര്‍ വൃദ്ധ പുരുഷന്മാരെ വിവാഹം കഴിക്കുന്ന വ്യവസ്ഥിതികളുമുണ്ടായിരുന്നു. ചെറുപ്രായത്തില്‍ വിവാഹം കഴിക്കുന്ന പെണ്‍ക്കുട്ടികളുടെ ജീവിതവും അങ്ങേയറ്റം ശോചനീയവും കഷ്ടതകള്‍ നിറഞ്ഞതുമായിരുന്നു.

a1 (2)പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ സ്ത്രീകളുടെ നേരെയുളള വിവേചനങ്ങളെപ്പറ്റി ആദ്യമായി ശബ്ദം ഉയര്‍ത്തുവാന്‍ ആരംഭിച്ചത്. അവരില്‍ രാജാ റാം മോഹന്റായി, ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, ജ്യോതി ഫുലെ, എന്നിവര്‍ ഉള്‍പ്പെടുന്നു. സ്ത്രീകളുടെ പൗര സ്വാതന്ത്ര്യം ഉയര്‍ത്തണമെന്നുള്ള ചിന്താഗതികളുമായി ദേശീയ തലത്തിലും സാമൂഹിക തലത്തിലും പരിഷ്‌കാര ചിന്താഗതിക്കാരായ ആചാര്യന്മാര്‍ രംഗത്തു വന്നിരുന്നു. മഹാത്മാ ഗാന്ധിയും സാമൂഹിക പരിഷ്‌കര്‍ത്താക്കളോടൊപ്പം മുമ്പില്‍ തന്നെയുണ്ടായിരുന്നു. അതനുസരിച്ച് സ്ത്രീകള്‍ അടച്ചിട്ടിരുന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പുറത്തു വന്നു സ്വാതന്ത്ര്യ സമരത്തിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വതന്ത്ര്യം കിട്ടി കഴിഞ്ഞു ഭരണഘടന എഴുതിയുണ്ടാക്കുകയും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക നിലകളില്‍ തുല്യ നീതിയും തുല്യ സ്വാതന്ത്ര്യവും നിയമാനുസൃതമാക്കുകയും ചെയ്തു. സ്വതന്ത്രമായി ചിന്തിക്കാനും ആരാധിക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശങ്ങള്‍ നല്‍കി. ഭരണഘടന സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ അനുവദിച്ച വഴി സ്ത്രീകള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ നേടുന്നതിനെപ്പറ്റി ഒരു ഉള്‍ബോധവുമുണ്ടായി.

അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിവിധ തുറകളില്‍ പരിഹാരം കാണാനും സാധിച്ചു. സരോജിനി നായിഡു, കമലാദേവി, ചതോപത്യയായ മുതലായ പേരുകേട്ട വനിതകളും ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നു. വിജയ ലക്ഷ്മി പണ്ഡിറ്റ്, രേണു ചക്രവര്‍ത്തി മുതലായ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നപ്പോള്‍ സ്ത്രീ ജനങ്ങളില്‍ മാറ്റത്തിന്റേതായ ഒരു തുടക്കവും കുറിച്ചു . എന്നിരുന്നാലും സ്ത്രീകളില്‍നിന്നും വരുമാനം ഇല്ലായ്മ, ജാതി വ്യവസ്ഥ, കുറഞ്ഞ വിദ്യാഭ്യാസം എന്നിവകള്‍ സ്ത്രീകളെ അപകര്‍ഷതാബോധത്തോടെ നയിച്ചിരുന്നു. ഒരു ദളിത സ്ത്രീ ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകളെക്കാള്‍ ഇരട്ടി വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഫാക്റ്ററി തൊഴിലാളികളെ ഫാക്ടറി ഉടമകള്‍ ചൂഷണം ചെയ്തു കൊണ്ടിരുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം കൊടുത്തിരുന്നു. ഭരണഘടന എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സ്ത്രീയെ എന്നും താഴ്ത്തികെട്ടുന്ന വ്യവസ്ഥകളാണ് സമൂഹം എന്നും പുലര്‍ത്തിയിരുന്നത്.

സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്ന മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ജോലിസ്ഥലത്തും വെല്ലുവിളികളെ പലപ്പോഴും നേരിടേണ്ടി വരുന്നു. ജാതിക്കു പുറത്തുള്ള സമൂഹത്തില്‍ നിന്നും വിവാഹം കഴിച്ചാലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ചില സമയങ്ങളില്‍ വിവാഹിതരായവരെ കൊലയും ചെയ്യാറുണ്ട്. അല്ലെങ്കില്‍ ഗ്രാമീണത്തലവന്മാര്‍ അവരെ സമൂഹത്തില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ എന്ത് പഠിക്കണമെന്ന കാര്യത്തിലും നിര്‍ബന്ധ സ്വഭാവം പ്രകടിപ്പിക്കുന്നു. ആരെ വിവാഹം കഴിക്കണമെന്ന കാര്യത്തിലും മാതാപിതാക്കളുടെ താല്പര്യവും കൂടി പരിഗണിക്കണം.

സ്വന്തം ഭവനത്തിലെ ബന്ധു ജനങ്ങളില്‍ നിന്നുള്ള പീഡനവും സ്ത്രീകളെ അലട്ടുന്നു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാറുമില്ല. വധുവിനെ കത്തിക്കലും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ഇന്ത്യയില്‍ വളരെയേറെയാണ്. പെണ്‍കുഞ്ഞു ജനിക്കുകയാണെങ്കില്‍ കുഞ്ഞിനെ ഇല്ലാതാക്കുന്നതും വടക്കേ ഇന്ത്യയില്‍ സാധാരണമാണ്. കുഞ്ഞായിരിക്കുന്ന കാലങ്ങളിലും ആണ്‍പിള്ളേര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കും. പെണ്‍കുട്ടികളെ വേണ്ടവിധം മാതാപിതാക്കള്‍ സംരക്ഷിക്കുകയുമില്ല. സ്ത്രീ വിവേചനം ഗര്‍ഭപാത്രം മുതല്‍ തുടങ്ങുന്നതുകൊണ്ട് സ്ത്രീകള്‍ വളരെ കുറവായ അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗിക ജോലിക്കായി മാതാപിതാക്കള്‍ വില്‍ക്കുന്നു. അല്ലെങ്കില്‍ അടിമ ജോലിക്കായി അയക്കുന്നു.

aസ്ത്രീകള്‍ക്കായി ചില പ്രത്യേക ജോലികള്‍ പാരമ്പര്യമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതലും ബുദ്ധിമുട്ടും പ്രശ്‌നങ്ങള്‍ നിറഞ്ഞ ജോലികളും സ്ത്രീകള്‍ക്കു ലഭിക്കുന്നു. ദരിദ്രരായവര്‍ക്ക് കുടുംബം നില നിര്‍ത്തണമെങ്കില്‍ സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം കൂലിപ്പണിക്ക് പോവേണ്ടതായുണ്ട്. കൃഷിയിലും മരാമത്ത് പണികളിലും സ്ത്രീകള്‍ നിത്യവൃത്തിക്കായി ജോലി ചെയ്യുന്നു. സ്വകാര്യ കുടുംബ ബിസിനസിലും സ്ത്രീകള്‍ പങ്ക് വഹിക്കുന്നുണ്ട്. ടെക്സ്റ്റയില്‍, ചണം, കല്‍ക്കരി, തോട്ട വ്യവസായങ്ങളിലും അനേക സ്ത്രീ തൊഴിലാളികളുണ്ട്. വീട്ടിലെ ജോലിയും, കന്നുകാലി വളര്‍ത്തലും കൃഷിയില്‍ ഭര്‍ത്താവിനെ സഹായിക്കലും ഭക്ഷണം പാകം ചെയ്യലും സ്ത്രീകള്‍ ചെയ്യുന്നു. അടുപ്പില്‍ തീ കത്തിക്കാന്‍ വിറകും പാത്രത്തില്‍ വെള്ളവും ദൂരസ്ഥലങ്ങളില്‍നിന്നു അവര്‍ ചുമന്നു കൊണ്ട് വരണം. തൊഴില്‍സ്ഥലത്തും സ്ത്രീ തൊഴിലാളികള്‍ സുരക്ഷിതരുമല്ല. നീണ്ട മണിക്കൂര്‍ ജോലിയും തുച്ഛമായ പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നു.

ഭാരതീയ സംസ്‌ക്കാരത്തില്‍ ഒരു സ്ത്രീയുടെ ചാരിത്ര്യത്തിന് അമൂല്യമായ വില കല്പിച്ചിട്ടുണ്ട്. ചെറു പ്രായത്തിലുള്ള വിവാഹവും ജീവിതാവസാനം വരെയുള്ള ഭാര്യ ഭര്‍ത്താക്കന്മാരുടെ വൈവാഹിക ബന്ധവും ഭാരതീയ കാഴ്ചപ്പാടുകളാണ്. വിവാഹം വേര്‍പെടുത്തലും വിധവയായി ജീവിക്കലും ഒരു സ്ത്രീയെ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ എത്തിക്കുന്നു. സ്ത്രീധനവും ആര്‍ത്തി പിടിച്ച പുരുഷന്റെ ധനമോഹവും സ്ത്രീയുടെ വൈവാഹിക ബന്ധത്തിന്റെ ഭാഗമാണ്. പുരുഷന്മാരില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും സര്‍ക്കാര്‍ ജോലിക്കാരും പ്രൊഫഷണല്‍ തൊഴിലുള്ളവരും വിവാഹിതരാകുമ്പോള്‍ വന്‍തുകകള്‍ സ്ത്രീധനം ആവശ്യപ്പെടുന്നു. വരുമാനമുള്ള സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവദിക്കാതെ ചില മാതാപിതാക്കള്‍ അവരെ ചൂഷണം ചെയ്യാറുമുണ്ട്. പെണ്‍ക്കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിലുണ്ടെങ്കിലും സ്ത്രീധനത്തിന് കുറവ് വരില്ല. സ്ത്രീധനത്തിന്റെ അപര്യാപ്തതയില്‍ വധുവിനെ കൊലചെയ്യുന്നതും നിത്യ സംഭവങ്ങളാണ്. വധു വീട്ടുകാര്‍ കൂടെക്കൂടെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും എത്തിച്ചില്ലെങ്കില്‍ യുവതിയായ ഭാര്യയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും പീഡിപ്പിക്കുകയും ചെയ്യുന്നു. ജനിക്കുന്ന കുട്ടി പെണ്ണായാലും പഴി സ്ത്രീക്കായിരിക്കും. ചിലപ്പോള്‍ പുത്തന്‍ വധുവിനെവരെയും വീട്ടില്‍നിന്നും പുറത്താക്കും. ഭര്‍ത്താവിന്റെ കുടുംബത്തിലെ പീഡനമേറ്റ മകളെ അവരുടെ മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ കയറ്റാതെയുമിരിക്കും. ഭര്‍ത്താവുമായി വഴക്കുകൂടി മടങ്ങി വരുന്ന മകളെ അഭിമാന പ്രശ്‌നമായതിനാല്‍ തിരിച്ചു സ്വീകരിക്കാന്‍ തയ്യാറാവുകയുമില്ല. അവസാനം അവള്‍ ആത്മഹത്യ ചെയ്യുകയോ ബന്ധുജനങ്ങളാല്‍ കൊല ചെയ്യപ്പെടുകയോ ചെയ്യും.

a2 (1)ആധുനിക കാലത്തു സ്ത്രീകളെപ്പറ്റിയുള്ള പുരുഷലോകത്തിന്റെ സാമൂഹിക ചിന്താഗതികളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതും ആശ്വാസപ്രദമാണ്. സ്ത്രീകളുടെ ഇന്നത്തെ സാമൂഹികമായ വ്യവസ്ഥിതികള്‍ വിവരിക്കാന്‍ പ്രയാസമാണ്. നാനാവിധ സമൂഹങ്ങള്‍ ഇന്ന് സങ്കീര്‍ണ്ണങ്ങളായ ചിന്താഗതികളാണ് പുലര്‍ത്തിവരുന്നത്. ഗ്രാമീണരുടെ ജീവിതചര്യകളെക്കാള്‍ വ്യത്യസ്തമാണ് പട്ടണത്തിലെ ജനങ്ങളുടെ ജീവിതം. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവിത രീതി മറ്റൊരു തരത്തിലുമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ നിലവിലുണ്ട്. അതുപോലെ പട്ടണത്തില്‍ താമസിക്കുന്ന സ്ത്രീകളും പാരമ്പര്യ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികരാല്‍ അസ്വസ്ഥരാണ്. ഇക്കാര്യത്തില്‍ സ്ത്രീകളുടെ സാമ്പത്തികമായ സുസ്ഥിരത ഒരു പ്രധാന ഘടകമായും കരുതണം. അവരുടെ മെച്ചമായ വിദ്യാഭ്യാസം ചിലപ്പോള്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബത്തിലെ മറ്റുള്ളവരുമായി സഹമനോഭാവത്തോടെ ജീവിക്കാന്‍ സഹായകമാവുകയും ചെയ്യുന്നു.

കാലം മാറിയപ്പോള്‍ വിധവകള്‍ക്കും മെച്ചമായ ജീവിതവും സൗകര്യങ്ങളും ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിധവകള്‍ക്ക് പഴയ മാമൂലുകള്‍ ഭേദിച്ച് വീണ്ടും വിവാഹിതരാവുകയും ചെയ്യാം. ഇന്ന് ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് മറ്റുള്ളവരില്‍നിന്ന് സഹതാപവും ലഭിക്കുന്നു. എന്നാലും കുടുംബത്തില്‍ മറ്റു വിവാഹങ്ങള്‍ വരുമ്പോള്‍ ഇന്നും അവര്‍ക്കെതിരെ വിവേചനങ്ങളുണ്ട്. വിവാഹം പോലുള്ള ആചാരങ്ങളില്‍ അവരെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തും. വിവാഹിതരായി ഭര്‍ത്താവ് ഉള്ളവരെ മാത്രമേ ആചാരങ്ങളില്‍ പങ്കു കൊള്ളാനും ചില കര്‍മ്മങ്ങളില്‍ പങ്കാളിയാവാനും അനുവദിക്കുള്ളൂ.

ഗ്രാമീണ ജീവിതവുമായി കണക്കാക്കുമ്പോള്‍ പട്ടണ പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിത നിലവാരം വളരെയധികം വ്യത്യസ്തമാണെന്നു കാണാം. പട്ടണത്തില്‍ താമസിക്കുന്നവരില്‍ ഉന്നത ജോലികളുള്ളവരില്‍ സ്ത്രീകളെയും കാണാം. ഡോക്ടര്‍, എന്‍ജിനീയര്‍ എന്നീ നിലകളില്‍ പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്ന അനേകം സ്ത്രീകളുമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും വഹിക്കണം. പുരുഷന്മാരായിരിക്കും കുടുംബത്തെ നിയന്ത്രിക്കുന്നത്. നല്ല ശമ്പളത്തോടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും കുടുംബ ഭാരത്തില്‍ നിന്നും അവര്‍ മുക്തരായിരിക്കില്ല. കുട്ടികളുടെ കാര്യവും അടുക്കള ജോലിയുടെ ചുമതലയും വഹിക്കേണ്ടത് സ്ത്രീകളായിരിക്കണമെന്നുള്ള സാമൂഹിക കാഴ്ചപ്പാടിന് മാറ്റവും വന്നിട്ടില്ല.

a8സ്വതന്ത്ര ഇന്ത്യ ടെക്കനോളജിക്കല്‍ യുഗത്തില്‍ക്കൂടി പരിവര്‍ത്തന വിധേയമായി കടന്നുപോവുന്നു. അതോടൊപ്പം സ്ത്രീകളുടെ സാമൂഹിക ക്ഷേമത്തിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ അവരുടെ പുരോഗമനങ്ങള്‍ക്കും കാരണമായിരുന്നു. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ സാമൂഹികമായി വളരെയധികം മെച്ചപ്പെട്ട ജീവിത നിലവാരം പുലര്‍ത്തുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പാടില്ലാന്നു ചിന്തിക്കുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. വീട്ടു ജോലികള്‍ മാത്രം സ്ത്രീകള്‍ പഠിക്കുകയെന്ന ചിന്താഗതികളായിരുന്നു പുരുഷ ലോകത്തിനുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെങ്കില്‍ അവള്‍ വിധവയാകുമെന്ന അന്ധവിശ്വാസവും ചിലര്‍ പൂലര്‍ത്തിയിരുന്നു. ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള വഴികള്‍ തുറന്നു കൊടുത്തിരുന്നത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുകയെന്നത് എളുപ്പമായിരുന്നില്ല. അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. പിന്നീട് സ്ത്രീകളെ മിഡില്‍ സ്‌കൂളിനപ്പുറം പഠിപ്പിക്കരുതെന്നായി. വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് നല്‍കിയാല്‍ പുരാതനകാലം മുതല്‍ കാത്തു സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങള്‍ക്ക് കോട്ടം തട്ടുമെന്ന വിശ്വസമായിരുന്നു യാഥാസ്ഥിതിക ലോകത്തുണ്ടായിരുന്നത്.

a7ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ക്ക് പുരോഗമനപാതയില്‍ മാറ്റങ്ങളുണ്ടായെങ്കിലും ആഗോള നിലവാരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ സാംസ്‌ക്കാരികപരമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നിലായിരുന്നു. ഗ്രാമീണ പ്രദേശങ്ങളില്‍ അവരുടെ വിദ്യാഭ്യാസ നിലവാരം പട്ടണപ്രദേശങ്ങളില്‍ നിന്നും വളരെയധികം താഴെയാണ്. പെണ്‍ക്കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത കാരണം സാമൂഹികമായ പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. പെണ്‍ക്കുട്ടികള്‍ വീടിനെ സഹായിക്കേണ്ടവരെന്ന ഒരു കാഴ്ചപ്പാടാണുള്ളത്. പാവപ്പെട്ട വീട്ടില്‍ ആണ്‍മക്കളെ മാത്രം സ്‌കൂളില്‍ വിടുവാന്‍ മാതാപിതാക്കള്‍ താല്പര്യപ്പെടുന്നു. പെണ്‍ക്കുട്ടികള്‍ അവരുടെ ഇളയത്തുങ്ങളെ നോക്കിയും വീട്ടു ജോലികളും ചെയ്തു കഴിയുകയും വേണം. പെണ്‍ക്കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതും അവരുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിനു തടസ്സമാകുന്നു. ചില സാമൂഹിക നിയന്ത്രണങ്ങളും അവരെ സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ വളരെയധികം ദൂരെയായിരിക്കുമെന്നതും മറ്റൊരു കാരണമാണ്.

ഭാരതത്തിലെ സ്ത്രീകള്‍ സ്വതന്ത്രരാവണമെങ്കില്‍ ഇനിയും നീണ്ട പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. ഇന്നുള്ളവരും അവരുടെ മനസ്ഥിതിയും സമൂലം ഇല്ലാതാകണം. ഇന്ത്യ മുഴുവനായുള്ള പുരുഷന്മാരുടെ മനസുകളില്‍ പാരമ്പര്യം നിറഞ്ഞിരിക്കുന്നു. സ്ത്രീ, പുരുഷന്റെ ലൈംഗികാവശ്യത്തിനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ മാത്രമുള്ളവരെന്നും കരുതുന്നു. സ്ത്രീയെ അബലയായി കരുതുകയും തീരുമാനങ്ങള്‍ പുരുഷന്‍ മാത്രം എടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്ത്രീകളെ സ്വതന്ത്രരാക്കുകയും ആത്മാഭിമാനമുള്ളവരാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കാം. അവര്‍ക്ക് സ്വന്തം നിലയില്‍ പരാശ്രയം കൂടാതെ ജീവിക്കാന്‍ തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കണം. കുടുംബം മാത്രം നോക്കുകയാണ് സ്ത്രീകളുടെ ജോലിയെന്ന മിഥ്യാ ധാരണയ്ക്കും മാറ്റങ്ങള്‍ കൂടെയേതീരൂ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top