Flash News

ബിജെപി വാക്കു പാലിച്ചില്ല; കലാപക്കൊടിയുമായി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും; ബിഡിജെ‌എസ് ആരുടേയും പുറകെ വരുമെന്ന് കരുതേണ്ടെന്ന്

November 12, 2017

vellappally-with-thushar-so-830x412തിരുവനന്തപുരം: ബിജെപിയുമായുള്ള മുന്നണിബന്ധത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയതിനു പിന്നാലെ ബന്ധം ഉപേക്ഷിക്കുമെന്ന സൂചന നല്‍കി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. ബിജെപി നല്‍കിയ വാഗ്ദനാനങ്ങളൊന്നും പാലിക്കാതിരുന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടുമായി തുഷാറും രംഗത്തെത്തിയത്. നേരത്തേ, വെള്ളാപ്പള്ളിയുടെ വിമര്‍ശനങ്ങളെ തള്ളിപ്പറഞ്ഞിരുന്ന തുഷാര്‍, ഇക്കുറി അച്ഛന്റെ പാതയിലേക്കു തിരിഞ്ഞതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പദവികള്‍ നല്‍കിയാല്‍ സ്വീകരിക്കില്ലെന്നാണു തുഷാര്‍ കോഴിക്കോട് വ്യക്തമാക്കിയത്. ഒരു പാര്‍ട്ടിയിലും കാലാകാലം തുടരാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല.

എന്‍.ഡി.എയുടെ പ്രവര്‍ത്തന രീതികളോട് യോജിക്കാനാവുന്നില്ല. രാഷ്ട്രീയത്തില്‍ ഇന്നയാളുമായി സ്ഥിരമായി ഒത്തുപോകുമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. മുന്നണിയുടെ പ്രവര്‍ത്തനത്തിലെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ അടുത്ത സര്‍ക്കാരില്‍ ബി.ഡി.ജെ.എസ്. പ്രതിനിധി ഉണ്ടാവും. ഇടതു, വലതു മുന്നണികളോട് അയിത്തമില്ല. എത്ര അവഗണിച്ചാലും ബി.ഡി.ജെ.എസ്. പിന്നാലെവരും എന്നു ബി.ജെ.പി കരുതേണ്ട. എല്‍.ഡി.എഫും യു.ഡി.എഫും ക്ഷണിച്ചിട്ടുണ്ട്. അത് ബി.ഡി.ജെ.എസിന്റെ ശക്തി അവര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ്. കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ഡി.ജെ.എസിനെ മാറ്റിനിര്‍ത്താന്‍ ഇടത്, വലത്, എന്‍.ഡി.എ മുന്നണികള്‍ക്കാവില്ല. എല്‍.ഡി.എഫില്‍ ചേര്‍ന്നാല്‍ ആ മുന്നണിയില്‍ സി.പി.എം. കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നത് ബി.ഡി.ജെ.എസ്. ആയിരിക്കും. യു.ഡി.എഫിലാണെങ്കില്‍ മൂന്നാമത്തെ വലിയ കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ മുന്നേറ്റം കണ്ട് അന്ധാളിച്ചവര്‍ തടയാനും തകര്‍ക്കാനും പല തവണ ശ്രമിച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ബി.ഡി.ജെ.എസ് അതിന്റെ െജെത്രയാത്ര തുടരുക തന്നെ ചെയ്യുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവര്‍ ഒന്നിച്ചു നിന്ന് സമ്മര്‍ദ ശക്തിയായി ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യമില്ലാത്തതു കാരണം എല്ലാം നഷ്ടമാകുകയാണ്. ഇതിനൊരു പരിഹാരമുണ്ടാക്കാനാണ് സംഘടന ശ്രമിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ അടക്കം നാല് ബോര്‍ഡുകളില്‍ ബി.ഡി.ജെ.എസ്. പ്രതിനിധികളുടെ നിയമനം ഒക്‌ടോബര്‍ 31നകം നടത്തുമെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഉറപ്പ്. സ്പൈസസ് ബോര്‍ഡ്, ഐ.ടി.ഡി.സി, എഫ്.സി.ഐ, ദേശീയ ബാങ്ക് ബോര്‍ഡ് എന്നിവയില്‍ അംഗത്വവും ഏഴ് സര്‍ക്കാര്‍ പ്ലീഡര്‍മാരെയും ബി.ഡി.ജെ.എസിന് നല്‍കാമെന്നും അഹമ്മദാബാദില്‍വച്ച് തുഷാര്‍ വെള്ളാപ്പള്ളിയുമായി നടത്തിയ ചര്‍ച്ചയില്‍ അമിത് ഷാ ഉറപ്പു നല്‍കിയിരുന്നു. പരിഗണിക്കപ്പെടേണ്ടവരുടെ പേരുകള്‍ തുഷാര്‍ ബി.ജെ.പി നേതൃത്വത്തിനു നല്‍കുകയും ചെയ്തിരുന്നു. വാഗ്ദാനങ്ങളില്‍നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ താമസമുണ്ടായെന്നുമാണ് അമിത് ഷാ വ്യക്തമാക്കുന്നത്. എന്നാല്‍, മുന്നണിമാറ്റം സൂചിപ്പിച്ചുകൊണ്ട് ബി.ഡി.ജെ.എസ്. നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ അദ്ദേഹവും അതൃപ്തനാണെന്നാണു സൂചന.

കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയുടെ വേദികളില്‍ ബി.ഡി.ജെ.എസ് പങ്കെടുത്തിരുന്നു. ആലപ്പുഴയില്‍ അടുത്തിടെ നടന്ന ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തിനായി കേന്ദ്രനേതാക്കള്‍ ഉള്‍പ്പടെ എത്തിയിട്ടും ബി.ഡി.ജെ.എസ് നേതാക്കളുമായി ആശയവിനിമയത്തിന് തയാറായില്ല. ബി.ജെ.പിക്കെതിരേ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിരന്തരം നടത്തുന്ന വിമര്‍ശനങ്ങളോട് പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ലെങ്കിലും ഇക്കാര്യത്തിലുള്ള അമര്‍ഷം പാര്‍ട്ടി യോഗത്തില്‍ പ്രകടമായിരുന്നു.

ആലപ്പുഴയില്‍ നടത്തിയ പാര്‍ട്ടി പ്രവര്‍ത്തക യോഗത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി. നിലപാടുകളോടുള്ള അതൃപ്തി ആദ്യമായി വ്യക്തമാക്കിയത്. ജി.എസ്.ടി, നോട്ട് നിരോധനം എന്നീ വിഷയങ്ങളില്‍ വിരുദ്ധ അഭിപ്രായങ്ങളാണുള്ളതെന്നു തുഷാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 15 ശതമാനം വോട്ടുനേടാനായത് ബി.ഡി.ജെ.എസ്. കാരണമാണ്. ജയസാധ്യതയുള്ള 22 സീറ്റുകള്‍ ചര്‍ച്ചകള്‍ക്കു മുമ്പുതന്നെ ബി.ജെ.പി. ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വോട്ടുകുറഞ്ഞ സീറ്റുകളാണു വിട്ടു നല്‍കിയത്. ഇവിടങ്ങളില്‍നിന്ന് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ എന്‍.ഡി.എയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്നും അവഗണന സഹിച്ച് ആരുടെയെങ്കിലും കൂടെ നില്‍ക്കുമെന്ന് കരുതേണ്ടെന്നും തുഷാര്‍ വിമര്‍ശിച്ചു.

ഡിസംബര്‍ അഞ്ചിന് ബി.ഡി.ജെ.എസ്. രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായി താഴെത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണു നീക്കം. പഞ്ചായത്ത് കമ്മിറ്റി നേതാക്കളോട് രണ്ടുമാസത്തിനകം എല്ലയിടങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി. നിയോജകമണ്ഡലം ഭാരവാഹികള്‍ ഇത് വിലയിരുത്തും. തുടര്‍ന്ന് പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ലാതലങ്ങളില്‍ സമ്മേളനം നടത്തിയശേഷം സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top