Flash News

ദൈവത്തിന് നന്ദിയും മഹത്വവും കരേറ്റാം (തോമസ് ഫിലിപ്പ്, റാന്നി)

November 13, 2017 , തോമസ് ഫിലിപ്പ്, റാന്നി

daivathinu banner1ദൈവ വിശ്വാസികളായ അമേരിക്കക്കാര്‍, എല്ലാ വര്‍ഷവും, ദൈവത്തിന് നന്ദി അര്‍പ്പിക്കുന്ന അതിമഹത്തായ സുദിനമാകുന്നു നവംബര്‍ 24. രാജ്യം മുഴുവനായും ആഘോഷിക്കപ്പെടുന്ന ‘താങ്ക് ഗിവിംഗ് ഡേ’ അന്നാകുന്നു.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മറ്റുള്ളവരോട് ഇത്രയധികം നന്ദി പ്രകാശിപ്പിച്ച് ജീവിക്കുന്ന മറ്റൊരു ജനത ലോകത്തിലുണ്ടെന്നു തോന്നുന്നില്ല. അമേരിക്കക്കാര്‍ മറ്റുള്ളവരോടു കാട്ടുന്ന നന്ദിയുടെ നാലില്‍ ഒന്നുപോലും ഇന്ത്യാക്കാരുടെ ഇടയില്‍ ഇല്ല. മലയാളി വര്‍ഗ്ഗത്തിന്റെ നന്ദിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അമേരിക്കക്കാരില്‍ നിന്നും, നമ്മള്‍ നമ്മുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുപോകുമ്പോഴും അവര്‍ നമുക്ക് ഇങ്ങോട്ട് താങ്ക്‌സ് പറയുന്നു. അതുപോലെ അപരിചിതനായ ഒരു അമേരിക്കക്കാരനെ നാം വഴിയില്‍ വെച്ച് നേരിട്ട് കണ്ടാല്‍ യാതൊരു സങ്കോചവും കൂടാതെ അദ്ദേഹം നമുക്ക് ഹായ്‌യോ ഗുഡ്‌മോര്‍ണിംഗോ ഒക്കെ പറയുന്നത് അവരുടെ വിശാലവും ഉത്കൃഷ്ടവുമായ ഹൃദയത്തെ തന്നെയല്ലേ വെളിപ്പെടുത്തുന്നത്? അവരുടെ ജീവിത വൃത്താന്തങ്ങള്‍ എങ്ങനെയൊക്കെയുള്ളതായിരുന്നാലും ശരി, അന്യരാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാരായി അവരുടെ മണ്ണില്‍ വന്ന് പാര്‍ക്കുന്ന എല്ലാവിഭാഗം ജനങ്ങളെയും അവര്‍ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സര്‍വ്വോപരി ഇന്ത്യാക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്നതുപോലെയുള്ള വര്‍ഗ്ഗീയവിവേചനവും വിദ്വേഷവുമൊന്നും അമേരിക്കക്കാരെ ഭരിക്കുന്നുമില്ല.

പ്രതിപാദ്യ വിഷയമായ നന്ദിയിലേക്ക് കടക്കാം. പ്രായേണ മനുഷ്യര്‍ നന്ദികെട്ടവരാകുന്നു. യേശു 10 കുഷ്ഠരോഗികളെ സൗഖ്യമാക്കിയപ്പോള്‍ അതിന് അവരില്‍ ഒരാള്‍ മാത്രമാണ് യേശുവിന് നന്ദി പറഞ്ഞത്. അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദൈവത്തെ മറന്ന് നന്ദികെട്ടവരായി ജീവിച്ചിരുന്ന യിസ്രായേല്‍ ജനതയെ ഓര്‍ത്ത് ദൈവം ഇങ്ങനെ ദുഃഖിച്ചു. ‘കാള തന്റെ യജമാനന്റെ പുല്‍തൊട്ടിയെയും അറിയുന്നു. യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല’ (യെശ. 1:3) ക്രൈസ്തവ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും ഇതില്‍ നിന്ന് ഒട്ടും മെച്ചവുമല്ല.

ഓരോരുത്തരും ഇന്ന് നാം ആയിരിക്കുന്ന നിലയിലെത്തുവാന്‍ നമ്മുടെ മാതാപിതാക്കളും സഹോദരി സഹോദരന്മാരും അന്യരുപോലും എത്ര വലിയ ത്യാഗങ്ങളും കഷ്ടതകളും സേവനങ്ങളുമൊക്കെ അനുഷ്ഠിച്ചിരിക്കുന്നു? മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ടി അനുഷ്ഠിച്ചിട്ടുള്ള ത്യാഗങ്ങളെയും കഷ്ടപ്പാടുകളെപ്പറ്റിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഓര്‍ക്കുന്ന എത്ര മക്കളുണ്ട്? ജീവിതത്തില്‍ നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ നന്മകള്‍ക്കും ഉപകാരങ്ങള്‍ക്കും എത്രയോ അധികം ആളുകളോടും ദൈവത്തോടും ഹൃദയംഗമമായ നന്ദി പറയുവാന്‍ നാം കടപ്പെട്ടിരിക്കുന്നു? അപ്രതീക്ഷിതമായും ആശ്ചര്യകരമായ വിധത്തിലുമൊക്കെ അമേരിക്കയില്‍ എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള സ്വന്തക്കാരും സ്‌നേഹിതരുമായിട്ടുള്ളവരെ നന്ദി നിറഞ്ഞ ഹൃദയത്തോടു കൂടി ഞാനിവിടെ ഓര്‍ക്കുകയും ചെയ്യുന്നു. സാക്ഷാല്‍ ദൈവസ്‌നേഹത്തിന്റെയും അവന്റെ അത്ഭുതകൃപയുടെയും തണലില്‍ ദൈവ ഇഷ്ടം ചെയ്ത് ജീവിക്കുന്നവരാകുന്നവര്‍. ദൈവം ദീര്‍ഘായുസ്സുകൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

ഏതെല്ലാം വിധത്തിലുള്ള ആപത്തനര്‍ത്ഥങ്ങളില്‍ നിന്നും രോഗദുഃഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും ഭയപ്പെട്ട പല ഭയങ്ങളില്‍ നിന്നും മരണത്തില്‍ നിന്നുപോലും ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ ഗുണവിശേഷങ്ങള്‍ കൊണ്ടല്ല, പ്രത്യുത ദൈവത്തിന്റെ അളവറ്റ നമ്മോടുള്ള ദയ കൊണ്ട് വിടുതല്‍ കിട്ടി എന്നുള്ളതല്ലേ സത്യം? ‘ഗര്‍ഭം മുതല്‍ നീ എന്ന താങ്ങിയിരിക്കുന്നു. എന്റെ അമ്മയുടെ ഉദരത്തില്‍ നിന്ന് എന്നെ എടുത്തവന്‍ നീ തന്നേ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു’ എന്ന് സങ്കീര്‍ത്തനക്കാരന്‍ പാടി.

ദൈവത്തിന് സ്തുതിയും മഹത്വവും നന്ദിയും കരേറ്റി ജീവിക്കുന്നതിനു വേണ്ടിയാകുന്നു മനോഹരമായ ഒരു ജീവിതം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നത് എന്നുള്ള വിലയേറിയ സത്യം നാം വിസ്മരിക്കരുത്. ‘ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍ എന്ന് അപ്പോസ്തലനായ പൗലോസിലൂടെ ദൈവം തന്റെ വിശ്വാസികളോട് കല്‍പ്പിച്ചു. ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കഴിയാത്ത, രണ്ട് തോണികളില്‍ കാലുവെച്ചു കൊണ്ടുളഅള ആരുടെയും ആത്മീയ ജീവിതം സഭാമേലദ്ധ്യക്ഷനായാലും ധന്യമോ സാര്‍ത്ഥകമോ ആയി തീരാന്‍ പോകുന്നില്ല. ആര്‍ക്കും സന്ദേശം വേണ്ട.

ഒരു ഹിന്ദുമത വിശ്വാസിയുടെ ജീവിതത്തില്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് ഈശ്വരനുള്ളത്. ഭഗവത്ഗീത വായിച്ചിട്ടുള്ളവര്‍ക്ക് ഇതറിയാം. വിശുദ്ധ ഖുര്‍ആനും ആരംഭിക്കുന്നത് തന്നെ ‘In the Name of Allah, the Most Gracious, the Most Mercyfull. All the praises and thanks be to Allah, the Lord of the Alamin’ എന്ന് അള്ളാവിനെ മഹത്വപ്പെടുത്തിക്കൊണ്ടുമാകുന്നു. (Surah:1,2) വിശുദ്ധ ബൈബിളും ‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്നാരംഭിച്ച് യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ എന്ന് ആശംസിച്ചുകൊണ്ടുമാണതവസാനിപ്പിച്ചിരിക്കുന്നതും.

സര്‍വ്വേശ്വരന്‍ നമ്മേ എല്ലാവരേയും ഒരു ദോഷവും തട്ടാതവണ്ണം മുമ്പോട്ടും തന്റെ കൃപയില്‍ കാത്തു പരിപാലിക്കട്ടെ. ദൈവത്തെ മഹത്വപ്പെടുത്തുത്താം. അവന് ഹൃദയത്തില്‍ നിന്നുള്ള നന്ദിയുടെ പൂച്ചെണ്ടുകളെ അര്‍പ്പിക്കാം! ‘എന്‍ മനമേ, യഹോവേ വാഴ്ത്തുക, അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്.’

എല്ലാ വായനക്കാര്‍ക്കും, പത്ര പ്രവര്‍ത്തകര്‍ക്കും, എല്ലാ എഴുത്തുകാര്‍ക്കും, അമേരിക്കയിലെ എല്ലാ ജനങ്ങള്‍ക്കും സന്തുഷ്ടവും സമാധാന പൂര്‍ണ്ണവുമായ ‘താങ്ക്‌സ് ഗിവിംഗ് ഡേ’ ആശംസിച്ചുകൊള്ളുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top