Flash News

പുനത്തില്‍ കുഞ്ഞബ്ദുള്ള (ജോണ്‍ മാത്യു)

November 11, 2017 , ജോണ്‍ മാത്യു

punathil banner1ശ്രീ. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇനി ഓര്‍മ്മ.

രണ്ടു സന്ദര്‍ഭങ്ങളിലാണ് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനുമുള്ള അവസരം എനിക്കുണ്ടായത്.

ഏതാണ്ട് അഞ്ചു ദശകങ്ങള്‍ക്കപ്പുറം, ഡല്‍ഹിയിലെ സാഹിത്യലോകത്ത് കാക്കനാടന്‍ നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു. ബേബിച്ചായന്‍ എന്ന ജോര്‍ജ്ജ് വറുഗീസ് കാക്കനാടന്‍, പിന്നെ തമ്പി, രാജന്‍ കാക്കനാടന്മാരും. അവരുടെയൊപ്പം എം.പി. നാരായണപിള്ളയും ചേര്‍ന്ന ഒരു കൂട്ടുകെട്ട്. മറ്റെല്ലാവരും ഒറ്റയാന്മാര്‍. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെയും ആധുനികതയുടെയും തീരങ്ങള്‍ ചേര്‍ത്ത് ഒരു നൂല്‍പ്പാലം. ഇവിടെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നയാള്‍ കൂട്ടത്തില്‍ “ബേബി’യായ രാജന്‍ കാക്കനാടനും. ചിത്രകാരനും ബുദ്ധിജീവിയും കച്ചവടക്കാരനും, അതായത് പുതിയതെന്തെങ്കിലും കണ്ടെത്തുകയും അത് ലേലം ചെയ്ത് കച്ചവടവും ചെയ്തിരുന്ന തന്ത്രജ്ഞന്‍!

ശൈശവികമായ പുഞ്ചിരിയുമായി നമ്മോട് സൗഹൃദം പുലര്‍ത്തുന്ന ആ രാജന്‍ കാക്കനാടനൊപ്പമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള സാഹിതീസഖ്യം സന്ദര്‍ശിച്ചത്. അന്ന് അദ്ദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നെന്നാണ് എന്റെ ഓര്‍മ്മ.

തുടര്‍ന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ പ്രസിദ്ധീകരണങ്ങളില്‍ വന്നുകൊണ്ടിരുന്നു. വടക്കന്‍ മലബാറിലെ മുസ്ലീം സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയവ. കാവ്യാത്മകമായ ഭാഷ, പുതിയ ബിംബങ്ങള്‍, അറബിക്കഥകളിലെപ്പോലെ അത്ഭുതങ്ങള്‍. അതേ, പുനത്തില്‍ കഥകളിലേക്ക് അത്ഭുതങ്ങള്‍ നടന്നുകയറുകയാണ്. ഇവിടെ അദ്ദേഹത്തിന്റെ ഒരു കഥ മാത്രം വായനയ്ക്ക് എടുക്കുന്നു.

നിരൂപണമോ, ആസ്വാദനമോ എഴുതാന്‍ പാകത്തില്‍ പുനത്തില്‍ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ചിലത് വായിച്ചു, അത്രതന്നെ. അദ്ദേഹത്തിന്റെ ഒരു കഥ മാത്രം, സ്ഥാലീപുലാകന്യായേന, പറഞ്ഞുപോകട്ടെ. “പള്ളിക്കുളം’

കഥയുടെ തുടക്കം ഒരു പള്ളിക്കുളത്തിന്റെ ചിത്രവുമായാണ്. പള്ളിയില്‍ നിന്ന് നോക്കുമ്പോള്‍ കുളത്തിന്റെ ആകൃതി വ്യത്യസ്തപ്പെടുന്നത്, വേനലില്‍ വെള്ളം വറ്റുന്നത് എന്നിങ്ങനെ. പുതു മഴയ്ക്ക് കുളത്തിന്റെ ഛായതന്നെ മാറുന്നു. നിറഞ്ഞ് വെള്ളം.

ഒരു ദിവസം കുറേ കുട്ടികള്‍ കുളത്തില്‍ കുളിക്കാന്‍ വന്നു, അവര്‍ കുളത്തില്‍ ചാടി, പക്ഷേ, ഒരു കുട്ടിമാത്രം കരയ്ക്ക് ഇരിക്കുന്നു. ഇതെന്ത് കഥയെന്ന് തോന്നിയേക്കാം.

ഇവിടെയാണ് നാടകീയത. അവന്‍ കുരുടനാണ്, അന്ധനാണ്.

ഇനിയും കഥ നീങ്ങുന്നത് തികച്ചും യുക്തിക്ക് അതീതമായി. പള്ളിഭക്തനായ കഥാനായകന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു ആ പിഞ്ചുബാലന്റെ അന്ധത മാറിക്കിട്ടാന്‍. ദൈവം പ്രാര്‍ത്ഥന കേട്ടു, ആ ബാലന്റെ അന്ധത മാറി. മാന്ത്രികവിളക്കുകൊണ്ടൊരു അത്ഭുതം പോലെ!

പുതിയ കുട്ടിയായി മാറിയ അവന്‍ കുളത്തിലേക്ക് എടുത്തുചാടി. എന്നിട്ട് നീന്തിക്കൊണ്ടിരുന്ന ഓരോ കുട്ടിയേയും പിടിച്ച് വെള്ളത്തില്‍ താഴ്ത്തി. അവസാനം കുളത്തില്‍ കുട്ടികളാരുമില്ല, അവനൊഴികെ. അവസാനം അവന്‍ മടങ്ങി കരയ്ക്കുകയറി, പൊങ്ങി വരുന്ന ശവങ്ങള്‍ നോക്കി ഒരു നിസ്സംഗനേപ്പോലെ നിന്ന് കൈകൊട്ടിച്ചിരിച്ചു.

ഭക്തന്‍ പള്ളിയിലേക്ക് മടങ്ങിപ്പോയി, ദൈവത്തോട് വിശദീകരണം ചോദിക്കാന്‍. ദൈവം പറഞ്ഞു: “നീ കണ്ടതാണ് കാഴ്ച, കിട്ടാത്ത കാഴ്ചയുടെ അനന്തരഫലം. നിഷേധിക്കപ്പെട്ട നീതിയുടെ അദ്ധ്യായം.’

ഇവിടെ “ആധുനികത’യുടെ ചട്ടക്കൂട്ടില്‍ പുനത്തിലിന്റെ കഥ ഒതുങ്ങി നില്ക്കുന്നില്ല. ഭംഗിവാക്കുകള്‍ ഉപയോഗിച്ച് ഒരു പ്രസ്ഥാനത്തിന്റെ പ്രവാചകനായി അദ്ദേഹത്തെ ചിത്രീകരിക്കു ന്നതിലും അര്‍ത്ഥമില്ല. കേരളീയ ജീവിതത്തെ സ്പര്‍ശിക്കാതെ “ആധുനികത’ വന്നു പോയി. അതിന്റെ സ്ഥായിയായ ഒരു സ്കൂള്‍ ഇവിടെ കെട്ടിപ്പടുക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. പേരെടുത്തു പറയുന്നില്ല, ഓരോരുത്തരായി തട്ടകം മാറിച്ചവുട്ടി, ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തില്‍!

പുനത്തിലിന്റേത് മനുഷ്യ മനസ്സിന്റെ കഥയാണ്, വളരെ ലിബറലായി അദ്ദേഹം ഉപയോഗിക്കുന്നത് അറബിക്കഥകളിലെ അത്ഭുതങ്ങളുടെ സ്വാതന്ത്ര്യമാണ്. നമ്മുടെ മനസ്സ് എന്നും സ്വപ്നവുമായി കാത്തിരിക്കുന്നത് അത്ഭുത സംഭവങ്ങളിലേക്കാണ്. അങ്ങനെയുള്ള അത്ഭുതങ്ങളില്‍ക്കൂടി കഥയുടെ പരിണാമഗുപ്തിയിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

ഇരുപത്തിയൊന്നു വര്‍ഷം മുന്‍പാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ഹൂസ്റ്റനില്‍ വന്നത്. എം. മുകുന്ദനും ഡി. വിനയചന്ദ്രനുമുണ്ടായിരുന്നു ഒപ്പം. ഡാളസിലെ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു പ്രധന ലക്ഷ്യം.

ഒരു വൈകുന്നേരം ഞങ്ങള്‍ ഗാല്‍വസ്റ്റണ്‍ ബീച്ചിലേക്ക് പോയി. ഡി. വിനയചന്ദ്രന്‍ “കായിക്കരയിലെ അലറുന്ന കടല്‍’ എന്ന നീണ്ട കവിത സ്വതസിദ്ധമായ ഈണത്തില്‍ ചൊല്ലിക്കൊണ്ടേയിരുന്നു.

ഗാല്‍വസ്റ്റണ്‍ ബീച്ചില്‍ നില്‍ക്കുമ്പോല്‍ പുനത്തില്‍ ചോദിച്ചു: ഏതു ദിശയിലാണ് മെക്‌സിക്കോ? ആരും ഉത്തരം കൊടുത്തില്ല. നഷ്ടപ്പെട്ട ദിക്കുകള്‍!

പള്ളിയില്‍ നിന്നു നോക്കുമ്പോള്‍ കുളത്തിന്റെ ആകൃതി വികൃതമാണ്, ഗാല്‍വസ്റ്റണ്‍ തീരത്തു നിന്നു ഉള്‍ക്കടല്‍ ഒരു വട്ടമാണ്. അതില്‍ ഏതു കരയിലാണ് മെക്‌സിക്കോ?

ചൂണ്ടിക്കാണിച്ച ദിശ നോക്കി പുനത്തില്‍ കടലിലേക്കിറങ്ങി, ഒപ്പം മറ്റു രണ്ടുപേരും.

അല്പനേരത്തിനുശേഷം മെക്‌സിക്കന്‍-സ്പാനീഷ് അല്ലെങ്കില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കസിന്റെ കടലില്‍ കാലു നനച്ച്, സ്രാവ് നിബിഡമായ കടലില്‍ മുങ്ങാതെ, എല്ലാവരും ഒരുപോലെ കരയില്‍ മടങ്ങിയെത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top